ശ്രീ പത്മനാഭസ്വാമിയുടെ 'പെരുന്തിരമൃത് പൂജ'
(രത്നപായസവും അപൂർവ വിഭവങ്ങളും; അന്‍പതും കൂട്ടി ശ്രീ പത്മനാഭസ്വാമിയുടെ അമൃതേത്ത്)
നാക്കിലയിൽ വിളമ്പുന്നത് വിശേഷപ്പെട്ട സദ്യയാണ്. മൂന്നു തരം പപ്പടവും നാലുകൂട്ടം അച്ചാറും ഏഴുകൂട്ടം വറുത്തുപ്പേരിയുമെല്ലാം ഉൾപ്പെടെ 45 കറിക്കൂട്ടുകൾ. പിന്നെ അഞ്ചു തരം പ്രഥമനും. അപ്പോൾ അൻപതു വിഭവമായി. അതാണ് തിരുവിതാംകൂർ രാജകുടുംബത്തിന്റെ കുലദൈവമായ ശ്രീ പത്മനാഭസ്വാമിയുടെ ചരിത്ര പ്രസിദ്ധമായ ‘പെരുന്തിരമൃത്’ പൂജ.
എല്ലാ വർഷവും രണ്ടു തവണ, രണ്ടു സംക്രമ ശീവേലികൾക്കു ശേഷമാണു വിശേഷപ്പെട്ട ഈ പൂജ നടക്കുക. കർക്കടക, മകര മാസങ്ങളിൽ ആദ്യ ആഴ്‌ചയിലായിരിക്കും ഇതു വരിക. പൂർണമായും പരമ്പരാഗത മലയാളി രീതിയിൽ തയ്യാറാക്കുന്ന വിഭവങ്ങളാണ് ഈ സദ്യയുടെ പ്രത്യേകത. ഇതിലെ ചില വിഭവങ്ങൾ ഇന്നത്തെ മലയാളി തലമുറയ്‌ക്ക് അത്ര പരിചിതവുമല്ല.
സദ്യവട്ടം ഇങ്ങനെ :
ചോറ്, പരിപ്പ്, ഓലൻ, എരിശേരി, ചേനപ്പുഴുക്ക്, ചേനയും കായയും കൊണ്ടു മെഴുക്കുപുരട്ടിയും തോരനും, പലതരം കിച്ചടികളും പച്ചടികളും, പുളിശേരി, തൈര്. അച്ചാറുകൾ: മാങ്ങാക്കറി, പുളിയിഞ്ചി, നെല്ലിക്ക, നാരങ്ങ അച്ചാർ. കേരളീയ സദ്യയ്‌ക്ക് അവിഭാജ്യമാണല്ലോ വറുത്തുപ്പേരികൾ. ഏഴു തരം വറുത്തുപ്പേരികളാണു സ്വാമിക്കു വിളമ്പുന്നത്: ശർക്കര പുരട്ടി, ഏത്തയ്‌ക്ക, ചേന, ചേമ്പ്, ചക്ക, ശീവയ്‌ക്ക (കൂർക്ക), വഴുതനങ്ങ ഉപ്പേരികളാണ് ഇവ.
പായസങ്ങളിൽ രത്നപായസം :
മധുരപ്രിയനാണു മഹാവിഷ്ണു എന്നാണല്ലോ സങ്കൽപം. വിഷ്ണുക്ഷേത്രങ്ങളിലെല്ലാം പാൽപായസം വിശേഷവുമാണ്. ശ്രീപത്മനാഭസ്വാമിയുടെ പാൽപായസവും ഏറെ പ്രസിദ്ധമാണ്. എന്നാൽ പെരുന്തിരമൃതിനു ശർക്കരപ്പായസങ്ങളാണു ഭഗവാനു നിവേദിക്കുക. അടപ്പായസം, പരിപ്പു പ്രഥമൻ, ചക്കപ്രഥമൻ, ഏത്തപ്പഴ പ്രഥമൻ. കൂടെ, ഇവിടെ മാത്രമുള്ള മറ്റൊരു സ്പെഷൽ പായസവും ''രത്നപ്പായസം". രത്നങ്ങൾ കൊത്തിവച്ച ഉരുളി പോലെയുള്ള വലിയ സ്വർണപ്പാത്രത്തിലാണ് ഈ പായസം ഭഗവാനു നിവേദിക്കുന്നത്. അതിനാലാണു രത്നപ്പായസം എന്ന പേരു വന്നത്. പൊടിയരിയും ശർക്കരയും ഏലയ്ക്കയുമെല്ലാം ചേർന്നുള്ള ശർക്കരപ്പായസം തന്നെ. പക്ഷേ പാൽപായസം പോലെ നീണ്ടിരിക്കും.
മധുരപ്രിയന് ചെണ്ടമുറിയൻ :
ഭഗവാനായി ചെണ്ടമുറിയൻ എന്ന പ്രത്യേക വിഭവവും ഇന്ന് ഒരുക്കും. ഏത്തപ്പഴം നുറുക്ക് ശർക്കര പാവു കാച്ചിയതിൽ ചേർത്താണ് ഇതു തയാറാക്കുന്നത്. കൂടാതെ ഇലയട, ഉണ്ണിയപ്പം എന്നിവയും വിളമ്പും. പഴവർഗത്തിൽനിന്ന് ഏത്തപ്പഴം, കദളിപ്പഴം, പടറ്റിപ്പഴം, ചക്കപ്പഴം, കരിമ്പ്, കരിക്ക് എന്നിവയാണ് ഇലയിലെത്തുക. നെയ്യും ഉപ്പും കേരളീയ സദ്യകളിൽ വിളമ്പുക പതിവാണല്ലോ. അതിനൊപ്പം പഞ്ചസാര, ശർക്കര, കുങ്കുമപ്പൂവ് എന്നിവയും ഇന്നു വിളമ്പും. വിശേഷമായൊരു താംബൂലവും സ്വാമിക്കായി തയാറാക്കുന്നു. ഏലയ്‌ക്കയും ഗ്രാമ്പൂവും പാക്കും വെറ്റിലയും ചേർത്ത കൂട്ടാണിത്.
ഒരുക്കങ്ങൾ :
ഈ വൻസദ്യയുടെ തലേന്നു വൈകിട്ടുതന്നെ പച്ചക്കറികളും മറ്റും സാധനസാമഗ്രികളും ക്ഷേത്ര കലവറയിൽ എത്തിക്കും. കായ്‌കറികൾ നുറുക്കലും തേങ്ങ തിരുകലുമൊക്കെയായി സദ്യയ്‌ക്കുള്ള ഉത്സാഹം അപ്പോഴേ തുടങ്ങും. പുലർച്ചെ രണ്ടു മണിയോടെ ക്ഷേത്രപുരോഹിതന്മാർ കുളിച്ചു ശുദ്ധമായി എത്തിയശേഷം അവരാണു പാചകം ചെയ്യുക.
രാവിലെ എട്ടു മണിയോടെ ക്ഷേത്ര തന്ത്രിയുടെ നേതൃത്വത്തിൽ പൂജാചടങ്ങുകൾ ആരംഭിക്കും. ശ്രീപത്മനാഭസ്വാമിയുടെ സ്വർണ അഭിഷേക ബിംബവും വെള്ളിയിലുള്ള ശീവേലി ബിംബവും ലക്ഷ്‌മീദേവിയുടെയും ഭൂമിദേവിയുടെയും സ്വർണ അഭിഷേക ബിംബങ്ങളും അഭിശ്രവണ മണ്ഡപത്തിൽ വച്ച് 81 സ്വർണക്കുടങ്ങൾ ഉപയോഗിച്ചു കലശമാടുന്നതാണ് ആദ്യ ചടങ്ങ്. തെക്കേടത്തു നരസിംഹസ്വാമി, തിരുവമ്പാടി ശ്രീകൃഷ്‌ണ സ്വാമി മൂലവിഗ്രഹങ്ങളിൽ ഇതേസമയം നവകവും ആടുന്നു. ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടിയുള്ളതാണ് ഈ ചടങ്ങ്. കലശപൂജയ്‌ക്കു ശേഷം അഭിഷേക ബിംബങ്ങൾ ശ്രീകോവിലിൽ തിരിച്ചെഴുന്നള്ളിക്കും.
അപ്പോഴേക്കും സദ്യ തയാറായിരിക്കും. ഉച്ചപൂജയ്‌ക്കൊപ്പമാണു സദ്യ വിളമ്പുക. ശ്രീകോവിലിനോടു ചേർന്ന ഒറ്റക്കൽ മണ്ഡപത്തിലാണു നിവേദ്യം. അതിനുശേഷം തന്ത്രി മടങ്ങുന്നതോടെ നാലമ്പലത്തിൽ ഇലയിട്ടു ക്ഷേത്ര പുരോഹിതർക്കും ജീവനക്കാർക്കുമെല്ലാം സദ്യ വിളമ്പും. സദ്യയുടെ പ്രസാദം ഏറ്റുവാങ്ങി തിരുവിതാംകൂർ രാജകുടുംബാംഗങ്ങളും ഭഗവാന്റെ വിരുന്നിൽ പങ്കുചേരും.
ചരിത്രം :
പെരുന്തിരമൃത് പൂജ നൂറ്റാണ്ടുകൾ പഴക്കമുള്ള ചടങ്ങാണെന്ന് തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരിലക്ഷ്മീബായി എഴുതിയ ശ്രീപത്മനാഭക്ഷേത്രം എന്ന പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നു. കൊല്ലവർഷം 762 (AD 1587) ലെ ക്ഷേത്രചടങ്ങുകൾ സംബന്ധിച്ച രേഖകളിൽ ഈ പൂജയെക്കുറിച്ചു വിശദമായി വിവരിച്ചിട്ടുണ്ട്.
No comments:
Post a Comment