ചരിത്രപ്രസിദ്ധമായ ആറന്‍മുള ഉതൃട്ടാതി വള്ളംകളി
ചരിത്രപ്രസിദ്ധമായ ഉതൃട്ടാതി വള്ളംകളി ഇന്ന് ആളും ആരവവുമില്ലാതെ ആചാരപരമായി മാത്രം . കൊവിഡ് മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി വിവിധമേഖലകളെ പ്രതിനിധീകരിച്ച് മൂന്ന് പള്ളിയോടങ്ങള്‍ക്കാണ് ഇക്കുറി ജലമേളയില്‍ പങ്കെടുക്കാന്‍ അനുമതി. നറുക്കെടുപ്പിലൂടെ നിശ്ചയിച്ച മൂന്ന് പള്ളിയോടങ്ങളാണ് ഉത്രട്ടാതി ജലമേളയില്‍ പങ്കെടുക്കുന്നത്. കിഴക്കന്‍ മേഖലയില്‍ നിന്ന് കോഴഞ്ചേരി, മദ്ധ്യമേഖലയില്‍ നിന്ന് മാരാമണ്‍, പടിഞ്ഞാറന്‍ മേഖലയില്‍ നിന്ന് കീഴ് വന്മഴി എന്നീ പള്ളിയോടങ്ങളാണ് ജലമേളയില്‍ പങ്കെടുക്കുന്നത്. മൂന്നിലുമായി 120 പേരായിരിക്കും എത്തുന്നത്.
വശ്യമാന്ത്രികതയില്‍ കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന അനുഷ്ഠാനപരമായ ജലോല്‍സവമെന്ന നിലയില്‍ ആറന്മുള്ള വള്ളംകളി പ്രാധാന്യം നേടുന്നു. സമൃദ്ധിയുടെ ഉത്സവമായ ഓണക്കാലത്താണ് സാധാരണയായി വള്ളംകളി നടക്കുക. പല തരത്തിലുള്ള പരമ്പരാഗത വള്ളങ്ങളും വള്ളംകളിക്ക് ഉപയോഗിക്കുന്നു. ഇവയില്‍ പ്രധാനം ചുണ്ടന്‍ വള്ളം ആണ്. ഇന്ന് വള്ളംകളി ഒരു പ്രധാന വിനോദസഞ്ചാര ആകര്‍ഷണവുമായി മാറിയിരിക്കുന്നു. വള്ളംകളിയെ കേരള സര്‍ക്കാര്‍ ഒരു കായിക ഇനമായി അംഗീകരിച്ചിട്ടുണ്ട്. വള്ളംകളിയില്‍ ഉപയോഗിക്കുന്ന മറ്റു വള്ളങ്ങള്‍ ചുരുളന്‍ വള്ളം, ഇരുട്ടുകുത്തി വള്ളം, ഓടി വള്ളം, വെപ്പു വള്ളം (വൈപ്പുവള്ളം), വടക്കന്നോടി വള്ളം, കൊച്ചുവള്ളം എന്നിവയാണ്. ഓണക്കാലത്തിന്റെ ദൃശ്യസമൃദ്ധിക്കിടയില്‍ പമ്പാനദിയിലെ ഓളങ്ങളില്‍ തെന്നിതെന്നി അതിവേഗം നീങ്ങുന്ന രാജപ്രൗഢിയാര്‍ന്ന ചുണ്ടന്‍ വള്ളങ്ങള്‍ എക്കാലവും മനസ്സില്‍ തങ്ങി നില്‍ക്കുന്ന കാഴ്ചയാണ്.
ഈ വള്ളം കളി ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ അതിന് അനുഷ്ഠാനപരമായ ഒരു തലം കൂടിയുണ്ട്. മുന്‍കാലങ്ങളില്‍, ആറന്മുള ക്ഷേത്രത്തിലെ വിഖ്യാതമായ തിരുവോണ സദ്യയ്ക്കാവശ്യമായ വിഭവങ്ങള്‍ ചുണ്ടന്‍ വള്ളങ്ങളിലാണ് കൊണ്ടു വന്നിരുന്നത്. ഈ യാത്രയുടെ ഓര്‍മപുതുക്കല്‍ കൂടിയാണ് ആറന്മുള വള്ളം കളി. കേരളത്തിലെ പത്തനം തിട്ട ജില്ലയിലെ ആറന്മുളയിലാണ് ആറന്മുള ഉതൃട്ടാതി വള്ളംകളി നടക്കുന്നത്. അര്‍ജ്ജുനനും കൃഷ്ണനും സമര്‍പ്പിച്ചിരിക്കുന്ന, ദക്ഷിണ ഭാരതത്തിലെ പ്രധാനപ്പെട്ട വൈഷ്ണവ ക്ഷേത്രങ്ങളിലൊന്നായ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിനടുത്ത് പമ്പാനദിയിലാണ് വള്ളംകളി നടക്കുന്നത്. ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ടാദിനമായ ചിങ്ങമാസത്തിലെ ഉതൃട്ടാതിനാളിലാണ് പമ്പാനദിയില്‍ ആറന്മുള വള്ളംകളി നടക്കുന്നത്. തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി കാട്ടൂര്‍ മങ്ങാട്ടില്ലത്തുനിന്നും തിരുവാറന്മുള ക്ഷേത്രത്തിലേക്ക് വരുന്ന തോണിയെ അകമ്പടി സേവിച്ചിരുന്ന പള്ളിയോടങ്ങളുടെ പ്രൗഢിയും, കായികക്ഷമതയും, കലാമേന്മയും പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ചിങ്ങമാസത്തിലെ ഉത്രട്ടാതിനാളില്‍ ഈ ജലമേള സംഘടിപ്പിച്ചിട്ടുള്ളത്.
പമ്പാനദിക്കരയില്‍ ഈ വള്ളംകളി കാണുവാന്‍ ആയിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടുന്നു. 48 ചുണ്ടന്‍ വള്ളങ്ങള്‍ ഈ വള്ളംകളിയില്‍ പങ്കെടുക്കുന്നു. വള്ളംകളിയില്‍ വെള്ള മുണ്ടും തലപ്പാവുമണിഞ്ഞ തുഴച്ചില്‍ക്കാര്‍ വള്ളപ്പാട്ടുകള്‍ പാടുന്നു. പള്ളിയോടങ്ങളുടെ അമരച്ചാര്‍ത്തും നടുവിലായി ഉളള മുത്തുക്കുടയും കൊടി ചാമരങ്ങളും ഇത് ഒരു നയനാനന്ദകരമായ ജലോത്സവമാക്കുന്നു. ഈ ജലമേള, കലാസാംസ്‌കാരിക പൈതൃകത്തിന്റെ ഉദാത്തമായ ഉദാഹരണമാണ്. മനോഹരമായി അലങ്കരിക്കപ്പെട്ട പള്ളിയോടങ്ങളുടെ വര്‍ണാഭമായ ഘോഷയാത്രയും തുടര്‍ന്ന് മത്സരവള്ളംകളിയുമാണ് നടക്കുന്നത്.
ഓരോ ചുണ്ടന്‍ വള്ളവും പമ്പയുടെ കരയിലുള്ള ഓരോരോ ഗ്രാമങ്ങളുടേതാണ്. എല്ലാ വര്‍ഷവും മത്സ്യ എണ്ണ, കൊപ്ര, കരി, മുട്ടയുടെ വെള്ളക്കരു എന്നിവ ഇട്ട് വള്ളങ്ങല്‍ മിനുക്കി എടുക്കുന്നു. വള്ളം ഈടും ബലവുമുള്ളതാവാനും ജലത്തില്‍ തെന്നി നീങ്ങുന്നതിനുമാണ് ഇത്. ഗ്രാമത്തിലെ ആശാരി വള്ളത്തിന്റെ കേടുപാടുകള്‍ തീര്‍ക്കുന്നു. അതാതു ഗ്രാമത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഈ വള്ളങ്ങള്‍ ഗ്രാമത്തിലെ ജനങ്ങളുടെ അഭിമാനമാണ്. വള്ളംകളിയുമായി ബന്ധപ്പെട്ട് പല ഐതികങ്ങളും ചരിത്ര താളുകളിലുണ്ട്. മങ്ങാട്ട് ഇല്ലത്തുനിന്നും ആറന്മുളക്ക് ഓണക്കാഴ്ചയുമായി പമ്പയിലൂടെ വന്ന ഭട്ടത്തിരിയെ അക്രമികളില്‍ നിന്നും സംരക്ഷിക്കുന്നതിനായി കരക്കാര്‍ വള്ളങ്ങളില്‍ തിരുവോണത്തോണിക്ക് അകമ്പടി വന്നതിന്റെ ഓര്‍മ്മ പുതുക്കുന്നതിനാണ് ചരിത്രപ്രസിദ്ധമായ ഈ വള്ളംകളി നടത്തുന്നത്. മന്നം മെമ്മോറിയല്‍ ട്രോഫി, ആര്‍. ശങ്കര്‍ മെമ്മോറിയല്‍ ട്രോഫി, മാതൃഭൂമി ട്രോഫി, മനോരമ ട്രോഫി, തോഷിബാ ആനന്ദ് ട്രോഫി, ചങ്ങംകേരി തങ്കപ്പനാചാരി ട്രോഫി എന്നിവ ആറന്മുള വള്ളംകളിയില്‍ വിവിധ മേഖലകളിലെ മികച്ച പ്രകടനത്തിന് നല്‍കുന്ന അവാര്‍ഡുകളാണ്. പള്ളിയോടങ്ങള്‍ ആറന്മുളയുടെ തനതായ ചുണ്ടന്‍ വള്ളങ്ങളാണ്. വളരെ ബഹുമാനപൂര്‍വമാണ് ഭക്തര്‍ പള്ളിയോടങ്ങളെ കാണുന്നത്. പാര്‍ത്ഥസാരഥിയുടെ ചൈതന്യം നിറഞ്ഞുനില്‍ക്കുന്നവയാണ് പള്ളിയോടങ്ങള്‍ എന്ന് ഭക്തര്‍ വിശ്വസിക്കുന്നു. ഓരോ കരക്കാരുടെയും അഭിമാനങ്ങളാണ് അവിടുത്തെ പള്ളിയോടങ്ങള്‍.
ആറന്മുള ശ്രീ പാര്‍ത്ഥസാരഥിക്ഷേത്രത്തില്‍ നടത്തുന്ന ആചാരനിബിഡമായ ചടങ്ങാണ് വള്ളസദ്യ. കര്‍ക്കിടകം 15 മുതല്‍ കന്നി 15 വരെ അഭീഷ്ടസിദ്ധിക്കു നടത്തുന്ന വഴിപാടാണ്. പാണ്ഡവരില്‍ മദ്ധ്യമനായ അര്‍ജ്ജുനന്‍ ഭഗവാന്‍ കൃഷ്ണനു സമര്‍പ്പിച്ചതായി വിശ്വസിക്കുന്ന ഈ ക്ഷേത്രം ഏറ്റവും പുരാതനവും പ്രസിദ്ധവുമാണ്. അന്നദാനപ്രഭുവായ ആറന്മുളേശന്റെ മുമ്പില്‍ ഭക്തന്‍ സമര്‍പ്പിക്കുന്ന ഏറ്റവും വലിയ വഴിപാട് കൂടിയാണിത്. ചോറ്, പരിപ്പ്, പപ്പടം, നെയ്യ്, അവിയല്‍, സാമ്പാര്‍, തോരന്‍, പച്ചടി, കിച്ചടി, നാരങ്ങ അച്ചാര്‍, ഇഞ്ചിക്കറി, കടുമാങ്ങ, ഉപ്പുമാങ്ങ, വറുത്ത എരിശ്ശേരി, കാളന്‍, ഓലന്‍, രസം, ഉറ തൈര്, മോര്, പ്രഥമന്‍, ഉപ്പേരി, കദളിപ്പഴം, എള്ളുണ്ട,. വട, ഉണ്ണിയപ്പം, കല്‍ക്കണ്ടം, ശര്‍ക്കര / പഞ്ചസാര, മുന്തിരിങ്ങ, കരിമ്പ്, മെഴുക്കുപുരട്ടി, ചമ്മന്തിപ്പൊടി, ചീരത്തോരന്‍, തേന്‍, തകരതോരന്‍, നെല്ലിക്ക അച്ചാര്‍, ഇഞ്ചി തൈര് എന്നിവയാണ് ആറന്മുള വള്ളസദ്യയിലെ പ്രധാന വിഭവങ്ങള്‍.
No comments:
Post a Comment