രാധാശ്യാംസുന്ദർ ക്ഷേത്രം
വൃന്ദാവനത്തിലെ പവിത്രമായ ഒരു സ്ഥലമാണ് ജാഡുമണ്ഡലം. ജാഡു എന്നാൽ ചൂല് എന്നാണ് അർത്ഥം. എപ്പോഴും അടിച്ചുവാരി നല്ല വൃത്തിയോടെ സൂക്ഷിക്കുന്ന സ്ഥലം ആയതുകൊണ്ടാണ് ഈ സ്ഥലത്തിന് ജാഡുമണ്ഡലം എന്ന പേര് വന്നത്. ഈ സ്ഥലത്തു വെച്ചാണ് രാസലീലക്ക് മുമ്പ് കണ്ണൻ രാധയെ വിട്ട് പോയത് എന്ന് പറയുന്നു. ഈ സ്ഥലവുമായി ബന്ധപ്പെട്ട ഒരു കഥ കേട്ടാലോ....
ജീവഗോസ്വാമിയുടെ ശിഷ്യനായിരുന്നു ശ്യാമാനന്ദപ്രഭു. അദ്ദേഹമാണ് നിത്യവും വൃന്ദാവനത്തിലെ ഈ ഭാഗം അടിച്ചു വൃത്തിയാക്കി വയ്ക്കുന്നത്. ഇവിടെ കണ്ണനും രാധയും നിത്യ രാസലീല ചെയ്യുന്ന പ്രദേശമാണ് . അതുകൊണ്ട് രാധദേവിക്കും കണ്ണനും സേവ ചെയ്യുന്നു എന്ന ഭാവത്തോടെ വളരെയധികം ശ്രദ്ധിച്ചായിരുന്നു അദ്ദേഹം അവിടെ വൃത്തിയാക്കിക്കൊണ്ടിരുന്നത്. രാധാകൃഷ്ണന്മാരുടെ ലീലകൾ സ്മരിച്ചുകൊണ്ട് 'രാധേ രാധേ' എന്ന് ഭക്തിയോടുകൂടി വിളിച്ചു കൊണ്ടാണ് അദ്ദേഹം ജോലി ചെയ്യാറുള്ളത്.
ഒരു ദിവസം രാധാകൃഷ്ണന്മാർ വളരെയധികം ആനന്ദത്തോടെ ഗോപികമാരോടുകൂടി ക്രീഡിച്ചുകൊണ്ടിരുന്നു. ബ്രാഹ്മമുഹുർത്തം ആവാറായി എന്നു മനസ്സിലാക്കിയ അവർ പെട്ടെന്ന് അവിടെ നിന്നും മറഞ്ഞു. രാസക്രീഡയുടെ സമയത്ത് കാലിലെ പാദസരം അഴിഞ്ഞു വീണത് രാധാദേവി അറിഞ്ഞില്ല. ശ്യാമാനന്ദപ്രഭു രാവിലെ അടിച്ചുവാരുമ്പോൾ അദ്ദേഹത്തിന് ആ പാദസരം ലഭിച്ചു അത്യപൂർവ്വമായ ആ പാദസരം കണ്ടപ്പോൾത്തന്നെ ഇത് ഒരു സാധാരണ പെൺകുട്ടിയുടെ പാദസരം അല്ല എന്ന് ശ്യാമാനന്ദപ്രഭുവിന് മനസ്സിലായി. അദ്ദേഹം അത് ഭദ്രമായി സൂക്ഷിച്ചു വച്ചു. പാദസരം നഷ്ടമായതറിഞ്ഞ് രാധാദേവി അത് തിരിഞ്ഞു കണ്ടു പിടിച്ചു കൊണ്ടുവരാനായി ലളിത സഖിയെ അവിടേക്ക് പറഞ്ഞയച്ചു. ലളിത നോക്കിയപ്പോൾ ആ പാദസരം ശ്യാമാനന്ദ പ്രഭുവിന്റെ കൈയിൽ കണ്ടു. ലളിത വൃദ്ധയായ ഒരു ഗോപിയുടെ വേഷത്തിൽ ശ്യാമാനന്ദ പ്രഭുവിന്റെ മുമ്പിലെത്തി.
. "രാധേ രാധേ പ്രണാമം ബാപ്പുജി"
"രാധേ രാധേ പ്രണാമം അമ്മേ. പറയൂ ഞാൻ എന്ത് സഹായമാണ് ചെയ്ത് തരേണ്ടത്?
ബാപ്പുജി അങ്ങേക്ക് ഇവിടെനിന്ന് ഒരു പാദസരം ലഭിച്ചുവോ?
"ഉവ്വല്ലോ. ഞാനത് അതിൻറെ ഉടമസ്ഥയ്ക്ക് കൊടുക്കാനായി ഭദ്രമായി സൂക്ഷിച്ചു വച്ചിട്ടുണ്ട്"
"അത് നന്നായി. ഇങ്ങ് തന്നേക്കൂ."
"ഇത് അമ്മയുടെ പാദസരമാണോ?"
അല്ല എന്റെ മരുമകളുടേതാണ്. അവൾ ഇന്നലെ ഇത് വഴി വന്നപ്പോൾ അഴിഞ്ഞ് വീണതാണ്. അവളുടെ പതി കാലിൽ അണിയിച്ചു കൊടുത്തതാണ് ആ പാദസരം. അത് നഷ്ടപ്പെടുമോ എന്ന ഭീതികൊണ്ട് അവൾ ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ല. വൃന്ദാവനത്തിൽ നിന്ന് ആരുടെയും ഒന്നും നഷ്ടപ്പെടില്ല എന്നു പറഞ്ഞ് ഞാൻ അവളെ സമാധാനിപ്പിച്ചു. അവളുടെ വേവലാതി കൊണ്ടാണ് ഇത്ര രാവിലെതന്നെ ഞാൻ പാദസരം തിരഞ്ഞു വന്നത്. അത് ഇങ്ങ് തന്നേക്കൂ."
ശ്യാമാനന്ദ പ്രഭുവിന് ആ ഗോപി പറയുന്നത് കള്ളമാണ് എന്ന് മനസ്സിലായി. ഇത്രയും അമൂല്യമായ പാദസരം ഒരിക്കലും സാധാരണ പെൺകുട്ടി ധരിക്കുന്നതല്ല. മാത്രമല്ല തന്റെ മുന്നിൽ വന്നിരിക്കുന്നതും ഒരു സാധാരണ ഗോപസ്ത്രിയല്ല. ഇത് രാധാദേവിയുടെ തോഴികളിൽ ആരോ ആണ് എന്ന് ആ വൃദ്ധയുടെ മുഖത്തെ ചൈതന്യത്തിൽ നിന്നും അദ്ദേഹം മനസ്സിലാക്കി. അതിനാൽ ഇത് രാധാദേവിയുടെ പാദസരം തന്നെ. രാധാദേവി കാരുണ്യത്തോടെ ആ പാദപത്മങ്ങളുടെ സ്വപ്നദർശനം തനിക്ക് നല്കിയീട്ടുണ്ട്. ആ പാദങ്ങളെ സ്മരിച്ചു, അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
" ഈ പാദസരത്തിന്റെ ഉടമസ്ഥ ആരാണോ അവരുടെ കയ്യിൽ മാത്രമേ ഞാൻ ഈ പാദസരം കൊടുക്കകയുള്ളൂ. "
"എന്റെ മകൻ മരുമകൾക്ക് കൊടുത്തതല്ലേ. ഞാൻ തന്നെയാണ് ഇതിലെ ഉടമസ്ഥ അതിനാൽ പാദസരം എൻറെ കയ്യിൽ തന്നാലും. "
"മരുമകളുടെ ആണെങ്കിൽ അവർ വരട്ടെ"
"അവൾക്കെങ്ങിനെ വരാൻ കഴിയും? ഗൃഹത്തിൽ ധാരാളം ജോലികളില്ലേ? കുഞ്ഞുങ്ങളെ നോക്കണം, പശുവിനെ കറക്കണം, പാലുകാച്ചണം. തൈരു കലക്കണം, പതിയുടെ ശുശ്രൂഷ ചെയ്യണം. ഇതിനെല്ലാം പുറമേ പാലും വെണ്ണയും വിൽക്കാൻ അടുത്ത ഗ്രാമത്തിലേക്ക് പോകണം. അതുകൊണ്ടാണ് ഞാൻ തന്നെ വന്നത്. ആ പാദസരം ഇങ്ങോട്ട് തരുമോ"
"അത് പറ്റില്ല. ആരാണോ ഈ പാദസരം കാലിൽ അണിയുന്നത് അവരുടെ കയ്യിലെ ഞാനിത് നൽകുകയുള്ളൂ. എന്തായാലും പാദസരം നഷ്ടപ്പെട്ടീട്ടില്ല എന്ന് മനസ്സിലായല്ലോ? അമ്മ ധൈര്യമായി മടങ്ങി പൊക്കോളൂ. മരുമകൾക്ക് ഒഴിവുള്ള സമയത്ത് എപ്പോൾ വേണമെങ്കിലും വന്നോട്ടെ. ഞാനീ പാദസരം തിരിച്ചു നൽകാം"
ആ പാദസരം എങ്ങിനെയെങ്കിലും വാങ്ങണം എന്ന ഉദ്ദേശത്തോടെ ലളിത സഖി അല്പം കോപം അഭിനയിച്ചുകൊണ്ട് പറഞ്ഞു.
ഹും! ഇത് പിടിവാശിയാണ്. എന്താ എന്റെ മരുമകൾ പാദസരം തിരിച്ചുകിട്ടിയ സന്തോഷത്തോൽ താങ്കൾക്ക് എന്തെങ്കിലും പാരിതോഷികം തരും എന്ന് കരുതിയാണോ? എങ്കിൽ എന്തു വേണമെങ്കിലും ചോദിച്ചോളൂ. ഞാൻ തന്നെ തരാം."
ശ്യാമാനന്ദ പ്രഭു പുഞ്ചിരി തൂകിക്കൊണ്ട് പറഞ്ഞു.
"എനിക്ക് ഒരു പാരാതോഷികവും വേണ്ട. ഈ പാദസരം അണിയുന്ന ആ മനോഹരമായ പാദങ്ങളിൽ ഒന്നു നമസ്ക്കരിച്ചാൽ മതി"
"അവളാര് വൃന്ദാവനേശ്വരി രാധയോ?"
"അല്ല എന്ന് അമ്മക്ക് പറയാൻ കഴിയുമോ?"
ലളിത അതിശയത്തോടെ ശ്യാമാനന്ദപ്രഭുവിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. വിടർന്ന പുഞ്ചിരിയോടെ അദ്ദേഹം തന്റെ മുഖത്തേക്ക് തന്നെ നോക്കി നില്ക്കുന്നു. ങേ.....!ഈ നൂപുരം രാധയുടെ ആണ് എന്ന് ഇദ്ദേഹം മനസ്സിലാക്കിയോ?
ലളിത തന്റെ സ്വരൂപം സ്വീകരിച്ച് പുഞ്ചിരിയോടെ ചോദിച്ചു. "അങ്ങേക്ക് എങ്ങിനെയാണ് ഇത് രാധാദേവിയുടെ പാദസരമാണെന്ന് മനസ്സിലായത്?"
" ലളിത സഖിക്ക് അടിയന്റെ വിനീത പ്രണാമം. ഈ കോലുസണിഞ്ഞ പാദപത്മങ്ങൾ എത്രയോ തവണ എന്റെ സ്വപ്നപഥത്തിൽ തെളിഞ്ഞു കണ്ടീട്ടുണ്ട്. എന്നെങ്കിലുമൊരിക്കൽ രാധാദേവിയുടെ നേരിട്ടുള്ള ദർശനം ലഭിക്കണമെന്ന അതിയായ ആഗ്രഹത്തോടുകൂടിയാണ് ഞാൻ ഈ വൃന്ദാവനത്തിൽ കഴിയുന്നത്. "
ലളിതാസഖി അദ്ദേഹത്തിന്റെ ഭക്തി നിറഞ്ഞ മുഖത്തേയ്ക്ക് നിർന്നിമേഷയായി നോക്കി നിന്നു. ശ്യാമാനന്ദപ്രഭു തുടർന്നു പറഞ്ഞു.
"രാധാകൃഷ്ണന്മാർ നിത്യവും സഖിമാരോടുകൂടി രാസമാടുന്ന പ്രദേശമാണ് ഇത് എന്ന് എന്റെ ഗുരുനാഥൻ പറഞ്ഞ് അറിഞ്ഞതു മുതൽ ഈ സ്ഥലം വൃത്തിയും പവിത്രവുമായി സൂക്ഷിക്കുന്നു. ഇവിടെ കല്ലുകളോ മുള്ളുകളോ ചുള്ളിക്കമ്പുകളോ ഇല്ലാതെ വളരെയധികം ശ്രദ്ധിക്കും. രാസമാടുന്ന സമയത്ത് ഒരു ചെറിയ നൊമ്പരം പോലും നിങ്ങളുടെ ആരുടേയും പാദങ്ങളിൽ തോന്നരുത്."
ഇത്രയും പറഞ്ഞപ്പോഴേക്കും ശ്യാമാനന്ദപ്രഭുവിന്റെ കണ്ണുകൾ ഭക്തിയുടെ ആനന്ദത്താൽ നിറഞ്ഞൊഴുകാൻ തുടങ്ങി.
"അടിയന് ഒരു തവണയെങ്കിലും ദർശനഭാഗ്യം നല്കാൻ ലളിതാസഖി ദേവിയോട് പറയണം."
അദ്ദേഹത്തിന്റെ ഭക്തിയിൽ മനമലിഞ്ഞ ലളിതാദേവി പാദസരം വാങ്ങാതെ മടങ്ങിപ്പോയി. രാധാദേവിയോട് ഉണ്ടായ സംഭവങ്ങൾ എല്ലാം വിശദമായി പറഞ്ഞു. ശ്യാമാനന്ദപ്രഭുവിന്റെ ഭക്തിയിൽ സംപ്രീതയായ രാധാദേവി ഉടൻ തന്നെ അദ്ദേഹത്തിന് ദർശനം നൽകി. ബ്രഹ്മദേവൻ ആയിരം വർഷം തപസ്സ് ചെയ്തിട്ടും രാധാദേവി ബ്രഹ്മദേവനു മുന്നിൽ പ്രത്യക്ഷപ്പെട്ടില്ല, ഇതാ ഭക്തന്റെ മുന്നിലേക്ക് രാധാദേവി ഓടി വന്നിരിക്കുന്നു. ഇതാണ് ഭക്തിയുടെ മഹത്വം.
ദേവിയെ കണ്ട പ്രഭു ആനന്ദം അടക്കാനാവാതെ
" ജയ് ജയ് ശ്രീ രാധേ ശ്യാം.. ശ്രീ രാധേ ശ്രീ രാധേ
ശ്രീ രാധേ" എന്നിങ്ങനെ ആർത്തു വിളിച്ചുകൊണ്ട് രാധാദേവിയുടെ പാദങ്ങളിൽ ദണ്ഡനമസ്കാരം ചെയ്ത് രാധാദേവിക്ക് ചുറ്റും മണ്ണിൽ കിടന്നുരുണ്ടു. പിന്നീട് അദ്ദേഹം അവിടെ നിന്നും എഴുന്നേറ്റ്, ഭദ്രമായി സൂക്ഷിച്ചു വച്ചിരുന്ന ആണ് നൂപുരം തന്റെ രണ്ട് കണ്ണുകളിലും ചേർത്ത് അമർത്തി. കണ്ണുനീരിൽ നനഞ്ഞ ആ പാദസരം രാധദേവിക്ക് നൽകി.
മഞ്ജുഘോഷ എന്ന് പേരുള്ള ആ പാദസരം കൊണ്ട് ദേവി അദ്ദേഹത്തിന്റെ നെറ്റിയിൽ തിലകം ചാർത്തുകയും, തന്റെ ഹൃദയത്തിൽ നിന്നും ഒരു കൃഷ്ണ വിഗ്രഹം എടുത്ത് ശ്യാമാനന്ദപ്രഭുവിന് നൽകുകയും ചെയ്തു. ആ വിഗ്രഹം ആണ് രാധാശ്യാംസുന്ദർ . ശ്യാമാനന്ദപ്രഭു പൂജിച്ചിരുന്ന ഈ വിഗ്രഹം ഇന്നും വൃന്ദാവനത്തിൽ രാധാശ്യാംസുന്ദർ ക്ഷേത്രത്തിൽ കാണാം.
No comments:
Post a Comment