31 July 2021

കിഷ്‌കിന്ധ

കിഷ്‌കിന്ധ

ഉത്തര കര്‍ണ്ണാടകയിലെ കൊപ്പല്‍ ജില്ലയില്‍ തുംഗഭദ്രാനദി തീരത്തെ അനൈഗുന്ധി എന്നു പറഞ്ഞാല്‍ അധികമാരും അറിയണമെന്നില്ല. നദിയുടെ മറുതീരത്തെ ബല്ലാരിയെകുറിച്ചും ഹംപിയെകുറിച്ചും കേള്‍ക്കാത്തവരും കാണില്ല. അനൈഗുന്ധി അറിയില്ലങ്കിലും കിഷ്‌കിന്ധ, ഋശ്യമൂകാചലം, ബാലികേറാമല എന്നൊക്കെ അറിയാത്തവരുമില്ല.

ത്രേതായുഗത്തില്‍ ബാലിയും, സുഗ്രീവനും ഒക്കെ ഭരിച്ച കിഷ്‌കിന്ധയാണ് അനൈഗുന്ധി. ഇവിടുത്തെ ഋശ്യമൂകാചലം എന്ന ബാലികേറാമലയും രാമലക്ഷ്മണന്മാര്‍ വിശ്രമിച്ചിരുന്ന ചിന്താമണി ഗുഹയുമൊക്കെ ഇതിഹാസവും ചരിത്രവുമുണര്‍ത്തുന്ന കാഴ്ചകളാണ്. ശ്രീരാമ-ഹനുമാന്‍ സംഗമവും, ബാലി സുഗ്രീവ യുദ്ധവും, ബാലി വധവും, സുഗ്രീവന്റെ കിരീടധാരണവും, ഹനുമാന്റെ ലങ്കാ യാത്രയും, സേതു ബന്ധനം തുടങ്ങാന്‍ മഴമാറി മാനം തെളിയും വരെയുള്ള രാമലക്ഷ്മണന്മാരുടെ കാത്തിരിപ്പും ഒക്കെ ചേര്‍ന്ന് സംഭവ ബഹുലമായ  ഐതിഹ്യത്തിനു പശ്ചാത്തലമൊരുക്കിയ പ്രദേശങ്ങള്‍.

നോക്കെത്താ ദൂരത്തോളും പടര്‍ന്ന പൂന്തോട്ടങ്ങളും നെല്‍പാടങ്ങളും കടന്നു വേണം അനൈഗുന്ധിയിലെത്താന്‍. വിശാലതയില്‍ അങ്ങിങ്ങ് പാറക്കുന്നുകള്‍. ചെറുതും വലുതുമായ കുന്നുകളില്‍ മണ്ണിന്റെ അംശമേയില്ല പാറക്കല്ലുകള്‍ മാത്രം. സുഗ്രീവന്റെ വാനരപ്പട സേതുബന്ധനത്തിനുശേഷം ഉപേക്ഷിച്ചതാണിവ എന്ന വിശ്വാസം ഉറപ്പിക്കുന്ന കാഴ്ച. തലങ്ങും വിലങ്ങും ഓടിക്കളിക്കുന്ന കുരങ്ങന്മാര്‍ വാനരരാജ്യമെന്നതിന് അടിവരയിടും.

മലകളാല്‍ മറഞ്ഞുകിടക്കുന്ന താഴ് വാരത്തിലാണ് പമ്പ സരോവര്‍ തടാകം. പൂക്കള്‍ പൂവിടുന്ന സമയത്ത് വളരെ സുന്ദരമാണ് ഇവിടം. തടാകം മുഴുവന്‍ താമര വിരിഞ്ഞു നില്‍ക്കും. തടാകക്കരയില്‍ ലക്ഷ്മിക്ഷേത്രവും ശിവക്ഷേത്രവുമുണ്ട്. സമീപത്തെ മാവിന്‍ ചുവട്ടില്‍ ചെറിയ ഗണേശ ക്ഷേത്രവും. ശബരിയുമായി ബന്ധപ്പെട്ട സ്ഥലമാണിത്. മാതംഗ മഹര്‍ഷിയുടെ ശിഷ്യയായിരുന്നു ശബരി. രാമഭക്തയായ ശബരി ശ്രീരാമനെ നേരില്‍ കാണണമെന്ന് ആഗ്രഹിച്ചു. കഴിയുമെന്ന് വിശ്വസിച്ചു.  മാതംഗ മഹര്‍ഷി മരിച്ച ശേഷവും രാമനെ കാണാന്‍ കഴിയുമെന്ന ആഗ്രഹവുമായി. ശബരി ആശ്രമത്തില്‍ തുടര്‍ന്നു. ഒട്ടേറെ വര്‍ഷങ്ങള്‍ കടന്നുപോയി. ശബരി ഒരു വൃദ്ധയായി മാറി. സീതയെ അന്വേഷിച്ച് അലഞ്ഞ രാമലക്ഷമണന്മാര്‍ ശബരി ആശ്രമത്തിലെത്തി. ഇരുവര്‍ക്കും ശബരി ഭഷണം വിളമ്പി. ശബരിയുടെ ഭക്തി ചൈതന്യത്തിനു മുന്നില്‍ കുമ്പിട്ട രാമലക്ഷമണന്മാര്‍ ശബരിയെ സാഷ്ഠാംഗം പ്രണമിച്ചു. സീതയുടെ തട്ടിക്കൊണ്ടുപോകല്‍ സംഭവം വിവരിച്ചു. പമ്പ തടാകത്തിന് തെക്ക് വസിക്കുന്ന ഹനുമാന്റേയും സുഗ്രീവയും സഹായം തേടാന്‍ ശബരി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് മാതംഗ തടാകത്തില്‍ ശ്രീരാമന്‍ കുളിക്കാനിറങ്ങി. തടാകത്തിലും തടാകക്കരയിലും ധാരാളം പാറക്കല്ലുകള്‍ കാണാം. കിഷ്‌കിന്ധയുടെ സര്‍വസൈന്യാധിപനായ ഹനുമാന്റെ ജന്മസ്ഥലമായ ''ആഞ്ജനേയാ ഹില്‍'' തുംഗഭദ്രയ്ക്കുമപ്പുറം തലയുയര്‍ത്തി നില്‍ക്കുന്നു.

ഭീമാകാരമായ പാറക്കല്ലുകളാല്‍ രുപംകൊണ്ട ഈ മലമുകളിലാണ് ആഞ്ജനേയാ ക്ഷേത്രം. ഹനുമാന്റെ അമ്മയായ അഞ്ജനാ ദേവി താമസിച്ചിരുന്നത് ഇവിടെയെന്ന് ഐതിഹ്യം. 575 പടവുകള്‍ താണ്ടി വേണം ക്ഷേത്രത്തിലെത്താന്‍. അതിമനോഹരമാണ് ഇവിടെനിന്നുള്ള അസ്തമയക്കാഴ്ച. രാവണന്‍ അപഹരിച്ച സീതയെ തേടിയലഞ്ഞ രാമലക്ഷ്മണന്മാര്‍ ഇവിടെ വച്ചാണ് ഹനുമാനെ കണ്ടു മുട്ടുന്നത്. തുടര്‍ന്ന് ഹനുമാന്‍ രാമലക്ഷ്മണന്മാരെ കിഷ്‌കിന്ധയിലെ രാജാവായിരുന്ന സുഗ്രീവന്റെയടുത്തെത്തിക്കുന്നു. അപഹരിച്ചു കൊണ്ടുപോകുന്നതിനിടയില്‍ സീതാദേവി പുഷ്പക വിമാനത്തില്‍ നിന്നും താഴേക്കിട്ടു കൊടുത്ത ആഭരണങ്ങള്‍ സുഗ്രീവന്‍ സൂക്ഷിച്ചു വെച്ചു എന്നു വിശ്വസിക്കപ്പെടുന്ന ഗുഹയും ഇവിടെ കാണാന്‍ കഴിയും. ധാരാളം വാതിലുകളുള്ള കോട്ട പഴമയുടെ വിസ്മൃതിയും പേറി നില്‍ക്കുന്നു. കോട്ടയുടെ പ്രവേശന കവാടത്തില്‍ ദുര്‍ഗാ ക്ഷേത്രം. ക്ഷേത്രാങ്കണത്തിലുള്ള മരത്തില്‍ പുടവ കെട്ടിത്തൂക്കി മനസ്സിരുത്തി പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹം സഫലീകരിക്കുമെന്നാണ് വിശ്വാസം. ഒരു ഗണേശ ഗുഹാക്ഷേത്രമുണ്ട്.  യുദ്ധങ്ങള്‍ക്കും മുന്‍പ് വിജയനഗര രാജാക്കന്മാര്‍ ദുര്‍ഗ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. പമ്പ സരോവറില്‍ കുളിച്ച് ശ്രീലക്ഷ്മി ക്ഷേത്രവും ദര്‍ശിച്ചായിരുന്നു യുദ്ധത്തിനു പുറപ്പെടുക.
ഋശ്യമൂകാചലം മലയിലേക്കുള്ള യാത്ര വിഷമമേറിയതാണ്. പാറക്കല്ലുകള്‍ ചവിട്ടിക്കറുന്ന യാത്ര ബാലികേറാമല എന്ന പേരിനെ അര്‍ത്ഥവത്താക്കുന്നു.

കുന്നിന്‍ മുകളില്‍ ആകാശം മുട്ടെ നില്‍ക്കുന്ന പാറകള്‍ക്കിടയില്‍ വലിയൊരു ഗുഹ. ഇതായിരുന്നുവത്രെ ബാലിയുടെ വാസസ്ഥലം. രാമലക്ഷ്മണന്മാരുടെ പാദസ്പര്‍ശമേറ്റ  ചിന്താമണി ഗുഹയാണ് മറ്റൊരു കാഴ്ച. രാമ ലക്ഷ്മണന്മാര്‍ വിശ്രമിച്ചിരുന്നതും സുഗ്രീവനുമായി ബാലിക്കെതിരെ യുദ്ധതന്ത്രങ്ങള്‍ മെനഞ്ഞിരുന്നതും ഇവിടെയായിരുന്നു. ആലോചനായോഗങ്ങള്‍ക്കായി കൂടിയിരുന്നതിനാലാണ് ചിന്താമണിയെന്ന പേര് വന്നത്. ചരിത്രം, ഗ്രാമഭംഗി, വയലുകള്‍, പുരാണങ്ങള്‍, മലകള്‍ തുടങ്ങിയവയെല്ലാം അപൂര്‍വ്വമായി  ഒത്തു കൂടുന്ന ഇടമാണ് അനൈഗുന്ധി. ശിലായുഗത്തിലെ ചിത്രങ്ങളും ഇന്നും ഇവിടെ വ്യക്തമായി കാണാം. തുംഗഭദ്രാനദിയുടെ മറുകരയിലാണ്  യുനസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം തേടിയ ഹമ്പി. ഭൂതകാലപ്രൗഢി ഓരോ തുണ്ടുസ്ഥലത്തും കരുതിവെച്ച് നമ്മെ വിസ്മയിപ്പിക്കുന്ന അത്ഭുതം. ചരിത്രവും യാഥാര്‍ഥ്യവും മിത്തും പുരാണങ്ങളും ഇഴചേര്‍ന്നുപിണഞ്ഞ് അവ്യക്തതയുടെ നിഴല്‍പ്പാടുകള്‍ സൃഷ്ടിക്കുന്ന ഹൈന്ദവ ധർമ്മ പരിഷത്ത് അത്യത്ഭുങ്ങളുടെ താഴ്വര. അനേകായിരം പേരുടെ ചോരയും നീരും കൊണ്ട് കാലം ചരിത്രമെഴുതിയ നദീതടം, കൃഷ്ണ തുംഗഭദ്രാ നദിക്കരയില്‍ പടുത്തുയര്‍ത്തിയ വിജയനഗര സാമ്രാജ്യത്തിന്റെ പുകള്‍പെറ്റ തലസ്ഥാനം. ഫലിതവിദ്വാനായ തെനാലിരാമന്റെ വികടഭാഷ്യം കേട്ട് കോരിത്തരിച്ച മലമടക്കുകളുടെ സ്വന്തം നഗരി. മുസ്ലീം ഭരണാധികാരികളായ ഡെക്കാന്‍ സുല്‍ത്താനൈറ്റുകളുടെ ആക്രമണത്തില്‍ അടിതെറ്റി തുംഗഭദ്രനദിയുടെ മടിത്തട്ടിലേക്കു കല്ലിന്മേല്‍ കല്ലുശേഷിക്കാതെ തകര്‍ന്നടിഞ്ഞുപോയ മഹാസംസ്‌കാരത്തിന്റെ ചുടലപ്പറമ്പ്. അവശിഷ്ടങ്ങളുടെ മഹാനഗരം.
ദക്ഷപുത്രിയായ സതീ ദേവിയുടെ മരണം കോപാന്ധനാക്കിയ പരമശിവന്‍ അതി കഠിനമായ തപസ്സാരംഭിച്ചത് ഹമ്പിയില്‍ സ്ഥിതി ചെയ്യുന്ന ഹേമകുടാ കുന്നിലായിരുന്നു എന്ന് ഐതിഹ്യം. തപമിളക്കാന്‍ ചെന്ന കാമദേവനെ തൃക്കണ്ണാല്‍ ഭസ്മമാക്കിയതും, തുടര്‍ന്ന് പമ്പാ ദേവിയില്‍ അനുരക്തനായ പരമശിവന്‍ ദേവിയെ വിവാഹം ചെയ്ത് പമ്പാപതിയായതും ഇവിടെ വെച്ചായിരുന്നു.
ഇന്നും തീര്‍ഥാടകരായും കാഴ്ചക്കാരായും ഹമ്പിയിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ഹേമകുടയുടെ താഴ്വാരത്ത് സ്ഥിതി ചെയ്യുന്ന വിരൂപാക്ഷ ക്ഷേത്രം. വിരൂപാക്ഷന്‍ എന്ന പേരിനെ അന്വര്‍ഥമാക്കിക്കൊണ്ട് ഇവിടത്തെ ശിവ പ്രതിഷ്ഠ കാമനെ ഭസ്മീകരിക്കാന്‍ തൃക്കണ്ണ് തുറന്നു നില്‍ക്കുന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. കല്ലില്‍ കൊത്തിയ അപൂര്‍വ ശില്‍പ്പങ്ങള്‍ ഇവിടെ കാണാം.

150 അടി ഉയരം വരുന്ന രണ്ട് വലിയ  ഗോപുരങ്ങള്‍ ഇതിന്റെ പ്രൗഢി കൂട്ടുന്നു. പതിനൊന്നു നിലകളുള്ള ഗോപുരങ്ങള്‍ 'ബിസ്തപയ്യ ഗോപുരങ്ങള്‍' എന്നാണ് അറിയപ്പെടുന്നത്. ക്ഷേത്രഗോപുരത്തിന്റെ പ്രതിബിംബം ഉള്‍ച്ചുവരില്‍ പതിക്കുന്ന പിന്‍ഹോള്‍ ക്യാമറ  വിരൂപാക്ഷ ക്ഷേത്രത്തിന്റെ  ആകര്‍ഷണമാണ്.

ഒരിക്കല്‍ തുംഗഭദ്രയുടെ തീരങ്ങളില്‍ നായാട്ടിനിറങ്ങിയ ഹക്കയും ബുക്കയും അവിശ്വസനീയമായ  കാഴ്ചകാണുന്നു. ശക്തിക്കും ശൗര്യത്തിനും പേരുകേട്ട വേട്ടപ്പട്ടികള്‍ ഓടിച്ച കാട്ടുമുയല്‍, പ്രത്യേക സ്ഥലത്തെത്തിയപ്പോള്‍ തിരിഞ്ഞ് വേട്ടനായ്ക്കളെ പേടിപ്പിച്ചോടിക്കുന്നു. അത്ഭുത പരതന്ത്രരായ സഹോദരന്മാര്‍ രാജഗുരുവായ വേദാരണ്യയെ ഇക്കാര്യമറിയിച്ചു. ഒട്ടു നേരത്തെ ധ്യാനത്തിനു ശേഷം വേദാരണ്യ സവിശേഷമായ ഈ ഭൂപ്രദേശം രാജ്യത്തിന്റെ ആസ്ഥാനമാക്കാന്‍ നിര്‍ദ്ദേശിച്ചു. അങ്ങിനെ ഒരു ഭാഗം തുംഗഭദ്രാ നദിയും മറ്റു മൂന്നു ഭാഗങ്ങള്‍ വന്‍ മലനിരകളാലും ചുറ്റപ്പെട്ട ഹമ്പി കേന്ദ്രീകരിച്ച് ഹക്കയും ബുക്കയും തങ്ങളുടെ ജൈത്രയാത്രയുടെ ആരംഭം കുറിച്ചു. വിജയനഗര സാമ്രാജ്യത്തിന്റെ ചരിത്രം തുടങ്ങുയായിരുന്നു  അവിടെ.

എവിടെ തിരിഞ്ഞാലും പാറക്കൂട്ടങ്ങളാണ്. ഇപ്പോള്‍ ഉരുണ്ടു വീഴുമെന്ന് തോന്നിപ്പിക്കുന്ന ഭീമാകാരങ്ങളായ പാറക്കൂട്ടങ്ങള്‍. ഒപ്പം മനോഹരങ്ങളായ കൊത്തു പണികളാല്‍ കടഞ്ഞെടുത്ത കോട്ടകളും, ക്ഷേത്രങ്ങളും, ശില്പങ്ങളും, ജല സംഭരണികളും, കൊട്ടാരങ്ങളും. ഹമ്പിയെ ലോകാത്ഭുതങ്ങളില്‍ ഒന്നാക്കി മാറ്റുന്നു.
 കലാചാതുരില്‍ കൊത്തിവെച്ച മഹാകാവ്യമാണ് ഇവിടത്തെ ഹസാരെ രാമക്ഷേത്രം. രാമായണത്തിലെ  കഥാ സന്ദര്‍ഭങ്ങള്‍ തുടക്കം മുതല്‍ ഒടുക്കം വരെ കല്ലില്‍ കൊത്തിവച്ചിരിക്കുന്നു. ശ്രീരാമന്റെ  ജനനം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള ശില്‍പ്പഭാഷ്യം ഇവിടത്തെ ചുവരുകളില്‍ വായിച്ചെടുക്കാം.  ചിലഭാഗങ്ങളില്‍ ഭാഗവത സന്ദര്‍ഭങ്ങളും കൊത്തിയിട്ടുണ്ട്. ഹസാരെ രാമക്ഷേത്രത്തിനു തൊട്ടു മുന്നിലാണ് പാന്‍സൂപ്പാരി ബസാര്‍. വിജയനഗര സാമ്രാജ്യത്തിലെ  ഒരു വ്യാപാര താവളമായിരുന്നു ഇത്. തകര്‍ന്നു കിടക്കുന്ന ചുവരുകളുടെയും തൂണുകളുടെയും അവശിഷ്ടങ്ങളും രണ്ടു മൂന്ന് അരയാലും മാത്രമേ ഇപ്പോള്‍ ഇവിടെയുള്ളൂ.

നന്ദിയുടെ കൂറ്റന്‍ ഒറ്റക്കല്‍ പ്രതിമ, വരാഹക്ഷേത്രം,  കൃഷ്ണക്ഷേത്രം, ഗജാലമണ്ഡപം, കൊട്ടാരക്കെട്ടുകളുടെ അവശിഷ്ടങ്ങള്‍, കാവല്‍മാടങ്ങള്‍, പൊതുകുളങ്ങള്‍, പട്ടാഭിരാമ ക്ഷേത്രം, സരസ്വതീ ക്ഷേത്രം, കല്‍ക്കെട്ടുകളുടേയും മണ്ഡപങ്ങളുടെയും അസ്തിവാരങ്ങള്‍... ആധുനിക ഹൈന്ദവ ധർമ്മ പരിഷത്ത് കിഷ്‌കിന്ധയിലെ കാഴ്ച നീളുന്നതാണ്.

No comments:

Post a Comment