22 July 2021

24 ഗുരുക്കൻമാർ

24 ഗുരുക്കൻമാർ

ഗുരുക്കന്മാര്‍ പലവിധം

അക്ഷരമാലയും ലൗകിക വിദ്യകളും അഭ്യസിപ്പിച്ചിട്ടുള്ള സൂചക ഗുരു

വര്‍ണ്ണം , ആശ്രമം എന്നിവയ്ക്ക് അനുയോജ്യവും ധര്‍മ്മാധര്‍മ്മളങ്ങളെ അനുശാസിക്കുന്നതുമായ വിദ്യയെ ഉപദേശിക്കുന്ന വാചക ഗുരു

പഞ്ചാക്ഷരി മുതലായ മന്ത്രങ്ങള്‍ ഉപദേശിക്കുന്ന ബോധക ഗുരു

വൈരാഗ്യതിലെക്കുള്ള മാര്‍ഗ്ഗം കാണിച്ചുതരുന്ന വിഹിത  ഗുരു

തത്വമസി മുതലായ മഹാവാക്യങ്ങളെ ഉപദേശിക്കുന്നവനും ഭവരോഗത്തെ ശമിപ്പിക്കുന്നവനും ആയ  കാരണ ഗുരു

സകല സംശയങ്ങളേയും സംസാരഭയത്തെയും നശിപ്പിക്കുന്നവന്‍ ആയ പരമ ഗുരു

ഇത് കൂടാതെ നിഷിദ്ധ ഗുരു എന്ന ഒരു വിഭാഗം കൂടിയുണ്ട്.  ഗുരു തത്വവും ദേവതാ തത്വവും ഒരുപോലെ സമ്മേളിച്ച മൂരര്‍ത്തികളാണ് ദത്താത്രേയന്‍, ദക്ഷിണാമൂര്‍ത്തി, ഹയഗ്രീവന്‍, ഹനുമാന്‍, വേദവ്യാസന്, മുരുകന്‍‍, ഗണപതി. ഈ കലിയുഗത്തില്‍ പരമഗുരുവിനെ ലഭിക്കുക എന്നത് അതി ദുര്‍ലഭം ആണ്. അതുകൊണ്ടായിരിക്കാം ഭാഗവതത്തില്‍ ദത്താത്രേയന്‍റെ 24 ഗുരുക്കന്മാരെ കുറിച്ച് പറയുന്നത്.  ആ 24 ഗുരു തത്വത്തെ നമ്മുടെ ജീവിതത്തിലും പ്രാവര്‍ത്തികം ആക്കാനാകും.

ഭാഗവതത്തിലെ 24 ഗുരുക്കൻമാർ

ഭാഗവതത്തിൽ 11 -ാം സ്കന്ധത്തിൽ യയാതിയുടെ മകനായ  യദുവിന്‍റെയും അവധൂതന്‍റെയും  (ശ്രീദത്താത്രേയന്‍) സംവാദമുണ്ട്. ശ്രീകൃഷ്ണ-ഉദ്ധവ സംവാദത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്നെയാണ് ഈ ഭാഗം ഉദ്ധവര്‍ക്ക് ചൂണ്ടിക്കാട്ടിക്കൊടുക്കുന്നത്. 

ഒരിക്കല്‍ പരമാനന്ദത്തോടെ നിര്‍ഭയനായി നടക്കുന്ന അവധൂതനെക്കണ്ട് ധര്‍മ്മ തല്‍പരനായ യദു മഹാരാജാവ് അതിനു കാരണം തിരക്കി. ജഡനെപ്പോലെ നിഷ്‌കര്‍മ്മിയായി നടന്നിട്ടും ബാലനെപ്പോലെ ആനന്ദവാനായും ഒപ്പം നിര്‍വികാരനായും നിര്‍മ്മമനായും കഴിയുന്ന അവധൂതനെ കണ്ട് യദു അദ്ഭുതപ്പെട്ടു. കാരണം യദു അന്വേഷിച്ചു.

അവധൂതന്‍ വിശദീകരിച്ചു.

ഹേ മഹാരാജന്‍, എനിക്ക് സദ്ബുദ്ധി പ്രദാനം ചെയ്ത അനേകം ഗുരുക്കന്മാരുണ്ട്. അവരുടെ അദ്ധ്യാപനം എന്റെ ബുദ്ധിയെ എങ്ങനെ സ്വാധീനിച്ചു എന്നുകേട്ടാലും.

ഒരു ഗുരുവില്‍നിന്നും മാത്രം വിദ്യ അഭ്യസിച്ചാല്‍ പൂര്‍ണമാകില്ല. പ്രകൃതിയില്‍ നോക്കി പഠിക്കണം. നാമെല്ലാം ബ്രഹ്മാവ ലോക ധിഷണന്മാരാ കണം. നാം തന്നെ നമുക്ക് ഗുരുവാകണം. നമ്മുടെ അനുഭവങ്ങള്‍ നമുക്ക് ഗുരുവാ കണം. അവ നമ്മുടെ പാഠമാകണം.

പൃഥിവീ വായുരാകാശമാപോളഗ്നിശ്ചന്ദമാ രവിഃ

കപോതോളജഗരഃ സിന്ധുഃ പതംഗോ മധുകൃദ് ഗജഃ

മധുഹാഹരിണോ മീനഃ പിങ്ഗളാ കുരരോളര്‍ഭകഃ

കുമാരീ ശരകൃത് സര്‍പ ഊര്‍ണനാഭിഃ സുപേശകൃത്

ഏതേ മേ ഗുരവോ രാജം ശ്ചതുര്‍വിംശതിരാശ്രിതാഃ

ശിക്ഷാ വൃത്തിഭിരേതേഷാമന്വശിക്ഷമിഹാത്മനഃ''

ഭൂമി, വായു, ആകാശം, വെള്ളം, അഗ്നി, ചന്ദ്രന്‍, സൂര്യന്‍, കപോതപ്പക്ഷി, പെരുമ്പാമ്പ്, സിന്ധു സമുദ്രം, പാറ്റ, വണ്ട്, ആന, തേനെടുക്കുന്നവന്‍, മാന്‍, മീന്‍, പിങ്ഗള എന്ന വേശ്യാസ്ത്രീ, കുരരപ്പക്ഷി, ബാലകന്‍, കന്യക, ശരമുണ്ടാക്കുന്നവന്‍, സര്‍പ്പം, എട്ടുകാലി, വേട്ടാളന്‍ എന്നിവരാണ് ഞാന്‍ പറഞ്ഞ 24 ഗുരുക്കന്മാര്‍. ഇവരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് ഞാന്‍ വിദ്യ അഭ്യസിച്ചത്. ഇവാരണ് എനിക്ക് ആത്മസാക്ഷാല്‍ക്കാരത്തിനുള്ള ജ്ഞാനം ദാനം ചെയ്തത്.

1) ഭൂമി ധര (earth)

ഭൂമിയെപ്പോലെ ക്ഷമാശീലം, ദ്വന്ദ്വ സഹിഷ്ണുത ഇവ വളർത്തിയെടുക്കുക

ധരയ്ക്കൊപ്പമായ് തന്നെയെന്തും സഹിക്കാ-
നൊരാളില്ല മര്‍ത്ത്യന്നു വേണ്ടുന്നതെല്ലാം
തരുന്നുണ്ടു നോവെത്രെ നാം നല്കിയിട്ടെ-
ന്നറിഞ്ഞിന്നു കൂപ്പുന്നു ഭൂവിന്നിതാ ഞാന്‍  (ഭുജംഗപ്രയാതം)

2) വായു

വായുവിനെപ്പോലെ വിരക്തനായിരിക്കണം. ശീതോഷ്ണങ്ങളിൽ സഞ്ചരിക്കുന്നുണ്ടെങ്കിലും അവയുടെ ഗുണദോഷങ്ങളുടെ ബന്ധനത്തിൽ നിന്നും വായു മുക്തനാണ്. അതുപോലെ മുമുക്ഷുക്കൾ ആരുടേയും ഗുണ ദോഷങ്ങൾ നോക്കാതെ ശ്രുതി (വേദങ്ങൾ) ഉപദേശിക്കുന്ന വഴിയിൽക്കൂടി തുറന്ന മനസ്സോടെ ശീതോഷ്ണങ്ങളിൽ യഥേഷ്ടം സഞ്ചരിക്കണം.

ആടുന്നാടുന്ന ജീവന്‍ പവന! തവ കൃപാ-
വര്‍ഷമൊന്നാലെ, സത്യം
മൂടുന്നൂ മായ, കാണാനടിയനു കഴിയു-
ന്നില്ല, യീ വാഴ്വിലെങ്ങും
ഓടിച്ചെന്നെത്തി, യൊട്ടാതതിനൊടുകലരാ-
തിങ്ങു വാഴുന്ന നീ ചാഞ്ചാടുന്നോരീ മനസ്സിന്നൊരു 
ഗുരുവതിനാലോതിടാം വന്ദനം ഞാന്‍  (സ്രഗ്ദ്ധര)

3) ആകാശം

ആത്മാവ് ആകാശത്തെപ്പോലെ സർവ ചരാചരങ്ങളിലും വ്യാപിച്ചിരിക്കുന്നുണ്ടെങ്കിലും ഏകവും നിർവികാരവും ചലനം ഇല്ലാത്തതുമാണ്.

ആകാശത്തിലണഞ്ഞിടുന്നു മറയുന്നൂ പിന്നെയ -
ക്കാഴ്ചയെ ന്നാകാമൊക്കെ  യുമോര്‍ക്കിലാ സിനിമ 
കാട്ടും ശീല പോലാണു പോല്‍ ഈ കാണുന്ന മനസ്സുമേവമതിനില്ലാ 
ബന്ധമെന്നോതിമോരാകാശം ഗുരുവര്യനത്രെയടിയന്‍
നിത്യം നമിക്കുന്നു ഞാന്‍  (ശാര്‍‌ദ്ദൂലവിക്രീഡിതം)

പഞ്ചഭൂതങ്ങളായി പറയുന്ന ആകാശത്തെ പലപ്പോഴും പരിമിതമായി sky എന്ന അര്‍ത്ഥത്തില്‍ മാത്രമാണ്‌ പറഞ്ഞു കേള്‍ക്കുന്നത്.. ആ അര്‍ത്ഥത്തില്‍ ആ പദത്തില്‍ അര്‍ത്ഥവ്യാപ്തി നഷ്ടപ്പെട്ടു പോകുന്നു.. കുറെ കൂടി വിപുലമായ space എന്ന അര്‍ത്ഥത്തില്‍ ആയാല്‍ അത് വളരെ ശക്തമായ സങ്കല്പവും ആകുന്നു.. കാരണം പ്രപഞ്ചത്തില്‍ കാണപ്പെടുന്ന എന്തിനും ആവശ്യമാണ്. ഏതെങ്കിലും ഒരു സ്പേസുമായി സ്ഥലവുമായി ബന്ധിപ്പിക്കാതെ നമുക്ക് പലതും ആലോചിക്കാനോ മനസ്സിലാക്കാനോ സാധിക്കുന്നില്ല… അതുകൊണ്ട് തന്നെ എല്ലാ വസ്തുക്കളും പഞ്ചഭൂതാത്മകം എന്ന് പറയുമ്പോള്‍ ആകാശത്തിന്റെ റോള്‍ വ്യക്തമാകുന്നു

കുടം ഉടഞ്ഞാല്‍ മണ്ണ്‌ മണ്ണിലും ആകാശം ആകാശത്തിലും ചേരുന്നു… ഒരു പക്ഷെ ഇതില്‍ നിന്നാകാം മരണാനന്തരസംസ്കാരക്രിയയില്‍ കുടത്തില്‍ ഒരു ചെറിയ സുഷിരം വച്ച് വെള്ളം വീഴ്ത്തി (ഒഴുകി തീരുന്ന ആയുസ്സ്) പ്രദക്ഷിണം വച്ച് (ജീവിതയാത്ര) ഉടച്ച് കളയുന്നത് എന്ന് തോന്നുന്നു… ദേഹമാണ്‌ നാമെങ്കില്‍ അത് മണ്ണില്‍ ചേരും ചേതനയാണെങ്കില്‍ അഗ്നിയില്‍ ആകാശത്തില്‍ (സ്ഥൂലത്തില്‍ നിന്നും അതീവസൂക്ഷ്മത്തിലേയ്ക്ക്)

4) വെള്ളം

എല്ലാവരോടും സ്നേഹത്തോടെ വർത്തിക്കുന്നതുപോലെ മനുഷ്യനും പെരുമാറണം. ആരോടും പക്ഷപാതം കാണിക്കരുത്. എപ്രകാരമാണോ വെള്ളം സ്വന്തം മാലിന്യങ്ങളെ അടിത്തട്ടിൽ സ്വരൂപിച്ച് മറ്റുള്ളവരുടെ മാലിന്യങ്ങളെ കഴുകിക്കളയുന്നത് അപ്രകാരം മനുഷ്യൻ ദേഹാഭിമാനം കാരണമുണ്ടാകുന്ന മാലിന്യങ്ങളെ ത്യജിച്ച് ജ്ഞാനശക്തി നേടിയെടുക്കുകയും നീച മനുഷ്യരുടെ പാപങ്ങളെ കഴുകി ക്കളയുകയും ചെയ്യണം.

ജലത്തിന്‍ നൈര്‍മ്മല്യം മധുരവുമറി-
ഞ്ഞോരു മനമേ കലങ്ങീടാതേ നീയപരനു സദാ
സൌഖ്യമരുളാന്‍ ജലം പോല്‍ മാലിന്യം കളയുക സദാ,
വാഴ്വിലതിനായ് ജലത്തെക്കാണുന്നേന്‍ 
ഗുരുവരസമം  നിത്യമുലകില്‍  (ശിഖരിണി)

5) അഗ്നി

മനുഷ്യൻ അഗ്നിയെപ്പോലെ തപസ്സ് ചെയ്ത് തേജസ്വിയാകണം. അവൻ ലഭിക്കുന്നതെന്തും ഭക്ഷിക്കുകയും ദുഃശീലങ്ങളൊന്നും തന്നെ ശീലിക്കാതിരിക്കുകയും എന്നാൽ ഉചിതമായ സന്ദർഭങ്ങളിൽ തന്‍റെ കഴിവുകൾ പ്രകടിപ്പിക്കുകയും വേണം.

എല്ലാം ഭുജിക്കുമതിലുള്ളൊരഴുക്കു തെല്ലും
തന്നില്‍ വരാതെയറിവായൊളിയേകുമല്ലോ
എന്നെന്നുമഗ്നിയവനെന്‍ ഗുരു തന്നെയാത്മാ-
വെന്നോതിടുന്ന പൊരുളാണവനേ നമിപ്പൂ (വസന്തതിലകം)

6) ചന്ദ്രൻ

അമാവാസി ദിനം കാണുന്ന സൂക്ഷ്മമായ ചന്ദ്രക്കലയും പൌർണമിയിലെ പൂർണചന്ദ്രനുമടക്കം ചന്ദ്രന് 16 വ്യത്യസ്ത കലകളുണ്ട്. ചന്ദ്രക്കലയിലെ വ്യതിയാനം കൊണ്ടുണ്ടാകുന്ന യാതൊരു വിധ പരിണാമങ്ങളും ചന്ദ്രനെ ബാധിക്കാത്തതു പോലെ ആത്മാവിന് ദേഹസംബന്ധമായ യാതൊരു വികാരങ്ങളും ബാധിക്കുന്നില്ല.

ക്ഷയം വൃദ്ധി രണ്ടും വെറും തോന്നലത്രേ
സ്വയം ജ്യോതിയാത്മാവതിന്നില്ല മാറ്റം
ഭയം വേണ്ടയെന്നോതിടും ചന്ദ്രനെന്നേ
നയിക്കട്ടെ നീ ദേശികൻ തേ പ്രണാമം  (ഭുജംഗപ്രയാതം)

7) സൂര്യൻ

ഭാവിയിലെ ആവശ്യത്തിനുവേണ്ടി, സൂര്യൻ മേഘങ്ങളിൽ ജലം സംഭരിച്ച് ആവശ്യമുള്ള സമയത്ത് പരോപകാരാർഥം ഭൂമിയിൽ ആ ജലത്തെ മഴയായി പെയ്യിക്കുന്നു. ഇതുപോലെ മനുഷ്യനും അത്യാവശ്യ സാധനങ്ങൾ ശേഖരിച്ച് വച്ച് ദേശം, കാലം, വർത്തമാന പരിസ്ഥിതി തുടങ്ങിയവ മനസ്സിലാക്കി പക്ഷപാതരഹിതമായി എല്ലാ ജീവജാലങ്ങൾക്കും വേണ്ടി അത് ഉപയോഗിക്കണം.

സൂര്യനെപ്പല കിണറ്റിലൊക്കെ നിഴലിച്ചു കാണുമതുമിഥ്യയി-
പ്പാരിലേകനവനെന്നപോലറികയാത്മനെന്നൊരറിവേകിടും
സൂര്യനെന്റെ ഗുരുനാഥനത്രെ കൃപയാലെയാഴിയിലെവെള്ളവും
മാരിയായ് പകരുമത്രെ പക്ഷെയവനില്ല ബന്ധമിതിലേതിലും  (കുസുമമഞ്ജരി)

8) പ്രാവ് കപോതം (pigeon)

എപ്രകാരം പ്രാപ്പിടിയൻ പക്ഷി പ്രാവിനെ കുടുംബസമേതം ഭക്ഷിക്കുന്നുവോ അപ്രകാരം മനുഷ്യൻ ഭാര്യയിലും സന്താനങ്ങളിലും ആസക്തനായി, ലൌകിക ജീവിതം സുഖമെന്നു കരുതി ജീവിക്കുകയാണെങ്കിൽ അവനെ കാലം പിടിയിലാക്കും. അതിനാൽ മുമുക്ഷുക്കൾ ഇതിൽ നിന്നും മനസ്സുകൊണ്ടു വേർപെട്ടിരിക്കണം.

സ്നേഹം നല്ലതു തന്നെ, പക്ഷെ, മിഴി മൂ-
ടാം ദുഃഖമേകുന്ന ദുര്‍-
മോഹത്തിന്‍ വലയില്‍ പതിക്കുമതിനാ-
ലത്രേ, ചിലപ്പോഴതില്‍
ദേഹാപായവുമാകുമത്രെ, യിതു ചൊ-
ല്ലീടും കപോതത്തെ സ-
ന്ദേഹം വിട്ടു നമിപ്പു ഗുരുവെനി-
ക്കെന്നോര്‍ത്തു നിത്യം മനം  (ശാര്‍‌ദ്ദൂലവിക്രീഡിതം)

9) അജഗരം  (python) പെരുമ്പാമ്പ്

പെരുമ്പാമ്പ് ഭയപ്പെടാതെസ്വന്തം വിധിയിൽ വിശ്വസിച്ച് ഒരു സ്ഥലത്തു തന്നെ കിടന്ന് കിട്ടുന്നതെന്തും ഭക്ഷിച്ച് സന്തോഷത്തോടെ ജീവിക്കുന്നു. അതിന്‍റെ ഏറ്റുക്കുറച്ചിലുകളെയോ കയ്പ്-മധുര രസത്തെപ്പറ്റിയോ അതു ചിന്തിക്കുന്നില്ല. കുറച്ചു കാലം ഒന്നും കഴിക്കാൻ കിട്ടിയില്ലെങ്കിൽ തന്നെ പരിഭ്രമിക്കുന്നുമില്ല. ശരീരത്തിൽ ശക്തി ഉണ്ടെങ്കിലും പെരുമ്പാമ്പ് അത് ഉപയോഗിക്കുന്നില്ല. ഇപ്രകാരം മുമുക്ഷു വിധിയിൽ വിശ്വസിച്ച് കിട്ടുന്ന അല്പസ്വല്പം ആഹാരം കഴിച്ച്, അഥവാ ഒന്നും കിട്ടിയില്ലെങ്കിൽ തന്നെ സ്വസ്വരൂപത്തിൽ ലയിച്ച് ഇരിക്കണം.

താന്‍ ചാരെ കിട്ടിയതു തന്നെ ഭുജിച്ചു വാണീ-
ടുന്നത്രെയിങ്ങജഗരം, പശി തന്നവന്‍ താന്‍
തന്നീടുമെന്നുമതിനുള്ളൊരുപായമെന്നാ-
യെന്നോടുചൊല്ലുമവനനെന്‍ ഗുരു, ഞാന്‍ നമിപ്പൂ (വസന്തതിലകം)

10) സമുദ്രം

നദികൾ മഴക്കാലത്ത് കൂടുതൽ വെള്ളം സമുദ്രത്തിൽ എത്തിക്കുന്പോൾ സമുദ്രത്തിനു സുഖമോ, എത്തിക്കാതിരുന്നാൽ ദുഃഖമോ ആകുന്നില്ല. അതുമൂലം വൃദ്ധിക്ഷയങ്ങളും സംഭവിക്കുന്നില്ല. ഇതുപോലെ മനുഷൻ സ്വധർമാധീനനായി സുഖഭോഗങ്ങൾ ഉള്ളതുകൊണ്ട് സന്തോഷിക്കാതെയും ദുഃഖങ്ങളുടെ പരന്പര തന്നെ ഉണ്ടായാൽ ദുഃഖിതനാകാതെയും സദാ ആനന്ദത്തിലിരിക്കണം.

ആഴം പരപ്പുമൊരുപോല്‍ കടലിന്നതേപോല്‍
വാഴേണമത്രെ ജലമെത്രയതില്‍ കലര്‍ന്നും
ആഴിയ്ക്കുമാറ്റമിഹ കാണുവതില്ലയേവം
വാഴാന്‍ പറഞ്ഞുതരുവോനവനെന്‍ പ്രണാമം

11) നിശാശലഭം പാറ്റ/പതംഗം (moth)

വിളക്കിന്‍റെ പ്രകാശത്താൽ ആകർഷിക്കപ്പെടുന്ന ശലഭം അതിൽ വീണ് നശിക്കുന്നു. ഇതുപോലെ പുരുഷൻ സ്ത്രീലോലുപനായി, സ്ത്രീയുടെ യുവത്വം കണ്ട് ആകർഷിക്കപ്പെട്ടാൽ അതിൽപ്പെട്ട് നശിച്ചു പോകും.

എരിഞ്ഞിടുന്ന തീയ്യിലായെരിഞ്ഞൊടുങ്ങുവാന്‍ സ്വയം
പറന്നണഞ്ഞിടുന്ന പാറ്റ ചൊല്ലിടുന്നു മാനസം
എരിച്ചിടുന്നതാണു കാമമൊക്കെ നഷ്ടമാക്കുമെ-
ന്നറിഞ്ഞുകൊള്‍കയെന്നു ദേശികന്‍ ഭവാന്‍ നമിച്ചിടാം  (പഞ്ചചാമരം)

12) തേനീച്ചയും തേനെടുപ്പുകാരനും

A. തേനീച്ച :-
തേനീച്ച വളരെ കഷ്ടപ്പെട്ട്, ദുർഘടമായ സ്ഥലത്ത് ഉയരമുള്ള വൃക്ഷത്തിൽ അടയുണ്ടാക്കി അതിൽ തേൻ ശേഖരിക്കുന്നു. ഈ തേൻ അത് സ്വയം ഭക്ഷിക്കുകയോ മറ്റുള്ളവരെ ഭക്ഷിക്കാൻ അനുവദിക്കുകയോ ചെയ്യുന്നില്ല. അവസാനം തേനെടുപ്പുകാരൻ വന്ന് തേനീച്ചയെ കൊന്ന് അടയോടുകൂടി തേൻ എടുക്കുന്നു. ഇതു പോലെ ഒരു പിശുക്കൻ കഠിനാദ്ധ്വാനം ചെയ്ത്,  സമ്പത്ത് നേടി, അത് ശേഖരിച്ചു വയ്ക്കുന്പോൾ അപ്രതീക്ഷിതമായി അഗ്നി, കള്ളൻ, രാജാവ് തുടങ്ങിയവരാൽ അത് ഹരിക്കപ്പെടുകയും അതുമൂലം അവൻ ദുഃഖിതനാകുകയും അതല്ലെങ്കിൽ അവന്‍റെ സന്തതികൾ ആ സമ്പത്ത് ധൂർത്തടിക്കുകയോ, അവൻ സന്താനങ്ങളില്ലാതെ മരിക്കുകയോ ചെയ്യും. അവന്‍റെ കാലശേഷം ആ സമ്പത്ത് ഉപയോഗിക്കപ്പെടാതെ കിടക്കും അല്ലെങ്കിൽ അത് വേറെ ആർക്കെങ്കിലും ലഭിക്കും. മരണ സമയത്ത് സമ്പത്തിനോട് ആസക്തിയുണ്ടെങ്കിൽ അവൻ പിശാചോ സർപ്പമോ ആയി ആ സമ്പത്ത് ഉപയോഗിക്കുന്നവരെ ഉപദ്രവിക്കുന്നു. ഇപ്രകാരം സമ്പത്ത് കുമിഞ്ഞു കൂട്ടുമ്പോൾ അപ്രതീക്ഷിത മരണം സഭവിക്കുമെന്ന കാര്യം തേനീച്ചയിൽ നിന്നും മനസ്സിലാക്കി അത് ഒഴിവാക്കുക.

B. തേനെടുപ്പുകാരൻ:-
യാതൊരു കഷ്ടപ്പാടുമില്ലാതെ തേനെടുപ്പുകാരൻ എപ്രകാരം തേൻ നേടിയെടുക്കുന്നുവോ അപ്രകാരം സാധകരും അടുപ്പ്, പാത്രങ്ങൾ, തീ, വിറക് തുടങ്ങിയവ ശേഖരിക്കുന്നതിനായി വേവലാതിപ്പെടാതെ ഗൃഹസ്ഥാശമ്രികളുടെ വീട്ടിലുണ്ടാക്കിയ ഭക്ഷണം വാങ്ങി കഴിച്ച് ഇതിനായി ചിലവാക്കുന്ന സാധനയ്ക്കുവേണ്ടി വിനിയോഗിക്കുക. മുമുക്ഷുക്കൾ ഗൃഹസ്ഥാശമ്രികളുടെ ഭക്ഷണം വാങ്ങി കഴിച്ച് ഗൃഹസ്ഥാശമ്രികൾക്കും നന്മയാണ് വരുത്തുന്നത്.

വണ്ടെന്‍ ദേശികനത്രെയെന്നുമവനോ-
രോ പൂവിലും ചെന്നു തേ–
നുണ്ടാലും വരുവോര്‍ക്കുകാണുമതിലാ-
യെല്ലാമെടുക്കില്ല പോല്‍
കണ്ടീടാമതു ചേര്‍ത്തു വച്ചു സുഖമായ്
വാഴാന്‍ നിനച്ചീടിലി-
ങ്ങുണ്ടാകും ദുരിതം തകര്‍ക്കുമതിനായ്
കൂടും കവര്‍ന്നീടുവോര്‍  (ശാര്‍‌ദ്ദൂലവിക്രീഡിതം)

13) ആന

ആനയെ മെരുക്കുന്നതിനുവേണ്ടി കുഴിയുണ്ടാക്കി അതിനു മുകളിലായി പുല്ല് വിരിക്കുന്നു. അതിനു മുകളിൽ തടികൊണ്ട് ഒരു പിടിയാനയെ ഉണ്ടാക്കി അതിനെ ആനത്തോൽ അണിയിച്ച് നിർത്തുന്നു. ഈ പിടിയാനയെ കാണുന്ന കൊന്പനാന വിഷയസുഖത്തിന്‍റെ ആഗ്രഹത്തിൽ ആ പഴന്തുണി പൊതിഞ്ഞ ആനയുടെ അടുക്കലേക്കു വരികയും കുഴിയിൽ വീഴുകയും ചെയ്യുന്നു. ഇങ്ങനെ അനായാസം മനുഷ്യന്‍റെ കൈകളിൽ കുടുങ്ങുന്നു. ഇപ്രകാരം വിഷയസുഖം ആഗ്രഹിക്കുന്ന പുരുഷനും ബന്ധനത്തിലാകുന്നു. കാമത്തിനു വശംവദരായ ആനകൾ തമ്മിൽ മല്ലിട്ട് മരിക്കുന്നതുപോലെയാകും വ്യഭിചാരിണിയെ മോഹിക്കുന്ന പുരുഷന്മാരുടെ ഗതി.

മത്തേഭമെന്റെ ഗുരു താന്‍, കാണ്മതില്‍ വരുവ-
തായുള്ള കാമഫലമായ്
ഗര്‍ത്തത്തിലേയ്ക്കിടറി വീഴും മദം മിഴി മ-
റയ്ക്കുന്നനേര, മതിനാല്‍
എത്തും പലേ ദുരിതമെന്നോതിടുന്നു, വഴി 
തെറ്റാതെ യാത്ര തുടരാന്‍
നിത്യം തുണച്ചിടുവതാമെന്റെ ദേശികനെ-
നിക്കേകിടട്ടെ ശരണം

14) പൂവിൽ നിന്ന് തേൻ എടുക്കുന്ന  വണ്ട് (honey hunter)

സൂര്യൻ ഉദിക്കുന്പോൾ വിരിയുന്ന താമരപൂവിന്‍റെ ഇതളുകൾ, സൂര്യൻ അസ്തമിക്കുന്പോൾ കൂമ്പുന്നു. ആ സമയത്ത് പൂവിനുള്ളിൽ വണ്ട് ഇരിക്കുന്നുണ്ടെങ്കിൽ അതു ബന്ധനസ്ഥനാകും. ഇതിൽനിന്നും വിഷയാസക്തി മൂലം ബന്ധനത്തിൽ കുടുങ്ങുമെന്നുള്ളത് മനസിലാക്കി, വിഷയ സുഖത്തിൽ ആസക്തരാകാതിരിക്കുക.

വിത്തം ചേര്‍ക്കാന്‍ കഠിനതരമായ്
ചെയ്തിടുന്നൂ പ്രയത്നം
മര്‍ത്ത്യര്‍, വാഴ്വില്‍  മരണമൊരുനാള്‍
വന്നതെല്ലാം ഹരിക്കും
സത്യം കണ്ടിങ്ങമരുക ഹിതം
തന്നെയെന്നോതിടുന്നോന്‍
ഹൃത്താരിന്നായറിവു പകരും
ദേശികന്‍ വന്ദനം തേ

15) ഹരിണം/മാന്‍ (deer)

വായു വേഗത്തിൽ ഓടുന്നതിനാൽ ആരുടേയും കൈയിലകപ്പെടാത്ത കസ്തൂരിമാൻ മധുര സംഗീതത്തിൽ മോഹിതനായി സ്വന്തം പ്രാണൻ മറ്റുള്ളവർക്ക് അടിയറ വയ്ക്കുന്നു. ആയതിനാൽ ഒരു തരത്തിലുള്ള മോഹത്തിലും കുടുങ്ങാതെ ശദ്ധ്രിക്കണം.

പാട്ടിന്‍ രസത്തിലൊരു പാടു രസിച്ചു നിന്നാ-
ലൊട്ടേറെ ദുഃഖമതിനാല്‍ വരുമെന്ന സത്യം
കാട്ടിത്തരും ഹരിണമെന്‍ ഗുരു ലക്ഷ്യബോധം
നഷ്ടപ്പെടാതെയമരാന്‍ പറയുന്നു നിത്യം  (വസന്തതിലകം)

16) മത്സ്യം

ചൂണ്ടയിലെ മാംസക്കഷ്ണം കണ്ടു മോഹിച്ച് മത്സ്യം അതു വിഴുങ്ങുമ്പോൾ ചൂണ്ട വായിൽ കുടുങ്ങി അതിന്‍റെ ജീവൻ വെടിയുന്നു. അതുപോലെ മനുഷ്യൻ നാവിന്‍റെ രുചിയിൽ ബന്ധനസ്ഥനായാൽ ജന്മമരണരൂപി ചുഴിയിൽ അകപ്പെടുന്നു.

അന്നത്തിനോടു കൊതി കണ്ണു മറച്ചുവെന്നാല്‍
ചെന്നെത്തിയേക്കുമൊരുചൂണ്ടയിലേയ്ക്കു നിങ്ങള്‍ 
എന്നോതിടുന്ന ഝഷമെന്‍ ഗുരുനാഥനല്ലോ
വന്ദിച്ചിടുന്നു സതതം ഗുരുവാം ഭവാനെ  (വസന്തതിലകം)

17) പിംഗള വേശ്യ

ഒരു രാത്രി വളരെ നേരം കാത്തിരുന്നിട്ടും ഒരു പുരുഷൻ പോലും പിംഗള വേശ്യയുടെ അടുക്കൽ വന്നില്ല. ആശയോടെ കാത്തിരുന്നു മുഷിഞ്ഞ അവൾക്ക് പെട്ടെന്നു വിരക്തി തോന്നി. മനുഷ്യന്‍റെ മനസ്സിൽ ആഗ്രഹം എത്രത്തോളം പ്രബലമായിട്ടുണ്ടോ അത്രത്തോളം അവന് സുഖനിദ്ര ലഭിക്കുകയില്ല. ആശകൾ ത്യജിച്ചവന് ഈ ലോകത്ത് ഒരു ദുഃഖവും ഉണ്ടാവില്ല.

എന്നും സുഖം തരുവതിങ്ങു വിരുന്നുകാരായ്
വന്നെത്തിടുന്ന പല മോഹഗണങ്ങളല്ലാ
എന്നുള്ള സത്യമകതാരിലറഞ്ഞു വന്ദി-
ക്കുന്നോരു പിംഗളയുമെന്‍ ഗുരു, ഞാന്‍ നമിപ്പൂ (വസന്തതിലകം)

18) മണ്ണാത്തിപ്പുള്ള്‌ (കുളക്കോഴി) കുരരം (raven/crow)

ഒരിക്കൽ ഒരു മണ്ണാത്തിപ്പുള്ള്‌ കൊക്കിൽ മീനുമായി പറന്ന് പോകുന്പോൾ കുറെ കാക്കകളും പരുന്തുകളും അതിനെ ശല്യപ്പെടുത്തി മീനിനെ തട്ടിയെടുക്കാൻ ശമ്രിച്ചു. മണ്ണാത്തിപ്പുള്ള്‌ പോകുന്നിടത്തെല്ലാം അവയും പിന്തുടർന്നു. അവസാനം ഗത്യന്തരമില്ലാതെ മണ്ണാത്തിപ്പുള്ള്‌ ഉപേക്ഷിച്ചു. ഉടനെ ഒരു പരുന്ത് അതു കൊത്തിയെടുത്തു. അതോടെ മണ്ണാത്തിപ്പുള്ളിനെ വിട്ട് കാക്കകളും മറ്റു പരുന്തുകളും ആ പരുന്തിന്‍റെ പിന്നാലെ കൂടി. മണ്ണാത്തിപ്പുള്ള്‌ യാതൊരു മരക്കൊന്പിൽ ഇരുന്നു. ഈ പ്രപഞ്ചത്തിലുള്ള, ഇന്ദ്രിയവിഷയങ്ങളായ എല്ലാ വസ്തുക്കളും ഉപേക്ഷിക്കുന്പോഴാണ് ശാന്തി ലഭിക്കുന്നത്. അല്ലെങ്കിൽ ഘോര വിപത്തായിരിക്കും ഫലം.

മാംസം കൊണ്ടു പറന്നിടുന്നൊരളവില്‍
ശ്ശത്രുക്കളെത്തീടവേ
നിസ്സന്ദേഹമതങ്ങു വിട്ട കുരരം
ചൊല്ലുന്നു “മോഹിപ്പതാം
വസ്തുക്കള്‍ത്തരുകില്ല സൌഖ്യ, മതിനാല്‍
വേണ്ടെന്നു വയ്ക്കൂ ഭവാ”-
നീസന്ദേശമെനിക്കു തന്ന ഗുരുവാം
പക്ഷിയ്ക്കിതെന്‍ വന്ദനം  (ശാര്‍‌ദ്ദൂലവിക്രീഡിതം)

19) ശിശു   (infant)

അഭിമാനം, അപമാനം എന്നിവയുടെ ചിന്തയില്ലാതെ ലോകത്തിൽ നടക്കുന്നതെല്ലാം വിധിയാണെന്നു സമാധാനിച്ച്, എല്ലാ ചിന്തകളിൽ നിന്നും മുക്തരായി ശിശുക്കളെപ്പോലെ ആനന്ദം അനുഭവിക്കുക.

സന്തോഷം വെളിയില്‍ ത്തിരഞ്ഞു തളരാ-
തെന്നുന്നുമേ തന്നിലായ്
ത്തന്നെ ത്തേടുക, മോദമോടെയനിശം
വാണീടുകീവാഴ്വിലായ്
എന്നോതുന്നൊരുപൈതലെന്റെ ഗുരുനാ-
ഥന്‍, പുഞ്ചിരിച്ചീടുവാ-
നൊന്നും വേണ്ടിതു ചൊല്ലിടുന്ന ശിശുവി-
ന്നായിട്ടിതെന്‍ വന്ദനം
(ശാര്‍‌ദ്ദൂലവിക്രീഡിതം)

20) വള

രണ്ടു വളകൾ തമ്മിൽ തട്ടിയാൽ ശബ്ദമുണ്ടാകുകയും വളകൾ കൂടുന്നതനുസരിച്ച് ശബ്ദം കൂടുകയും ചെയ്യുന്നു. രണ്ടുപേർ ഒന്നിച്ചു താമസിക്കുന്പോൾ സംവാദമുണ്ടാകുകയും കൂടുതൽ ആളുകൾ ഒന്നിച്ചു താമസിക്കുന്പോൾ കലഹമുണ്ടാകുകയും ചെയ്യുന്നു. ഈ രണ്ടു സ്ഥിതിയിലും മനസ്സിനു ശാന്തത ഉണ്ടാകുകയില്ല. ആയതിനാൽ ധ്യാനം, യോഗാഭ്യാസം മുതലായവ ചെയ്യുന്നവർ വിജനമായ സ്ഥലം കണ്ടുപിടിച്ച് അവിടെ ഒറ്റയ്ക്കു താമസിക്കുന്നതാണ് ഉചിതം.

കന്യയെന്‍ ഗുരു തന്നെ, കയ്യിലണിഞ്ഞിടും വളയൊച്ചയേ-
കുന്നതായറിയുന്ന നേരമതൊക്കെ മാറ്റിയണിഞ്ഞു പോല്‍
ഒന്നു മാത്ര, മതേ വിധം കലഹം മറന്നിനിയേകനായ്
തന്നിലേയ്ക്കു മടങ്ങുവാന്‍ പറയുന്നതോര്‍ത്തു നമിപ്പു ഞാന്‍  (മല്ലിക)

21) ശരകർത്താവ് (അമ്പ് ഉണ്ടാക്കുന്നവൻ)  (arrow maker)

ഒരു ദിവസം ഒരു ശരകർത്താവ് ഏകാഗ്രചിത്തനായി അമ്പിന്‍റെ മുന ശരിയാക്കിക്കൊണ്ടിരിക്കുന്പോൾ അതുവഴി രാജാവിന്‍റെ ഘോഷയാത്ര എഴുന്നെള്ളി. അതിനുശേഷം ഒരു വ്യക്തി വന്ന് ’ഇതു വഴി കടന്നുപോയ ഘോഷയാത്ര നിങ്ങൾ കണ്ടോ എന്നു ചോദിച്ചു. ’ഞാൻ എന്‍റെ ജോലിയിൽ മുഴുകിയിരുന്നതു കാരണം ഘോഷയാത്ര കണ്ടില്ല,’ എന്നു ശരകർത്താവ് പറഞ്ഞു. ഈ ശരകർത്താവിനെപ്പോലെ മുമുക്ഷുക്കൾ ഇന്ദ്രിയങ്ങളെ ഈശ്വരന്‍റെ അടുക്കൽ സമർപ്പിച്ച് ധ്യാനനിരതരായിരിക്കണം.

അമ്പുണ്ടാക്കുന്നതില്‍ താന്‍ മുഴുകിയ ശരകൃത്
കാണ്മതേയില്ലയത്രേ
മുമ്പില്‍ രാജാവു വന്നാലതുവിധമനിശം
ശ്രദ്ധയുണ്ടായ് വരേണം
ഇപ്പാരില്‍ സ്സിദ്ധിനേടാനറിവിതുപകരു-
ന്നോനുമെന്‍ ദേശികന്‍ താ-
നെപ്പോഴും വന്ദനീയന്‍ സതതമവനു ഞാന്‍
വന്ദനം ചൊല്ലിടട്ടേ  (സ്രഗ്ദ്ധര)

22) സർപ്പം (snake)

രണ്ടു സർപ്പങ്ങൾ ഒരിക്കലും ഒന്നിച്ചു താമസിക്കുകയോ സഞ്ചരിക്കുകയോ ചെയ്യുന്നില്ല. അവ പതുങ്ങി ശദ്ധ്രയോടെ സഞ്ചരിക്കുകയും താമസിക്കാൻ സ്വന്തമായി മാളമുണ്ടാക്കാതെ അന്യ ജീവികളുടെ മാളത്തിൽ കഴിയുകയും ചെയ്യുന്നു. സർപ്പം തുറസ്സായ സ്ഥലത്ത് സഞ്ചരിക്കുകയോ, കുറ്റം ചെയ്യാത്തവരെ നിന്ദിക്കുകയോ, ദ്രോഹിക്കാത്തവരെ ഉപദ്രവിക്കുകയോ ചെയ്യുന്നില്ല. അതുപോലെ രണ്ടു ബുദ്ധിശാലികൾ ഒരുമിച്ചു സഞ്ചരിക്കാനും പാടില്ല. ആവശ്യത്തിനു മാത്രം സംസാരിക്കുകയും, കലഹമുണ്ടാക്കാതിരിക്കുകയും, ചിന്തിച്ചു പെരുമാറുകയും, സഭ വിളിച്ചുകൂട്ടി പ്രസംഗിക്കാതിരിക്കുകയും ചെയ്യണം. വസിക്കുന്നതിനുവേണ്ടി മഠമുണ്ടാക്കാതെ എവിടെയെങ്കിലും താമസിച്ച് ജീവിതകാലം കഴിച്ചു കൂട്ടണം. വസിക്കുന്നതിനായി സ്വന്തം വീട് നിർമിച്ചാൽ അഭിമാനവും അത്യാഗ്രഹവുമുണ്ടാകും.
സര്‍പ്പത്തിനില്ലിവിടെ മാളമതിന്നു വാഴാ-
നെപ്പോഴുമുണ്ടപരനേകുവതായ ഗേഹം
തൃപ്തന്നു സൌഖ്യമണയാനിവ വേണ്ടയെന്നാ-
യപ്പോള്‍ പ്പറഞ്ഞ ഗുരുവാണവനെന്‍ പ്രണാമം  (വസന്തതിലകം)

23) ചിലന്തി  (spider)

ചിലന്തി സ്വന്തം നാഭിയിൽനിന്നും നൂലെടുത്ത് വലയുണ്ടാക്കി അതിൽ അഹോരാത്രം ക്രീഡ ചെയ്യുന്നു. തോന്നുന്ന നിമിഷം ആ വല ഭക്ഷിച്ച് ചിലന്തി സ്വതന്ത്രനാകുന്നു. ഇതുപോലെ ഈശ്വരൻ കേവലം തന്‍റെ ഇച്ഛകൊണ്ട് ലോകം സൃഷ്ടിക്കുകയും അതിൽ പല വിധ കേളികൾ നടത്തുകയും ചെയ്യുന്നു. എന്നാൽ ഈശ്വരൻ തോന്നുന്ന നിമിഷം സ്വന്തം ഇച്ഛകൊണ്ട് എല്ലാം നശിപ്പിച്ച് ഒറ്റയ്ക്ക് ഇരിക്കുകയും ചെയ്യുന്നു.

ചിലന്തി വീണ്ടും നൂൽനൂറ്റ് വലയുണ്ടാക്കുന്നതുപോലെ ഈശ്വരൻ ഇച്ഛിക്കുന്ന ക്ഷണത്തിൽ ചരാചരലോക

സൃഷ്ടിച്ച് അതിനെ തന്നിൽ ലയിപ്പിച്ച' വീണ്ടും വിചാരിക്കുന്ന നിമിഷം പഴയതുപോലെ ലോകം സൃഷ്ടിക്കുന്നു. ആയതിനാൽ ലോകത്തിലെ സംഭവങ്ങൾക്കു മഹത്ത്വം കൊടുക്കാതിരിക്കുക.

തന്നില്‍ താനെ വരുന്ന

നെയ്യും വലയ്ക്കുള്ളിലായ്
തന്നെപ്പാവമമര്‍ന്നിടുന്നു, ചില നാള്‍
കൊണ്ടൂര്‍ണ്ണനാഭിയ്ക്കഹോ
അന്ത്യം വന്നിടുമത്രെയങ്ങിതു സമം
താന്‍ മര്‍ത്ത്യ! നിന്‍ ചിന്തയെ-
ന്നെന്നോടോതിയൊരെട്ടുകാലി ഗുരുവാ-
ണോതുന്നു ഞാന്‍ വന്ദനം  (ശാര്‍‌ദ്ദൂലവിക്രീഡിതം)

24) വേട്ടാളൻ (പുഴു)  caterpillar

ഏതൊരു ജീവിയും നിത്യവും ആരെയാണോ ധ്യാനിക്കുന്നത് അത് ധ്യാനത്താൽ അതേ രൂപമായിത്തീരുന്നു. വേട്ടാളൻ മണ്ണുകൊണ്ടുള്ള മാളം ഉണ്ടാക്കി അതിൽ ഒരു പുഴുവിനെ വച്ച് ഇടയ്ക്കിടയ്ക്ക് അതിൽ ഊതിക്കൊണ്ടിരിക്കും. അങ്ങനെ ആ പുഴുവിനു വേട്ടാളന്‍റെ ധ്യാനം പ്രാപ്തമാകുകയും അത് ഒടുവിൽ വേട്ടാളനായിത്തീരുകയും ചെയ്യും. ഇതുപോലെ മുമുക്ഷുക്കളും ഗുരു ഉപദേശിച്ച മാർഗപ്രകാരം ഈശ്വരധ്യാനത്തിൽ മുഴുകിയാൽ അവർ ഈശ്വരസ്വരൂപമാകും.

നന്നേ ഭീതിയൊടാകിലും പുഴുവതില്‍
കൂടില്‍ കിടന്നുള്ളിലാ-
യെന്നും തന്നെ നിനച്ചിടുന്നു ശലഭ-
ത്തെത്തന്നെ പിന്നെ ക്രമാത്
വന്നീടും പല മാറ്റമത്രെയൊരുനാള്‍
പൂമ്പാറ്റയായ് മാറിടു-
ന്നെന്നോതുന്നതു കീടമാട്ടെ ഗുരുവായ്
കാണ്മൂ നമിക്കുന്നു ഞാന്‍  (ശാര്‍‌ദ്ദൂലവിക്രീഡിതം)

No comments:

Post a Comment