ചരകൻ വൈദ്യശാസ്ത്രത്തിന്റെ കുലപതി
ആത്രേയ മഹർഷിയുടെ ശിഷ്യനായ അഗ്നിവേശൻ രചിച്ച അഗ്നിവേശ സംഹിത ആയുർവേദ ഗ്രന്ഥം അക്കാലത്ത് ഏറെ പ്രസിദ്ധമായിരുന്നെങ്കിലും പിൽക്കാലത്ത് നിരവധി പുതിയ അഭിപ്രായങ്ങൾ വരാൻ തുടങ്ങി. കൂടാതെ പലരും ഇതിൽ കൂട്ടിച്ചേർക്കലുകൾ നടത്താനും തുടങ്ങി.
ഈ കാലത്താണ് ചരകൻ ഇതിനെ പ്രതിസംസ്കരിച്ചു. ഇതിനെയാണ് പിൽക്കാലത്ത് ചരകസംഹിത എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. ആയുർവേദത്തിൻ്റെ വിശുദ്ധ ഗ്രന്ഥം എന്ന രീതിയിൽ ഇന്നും ചരകസംഹിതക്ക് പ്രാധാന്യമുണ്ട്. വേദപാരമ്പര്യത്തിൽ അടിയുറച്ചു നിന്നു കൊണ്ട് സാംഖ്യ വൈശേഷിക ദർശനങ്ങളെ മാനിച്ചു കൊണ്ടും ജനങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ഉന്നതമായ ഒരു നിലവാരത്തിൽ നിലനിർത്തുന്നതിനാവശ്യമായ സിദ്ധാന്തങ്ങളും പ്രയോഗങ്ങളും ആവിഷ്ക്കരിച്ച ഒരു മഹാപുരുഷനായിരുന്നു ചരകൻ .
ഉത്തര ഭാരതത്തിലെ ഹിമാലയ പ്രാന്തങ്ങളിൽ എവിടെയോ ആയിരുന്നു ചരകൻ്റ ജന്മഗൃഹം എന്നാണ് വിശ്വാസം. ആയുർവേദത്തിനെ പ്രചരിപ്പിക്കാനായി അദ്ദേഹം സഞ്ചരിച്ചു കൊണ്ടേയിരുന്നു. അദേഹത്തിൻ്റെ ജീവിതത്തെക്കുറിച്ച് കൂടുതൽ നമുക്കറിവുകൾ ഇല്ല
പ്രാചീന കാലത്തെ ഗ്രന്ഥങ്ങളിലൊക്കെ പിൽക്കാലത്ത് തിരുത്തലുകൾ നടന്നിട്ടുണ്ട്. ചരകസംഹിതയിലും ഇത്തരം കുട്ടിച്ചേർക്കലുകൾ സംഭവിച്ചിട്ടുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ദൃഢബലൻ എന്നൊരാളുടെ പ്രതിസംസ്കരണം നടന്നിട്ടുണ്ട്. ഈ ഗ്രന്ഥമാണ് ഇന്ന് നമുക്ക് ലഭിക്കുന്ന ചരകസംഹിത.
ഇന്ന് ലഭിക്കുന്ന ചരകസംഹിതയിൽ എട്ട് ഭാഗങ്ങളുണ്ട്.
1. സൂത്ര സ്ഥാനം
2. നിദാന സ്ഥാനം
3. വിമാന സ്ഥാനം
4. ശരീരസ്ഥാനം
5. ഇന്ദ്രിയ സ്ഥാനം
6. ചികിൽസാ സ്ഥാനം
7. കല്പ സ്ഥാനം
8. സിദ്ധി സ്ഥാനം
എന്നിവയാണവ. പേര് സൂചിപ്പിക്കുന്നതു പോലെ ഓരോ ഭാഗവും ഓരോ വിഷയത്തെയാണ് പ്രതിപാദിക്കുന്നത്. ഉദാഹരണത്തിന്
ശരീര സ്ഥാനത്തിൽ ഭ്രൂണവളർച്ച, ശരീര ഘടന തുടങ്ങിയവയെപ്പറ്റിയാണ് പ്രതിപാദിക്കുന്നത്. വിമാന സ്ഥാനത്തിൽ രസങ്ങളെയൊക്കെക്കുറിച്ചുള്ള പഠനമാണ് പ്രതിപാദിക്കുന്നത്.
ഈ ഓരോ വിഭാഗത്തിലും നിരവധി അധ്യായങ്ങളുണ്ട്. എല്ലാം ചികിൽസാ വിധിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ. പക്ഷേ ചരകൻ ശസ്ത്രക്രിയ പദ്ധതിക്ക് പ്രാധാന്യം കൊടുത്തില്ല. മറിച്ച് രോഗകാരണങ്ങളെ കണ്ടെത്താനാണ് ശ്രമിച്ചത്. ഋതുഭേദങ്ങൾ, ഭക്ഷണക്രമം, ഓരോ ഭക്ഷണത്തിലും അടങ്ങിയ രസങ്ങൾ, എന്നിവ എങ്ങിനെ രോഗകാരണങ്ങളാകുന്നു എന്ന് പ്രതിപാദിക്കുന്നു. ഇതിനു പുറമേ ശരീരത്തിനകത്തും പുറത്തുമുള്ള രോഗാണുക്കൾ എന്നിവയെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. ആധുനിക വൈദ്യശാസ്ത്രം അംഗീകരിക്കാത്ത മുൻജന്മത്തിലെ കർമ്മഫലങ്ങൾ അസുഖങ്ങളായി മാറുന്നു എന്ന ഭാരതീയ സിദ്ധാന്തത്തേയും ചരകൻ പിൻതാങ്ങുന്നുണ്ട്.
ചരകൻ്റെ ശാസ്ത്ര വിജ്ഞാനത്തിലുള്ള അറിവ് ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്. ഗർഭസ്ഥ ശിശുവിൻ്റെ വളർച്ചയെക്കുറിച്ച് അദ്ദേഹം കൃത്യമായി പറഞ്ഞിട്ടുണ്ട്. ആധുനിക കാലഘട്ടത്തിൽ നിരവധി ഉപകരണങ്ങളുടെ സഹായത്താൽ വൈദ്യശാസ്ത്രം കണ്ടു പിടിച്ച കാര്യങ്ങളെ ഇവയുടെയൊന്നും സഹായമില്ലാതെ അദ്ദേഹം കണ്ടു പിടിച്ചു എന്ന് അറിയുമ്പോൾ ആ ധിഷണാശക്തിയെ പ്രണമിച്ചേ മതിയാവൂ...
ഇതുപോലെ നമ്മെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ് ശരീരശാസ്ത്രത്തെക്കുറിച്ചുള്ള ചരകൻ്റെ വിജ്ഞാനം. മനുഷ്യ ശരീരത്തിലെ 360 അസ്ഥികളെക്കുറിച്ചും ശരീരത്തിനകത്തെ അവയവങ്ങളെക്കുറിച്ചും ചരകന് അഗാധജ്ഞാനം ഉണ്ടായിരുന്നു. ഇതിനുള്ള ഉത്തമ ഉദാഹരണമാണ് ഹൃദയത്തെക്കുറിച്ചും ഹൃദയത്തിലേക്ക് രക്തം എത്തുന്നതിനെക്കുറിച്ചും തിരിച്ച് അവിടെ നിന്നും ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്കുള്ള രക്തചംക്രമണത്തെക്കുറിച്ചും ചരകസംഹിതയിൽ രേഖപ്പെടുത്തിയ കാര്യങ്ങൾ.
ചരകൻ രേഖപ്പെടുത്തിയ മറ്റൊരു പ്രധാന കാര്യമാണ് അന്നസാരമായ രസം എന്ന ധാതു രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം എന്നിങ്ങനെയായി എപ്രകാരം മാറുന്നു എന്നും അവ എപ്രകാരമാണോ ശരീരത്തിൽ വിതരണം ചെയ്യപ്പെടുന്നത് എന്നും ചരകൻ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ആമാശയം, ജoരാഗ്നി, പക്വാശയം, ആഹാരസരുപീകരണം, മലരൂപീകരണം തുടങ്ങിയ മനുഷ്യൻ്റെ ഉള്ളിൽ നടക്കുന്ന കാര്യങ്ങളൊക്കെ വിശദമായിത്തന്നെ ചരകൻ കൃത്യമായി പറഞ്ഞിട്ടുണ്ട്. എന്നുമാത്രമല്ല അവയുടെ പരിണാമങ്ങൾക്ക് പിന്നിലുള്ള സ്രോതസ്സുകളും ചരകൻ വ്യക്തമാക്കി. ഇതു കൂടാതെ ആന്ത്ര രസം (Gastric Juice) പിത്തരസം (Bile Juice) എന്നിവയെക്കുറിച്ചും അദ്ദേഹം മനസ്സിലാക്കി.
ഇതു പോലെ ആയുർവേദത്തിൻ്റെ രോഗലക്ഷണങ്ങളിൽ അടിസ്ഥാനമായി കണക്കാക്കുന്ന വാത, പിത്ത, കഫ ദോഷങ്ങളെക്കുറിച്ചും അദ്ദേഹം പഠനം നടത്തി. ഇവയുടെ ആധിക്യം രക്തത്തിനുണ്ടാകുന്ന നിറഭേദങ്ങളിലൂടെ തിരിച്ചറിയാമെന്നും അദ്ദേഹം പറഞ്ഞു.
ഇതിലേറെ നമ്മെ അത്ഭുതപ്പെടുത്തുന്നത് ചരകൻ്റെ മറ്റൊരു പഠനശാഖയാണ്. 380 ഓളം സസ്യങ്ങളെ അദ്ദേഹം തിരിച്ചറിഞ്ഞു. അവയുടെ വേര്, തണ്ട്, ഇല, പൂവ്, കായ എന്നിവയെ പ്രത്യേകമായോ സമൂലമായോ എങ്ങിനെയാണ് ഔഷധ നിർമ്മാണത്തിൽ ഉപയോഗിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു വച്ചു.
ചരകൻ ഒരു മാതൃകാ ചികിത്സാലയം എങ്ങിനെയായിരിക്കണം എന്നതിനെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. എന്നു മാത്രമല്ല രോഗ നിർണ്ണയം നടത്തേണ്ടത് സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയാണെന്നും അദ്ദേഹം പറയുന്നു.
"ബഹുവിധം പരീക്ഷ്യ ഹേതുഭിശ്ച സാധയിത്വാ നിശ്ചിത :
അർഥ: സിദ്ധാന്ത: "
അതായത് കാലദേശഭേദങ്ങളിൽ ആവർത്തിച്ച് പരീക്ഷിച്ച്, അതിനെ സൂക്ഷ്മമായി നിരീക്ഷിച്ച്, കാരണങ്ങളെ കണ്ടെത്തുകയും അനുയോജ്യമായ നിഗമനം നടത്തുകയും ചെയ്ത് എത്തിച്ചേരുന്നതാണ് സിദ്ധാന്തം
ഇതിൽ നിന്നും ആയുർവേദം എന്ന ശാസ്ത്രത്തിൻ്റെ അടിത്തറ എത്ര ബലവത്താണെന്ന് നമുക്ക് കണ്ടെത്താം. സൂക്ഷ്മനിരീക്ഷണശീലം, പ്രായോഗിക പരീക്ഷണങ്ങൾ നടത്തുന്ന പതിവ്, ഹേതുചിന്ത, സാമാന്യവത്കരണം തുടങ്ങിയ കായിക മനസിക പ്രവർത്തനങ്ങൾ വഴിയാണ് ചരകൻ ഈ അടിത്തറ നിർമ്മിച്ചിരിക്കുന്നത്. അതു കൊണ്ടു തന്നെ ആയുർവേദം ഒരേ സമയത്തു തന്നെ ചിരപുരാതനവും നിത്യനൂതനവുമായിത്തീരുന്നു. ഇവിടെ ചരകനെ അഥർവവേദം വലിയൊരളവോളം സഹായിച്ചിട്ടുണ്ട്.
ചരകൻ ചർച്ച ചെയ്ത മറെറാരു പ്രധാന വിഷയമാണ് രസങ്ങളുടെ രുചി വൈവിധ്യത്തിൻ്റെ അടിസ്ഥാനമെന്ത് എന്നത്. മധുരം, പുളി, കയ്പ്പ്, ഉപ്പ്, എരിവ് എന്നിവയാണല്ലോ രസങ്ങൾ മനുഷ്യനും ഫലങ്ങളും ധാന്യങ്ങളും എന്തിന് ഈ പ്രപഞ്ചം തന്നെയും പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണ്. അതു കൊണ്ടു തന്നെ രസങ്ങളേയും ഈ പഞ്ചഭൂതങ്ങൾ അവയേയും സ്വാധീനിക്കുന്നു.
ചരകൻ പറയുന്നത് പഞ്ചഭൂതങ്ങളിലെ ഏതെങ്കിലും രണ്ടെണ്ണത്തിൻ്റെ ആധിക്യമാണ് രസവെത്യാസത്തിനടിസ്ഥാനമെന്ന് പൃത്ഥ്വി അഗ്നി രസങ്ങളുടെ ആധിക്യം പുളിരസത്തിനും, വായു ആകാശം എന്നിവയുടെ ആധിക്യം കയ്പ് രസത്തിനും കാരണമാകുന്നു എന്നത് ഉദാഹരണമായി നമുക്കെടുക്കാം.
ഇതു പോലെ വെത്യസ്ത രസങ്ങൾ ഭക്ഷണത്തിലൂടെ നമ്മുടെ ഉള്ളിലേക്കെത്തി ദഹിക്കുമ്പോൾ വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങൾ ഏറുകയും കുറയുകയും ചെയ്യുന്നു. രോഗത്തിന് ദോഷം വരുത്തുന്ന ഇത്തരം ഭക്ഷ്യവസ്തുക്കൾ കണ്ടെത്തി പഥ്യം വിധിക്കേണ്ടത് ചികിത്സകൻ്റ കടമയാണ്.
ശരീരത്തിനാവശ്യമുള്ള വാത, പിത്ത, കഫങ്ങളെ എന്തുകൊണ്ടാണ് ത്രിദോഷങ്ങൾ എന്നു പറയുന്നത് എന്ന് നമുക്കിനി പരിശോധിക്കാം.
വാതമോ പിത്തമോ കഫമോ ശരീരത്തിൽ തുലിതാവസ്ഥയിലാണ് നിൽക്കേണ്ടത്. പക്ഷേ ഇവയിലേതെങ്കിലും ഒന്ന് ശരീരത്തിൽ ഏറിയാൽ അത് രക്ത മാംസാദി ധാതുക്കളേയും മലത്തേയും ദുഷിപ്പിക്കുകയും അത് രക്ത മാംസാദി ധാതുക്കളേയും മലത്തേയും ദുഷിപ്പിക്കുകയും അങ്ങിനെ നമുക്ക് പലതരം അസുഖങ്ങൾ വരികയും ചെയ്യുന്നു. ഇതു കൊണ്ടാണ് ഇവയെ ത്രിദോഷങ്ങൾ എന്നു പറയുന്നത്. ഇതിൽ ഏത് ദോഷമാണ് കോപിച്ചത് എന്നറിഞ്ഞുവേണം വൈദ്യന് ചികിത്സ വിധിക്കാൻ .
സമതുലിതമായി മിതമായി നിന്നാൽ വാത പിത്തകഫങ്ങൾ ആരോഗ്യ പ്രദമാണ്.
ആഹാരം ജഠരാഗ്നിയിൽ ദഹിപ്പക്കപ്പെട്ടാൽ സാരാംശമായ ഭാഗവും മലവും വേർതിരിയുന്നു. ഇതിൽ ആഹാര സാരാംശം രസമെന്നാണ് പറയപ്പെടുന്നത്. ഇതിനെ ശരീരം ആഗിരണം ചെയ്യുന്നു. രസം ഒരു ശരീര ധാതുവാണ്. ദഹനത്തെത്തുടർന്നുണ്ടാവുന്ന മലത്തെയും മൂത്രത്തേയും ശരീരം പുറന്തള്ളുന്നു. ഇവയ്ക്കു പുറമേ വിയർപ്പ്, മലിനമായ വായു എന്നിവയേയും ശരീരം പുറന്തള്ളുന്നു.
വിവിധ രീതിയിലുള്ള ദഹനം നടക്കുന്നതിനാൽ രസത്തിൽ നിന്നും രക്തവും രക്തത്തിൽ നിന്നും മാംസവും മാംസത്തിൽ നിന്നും മേദസ്സും മേദസ്സിൽ നിന്നും അസ്ഥിയും അസ്ഥിയിൽ നിന്നും മജ്ജയും മജ്ജയിൽ നിന്നും ശുക്ലവും ഉണ്ടായിത്തീരുന്നതുവഴി നമ്മുടെ ശരീരം സപ്തധാതുമയമായിത്തീരുന്നു. ധാതുക്കളും മലങ്ങളും സന്തുലിതമായി നിന്നാലേ ആരോഗ്യമുള്ള ശരീരം ഉണ്ടാവുകയുള്ളൂ. മലങ്ങൾ കെട്ടിക്കിടന്നാൽ നമ്മുടെ സ്വാഭാവിക ശരീര പരിണാമങ്ങൾക്ക് വിഘാതമാവുന്നു.
ഉദാഹരണത്തിന് മലവിരേചനം കൃത്യമായി നടക്കുന്നില്ലെങ്കിൽ അത് പലവിധ അസുഖങ്ങൾക്കും കാരണമാവുന്നു. ഇതു പോലെ കണ്ണ്, മൂക്ക്, കാത്, സ്വേദ ദ്വാരങ്ങൾ, മൂത്ര ദ്വാരം, ഗുദ ദ്വാരം , ശ്വാസകോശം എന്നിവയിലൂടെയെല്ലാം അതത് മലങ്ങൾ വിസർജ്ജിക്കപ്പെടണം. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം വിസർജ്ജനാവയവങ്ങളെെ എപ്പോഴും ശുദ്ധമായി നിലനിർത്തണം. ഇല്ലെങ്കിൽ വിരേചനം തടസ്സപ്പെടാൻ സാദ്ധ്യതയുണ്ട്. വിരേചനം ആവശ്യമാണെന്ന് നമുക്ക് തോന്നലുണ്ടാക്കുന്നതിനെയാണ് വേഗം എന്നു പറയുന്നത്. വേഗങ്ങളെ ഒരിക്കലും തടഞ്ഞു നിർത്തരുത്.
ചരകസംഹിതയുടെ ഒന്നാമത്തെ അദ്ധ്യായത്തിൽ ഒരായുർവേദ വിചാര സത്രം നടന്ന കാര്യം പരാമർശിക്കുന്നുണ്ട്. ഭാരതത്തിൻ്റെ എല്ലാ ഭാഗത്തു നിന്നുമുള്ള ആയുർവേദ വിദഗ്ദരായ മഹർഷിമാർ ഹിമാലയ പാർശ്വത്തിലെവിടെയോ സമ്മേളിച്ചു അതിൽ അഗിരസ് ജമദഗ്നി, വസിഷ്ഠൻ, കശ്യപൻ, ഭൃഗു, അഗ്നിപുത്രനായ പുനർവസു, ഗൗതമൻ, നാരദൻ, പുല സ്ത്യൻ, അസിതൻ, അഗസ്ത്യൻ, വാമദേവൻ, ആശ്വലായനൻ, ഭരദ്വാജൻ, വിശ്വാമിത്രൻ തുടങ്ങി അനേകം ഋഷിമാർ പങ്കെടുത്തു. ധർമാർത്ഥ കാമ മോക്ഷാദികൾ ലക്ഷ്യമാക്കിയുള്ള ശ്രേയമാർഗ്ഗ പ്രവർത്തനത്തിന് വിഘാതമായി വന്നു ചേരുന്ന രോഗങ്ങളെ എങ്ങിനെ വിജയിക്കാമെന്നതായിരുന്നു വിഷയം. ഇതിനു ശേഷം അനവധി ഋഷിമാർ ഈ വിഷയങ്ങളെയൊക്കെ അധികരിച്ച് നിരവധി ഗ്രന്ധങ്ങൾ രചിച്ചു.
അഗ്നിവേശതന്ത്രമായിരുന്നു ആദ്യ മെഴുതപ്പെട്ടതും പ്രശസ്തമായതും. അതിൻ്റെ പുനർനവീകൃത രൂപമാണ് ചരകസംഹിത എന്ന് മുമ്പേ പറഞ്ഞുവല്ലോ. വൈദ്യശാസ്ത്ര ദൃഷ്ട്യാ മനുഷ്യ ശരീരഘടകങ്ങളെ സമഗ്രമായും സൂക്ഷ്മമായും പഠിച്ചറിഞ്ഞ് ആരോഗ്യ പരിപാലനത്തിൻ്റെ അടിസ്ഥാനാശയങ്ങൾ അനാവരണം ചെയ്ത ചരകൻ്റെ നാമം ആയുർവേദ മഹാശാസ്ത്രജ്ഞൻ്റെ പരിവേഷമണിഞ്ഞ് അനശ്വരമായി നിലകൊള്ളുന്നു.
No comments:
Post a Comment