24 May 2021

വിക്രമാദിത്യകഥകൾ - 44

വിക്രമാദിത്യകഥകൾ - 44

പതിനെട്ടാം സാലഭഞ്ജിക പറഞ്ഞ കഥ

പതിനെട്ടാം ദിവസവും സിംഹാസനാരോഹണത്തിനുള്ള സജ്ജീകരണങ്ങൾ തയ്യാറായി. സദസ്സ്യർ ശ്വാസം പോലുമടക്കി ഉൽക്കണ്ഠാകുലരായി മിഴിച്ചു നോക്കിനിൽക്കെ ഭോജരാജാവ് പതിനേഴ് പടികളും കടന്ന് പതിനെട്ടാമത്തേതിൽ കാൽ വെച്ചു. വൈകാതെ, അവിടെ നിന്നിരുന്ന സാലഭഞ്ജിക അദ്ദേഹത്തെ തടയുകയും വിക്രമാദിത്യന്റെ സിംഹാസനത്തിൽ കയറാൻ അദ്ദേഹത്തിനുള്ള അർഹതയെ ചോദ്യംചെയ്യുകയും ചെയ്തു. രാജാവ് ചോദിച്ചു: “ഇത്രയും വീരപരാക്രമിയായിരുന്ന വിക്രമാദിത്യനെപ്പറ്റി നിങ്ങൾക്കെന്താണ് വിശേഷവിധിയായി പറയാനുള്ളത്?'' ഭോജരാജാവിന്റെ വിനയപുരസ്സരമുള്ള അഭ്യർഥന കേട്ട് സാലഭഞ്ജിക കഥാകഥനമാരംഭിച്ചു. അവർ പറയുകയാണ്. കാശിരാജാവായ ധർമിഷ്ഠൻ പൊതുജനങ്ങൾക്കുവേണ്ടി ഒരു കുളം കുഴിപ്പിച്ചു. ഒട്ടേറെ പണവും കായികശക്തിയും ചെലവാക്കി കുഴിക്കപ്പെട്ടതായിരുന്നു ആ കുളത്തിൽ എത്ര ശ്രമിച്ചിട്ടും തുള്ളി വെള്ളമുണ്ടായില്ല. ഒരു പുണ്യപ്രവൃതിക്കായി ഇത്രയേറെ അദ്ധ്വാനിച്ചിട്ടും ഫലം കിട്ടാതായപ്പോൾ നിരാശനായ ധർമിഷ്ഠൻ ആത്മഹത്യയ്ക്കൊരുങ്ങി. പെട്ടെന്ന് ഒരു അശരീരി കേട്ടു. അദ്ദേഹത്തിന്റെ പൂർവജന്മപാപങ്ങൾ കാരണമാണ് കുളത്തിൽ വെള്ളം വരാത്തതെന്നും മുപ്പത്തിരണ്ട് ലക്ഷണങ്ങളും സദ്ഗുണങ്ങളും ഒത്തിണങ്ങിയ ഒരു ശ്രഷ്ഠപുരുഷന്റെ ശിരസ്സറുത്ത് രക്തമർപ്പിച്ചാൽ ഇംഗിതം സാധിക്കുമെന്നുമായിരുന്നു അശരീരിയുടെ പൊരുൾ. ഈ ഗുണങ്ങളെല്ലാം തികഞ്ഞ ഒരു പുരുഷന്റെ ബലിക്ക് പ്രതിഫലമായി അയാളുടെ തൂക്കത്തിലുള്ള സ്വർണം കുടുംബാംഗങ്ങൾക്കു കൊടുക്കുമെന്ന് രാജാവിന്റെ പ്രഖ്യാപനമുണ്ടായി. പ്രഖ്യാപനത്തോടൊപ്പം സ്വർണവും പരസ്യമായി ആ കുളക്കരയിൽ പ്രദർശിപ്പിച്ചിരുന്നു. വേഷം മാറി അപ്രതീക്ഷിതമായി ആ വഴിയേ വരാനിടയായ വിക്രമാദിത്യൻ കുളത്തിൽ വെള്ളം കാണാത്തതിന്റെ കാരണവും അതിനുള്ള പരിഹാരമാർഗവും കേട്ടറിഞ്ഞു. തന്റെ മരണം കൊണ്ട് ആയിരക്കണക്കിന് ജനങ്ങൾക്ക് ഉപയോഗിക്കാനാവശ്യമായ ജലം കിട്ടുമെങ്കിൽ കേവലം നിസ്സാരമായ ഈ ജീവിതം അവസാനിപ്പിക്കുകയല്ലേ നല്ലത്? അദ്ദേഹം ഉടനേ വാളെടുത്ത് സ്വന്തം ശിരസ്സ് ചേദിക്കാനൊരുങ്ങി. പെട്ടെന്ന് ഭദ്രാദാദേവി പ്രത്യക്ഷയായി അദ്ദേഹത്തെ ആ സാഹസത്തിൽനിന്ന് പിന്തിരിപ്പിക്കുകയും അഭീഷ്ടമെന്തെന്ന് ആരായുകയും ചെയ്തു. വിക്രമാദിത്യൻ അറിയിച്ചു: “അംബികേ! അവിടത്തെ മക്കൾ കുടിക്കാനും കുളിക്കാനും വെള്ളമില്ലാതെ വിഷമിക്കുകയാണ്. ദയവുണ്ടായി ഈ കുളത്തിൽ ഒരിക്കലും വറ്റാത്ത ജലപ്രവാഹമുണ്ടാക്കിത്തന്നാലും!” “വത്സാ, നിന്റെ അപേക്ഷ തട്ടിമാറ്റാൻ എനിക്ക് സാധ്യമല്ല. നിന്റെ ആഗ്രഹാനുസരണം എല്ലാം സംഭവിക്കട്ടെ.'' ദേവിയുടെ അനുഗ്രഹത്താൽ ആ കുളത്തിൽ ജലം നിറഞ്ഞു കവിഞ്ഞു. വിക്രമാദിത്യൻ അപ്പോൾ തന്നെ ഉജ്ജയിനിയിലേയ്ക്കു തിരിച്ചു. അടുത്ത ദിവസം ഈ വാർത്തയറിഞ്ഞ ധർമിഷ്ഠൻ വിക്രമാദിത്യന്റെ ത്യാഗസന്നദ്ധതയിൽ സംതൃപ്തനാകുകയും അദ്ദേഹത്തെ കാണാൻ ഉജ്ജയിനിയിലേയ്ക്കു തിരിക്കുകയും ചെയ്തു. കാഴ്ചദ്രവ്യമായി വിലപിടിച്ച രതങ്ങളും കൊണ്ടുപോയിരുന്നു. വിക്രമാദിത്യൻ അദ്ദേഹത്തെ സ്വീകരിക്കുകയും അഭിനന്ദനങ്ങൾക്ക് നന്ദി പറയുകയും ചെയ്തു. സാലഭഞ്ജിക കഥ പറഞ്ഞു നിർത്തിക്കൊണ്ട് ഭോജരാജാവിനോട് പറഞ്ഞു: "പരോപകാരതൽപരനായിരുന്ന വിക്രമാദിത്യന്റെ അനശ്വരഗുണങ്ങളുടെ ഒരംശമെങ്കിലുമുണ്ടെങ്കിൽ, അങ്ങേയ്ക്ക് ഈ സിംഹാസനത്തിൽ കയറാം.” ഭോജരാജൻ മൂകത പാലിച്ചതേയുള്ളൂ. സമയം വൈകി. സദസ്സ് പിരിഞ്ഞു...

  

No comments:

Post a Comment