നാഗസന്യാസിമാർ - 4
ഒട്ടുമിക്കപേരെയും ചിന്താകുഴപ്പത്തിലേക്കെത്തിക്കുന്ന ഒരു കാര്യമാണ് നാഗ സന്യാസിമാരും അഘോരികളും തമ്മിലുള്ള വെത്യാസം.
ഒറ്റ നോട്ടത്തിൽ തിരിച്ചറിയാനുള്ള ബുദ്ധിമുട്ടും പല കാര്യങ്ങളിലും ഇവർ തമ്മിലുള്ള സജാത്യവും ആണിതിനു കാരണം.
പക്ഷെ ആരാധന രീതികൾ, ചടങ്ങുകൾ, ഭക്ഷണ രീതികൾ തുടങ്ങി അനവധി വ്യത്യസങ്ങൾ നമുക്ക് ഇവരുടെ ഇടയിൽ കാണാൻ സാധിക്കും.
ഒരു നാഗ സന്യാസി രൂപം കൊള്ളുന്നതു എങ്ങിനെയെന്നു നമുക്കാദ്യം പരിശോധിക്കാം. ഒരു ചെറിയ കുട്ടിക്കോ പ്രായപൂർത്തിയായ ഒരാൾക്കോ നാഗസന്യാസിയാവാം. അഘാടയിലെത്തി തന്റെ ആഗ്രഹം അറിയിച്ചാൽ അവരെ കാത്തിരിക്കുന്നതു നിരവധി കഠിന പരീക്ഷണങ്ങളാണ്. അതിൽ വിജയിച്ചാൽ ഒരു ഗുരുവിനു കീഴിൽ പന്ത്രണ്ടു വർഷം കഠിന പരിശീലനമാണ്. ഈ പരിശീലനത്തിൽ വിജയിക്കുന്ന ഒരാൾക്ക് മാത്രമേ നാഗ സന്യാസിയാവാൻ കഴിയുകയുള്ളൂ. പരിശീലനം പൂർത്തിയാക്കി
കുംഭമേളയിലെ ഷാഹി സ്‌നാനിന്റെ തലേ ദിവസം രാത്രി അവർ ജപത്തിനായി മാറ്റിവെക്കുന്നു. ഇതിനു ശേഷം തല മുണ്ഡനം ചെയ്യുന്നു. കാലത്തു ദേഹമാസകലം ഭസ്മം പൂശി ഒരു നവോഢയെപ്പോലെ അണിഞ്ഞൊരുങ്ങണം. (ഈ അണിഞ്ഞൊരുങ്ങൽ എല്ലാ സന്യാസിമാർക്കും നിർബന്ധമാണ്. നിർവാണി അഘാടയിലെ ഒരു മഹന്ത് പറഞ്ഞത് ഇപ്രകാരമാണ് : "ഒരു വധു കല്യാണമണ്ഡപത്തിലേക്കുപോകാൻ എപ്രകാരമാണോ ഒരുങ്ങുന്നതു അതുപോലെ ഒരുങ്ങി വേണം ഷാഹി സ്‌നാനിൽ ഒരു നാഗസന്യാസി പങ്കെടുക്കാൻ " എന്നാണ്.) ദീക്ഷയെടുക്കുന്ന ആൾ താൻ സ്വയം ഈ ലോകത്തിൽ നിന്നും മുക്തനായതായി സങ്കൽപ്പിക്കുന്നു. പിന്നീടവർക്ക് കുടുംബമോ മറ്റു ബന്ധങ്ങളോ എന്തിനു വസ്ത്രം പോലുമോ ആവശ്യമില്ല. ഇതേ അവസരത്തിൽ തന്നെ അവർ മികച്ച അഭ്യസിയുമായി മാറിയിട്ടുണ്ടാകും. തുടർന്നു ഗംഗയിൽ മുങ്ങി ഗുരുവിൽ നിന്നും ദീക്ഷ സ്വീകരിക്കും. രാത്രി നടക്കുന്ന വിജയഹവൻ, തുടർന്നുള്ള ഗംഗാ സ്നാനം തുടങ്ങിയ ചടങ്ങുകളോടെ അയാൾ ഒരു നാഗ സന്യാസിയായി മാറും. കുണ്ഡലിനി ഹഠയോഗമാണ് നാഗസന്യാസിമാർ പരിശീലിക്കുന്നത്. (സാധാരണയിൽ നിന്നും വ്യത്യസ്‌തമായുള്ള ഒരു പരിശീലനമാണിത്.) NB :- വളരെ ദു:ഖകരമായ ഒരു കാര്യം ഇവിടെ കുറിക്കട്ടെ. അന്വേഷിച്ചപ്പോൾ ഇന്ന് ഇത്തരം ചടങ്ങുകൾ പല അഖാഢകളിലും ഇല്ല എന്നാണറിഞ്ഞത്. കാലഘട്ടത്തിനനുസരിച്ച് പലതും ലളിതവൽക്കരിക്കപ്പെട്ടു.
നാഗ സന്യാസിമാരെ പോലെ 12 വർഷം തന്നെയാണ് അഘോരികളുടേയും പരിശീലന കാലാവധി. പക്ഷെ അഘോരിയാവാൻ ഒരുപാടു കടമ്പകൾ കടക്കേണ്ടതുണ്ട്. സന്യാസിയാവാൻ വരുന്ന ഒരാളെ തിരിച്ചു വീട്ടിലേക്കയച്ചു അയാളെ നിരീക്ഷിക്കുന്ന രീതിപോലുമുണ്ട്.
ഈ രണ്ടു വിഭാഗവും ശിവാരാധകരാണ്.
ഈ അവസരത്തിൽ ഭാരതത്തിലെ ശിവാരാധനയെക്കുറിച്ച് നമുക്കൊന്ന് പരിശോധിക്കാം.
ഭാരതത്തിൽ പ്രാചീന കാലം മുതൽക്കെ ശിവ ആരാധന നിലനിന്നിരുന്നു. ഇതിൽ നിന്നുമാണ് ഇന്ന് നാം സാധാരണ കാണുന്ന ശിവ ഉപാസനകൾ രൂപം കൊള്ളന്നത്. കാലം കഴിഞ്ഞപ്പോൾ ഈ പ്രാചീന സമ്പ്രദായത്തിന് സമാന്തരമായി മറ്റൊരു ശൈവ സമ്പ്രദായം കൂടി ഇവിടെ നിലവിൽ വന്നു. ഇതിൽ നിന്നും മൂന്ന് പിരിവുകൾ രൂപം കൊണ്ടു .
1. അതി മാർഗം
2. കാപാലിക മാർഗം
3. സിദ്ധാന്ത (സിദ്ധ ) മാർഗം
എന്നിവയാണവ.
അതി മാർഗം പിന്നീട് പാശുപത മാർഗം, ലാകുല മാർഗം, കാളി മുഖ മാർഗം എന്നിങ്ങനെ രൂപപരിണാമം സംഭവിച്ച് ഒടുവിൽ ലിംഗായത്ത് സമ്പ്രദായമായി മാറി.
കാപാലിക മാർഗത്തിൽ നിന്നുമാണ് അഘോരി മാർഗം ഉണ്ടാവുന്നത്. കാപാലിക മാർഗത്തിന്റെ മറ്റു രണ്ടു പിരിവുകളാണ് കൗള മാർഗവും, തൃക മാർഗവും. സിദ്ധാന്ത മാർഗം (സിദ്ധ മാർഗം) ക്രമേണ തമിഴ് ശൈവമാർഗമായി മാറി. ഈ മാർഗവും ലിംഗായത്ത് മാർഗവും പലപ്പോഴും ഒരുമിച്ചോ അല്ലെങ്കിൽ സമാന്തരമായോ സഞ്ചരിക്കുന്നതു കാണാം.
ആഘോരികൾ പൊതുവേ ജനങ്ങളുമായി അകന്നു നിൽക്കാൻ താൽപ്പര്യപ്പെടുന്നവരാണ്. ഇതിനു പ്രധാന കാരണം അവർ പിന്തുടരുന്ന അതി ഗോപ്യമായ ആരാധന സമ്പ്രദായങ്ങളാണ്. ശ്മശാനത്തിലോ വനങ്ങളിലോ ഒക്കെയാണ് അവരുടെ താമസം. ചെറു സംഘങ്ങളായാണ് ഇവർ താമസിക്കാറുള്ളത്.
അഘോരികൾ പൊതുവേ ശ്മശാന വാസികളാണെന്നു പറഞ്ഞല്ലോ. ഇവരിൽ നിരവധി പേര് കാശിയിലെ അധികമാരും കടന്നു ചെല്ലാത്ത ശ്മശാനങ്ങളിൽ സാധനയുമായി കഴിയുന്നു.
ഒരു അഘോരി അയാൾക്ക് ഇഷ്ടമല്ലാത്ത ഒരാൾ തന്റെ അടുത്തു വന്നാൽ ഏത് രീതിയിൽ പ്രതികരിക്കുമെന്നതു പ്രവചനാതീതമാണ്. അതുപോലെ അവരുടെ സാധനരീതിയെ തടസ്സപ്പെടുത്താനുള്ള ശ്രമമുണ്ടായാലും അവർ ശക്‌തമായി പ്രതികരിക്കും.
തുടരും...
No comments:
Post a Comment