വിക്രമാദിത്യകഥകൾ - 28
ആറാം ദിവസം രത്നവല്ലി പറഞ്ഞ കഥ തുടർച്ച...
അയാൾ പത്മാവതിയോട് ചോദിച്ചു...
“ഇപ്പോൾ ഇവിടെ വന്ന ആ സ്ത്രീ ആരാണ്?'' “എന്റെ തോഴിയാണ്, സുമിത്ര .” അതിനുശേഷവും പലപ്പോഴും അയാൾ സുമിത്രയെ കണ്ടുമുട്ടി. ഒരു ദിവസം രാത്രിയിൽ അയാൾ രഹസ്യമായി സുമിത്രയുടെ മുറിയിൽ ചെന്ന് സംഭാഷണത്തിലേർപ്പെട്ടു. അവൾ എതിർപ്പൊന്നുമുണ്ടാക്കാതെ തന്റെ അഭിനയം തുടർന്നു. സംഭാഷണങ്ങൾക്കിടയ്ക്ക് അവൾ എന്തോ കാരണം പറഞ്ഞ് പുറത്തുപോകുകയും ചെയ്തു. മടങ്ങിവന്ന്, തന്റെ സമീപത്തേയ്ക്കു നീങ്ങാൻ ശ്രമിച്ചപ്പോൾ അയാളുടെ മൂക്ക് ചേദിച്ചുകളഞ്ഞു. അപ്പോഴാണ് അയാൾക്ക് താൻ കബളിപ്പിക്കപ്പെട്ടിരിക്കുന്നുവെന്ന് ബോധ്യമായത്. മൂക്കുമുറിഞ്ഞ വേദനയും ഭാര്യ അറിഞ്ഞാലുള്ള അപമാനവും സഹിക്കാൻ കഴിയുന്നതല്ലായിരുന്നു. ഇനിയെങ്ങനെ നാട്ടുകാരുടേയും ബന്ധുക്കളുടേയും മുഖത്തുനോക്കും? ജീവിച്ചിരുന്നിട്ട് ഫലമില്ലെന്നു നിശ്ചയിച്ചിട്ട് അയാൾ കിണറ്റിൽ ചാടി മരിച്ചു. ഈ വിവരം വേതാളം മുഖേന അറിയാനിടയായപ്പോൾ വിക്രമാദിത്യൻ പത്മാവതിയുടെ അടുക്കലേയ്ക്കു ചെന്ന് പറഞ്ഞു: "പ്രിയേ, നിന്റെ ഭർത്താവ് ആത്മഹത്യ ചെയ്തിരിക്കുന്നു. നേരം പുലർന്നാൽ അയാളെ കാണാനില്ലെന്ന വാർത്ത പരക്കും. ഞാനും പോകുകയാണ്. നിന്റെ ഭർത്താവ് എന്നെയും കൂട്ടി കടന്നുകളഞ്ഞുവെന്ന് പറഞ്ഞു പരത്തണം. അൽപ ദിവസങ്ങൾക്കുള്ളിൽ ഞാൻ മടങ്ങിവന്ന് നിന്നെ കൊണ്ടു പൊയ്ക്കൊള്ളാം. അതിനു പറ്റിയ സൂത്രമൊക്കെ ഞാൻ ആലോചിച്ചുവെച്ചിട്ടുണ്ട്. പത്മാവതിയോട് പറഞ്ഞു സമ്മതിപ്പിച്ച് അദ്ദേഹം യാത്രയായി. ഭട്ടി താമസിക്കുന്ന മധുരത്തിന്റെ ഗൃഹമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. നേരം വെളുത്തപ്പോൾ പത്മാവതിയുടെ ഭർത്താവ് സുമിത്രയേയും കൊണ്ട് ഓടിപ്പോയിരിക്കുന്നു എന്ന വാർത്ത പരന്നു. രാമന്റെ പരിഭ്രമത്തിന് അതിരുണ്ടായിരുന്നില്ല. തന്നെപ്പോലെത്തന്നെ പണവും പ്രതാപവുമുള്ള ഒരാളാണ് സുമിത്രയുടെ പിതാവ്. അദ്ദേഹം മകളെ തന്റെ സംരക്ഷണയിലാക്കിയാണ് പോയിരിക്കുന്നത്. ഇനി മടങ്ങിവന്ന് ചോദിക്കുമ്പോൾ എന്ത് മറുപടി പറയും? അയാൾക്ക് മനസ്സിന് ശാന്തിയില്ലാതെയായി. രണ്ടുദിവസം കഴിഞ്ഞപ്പോഴേയ്ക്കും പ്രതീക്ഷിച്ചിരുന്ന ആപത്തും മാനഹാനിയും പ്രത്യക്ഷമായി. സുമിത്രയുടെ പിതാവിന്റെ വേഷത്തിൽ ഭട്ടിയും ഭർത്താവിന്റെ വേഷത്തിൽ വിക്രമാദിത്യനും മടങ്ങിവന്നു. രാമൻ അവരെ സ്വീകരിച്ചു. കുശലപ്രശ്നങ്ങൾക്കുശേഷം മകളെ വിളിക്കുവാൻ ആവശ്യപ്പെട്ടപ്പോൾ രാമൻ അവിടെ സംഭവിച്ചതെല്ലാം തുറന്നുപറഞ്ഞു. “മാന്യ സുഹൃത്തേ, ഒരമളി പറ്റിയിരിക്കുന്നു. നിങ്ങളുടെ മകളേയും കൊണ്ട് എന്റെ മരുമകൻ ഒളിച്ചോടിപ്പോയി. ക്ഷമിക്കണം. ഞാൻ ഒട്ടും കരുതിയിട്ടില്ലാത്ത ഒരു സംഭവമാണിത്. കഴിഞ്ഞതെല്ലാം കഴിഞ്ഞു. ഇനി ആലോചിച്ചിട്ട് ഫലമില്ല."
വേഷം മാറിവന്ന ഭട്ടി : “എന്താണ് നിങ്ങൾ അസംബന്ധം പറയുന്നത്? നിങ്ങളുടെ പൂർണ സമ്മതത്തോടുകൂടിയല്ലേ എന്റെ മകളെ ഇവിടെ നിർത്തിയത്? അവളെ കാണാനില്ലെന്നോ? ഇതെവിടെയുള്ള ന്യായമാണ്? ഈ നാട്ടിൽ രാജാവും നീതിപരിപാലനവും ഉണ്ടോയെന്ന് ഞാനൊന്ന് നോക്കട്ടെ.'' “രാജാവറിഞ്ഞാൽ കുഴപ്പമാണ്. എന്നെ കഷ്ടത്തിലാക്കാൻ ഒരു പഴുതു നോക്കിയിരിക്കുകയാണ് രാജാവ്. അത് കൂടാതെത്തന്നെ നമുക്ക് കാര്യങ്ങൾ ഒതുക്കിത്തീർക്കാം.'' വേഷം മാറിവന്ന ഭട്ടി ബഹളം കൂട്ടാൻ തുടങ്ങി മകളെ ഇപ്പോൾ കിട്ടണമെന്ന് ഉച്ചത്തിൽ ആവശ്യപ്പെടാൻ തുടങ്ങി. ഉറക്കെയുള്ള സംസാരം കേട്ട ചില അയൽക്കാർ അവിടെ ഓടിക്കൂടി. കാര്യം മനസ്സിലായപ്പോൾ അവരിൽ ചിലർ മാധ്യസ്ഥ്യം വഹിക്കാനൊരുങ്ങി. ഒരാൾ അഭിപ്രായപ്പെട്ടു: “നഷ്ടപ്പെട്ടവരെപ്പറ്റി അങ്ങോട്ടുമിങ്ങോട്ടു പറഞ്ഞു തർക്കിക്കുന്നത് ഭംഗിയല്ല. ഇനിയുള്ള കാര്യം പര്യാലോചിച്ചാൽ മതി. രാമൻ തന്റെ പുത്രിയെ ഇയാൾക്ക് മകൾക്കുപകരം വിട്ടുകൊടുക്കട്ടെ. തന്റെ ഭാര്യയ്ക്കു പകരം രാമന്റെ മകളെ സ്വീകരിക്കണം. ഒരേ ജാതിയാണല്ലോ". അങ്ങനെ അവസാനം ഈ തീരുമാനത്തോട് എല്ലാവരും യോജിച്ചു. രാമൻ മനസ്സില്ലാമനസ്സോടെ സ്വന്തം പുത്രിയെ സുമിത്രയുടെ ഭർത്താവിന് വിവാഹം ചെയ്തുകൊടുത്തു. വിക്രമാദിത്യനും ഭട്ടിയും പത്മാവതിയും വേതാളവും ഉജ്ജയിനിയിലേയ്ക്കു തിരിച്ചു. സാലഭഞ്ജിക പറഞ്ഞു: “ഭോജരാജൻ! ഞങ്ങളുടെ സ്വാമിയായ വികമാദിത്യന്റെ ബുദ്ധി ചാതുര്യവും ധീരതയും പ്രകടമാക്കുന്ന ഒരു സംഭവമാണ് ഞാൻ പറഞ്ഞത്. അങ്ങേയ്ക്ക് ഇതിന്റെ ഒരംശമെങ്കിലുമുണ്ടെങ്കിൽ ഈ സിംഹാസനത്തി ലേയ്ക്ക് കയറാം. പക്ഷേ, വിക്രമാദിത്യ ചക്രവർത്തിയുമായി തുലനം ചെയ്യുമ്പോൾ നിസ്സാരജീവിയായ അങ്ങ് ഇതിൽ ആരോഹം ചെയ്യാൻ ശ്രമിക്കുന്നത് കണ്ടിട്ട് എനിക്ക് അനുകമ്പ തോന്നുന്നു.” രത്നവല്ലിയുടെ കഥാകഥനം സമാപിച്ചപ്പോൾ സൂര്യബിംബം പടിഞ്ഞാറെ ചക്രവാളത്തിൽ മറഞ്ഞുകഴിഞ്ഞിരുന്നു. ഭോജമഹാരാജാവും മന്ത്രി ചന്ദ്രസേനനും സന്ധ്യാകർമങ്ങൾക്കായി തിരിച്ചു.....
No comments:
Post a Comment