4 May 2021

നാഗസന്യാസിമാർ - 1

നാഗസന്യാസിമാർ - 1

ആരാണ് നാഗസന്യാസിമാർ ?

സ്വന്തം പൈതൃകത്തെ  അവഗണിക്കുക, അപഹസിക്കുക എന്നത് ആധുനിക കാലഘട്ടത്തിൽ പുരോഗമന വാദത്തിന്റെ മുഖമുദ്രയാണെന്നു ചിലർ തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ തെറ്റിദ്ധരിപ്പിക്കപ്പെടലിനു പിന്നിൽ ചില ഗൂഢ ലക്ഷ്യങ്ങളുമുണ്ട്. സ്വന്തം സംസ്‌കൃതി മോശമാണെന്ന ചിന്ത  ഒരുവനിൽ ഉടലെടുത്താൽ മാത്രമേ ഇതര ചിന്താ ധാരകൾക്ക് ആ ഇടത്തിലേക്കു കടന്നുകയറാൻ കഴിയു.

ഇതിനായി ഏറ്റവും കൂടുതൽ ബലിയാടാക്കപ്പെടുന്ന ഒരു വിഭാഗമാണ് നാഗ സന്യാസിമാർ.

നഗ്നരായി നടക്കുന്ന അവരെ ചൂണ്ടിക്കാണിച്ചു ഹിന്ദു ധർമ്മം പ്രാകൃതവും അപരിഷ്‌കൃതവുമാണെന്ന് വരുത്തിത്തീർക്കേണ്ടതു അവരുടെ ആവശ്യവുമാണ്.

ആരാണ് നാഗ സന്യാസിമാർ? എന്തിനു വേണ്ടി ഇത്തരം ഒരു വിഭാഗം ഭാരതത്തിൽ ഉടലെടുത്തു ? എന്തിനാണവർ നഗ്നരായി നടക്കുന്നത്? നാഗ സന്യാസിമാരും അഘോരികളും ഒന്നാണോ?
പലരും ഈ സംശയവും മനസ്സിലേറ്റി നടക്കുന്നവരായിരിക്കും.
ഈ ചോദ്യങ്ങളുടെ ഉത്തരം തേടുകയാണിവിടെ.

സനാതന ധർമ സംസ്‌കൃതി ഭാരതത്തിൽ നിലനിന്നു പോരുന്നതിന് പ്രധാന കാരണം ഇവിടുത്തെ സന്യാസി പാരമ്പരകളാണ്. ധർമ്മച്ചുതി സംഭവിക്കുമ്പോൾ ഭാരതത്തിൽ അവർ ശരിയായ ദിശബോധത്തിലേക്കു സമൂഹത്തെ നയിക്കാനായി അവതരിക്കുന്നു.
ആദി ശങ്കരാചാര്യരായാലും സ്വാമി വിവേകാനന്ദ നായാലും  ഇങ്ങു കേരളത്തിൽ ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ, സ്വാമി അഭേദാനനൻ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സന്യാസി ശ്രേഷ്ഠ ന്മാരാണ് ഹൈന്ദവ ധർമ്മത്തെ കലാകാലങ്ങളിൽ നേർവഴിക്ക് നയിച്ചവർ.

ഇവരിൽ അഗ്രേസരനാണ് ശങ്കരാചാര്യർ. കുത്തഴിഞ്ഞ ഒരു പുസ്‌തകം പോലെ കിടന്നിരുന്ന ഹൈന്ദവ സമൂഹത്തെ കേട്ടുറപ്പുള്ളതാക്കിയതു ശങ്കരാചാര്യർ ആയിരുന്നു.

അദ്ദേഹം ഭാരതത്തിൽ ഉണ്ടായിരുന്ന സന്യാസിമാരെ പത്തു വിഭാഗങ്ങളാക്കി (ദശനാമി)തിരിച്ചു. അവരുടെ ജീവിത രീതിയേയും ആചാരങ്ങളേയ ചിട്ടപ്പെടുത്തിയതും അദ്ദേഹമാണ്.

ദശനാമി സമ്പ്രദായങ്ങളെ നമുക്കൊന്ന് പരിശോധിക്കാം.

ഗിരി, പുരി , ഭാരതി, ബാൻ, ആരണ്യ, പർബത് , സാഗർ, തീർത്ഥ, ആശ്രമ, സരസ്വതി  എന്നിവയാണവ. ഈ ഓരോ വിഭാഗത്തിനും അവർ വസിക്കേണ്ട സ്ഥലങ്ങൾ എവിടെയാണെന്നും അവരുടെ ഉത്തരവാദിത്വങ്ങൾ എന്തൊക്കെയാണെന്നും അദ്ദേഹം പറഞ്ഞുവച്ചു. ഗിരി മലമുകളിലും പുരി നഗരങ്ങളിലും ആരണ്യ വനങ്ങളിലും പർബത് പാർവങ്ങളിലും വേണം വസിക്കാൻ. അതെസമയം ഭാരതി വിഭാഗം പഠനത്തിനും സരസ്വതി വിഭാഗം അദ്ധ്യാപനത്തിനും പ്രാധാന്യം കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഈ സന്യാസി സംപ്രദായങ്ങളെ നിയന്ത്രിക്കുക എന്ന ഉദ്യേശത്തോടെയാണ് ഭാരതത്തിന്റെ നാല് ഭാഗങ്ങളിലായി നാലു മഠങ്ങൾ സ്വാമികൾ സ്ഥാപിച്ചതു. തെക്കു  ശൃംഗേരിയിൽ മഠം സ്ഥാപിച്ച്  പുരി, സരസ്വതി, ഭാരതി എന്നീ വിഭാഗങ്ങളെ ഈ മഠത്തിന്നു കീഴിലാക്കി. തന്റെ ശിഷ്യരിൽ ഒരാളായ ഹസ്തമാലകാചാര്യന്  ഇവിടുത്തെ ചുമതലയും കൊടുത്തു.

കിഴക്ക് പുരിയിൽ മറ്റൊരു മഠം സ്ഥാപിച്ച്  ബാൻ, ആരണ്യ എന്നി വിഭാഗക്കരെ ഈ മഠത്തിനു കീഴിലാക്കി. പദ്മപാദ ആചാര്യനായിരുന്നു അവിടെ ചുമതല.

വടക്കു ജോഷി മഠിൽ ത്രോടകാചാര്യരുടെ കീഴിൽ ഗിരി, പർബത്, സാഗർ എന്നിവർ വന്നു.

പടിഞ്ഞാറു ദ്വാരകയിൽ തീർത്ഥ, ആശ്രമ വിഭാഗക്കാർ സ്വരൂപാചാര്യരുടെ കീഴിലുമായി .

ഇങ്ങിനെ തികച്ചും ഒരു ചട്ടക്കൂടിൽ ആചാര്യ സ്വാമികൾ ഭാരതത്തിലെ സന്യാസിമാരെ കൊണ്ടുവന്നു.

ഈ പത്ത് വിഭാഗത്തിനെ വീണ്ടും 52 വിഭാഗങ്ങളായി തിരിച്ചതായി നിർവാണ അഘാടയിൽ സൂക്ഷിച്ചിരിക്കുന്ന രേഖകളിൽ  കാണുന്നു. (നിർഭാഗ്യവശാൽ ചരിത്രത്തെ എഴുതി സൂക്ഷിക്കുന്ന സമ്പ്രദായത്തിന് ഭാരതത്തിലെ ആചാര്യൻമാർ പ്രാധാന്യം കൊടുത്തിരുന്നില്ല.)

ഉദാഹരണത്തിനു ഗിരി വിഭാഗത്തിൽ വരുന്ന മാർഗ്ഗികളിൽ ചിലരാണ് ഓംദത്തി,  ദുർഗാനന്ദി, ആഘോരനാദി തുടങ്ങിയവർ.

ഈ സന്യാസ ശൃംഘലയിലെ ഏറ്റവും ഉയർന്ന സ്ഥാനത്തിരിക്കുന്നവരായിരുന്നു പരമഹംസ. (പിൽക്കാലത്തു  പരമഹംസ എന്ന പേര് മാറ്റി മണ്ഡലേശ്വർ എന്നാക്കിമാറ്റി)

ഇവിടെ നിന്നുമാണ് നമുക്ക് നാഗസന്യാസിമാരുടെ ചരിത്രത്തിനു തുടക്കം കുറിക്കാൻ കഴിയുക എന്നതിനാലാണ് ഇപ്രകാരം ഒരു വിശദീകരണം നൽകിയത്.

തുടരും...

No comments:

Post a Comment