വിക്രമാദിത്യകഥകൾ - 04
ഒന്നാം ദിവസം ലളിത പറഞ്ഞ കഥ തുടർച്ച..
➖➖➖➖➖➖➖➖➖
ഭർതൃഹരിക്കുശേഷം വിക്രമാദിത്യൻ സിംഹാസനാരോഹണം ചെയ്തു. സഹോദരനായ ഭട്ടി മന്ത്രിപദം ഏറ്റെടുത്തു. വികമാദിത്യൻ ഒരു ദിവസം ഭട്ടിയോട് ആലോചിച്ചു: “നമ്മുടെ പിതാവ് നേടിയെടുത്ത ഈ രാജ്യം ചെറിയതും സമൃദ്ധിയില്ലാത്തതുമാണ്. നമ്മുടെ ഭരണകാലത്ത് ഇതിനെ വിപുലീകരിക്കണം. നമ്മുടെ യശസ്സ് വ്യാപിക്കാൻ രാജ്യം വിശാലമായിരിക്കുകയും തലസ്ഥാനമായി ഒരു നല്ല നഗരം സൃഷ്ടിക്കപ്പെടുകയും വേണം. ആ നഗരത്തെപ്പറ്റി എനിക്ക് ചില സങ്കല്പങ്ങളുണ്ട്. ഇരുപതു നാഴിക വിസ്തീർണ്ണമുള്ളതും മദ്ധ്യത്തിൽക്കൂടി ഒരു നദി ഒഴുകുന്നതും പർവതത്തിനു സമീപം സ്ഥിതിചെയ്യുന്നതുമായ ആ നഗരത്തിന് യോജിച്ച സ്ഥലം കണ്ടെത്തണം. അവിടെ ഒരു നല്ല ക്ഷേത്രം കൂടി വേണം.'' വിക്രമാദിത്യന്റെ പദ്ധതിക്കനുയോജ്യമായ ഭൂവിഭാഗം കണ്ടെത്തുന്നതിനുവേണ്ടി മന്ത്രിസത്തമനായ ഭട്ടി പുറപ്പെട്ടു. പറ്റിയ സ്ഥാനം കണ്ടെത്താൻ ഭട്ടിക്ക് സാധിച്ചില്ല. നിരാശനായ ഭട്ടി സ്വരാജ്യത്തേയ്ക്കു മടങ്ങുമ്പോൾ, "വചനശൈലം'' എന്ന പർവതത്തിന്റെ താഴ്വരയിലെത്തി. അവിടെ ഒരു ഭദ്രാക്ഷേത്രമുണ്ട്. "പ്രഭാവതി'' എന്നു പേരായ നദിയുമുണ്ട്. സ്ഥലത്തിന്റെ വിസ്തീർണ്ണമാകട്ടെ, ഇരുപതു നാഴികയിലധികമുണ്ട്. തേടിയ വള്ളി കാലിൽ ചുറ്റിയിരിക്കുന്നു! ഭട്ടിയുടെ ആനന്ദപാരവശ്യം പറഞ്ഞറിയിക്കാൻ വയ്യ. ഭട്ടി നദിയിലിറങ്ങി സ്നാനം ചെയ്ത് ഭക്തിപൂർവം ക്ഷേത്രത്തിൽ പ്രവേശിച്ചു. അവിടെ ഒരു ശിലാസ്തംഭത്തിൽ അയാൾ ഇങ്ങനെ വായിച്ചു: “ഈ നദിക്കരയിലുള്ള വൃക്ഷത്തിൽ ഏഴ് ഉറികൾ കെട്ടിയിട്ടുണ്ട്; നദീ മദ്ധ്യത്തിൽ ഒരു ശൂലവും നാട്ടിയിട്ടുണ്ട്. ഒറ്റ വെട്ടുകൊണ്ട് ഏഴ് ഉറികളും അറുത്ത്, ആ സമയതുതന്നെ ആൾ ശൂലാഗത്തിൽ തലകീഴായി പതിച്ചാൽ കാളീദേവി ഉടൻ പ്രത്യക്ഷപ്പെട്ട് സർവാഭീഷ്ടങ്ങളും സാധിപ്പിക്കും. കൂടാതെ അയാൾ അമ്പത്തിയാറ് രാജ്യങ്ങളുടെ അധിപതിയായിത്തീരുകയും ചെയ്യും.” ഭട്ടി ഉറികളും ശൂലവും ചെന്നുനോക്കി. ഈ ധീരകൃത്യം ചെയ്യാൻ വിക്രമാദിത്യന് മാത്രമേ സാധ്യമാകൂയെന്ന് അയാൾ നിശ്ചയിച്ചു. ഈ വിവരം അദ്ദേഹത്തെ അറിയിക്കുവാൻ ഭട്ടി നാട്ടിലേയ്ക്കു പുറപ്പെട്ടു. ഭട്ടിയെ വികമാദിത്യൻ ആലിംഗനം ചെയ്ത് സ്നേഹവാത്സല്യങ്ങൾ പ്രകടമാക്കി. തന്റെ യാത്രോദ്ദേശ്യം സഫലമായെന്നുമാത്രമല്ല, കൂടുതൽ സൗഭാഗ്യത്തിനുതകുന്ന ഒരു വാർത്തയുമായാണ് ഭട്ടി തിരിച്ചു വന്നിരിക്കുന്നത് എന്നറിഞ്ഞ വികമാദിത്യൻ സന്തുഷ്ടനായി. ശിലാലിഖിതത്തെപ്പറ്റി അയാൾ വികമാദിത്യനോട് പറഞ്ഞു. ജിജ്ഞാസയും ആനന്ദവും മൂലം വിക്രമാദിത്യൻ വൈകാതെ ഭട്ടിയോടു കൂടി ആ പുണ്യസ്ഥലത്തേയ്ക്ക് യാത്രയായി. അവരിരുവരും പ്രഭാവതി നദിക്കരയിലെത്തി. ഭദ്രാക്ഷേത്രവും പ്രകൃതിരംഗങ്ങളുടെ സുഷമയും വിക്രമാദിത്യന്റെ ഹൃദയത്തെ ആനന്ദവികസ്വരമാക്കി. അദ്ദേഹം ശിലാലേഖനവും ഉറികളും ശൂലവും ചെന്നുകണ്ടു.
അസാമാന്യതേജസ്സിയായ വിക്രമാദിത്യനെ കണ്ടയുടനേ 'ഇയാൾ ഈ കർമത്തിൽ വിജയിക്കുമെന്നും ഇവിടെ ഒരു സുന്ദരനഗരം വാർത്തെടുക്കുമെന്നും' ഊഹിച്ചറിഞ്ഞിരുന്നതിനാൽ ദേവി അദൃശ്യയായി അദ്ദേഹത്തെ അനുഗമിച്ചിരുന്നു. വിക്രമാദിത്യൻ സ്നാനജപാദികൾ കഴിഞ്ഞ് വൃക്ഷത്തിൽ കയറി. ഏഴുറികളും വൃത്താകൃതിയിലാണ് നിന്നിരുന്നത്. അവയെ ഒറ്റ വെട്ടിന് വീഴ്ത്താൻ ഭട്ടി ഒരു സൂത്രം പറഞ്ഞുകൊടുത്തു. വലതുകയ്യിൽ വാളോടുകൂടി ഒരുറിയിൽ തൂങ്ങി, വേറൊന്നിൽ ഇടതുകാൽ ചവിട്ടിപ്പിടിച്ച് വലതുകാൽകൊണ്ട് രണ്ടു വട്ടം ചുറ്റിയാൽ ഏഴുറികളും ഒറ്റക്കെട്ടായി മുറുകിച്ചേരുമെന്നും, അപ്പോൾ ആഞ്ഞുവെട്ടി അത് മുറിച്ച് ഒറ്റക്കുതിപ്പിൽ ശൂലത്തിൽ പതിക്കാമെന്നും അയാൾ ഉപദേശിച്ചു. വിക്രമാദിത്യൻ അങ്ങനെത്തന്നെ ചെയ്തു. അദ്ദേഹത്തിന്റെ ശിരസ്സ് ശൂലാഗ്രത്തിൽ പതിക്കുന്നതിനുമുമ്പായി ഭദ്രാദേവി അദ്ദേഹത്തെ താങ്ങിയെടുത്തു. ദേവി അനന്തരം ക്ഷേത്രത്തിലേയ്ക്കും ഭയഭക്തിസമ്മിളിതഭാവത്തോടെ വികമാദിത്യനും ഭട്ടിയും ദേവിയുടെ പിന്നാലേയും നടന്നു. ക്ഷേത്രത്തിൽ ചെന്ന് വിക്രമാദിത്യനും ഭട്ടിയും ദേവിയുടെ പാദങ്ങളിൽ പ്രണമിച്ചു. ദേവി വിക്രമാദിത്യന് ദീർഘകാലം സമ്പൽസമൃദ്ധികളോടെ നാടുവാണ് ചക്രവർത്തിയായി വിരാജിക്കാൻ അനുഗ്രഹം നൽകി. കൂടാതെ ഭദ്ര അദ്ദേഹത്തെ തലോടുകയും അമൂല്യനിധികൾ സൂക്ഷിച്ചു വെച്ചിട്ടുള്ള ഒരു സങ്കേതം കാണിച്ചുകൊടുക്കുകയും ചെയ്തു. വിക്രമാദിത്യൻ ആ നിധിയെടുത്ത് തന്റെ ഇച്ഛാനുസരണം സുന്ദരമായ ഒരു നഗരം വാർത്തെടുത്തു. ശില്പകലാവൈചിത്ര്യങ്ങൾ ഒത്തിണങ്ങിയ രാജധാനിയും മന്ദിരങ്ങളും സുഖസൗകര്യങ്ങളുള്ള രാജവീഥികളും എന്നും വസന്തം പുഷ്പിച്ചുനിൽക്കുന്ന മലർവാടികളും കുറച്ചു മാസങ്ങൾക്കുള്ളിൽ സൃഷ്ടിക്കപ്പെട്ടു. പട്ടണത്തിന് ചുറ്റുമുള്ള സ്ഥലം കൃഷിക്കുപയുക്തമാക്കി നാനാജാതിമതസ്ഥരായ ജനങ്ങളെ അവിടേയ്ക്കു കൊണ്ടുപോയി പാർപ്പിച്ചു. കലാവിദ്യകളും ശാസ്ത്രങ്ങളും ഉത്തരോത്തരം പുരോഗതി പ്രാപിക്കുന്ന തിനുവേണ്ടിയുള്ള സജ്ജീകരണങ്ങളുണ്ടാക്കി. ജനങ്ങളുടെ ജീവിതനില വാരം അവിടെ വളരെ ഉയർന്നതായിരുന്നു. നാഗപുരത്തിലെ രാജ്യകാര്യങ്ങൾ നോക്കി വന്നിരുന്ന മന്ത്രിയെ അവിടത്തെ രാജാവാക്കി. തനിക്ക് കൊല്ലം തോറും കപ്പം തരുവാൻ ഏർപ്പാട് ചെയ്തു. പുതുതായി രൂപമെടുത്ത "ഉജ്ജയിനി' എന്ന ആ മഹാനഗരത്തിൽ വിക്രമാദിത്യൻ താമസിച്ച് ഭരിക്കാൻ തുടങ്ങി. അക്കാലത്ത് ദേവലോകത്തിലെ ഉർവശിയും രംഭയും നൃത്തകലയിൽ ആർക്കാണ് കൂടുതൽ ചാതുര്യം എന്നതിനെക്കുറിച്ച് മത്സരമായി. തർക്കം മൂക്കുകയും അവസാനം പ്രശ്നം ഇന്ദ്രന്റെ മുമ്പിൽ വരികയും ചെയ്തു. പക്ഷേ, ഇന്ദ്രന് ഇക്കാര്യത്തിൽ ഒരു തീർപ്പുണ്ടാക്കാൻ സാധിച്ചില്ല. നാരദ മുനിയുടെ ഉപദേശപ്രകാരം നൃത്തകലാവിദഗ്ധനായ വിക്രമാദിത്യനെ ഭൂമിയിൽ നിന്ന് കൊണ്ടുവന്ന് പ്രശ്നപരിഹാരത്തിന് നിയമിക്കാൻ ഇന്ദ്രൻ നിശ്ചയിച്ചു.
ഉടനേ തന്നെ ഇന്ദ്രന്റെ തേരാളിയായ മാതലി അതിന് നിയോഗിക്കപ്പെട്ടു. വെറും മനുഷ്യനായ വിക്രമാദിത്യനെ തന്റെ തേരിൽ കൊണ്ടുവരുന്നത് മാതലിക്ക് ഇഷ്ടമുള്ള കാര്യമായിരുന്നില്ല. എങ്കിലും ഇന്ദ്രന്റെ കല്പനയാണല്ലോ. അയാൾ മനസില്ലാമനസോടെ തേരും കൊണ്ട് ഭൂമിയിലെത്തി. അർധരാത്രിയിൽ വിക്രമാദിത്യനും മന്ത്രിമാരും കൂടി കാര്യങ്ങൾ ചിന്തിച്ചുകൊണ്ടിരുന്ന നേരത്താണ് മാതലി അവിടെ സന്നിഹിതനാകുന്നത് ആദ്യം പാറാവുകാർ തടഞ്ഞുവെങ്കിലും അവസാനം മാതലി രാജാവിന്റെ മുമ്പിലെത്തി തന്റെ ആഗമനോദ്ദേശ്യം അറിയിച്ചു. ഭട്ടിയുടെ സമ്മതത്തോടെ വിക്രമാദിത്യൻ തേരിലേറാൻ പുറപ്പെട്ടു. വിക്രമാദിത്യനെ കൊണ്ടുപോകുന്ന കാര്യത്തിൽ മാതലിക്ക് കുണ്ഠിതമുണ്ടായിരുന്നു. അതുകൊണ്ട് വിക്രമാദിത്യൻ തേരിൽ കയറിയപ്പോഴേക്കും അയാൾ അതിവേഗത്തിൽ തേരോടിച്ചു. ഇങ്ങനെ ചെയ്യുമ്പോൾ രാജാവ് താഴെ വീണ് മരിച്ചുപോകുമെന്നാണ് അയാൾ ഉദ്ദേശിച്ചത്. രാജാവാകട്ടെ ഒട്ടും വ്യതിചലിക്കാതെ വലതുകാലിന്റെ പെരുവിരൽ രഥത്തിലൂന്നി അചഞ്ചലനായി നിലകൊണ്ടു. തന്റെ പ്രവൃത്തി വിഫലമായതോർത്ത് ലജ്ജിച്ച മാതലിക്ക് വിക്രമാദിത്യന്റെ അസാമാന്യധീരതയിൽ ബഹുമാനം തോന്നി. അയാൾ തേര് സാവധാനത്തിലാക്കി വിക്രമാദിത്യൻനെ ഉപചാരപൂർവം കയറ്റിയിരുത്തി. പെട്ടെന്നു തന്നെ അവർ ഇന്ദസദസ്സിലെത്തി. വിക്രമാദിത്യന്റെ രൂപവും ഭാവവും കണ്ട് ഇന്ദ്രന് അദ്ദേഹത്തോട് ആദരവ് തോന്നി. മനുഷ്യനാണെങ്കിലും ഇയാൾ അതുല്യപ്രഭാവമുള്ളയാളാണെന്ന് ഇന്ദ്രൻ മനസ്സിലാക്കി. കുശലപ്രശ്നങ്ങൾ കഴിഞ്ഞു. വിക്രമാദിത്യന്റെ വിനയം ഇന്ദ്രനെ സന്തോഷിപ്പിച്ചു. അദ്ദേഹത്തിന്റെ താമസത്തിനായി ഒരു രാജമന്ദിരം തന്നെ ഒഴിഞ്ഞുകൊടുത്തു. അവിടെ പതിനഞ്ചുദിവസം വിക്രമാദിത്യൻ താമസിച്ചു. പതിവായി സദസ്സിൽ പോയി വാദപ്രതിവാദങ്ങളിൽ രാജാവ് പങ്കുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ പാണ്ഡിത്യം ഗ്രഹിക്കാനിടയായ ദേവവൃന്ദം അദ്ദേഹത്തെ അഭിനന്ദിച്ചു. ഇന്ദ്രൻ ഉർവശിയും രംഭയും തമ്മിലുള്ള തർക്കത്തിന്റെ കാര്യം വിക്രമാദിത്യനോട് പറയുകയും മാർഗ്ഗനിർദേശങ്ങൾ തേടുകയും ചെയ്തു. അപ്പോൾ അദ്ദേഹം അതിന് ഒരു ദിവസത്തെ അവധി വാങ്ങി. അടുത്ത ദിവസം വിക്രമാദിത്യൻ പൂന്തോട്ടത്തിൽ ചെന്ന് രണ്ടു പൂച്ചെണ്ടുകൾ കെട്ടിയുണ്ടാക്കി. അതിനുള്ളിൽ തേൾ, കടന്നൽ മുതലായ ക്ഷദജീവികളെ നിറച്ചു. അടുത്ത ദിവസം നൃത്തം നടന്നുകൊണ്ടിരിക്കെ വിക്രമാദിത്യൻ ഉർവശിയേയും രംഭയേയും വിളിച്ച് അവർക്ക് ഓരോ പൂച്ചെണ്ട് സമ്മാനിച്ചുകൊണ്ട് അറിയിച്ചു: “ഒഴിഞ്ഞ കൈകളുമായി നൃത്തം വെക്കുന്നതിനേക്കാൾ നല്ലത് ഓരോ ചെണ്ടുകൊണ്ട് കൈത്തളിർ അലങ്കരിക്കുകയാണ്.” വീണ്ടും നൃത്തം തുടങ്ങി..
രംഭ പൂച്ചെണ്ട് മുറുകെപ്പിടിച്ചിരുന്നു. കരസമ്മർദ്ദം ഏറ്റപ്പോൾ അതിനുള്ളിൽ ഒളിച്ചിരുന്ന ജീവികൾ വേദനമൂലം പുറത്തുവന്ന് അവളെ കടിക്കാനും കുത്താനുമാരംഭിച്ചു. രംഭ പൂച്ചെണ്ട് വലിച്ചെറിഞ്ഞു. ന്യത്തം അലങ്കോലപ്പെട്ടു. ഉർവശി ചെണ്ടിൽ മൃദുലമായി പിടിച്ച് ലയചലനത്തോടെ നൃത്തം ചെയ്യുകയായിരുന്നു. അവൾക്ക് യാതൊരാപത്തും പറ്റിയില്ല. വിക്രമാദിത്യൻ സദസ്സിൽ എഴുന്നേറ്റു നിന്ന് പ്രഖ്യാപിച്ചു: "ഈ നൃത്തമത്സരത്തിൽ ഉർവശി വിജയിച്ചിരിക്കുന്നു.'' ഇന്ദ്രന്റെ അപേക്ഷപ്രകാരം വിക്രമാദിത്യൻ താൻ എങ്ങനെയാണ് ഈ വിധി പ്രസ്താവിച്ചതെന്ന് വിശദീകരിച്ചു. രണ്ടു ചെണ്ടുകളും അഴിച്ച് അവയ്ക്കുള്ളിലെ ജീവികളെ കാണിച്ചുകൊടുത്തു. ചെണ്ട് മൃദുലമായി പിടിച്ച ഉർവശിയുടെ നൃത്തം ശാസ്ത്രീയവും കലാപരവും മികച്ചതുമാണ്. അങ്ങനെ ഉർവശി ദേവലോകത്തിലെ നടനറാണിയായി. രണ്ടു നർത്തകികൾക്കും വില പിടിച്ച വസ്ത്രാഭരണങ്ങൾ നൽകി ഇന്ദ്രൻ അവരെ ബഹുമാനിച്ചു. വിക്രമാദിത്യന്റെ ബുദ്ധിസാമർഥ്യം ദേവവർഗത്തെയെല്ലാം അത്ഭുതപ്പെടുത്തി. നാലഞ്ചു ദിവസങ്ങൾ കൂടി അവിടെ ആനന്ദത്തോടെ ചെലവഴിച്ചുകൊണ്ട് വിക്രമാദിത്യൻ മടക്കയാത്രയ്ക്ക് തയ്യാറായി. ഇന്ദ്രൻ തിലോകാധിപനായി വാഴിക്കപ്പെട്ടപ്പോൾ കൈലാസത്തിൽനിന്ന് കൊണ്ടുവന്നതും മുപ്പത്തിരണ്ട് പടികളുള്ളതും മുപ്പത്തിരണ്ട് പ്രതിമകളുള്ളതും കനകരനിർമിതവുമായ സിംഹാസനവും അതിന്മേലിരുന്ന് ആയിരം കൊല്ലം നാടുവാഴാനുള്ള അനുഗ്രഹവും സമ്മാനമായിവാങ്ങി വിക്രമാദിത്യൻ ഭൂമിയിലേയ്ക്ക് തിരിച്ചു. ഇത്തവണ അദ്ദേഹത്തെ കൊണ്ടുപോകാൻ മാതലിക്ക് വൈമനസ്യമുണ്ടായില്ലെന്നു മാത്രമല്ല, ഉത്സാഹവുമുണ്ടായി. രഥം ഭദ്രാക്ഷേത്രത്തിനു മുന്നിലിറങ്ങി. സിംഹാസനവും, മറ്റു സാധനങ്ങളും താഴെയിറക്കി മാതലി മടങ്ങിയപ്പോൾ വിക്രമാദിത്യൻ സ്താനവും പൂജയും കഴിഞ്ഞ് രാജകൊട്ടാരത്തിലേയ്ക്കു നടന്നു. അനന്തരം സിംഹാസനം കൊട്ടാരത്തിലേയ്ക്ക് എടുപ്പിക്കുകയും രാജാവ് അതിലേറി ഭരണം നടത്തുകയും ചെയ്തു. ദേവലോകത്തുവെച്ചുണ്ടായ സംഭവങ്ങൾ പറഞ്ഞുകൊണ്ടിരിക്കെ, തനിക്ക് ആയിരം കൊല്ലം ജീവിക്കാനുള്ള ആയുസ്സ് ഇന്ദ്രൻ തന്നിരിക്കുന്ന വാർത്ത വിക്രമാദിത്യൻ ഭട്ടിയോട് പറഞ്ഞു. അന്നേരം അല്പം പരിഭവത്തോടെ ഭട്ടി ചോദിച്ചു: “ജ്യേഷ്ഠനോടുകൂടി ആയിരം കൊല്ലം ജീവിച്ചിരിക്കാനുതകുന്ന വല്ല വരവും എനിക്കു വേണ്ടി ജ്യേഷ്ഠൻ വാങ്ങിയിട്ടുണ്ടോ?” അപ്പോഴാണ് വിക്രമാദിത്യന് തനിക്ക് പറ്റിപ്പോയ തെറ്റ് മനസ്സിലായത്. ഇന്ദ്രന്റെ സന്നിധിയിലെ പ്രഭാവവും ഐശ്വര്യവും സൗന്ദര്യവും കണ്ട് ആസ്വദിച്ചിരിക്കെ, ഭൂമിയിലെ കഥ മുഴുവൻ വിസ്മരിച്ചുപോയതിൽ അദ്ദേഹത്തിന് ലജ്ജയും സങ്കടവുമുണ്ടായി. വിക്രമാദിത്യന്റെ സാന്ത്വനവചസ്സുകൾ ഭട്ടിയെ ആശ്വസിപ്പിക്കാനുതകിയില്ല. ജ്യേഷ്ഠനോടുകൂടി രണ്ടായിരം കൊല്ലം ജീവിച്ചിരിക്കാനുള്ള അനുഗ്രഹം നേടിയെടുക്കണമെന്നു നിശ്ചയിച്ച് ഭട്ടി ഉറങ്ങാൻ കിടന്നു. അയാൾക്കുണ്ടോ ഉറക്കം വരുന്നു?
No comments:
Post a Comment