22 March 2021

പത്‌മപുജ

പത്‌മപുജ

പൂജാവിധാനങ്ങളിൽ വളരെയധികം പ്രാധാന്യം പത്‌മങ്ങൾക്കുണ്ട്‌. ക്ഷേത്രാരാധന അഥവാ വിഗ്രഹാരാധന, ഹോമം, പത്‌മമിട്ട്‌ പൂജ എന്നിങ്ങനെ പൂജാവിധികളെ മൊത്തത്തിൽ മൂന്നായി വർഗ്ഗീകരിക്കാവുന്നതാണ്‌. മൂന്നിനും ഏതാണ്ട്‌ തുല്യമായ പ്രാധാന്യമാണ്‌ ആരാധനാസമ്പ്രദായങ്ങളിൽ കാണുന്നത്‌. പത്‌മം ഇട്ട്‌ ചെയ്യുന്ന പൂജകളിൽ പത്‌മത്തിനാണ്‌ പരമപ്രാധാന്യം. പത്‌മത്തിനകത്ത്‌ വിഗ്രഹങ്ങളോ വിളക്കുകളോ വെച്ചിരിക്കണമെന്നില്ല. പത്‌മത്തിന്‌ തന്നെയാണ്‌ അപ്പോൾ എല്ലാ പൂജകളുംചെയ്യുന്നത്‌. ഇത്തരം പത്‌മങ്ങൾ മൊത്തത്തിൽ വൈദികം, താന്ത്രികം, മാന്ത്രികമ എന്ന്‌ മൂന്നു വിഭാഗങ്ങളിൽ പെട്ടവയാണ്‌. കളംപാട്ട്‌ തുടങ്ങിയ ഫോക്ക്‌ കലകളിൽ കളങ്ങൾക്ക്‌ കൽപ്പിച്ചിരിക്കുന്ന പ്രാധാന്യത്തിന്‌ തുല്യമാണ്‌ വൈദികപാരമ്പര്യത്തിൽ പത്‌മങ്ങൾക്കുളളത്‌. സ്‌ഥലശുദ്ധിചെയ്‌ത്‌ അലങ്കരിച്ച മണ്‌ഡപത്തിൽ പൂജ തുടങ്ങുന്നതിനു മുൻപേ പത്‌മം വരയ്‌ക്കുന്നു. വെളുപ്പ്‌, ചുവപ്പ്‌, കറുപ്പ്‌, മഞ്ഞ, പച്ച എന്നീ വർണ്ണപൊടികളാണ്‌ പത്‌മങ്ങൾക്ക്‌ ഉപയോഗിക്കുന്നത്‌. ഉണക്കലരി ഉണക്കിപ്പൊടിച്ച അരിപ്പൊടിയാണ്‌ വെളളപ്പൊടി. മഞ്ഞൾ ചുണ്ണാമ്പ്‌ ഇവ ചേർത്ത്‌കുഴച്ച്‌ ഉണക്കിപ്പൊടിച്ചാണ്‌ ചുവപ്പുപൊടി തയ്യാറാക്കുന്നത്‌. ഉമികത്തിച്ച്‌ കരിച്ച്‌ പൊടിച്ചാണ്‌ കറുപ്പ്‌ പൊടിയുടെ നിർമ്മാണം. മഞ്ഞൾ പൊടിച്ചുണക്കി മഞ്ഞപ്പൊടി ഉണ്ടാക്കുന്നു. വാകയില പൊടിച്ചാണ്‌ പച്ചപ്പൊടി നിർമ്മിക്കുന്നത്‌. ഈ പൊടികളുടെ വർണ്ണങ്ങൾക്ക്‌ പിന്നിലുളള സങ്കൽപ്പത്തെക്കുറിച്ച്‌ തന്ത്രസമുച്ചയത്തിൽ പ്രതിപാദിക്കുന്നുണ്ട്‌. (തന്ത്രസമുച്ചയം. പടലം 12 ശ്ലോ. 48) പഞ്ചഭൂതസങ്കൽപമാണ്‌ അഞ്ചു വർണ്ണങ്ങൾക്കുളളത്‌. മഞ്ഞ പൃഥിവീഭൂതമായും വെളുപ്പ്‌ ജലഭൂതമായും ചുവപ്പ്‌ തോജോഭൂതമായും പച്ച വായുഭൂതമായും കറുപ്പ്‌ ആകാശഭൂതമായും പരികല്പിക്കപ്പെട്ടിരിക്കുന്നു. അതിലൂടെ പഞ്ചഭൂതമയമായ മൂർത്തീശരീരസങ്കൽപം പത്‌മങ്ങളുടെ നിർമ്മാണത്തിനു പിറകിലുണ്ടെന്ന്‌ കണ്ടെത്താവുന്നതാണ്‌. പൊടികളുടെ വർണ്ണങ്ങൾക്ക്‌ ഗുണകൽപനയുമുണ്ട്‌. വെളുപ്പ്‌ സാത്വികഗുണത്തേയും ചുവപ്പ്‌ രാജസ ഗുണത്തേയും കറുപ്പ്‌ താമസ ഗുണത്തേയും പ്രതിനിധാനം ചെയ്യുന്നു. പത്‌മങ്ങളുടെ നിർമ്മാണത്തിൽ ഈ ത്രിഗുണസങ്കൽപത്തിന്‌ വളരെയധികം പ്രാധാന്യമുണ്ട്‌. താന്ത്രികം, മാന്ത്രികം, വൈദികം എന്നീ തരംതിരിവുകളിൽ താന്ത്രികവും വൈദികവുമായ വിഭാഗങ്ങളിൽ പ്രധാനികളായ സപ്തദേവൻമാരെ ഉദ്ദേശിച്ചാണ്‌ വിധികൾ കാണുന്നത്‌. വിഷ്‌ണു, ശിവൻ, ദുർഗ്ഗ, ശങ്കരനാരായണൻ, സുബ്രഹ്‌മണ്യൻ, ഗണപതി, ശാസ്‌താവ്‌ എന്നീ സപ്‌തദേവതമാർക്ക്‌ പരിവാര പൂജചെയ്യാൻ ഇടുന്നതാണ്‌ ഏറ്റവും വലിയ പത്‌മങ്ങൾ. വിഷ്‌ണുവിന്റെ സപരിവാരപൂജ ചെയ്യാൻ ഇടുന്നതാണ്‌ ചക്രാബ്‌ജമാണ്‌ പത്‌മങ്ങളിൽവച്ച്‌ ഏറ്റവും വലുതും മനോഹരവും. ആശാരിക്കോലിന്‌ എട്ടുകോൽ നീളത്തിലും എട്ടുകോൽ വീതിയിലും സമചതുരമായി നിർമ്മിച്ചെടുക്കുന്നതാണ്‌ ചക്രാബ്‌ജം. ദുർഗ്ഗയ്‌ക്ക്‌ ശക്തിദണ്‌ഡ്‌ എന്ന പത്‌മമാണ്‌ ഇടുന്നത്‌. സുബ്രഹ്‌മണ്യന്‌ ഷൾദളപത്‌മം നിർമ്മിക്കുന്നു. ശിവൻ, ഗണപതി, ശങ്കരനാരായണൻ, ശാസ്‌താവ്‌ എന്നീ ദേവതകൾക്ക്‌ ഭദ്രകപത്‌മമാണ്‌ ഇടേണ്ടത്‌. രൂപത്തിലും ഭാവത്തിലും വിഭിന്നമായ നാലുവിധത്തിലാണ്‌ ഇങ്ങനെ ഏറ്റവും വലിയ പത്‌മങ്ങൾ ഇടുന്നത്‌. മഹാകുംഭകലശത്തിന്‌ രണ്ടുവിധത്തിലുളള സ്വസ്തികഭദ്രകപത്‌മവും ദേവപ്രതിഷ്‌ഠയിൽ ദേവനെ കിടത്താനുളള ശയ്യാപത്‌മവും (എല്ലാദേവൻമാർക്കും) പ്രധാനപത്‌മങ്ങളാണ്‌. ഇതിനുപുറമേ 41 വിധത്തിലുളള കലശപത്‌മങ്ങൾ ഉളളത്‌ താന്ത്രികപത്‌മങ്ങളുടെ വിഭാഗത്തിൽ പെടുന്നു. പുതിയ വീട്‌ നിർമ്മിച്ചാൽ ഗൃഹപ്രവേശത്തോടനുബന്ധിച്ച്‌ നടത്തിയിരുന്ന വാസ്‌തുബലി നടത്താൻ ഇട്ടിരുന്ന വാസ്‌തുബലി പത്‌മവും താന്ത്രികവിഭാഗത്തിൽ പെടുന്നു. ഹോമകർമ്മങ്ങളിൽ അതുമായി ബന്ധപ്പെട്ട്‌ വരയ്‌ക്കുന്ന പത്‌മങ്ങളും മറ്റും വൈദികപത്‌മങ്ങളുടെ വിഭാഗത്തിലാണ്‌ പെടുന്നത്‌. ഗ്രഹശാന്തി ഹോമത്തിന്‌ ബന്ധപ്പെട്ട കർമ്മങ്ങൾക്ക്‌ ഇടുന്ന ഗ്രഹശാന്തി പത്‌മം ഇവയിൽ പ്രധാനമാണ്‌.
“വൃത്തം ത്രികോണം പഞ്ചാശ്രം ചതുരശ്രം ഇഷും തഥാ ദീർഘം ധനുഃ ശൂർപ്പവച്ച ധ്വജവൽപത്‌മമിഷ്യതേ
മദ്ധ്യം ദക്ഷിണപൂർവ്വം ചന്നഗ്‌നാവീശാനുത്തരേ
പശ്ചിമേനിരൃതേവായൗഗ്രഹാണാം ശാന്തി കർമ്മണി” തുടങ്ങിയ പ്രമാണപ്രകാരം വരയ്‌ക്കുന്ന ഗ്രഹശാന്തിപത്‌മം മറ്റു പത്‌മങ്ങളിൽനിന്ന്‌ വിഭിന്നമായതാണ്‌. നവഗ്രഹസങ്കൽപത്തിലുളള പത്‌മമാണിത്‌. പത്‌മത്തിന്റെ മദ്ധ്യത്തിലും ദിക്കുവിദിക്കുകളിലുമായി നവഗ്രഹങ്ങളുടെ പ്രതീകങ്ങളെ വരച്ചെടുക്കുന്നതാണ്‌ ഈ പത്‌മം. ദിക്കുവിദിക്കുകളും മദ്ധ്യവുമടക്കം ഒൻപത്‌ സമചതുരങ്ങൾ ആദ്യം വെളുത്ത പൊടിയിൽവരയ്‌ക്കുന്നു. മദ്ധ്യത്തിലെ ചതുരത്തിൽ ഒരുവൃത്തം വരച്ച്‌ ചുവപ്പുപൊടി നിറയ്‌ക്കുന്നു. ഇത്‌ ആദിത്യൻ. ഇനി മറ്റുകളളികളിൽ കിഴക്കഗ്രമായി തെക്ക്‌ ചൊവ്വയെ സങ്കൽപിച്ച്‌ ചുവന്ന ത്രികോണം. കിഴക്ക്‌ ശുക്രനെ സങ്കൽപ്പിച്ച്‌ വെളളപ്പൊടി നിറച്ച അഞ്ചുകോണുകളുളള നക്ഷത്രം. അഗ്‌നികോണിൽ വെളളനിറച്ച്‌ ചതുരശ്രം സോമനെ സങ്കൽപ്പിച്ച്‌ വരയ്‌ക്കുന്നു. ബുധനെ സങ്കൽപ്പിച്ച്‌ ഈശകോണിലെ ചതുരത്തിൽ ശരംവരച്ച്‌ മഞ്ഞ നിറയ്‌ക്കുന്നു. വടക്ക്‌ വ്യാഴത്തിന്റെ സങ്കൽപ്പത്തിൽ ദീർഘചതുരശ്രംവരച്ച്‌ മഞ്ഞനിറയ്‌ക്കുന്നു. പടിഞ്ഞാറ്‌ വില്ല്‌ വരച്ച കറുപ്പുപൊടി നിറച്ചത്‌ ശനിയുടെ സങ്കൽപ്പത്തിനാണ്‌. നിരൃതികോണിലെ ചതുരത്തിൽ കറുപ്പ്‌ പൊടിയിട്ട മുറത്തിന്റെ രൂപം രാഹുവിനെ സങ്കൽപ്പിക്കുന്നു. കേതുവിനെ സങ്കൽപ്പിച്ച്‌ വായുകോണിൽ കറുത്ത ധ്വജം. കളങ്ങളിൽ ഇവയ്‌ക്കു പുറമെയുളള സ്‌ഥലത്ത്‌ ഇഷ്‌ടമുളള വർണ്ണം നിറയ്‌ക്കാം. ഇതാണ്‌ ക്രമം. സൂര്യനും സൂര്യനുചുറ്റും കറങ്ങുന്ന ഗ്രഹങ്ങളും എന്ന ധാരണ ഈ പത്‌മസങ്കൽപ്പത്തിനു പിറകിലുണ്ട്‌. ഇതിനുപുറമേ സർപ്പബലിക്ക്‌ ഇടുന്ന പത്‌മമാണ്‌ വൈദികപത്‌മങ്ങളിൽ പ്രധാനം.സുദർശന പൂജകൾക്കും കാളീപൂജകൾക്കും ഭൈരവാദി പഞ്ചമൂർത്തികളുടെ പൂജകൾക്കും മറ്റും ഇടുന്ന പത്‌മങ്ങൾ മാന്ത്രികപത്‌മങ്ങളുടെ വിഭാഗത്തിൽപെടുന്നു. പത്‌മങ്ങളിലെ ഏറ്റവും ചെറിയ പത്‌മങ്ങൾ സ്വസ്‌തികവും കടുംതുടിയുമാണ്‌. പല വലിയ പത്‌മങ്ങളിലേയും ഏറ്റവും ചെറിയ യൂണിറ്റുകളാണിവ. സ്വസ്‌തികത്തിലും കടുംതുടിയിലും കിഴക്കും പടിഞ്ഞാറും വെളളനിറയ്‌ക്കണം. തെക്കുംവടക്കും ഉളള കളളികളിൽ മഞ്ഞയാണ്‌ നിറയ്‌ക്കേണ്ടത്‌. വലിയ പത്‌മങ്ങളുടെ കേന്ദ്രം അഷ്‌ടദളങ്ങളോടോ ഷഡ്‌ദളങ്ങളോടോ കൂടിയ ഒരു താമരയുടെ കളമായിരിക്കും. അവയിൽ ദളം വെളളകൊണ്ടും കർണ്ണിക മഞ്ഞകൊണ്ടും കേസരം മഞ്ഞ, ചുവപ്പ്‌, വെളള എന്നീ വർണ്ണക്രമത്തിലും നിറയ്‌ക്കണമെന്ന്‌ വിധിയുണ്ട്‌. ദളങ്ങൾക്ക്‌ ചുറ്റും വരയ്‌ക്കുന്ന വൃത്തങ്ങളിൽ സത്വരജസമസ്സുകളെ പ്രതിനിധാനം ചെയ്‌തുകൊണ്ട്‌ വെളുപ്പ്‌, ചുവപ്പ്‌, കറുപ്പ്‌ പൊടികൾ നിറയ്‌ക്കണമെന്നതാണ്‌ ക്രമം. സപരിവാര പൂജകളിലെ വലിയ പത്‌മങ്ങളിൽ ഏറ്റവും പുറത്തുകൂടി വരയ്‌ക്കുന്ന കരകളിൽ പഞ്ചഭൂതങ്ങളെ പ്രതിനിധീകരിച്ച്‌ പൃഥ്വി അപ്‌തേജോവായ്വാകാശഃ എന്നക്രമത്തിൽ മഞ്ഞ, ചുവപ്പ്‌, വെളുപ്പ്‌, പച്ച, കറുപ്പ്‌ വർണ്ണങ്ങൾ നിറയ്‌ക്കുന്നു. മദ്ധ്യം തൊട്ട്‌ പുറത്തേയ്‌ക്ക്‌ അഷ്‌ടദളം അല്ലെങ്കിൽ ഷഡ്‌ദളം, പീഠിക, വീഥി, ശോഭ, ഉപശോഭ, കര എന്നീ ക്രമത്തിൽ വൈവിദ്ധ്യമാർന്ന വിഭാഗങ്ങളും മൂർത്തീഭേദമനുസരിച്ച്‌ വർണ്ണവ്യത്യാസങ്ങളും ദേവതാഭേദവുമനുസരിച്ച്‌ വീഥിയിൽ വൈവിദ്ധ്യമാർന്ന ലതകളും ഒക്കെ വരയ്‌ക്കാൻ പത്‌മങ്ങളുടെ പ്രമാണശാസ്‌ത്രങ്ങളിൽ പറയുന്നുണ്ട്‌. പത്‌മങ്ങളിലെ കണക്ക്‌ പത്‌മങ്ങളുടെ നിർമ്മാണത്തിൽ കൃത്യമായ കണക്കുകളുണ്ട്‌. തന്ത്രസമുച്ചയം പടലം 12 ശ്ലോകം 53 തുടങ്ങിയ ശ്ലോകങ്ങൾ ഭദ്രകപത്‌മത്തിന്റെ കണക്കുകൾ മാത്രം പ്രതിപാദിക്കുന്നവയാണ്‌. “പതിനെട്ട്‌ പുടങ്ങളെകൊണ്ട്‌ മുന്നൂറ്റി ഇരുപത്തിനാല്‌ പദങ്ങളോടുകൂടി സമചതുര ക്ഷേത്രത്തെയുണ്ടാക്കി അതിന്റെ നടുവിൽ മുൻപേ ഇരുന്നൂറ്റി അമ്പത്തിയാറ്‌ പദങ്ങളെ കൊണ്ട്‌ വിധിപോലെ ഭദ്രകമെന്ന പത്‌മത്തെ ഉണ്ടാക്കിയാൽ ഭദ്രകത്തിന്റെ പുറത്ത്‌ എട്ടുവരിയായിട്ട്‌ 68 പത്‌മങ്ങൾ ഉളളതിനാൽ ദിക്കുനാലിലും കോണുകൾ നാലിലും ആറാറ്‌ പത്‌മങ്ങളെക്കൊണ്ടുതന്നെ ഒടുക്കത്തിന്റെ അടുത്ത പദങ്ങൾ രണ്ടുപുറത്തും പാദിപദത്തിൽ അഗ്രത്തോടുകൂടി ഇരിക്കുന്ന ഇട്ടുശക്തികളെ ഉണ്ടാക്കണം.” ഇതുപോലുളള അതിസൂക്ഷ്‌മമായ അളവുകളും തോതുകളുമാണ്‌ തുടർന്നുവരുന്ന ശ്ലോകങ്ങളിലും വിഷയം. പത്‌മങ്ങളുടെ ത്രിമാനതയുടെ കണക്കുകളും ഇങ്ങനെയുണ്ട്‌. കൃത്യമായ വർണ്ണവും രൂപവും പറയാത്ത ഭാഗങ്ങളും പല പത്‌മങ്ങളിലും ഉണ്ട്‌. ഇവയിൽ വരയ്‌ക്കുന്ന ലതകളിലും നിറയ്‌ക്കുന്ന വർണ്ണങ്ങളിലും പ്രാദേശികഭേദങ്ങൾ ധാരാളമുണ്ട്‌. ചക്രാബ്‌ജ പത്‌മത്തിൽ വടക്കൻ സമ്പ്രദായപ്രകാരം വീഥി തിരിച്ച്‌ അഞ്ചിൽ രണ്ടുഭാഗം ഉളളിൽ ചേർത്ത്‌ അരവും നേമിയും ഉണ്ടാക്കുന്നു. ബാക്കിഭാഗം ലത ഉണ്ടാക്കുന്നു. എന്നാൽ തെക്കൻ സമ്പ്രദായത്തിൽ ലത ഒഴിവാക്കി അവിടെ ചുവപ്പ്‌ നിറയ്‌ക്കുകയാണ്‌ പതിവ്‌. ഇത്‌ അനുവദനീയമാണെന്നും അങ്ങനെ ധാരാളം മാറ്റങ്ങൾ പത്‌മങ്ങളിലെ സ്വതന്ത്രമായ മേഖലകളിൽ നടന്നുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. പഞ്ചഭൂതമയവും ത്രിഗുണാത്‌മകവുമായ പത്‌മശരീരം ദേവതാസാന്നിദ്ധ്യത്തിന്റെ ആകാരം തന്നെയായിമാറുന്ന കാഴ്‌ചയാണ്‌ താന്ത്രികപത്‌മങ്ങളിൽ കാണുന്നത്‌.
            

No comments:

Post a Comment