കളരിവാതുക്കൽ ഭഗവതി ക്ഷേത്രം
മുക്കുവ സമുദായത്തിൽപ്പെട്ടവർ വളപട്ടണം പുഴയിൽ മത്സ്യം പിടിക്കാറുണ്ടായിരുന്നു. ഒരു ദിവസം അവരിൽ ശ്രേഷ്ടനായ ഒരു മുക്കുവൻ പുഴയിൽ നിന്നും മത്സ്യം പിടിക്കുന്ന സമയത്ത് പുഴക്കടവിൽ വെച്ച് സ്ത്രീ ശബ്ദത്തിൽ ഒരശരീരി കേൾക്കുവാൻ ഇടയായി. “ഞാനും വരട്ടെ” എന്നാണ് കേൾക്കുവാൻ ഇടയായത്. എല്ലാ ദിവസവും തുടർച്ചയായി കേൾക്കുവാൻ ഇടയായപ്പോൾ കേട്ട ശബ്ദം കാണാമറയത്തുള്ള ആദിപരാശക്തിയുടെതാണെന്ന് ഉൾബോധം ഉണ്ടായി. ആ ശക്തിക്ക് നിത്യം വസിക്കുവാൻ വേണ്ട സ്ഥലം കണ്ടെത്തി അവിടെ 27 നക്ഷത്ര വൃക്ഷങ്ങൾ നട്ടു പിടിപ്പിച്ച് നടു സ്ഥലത്തായി ചെറിയ ഇരിപ്പിട സ്ഥാനവും നിർമ്മിച്ചതിനു ശേഷം അശരീരി ശ്രവിച്ചപ്പോൾ "വരാവുന്നതാണ്" എന്നു അറിയിച്ച സമയത്തു തന്നെ ഒരു തൃപ്പാദം വളപട്ടണം കോട്ടയിലും മറ്റേ പാദം ക്ഷേത്ര സ്ഥാനത്തും വെച്ചു. ആദിപരാശക്തിക്ക് മലർ, ചക്ക എന്നിവ നിവേദ്യമായി സമർപ്പിച്ചു. പരാശക്തിയുടെ ഉഗ്രരൂപം കണ്ട മാത്രയിൽ ഭയം കൊണ്ട് വിറച്ച് കിഴക്കുവശത്തുള്ള വഴി അടച്ച് ആ ബാലൻ പുറത്തേക്കോടിപ്പോയി എന്നാണ് ഐതിഹ്യം.
കണ്ണൂർ ജില്ലയിലെ വളപട്ടണം വില്ലേജിലാണ് ഈ മഹൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പരശുരാമ പ്രതിഷ്ടിതമായ 108 ദേവീക്ഷേത്രങ്ങളിൽ ഒന്നാണ് കളരിവാതുക്കൽ ഭഗവതി ക്ഷേത്രം. അസുരന്മാരെ നിഗ്രഹിച്ച ആദിപരാശക്തിയായ ദേവിയാണ് കളരിവാതുക്കൽ ഭഗവതിയായി ഇവിടെ നിലകൊള്ളുന്നത്. ദാരികനെയും, രുരുവിനെയും വധിച്ച് കോപം ശമിക്കാതെ അട്ടഹസിക്കുന്ന ദേവിയെ ശാന്തയാക്കാൻ ശിവനും ഭൂതഗണങ്ങളും പ്രത്യക്ഷപ്പെട്ട് ആടിയും പാടിയും ദേവിയെ ശാന്തയാക്കി. അങ്ങനെ ശാന്തയും, വരദയുമായ ദേവീചൈതന്യത്തെ അതേ രീതിയിൽ വരിക്കപ്ലാവിൽ കൊത്തിയ ദാരുശിൽല്പമാണ് കാണുന്ന ദേവീ വിഗ്രഹം. ശക്തേയ വിധി പ്രകാരമുള്ള പൂജ ചെയ്യപ്പെടുന്ന പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് കളരിവാതുക്കൽ ഭഗവതി ക്ഷേത്രം. ഈ ക്ഷേത്രത്തിന് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. ഏകദേശം 1000 വർഷങ്ങൾക്ക് മുൻപ് കോലത്തിരി രാജവംശംമാണ് (മൂഷിക വംശം) വളപട്ടണം ആസ്ഥാനമാക്കി രാജ്യം ഭരിച്ചിരുന്നത്. ഇപ്പോൾ ചിറക്കൽ രാജവംശം എന്നാണ് അറിയപ്പെടുന്നത്. കോലത്തിരി രാജവംശം അവരുടെ കുലദേവതയായിട്ടാണ് ദേവിയെ ആരാധിച്ചു വരുന്നത്. വളഭൻ രണ്ടാമൻ രാജാവായിരുന്നു വളപട്ടണം കോട്ട നിർമ്മിച്ചത്. കോലത്തു നാട്ടിലെ ഏറ്റവും വലിയ കളരിയായ വളോർ കളരിയുടെ പ്രധാന പ്രവേശന കവാടത്തിനടുത്തായിരുന്നു ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്. അതു കൊണ്ടാണ് കളരിവാതുക്കൽ എന്ന പേർ സിദ്ധിച്ചത്.
ഭഗവാൻ ശിവൻ കിഴക്കോട്ടയും, ഭഗവതി പടിഞ്ഞാറോട്ടായും ആണ് ദർശനം. ഏകദേശം 6 അടി ഉയരത്തിലുള്ള ഭഗവതിയുടെ വിഗ്രഹം ദാരുശില്പത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. ശിവഭഗവാന്റെ നെഞ്ചിൽ കാൽ കയറ്റി വെച്ച് നിൽക്കുന്നതായിട്ടാണ് വിഗ്രഹം നിലകൊള്ളുന്നത് (പ്രേതാരൂഢ പ്രതിഷ്ട). ശാന്താകാരിയും, വരദയുമായാണ് ദേവി. വിശിഷ്ടമായ ദേവീ വിഗ്രഹത്തിൽ നാലു തൃക്കൈകളിൽ ഖണ്ഡ്ഗം, താമര, കപാലം, ദർപ്പണം എന്നിവയാണ് ഉള്ളത്. ദേവിയുടെ മുന്നിലായി എഴുന്നള്ളിക്കുന്ന പഞ്ചലോഹ നിർമിതമായ വിഗ്രഹവുമുണ്ട്.
ക്ഷേത്രത്തിന്റെ വടക്കു കിഴക്ക് ഭാഗത്ത് ക്ഷേത്രപാലകനും, ഈശാന കോണിൽ സപ്തമാത്യക്കളുടെ കോവിലിൽ ബ്രാഹ്മണി, മഹേശ്വരി, കൗമാരി, വൈഷ്ണവി, ഇന്ദ്രാണി, ചാമുണ്ടേശ്വരി എന്നീ സപ്തമാത്യക്കളുടെയും, ഗണപതി, വീരഭദ്രൻ, എന്നിവരുടെ പ്രതിഷ്ടയുമുണ്ട്. തെക്കുപടിഞ്ഞാറു ഭാഗത്തായി ഒരു മണ്ഡപവും ഉണ്ട്. എല്ലാ ദിവസവും ദേവിയുടെ തിരുവായുധം എഴുന്നള്ളിച്ചു വെക്കുന്നത് ഇവിടെയാണ്.കളത്തിലരി പൂജയും, പാട്ടും ഈ മണ്ഡപത്തിൽ വെച്ചാണ് നടത്തി വരുന്നത്.
ദിവസവും നാല് പൂജകളുണ്ട്. രാവിലെ 5 മണിക്ക് നട തുറന്ന് അഭിഷേകം നടത്തി 7.30 ന് ഉഷപൂജ കഴിഞ്ഞ ശേഷമാണ് ഭക്തർക്ക് പ്രവേശനം. പന്തീരടിപൂജ ഉച്ചക്ക് 12.00 മണിക്കും ഉച്ചപൂജ വൈകുന്നേരം 6.00 മണിക്കും അത്താഴപൂജ രാത്രി 8.00 മണിക്കും ആണ് നടത്തപ്പെടുന്നത്. മന്ത്രതന്ത്രങ്ങൾ പഠിച്ച പിടാരര് സമുദായക്കാരാണ് പൂജാദികർമ്മങ്ങൾ നടത്തി വരുന്നത്. കൗള സബ്രദായത്തിൽ മദ്യമാംസത്തോടു കൂടിയുള്ള ശാക്തേയ പൂജയാണ്. ഇപ്രകാരം ഭദ്രകാളി പൂജ നടത്തുവാൻ പിടാരരെ കാശ്മീരിൽ നിന്നും കൊണ്ടുവന്നതാണെന്നു ഐതീഹ്യം. മന്ത്രതന്ത്ര പ്രകാരം മദ്യത്തെ അമ്യതായി സങ്കൽപ്പിച്ചാണ് ദേവിക്ക് നിവേദിക്കുന്നത്. പ്രധാന പൂജാരി മൂത്തപിടാരര് ആണ് പ്രധാന പൂജകൾ ചെയ്യുന്നത്. കൂടാതെ ഇളയ പിടാരര്, പിടാരര് എന്നീ സ്ഥാനികരും ഉണ്ട്. ക്ഷേത്രതന്ത്രി സ്ഥാനം കട്ടുമാടം മനക്കാണ്.
ക്ഷേത്രത്തിനു ചുറ്റും ഇടതൂർന്ന മരങ്ങളും,വള്ളികളും ഉള്ള കാവാണ്. ക്ഷേത്രത്തിനു വടക്ക് ഭാഗത്ത് കുറച്ചകലെയായിട്ടാണ് വളപട്ടണം കോട്ട ഉള്ളത്. മൂഷിക രാജവംശത്തിലെ വളഭൻ രണ്ടാമൻ നിർമ്മിച്ചതാണ് ഈ കോട്ട എന്നാണ് ചരിത്രം. പൂര ഉത്സവ സമയത്ത് ദേവീവിഗ്രഹം കോട്ടയിലേക്ക് എഴുന്നള്ളിച്ചുകൊണ്ടു പോകുന്നു. ടിപ്പുവിന്റെ അക്രമണത്തിലാണ് കോട്ട തകർക്കപ്പെട്ടത്. കോട്ടയുടെ അവശിഷ്ടങ്ങൾ ഇന്നും അവിടെ കാണാം. ദാരികൻ തുടങ്ങിയ ഒട്ടേറെ അസുരന്മാരെ വധിച്ച ശേഷം ഉഗ്രരൗദ്രഭാവമായിരുന്നു ദേവിയുടെത്. കോപശമനത്തിനായിട്ട് പിതാവായ ഭഗവാൻ ശിവൻ രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ ദേവിയുടെ മുമ്പിൽ കിടത്തി. സ്വന്തം കുഞ്ഞുങ്ങളെ
കണ്ട അമ്മയെ പോലെ വാരിയെടുത്ത് മുലപ്പാൽ നൽകുകയും അങ്ങിനെ കോപം പകുതി ശമിക്കുകയും ചെയ്തു. ആ രണ്ടു കുഞ്ഞുങ്ങളാണ് വീരഭദ്രൻ എന്നും ക്ഷേത്രപാലകൻ എന്നും അറിയപ്പെടുന്നത്. ദേവിയുടെ രൗദ്രഭാവം പൂർണ്ണമായി ശമിപ്പിക്കുവാൻ വേണ്ടി മഹർഷിമാരും, ദേവഗണങ്ങളും, ഭൂതഗണങ്ങളും വാഴ്തി സ്തുതിക്കുകയും അതിനു ശേഷം ശാന്താകാരയും, കാരുണ്യവതിയുമായാണ് ഭഗവതി ശ്രീകോവിലിൽ വിരാജിക്കുന്നത്.
ക്ഷേത്രത്തിലെ പ്രധാനപ്പെട്ട വഴിപാടുകൾ നിറമാല, വലിയ പൂജ, വലിയ വട്ടളം പായസം, അകപൂജ, ശക്തിപൂജ, ശത്രുസംഹാര പൂജ, സ്വയംവരപൂജ എന്നിവയാണ്. പ്രധാനപ്പെട്ട അഞ്ച് ഉത്സവങ്ങളാണ് ക്ഷേത്രത്തിൽ ആഘോഷിക്കുന്നത്. തുലാമാസത്തിലെ കളത്തിലരി പൂജ, വൃശ്ചികത്തിലെ മണ്ഡലപൂജ, മകരത്തിലെ പാട്ടുത്സവം, മീനമാസത്തിലെ പൂര മഹോത്സവം, ഇടവമാസത്തിലെ കളിയാട്ടം എന്നിവയാണ്. ഇവ കൂടാതെ ചിങ്ങത്തിൽ പുത്തരി, അത്തം ചതുർത്ഥി, കന്നിമാസത്തിൽ നവരാത്രി, കുംഭത്തിൽ ശിവരാത്രി, മേടത്തിൽ പ്രതിഷ്ടാദിവസം, കർക്കിടകത്തിൽ നിറ എന്നിവയും ആഘോഷദിവസങ്ങൾ തന്നെയാണ്.
No comments:
Post a Comment