ഐവർകളി
പ്രധാനമായും കാളീചരിതം പ്രതിപാദിച്ച് വള്ളുവനാടൻ പ്രദേശങ്ങളിൽ അവതരിപ്പിയ്ക്കപ്പെടുന്ന അനുഷ്ഠാനകലയാണ് ഐവർകളി. പാണ്ഡവർകളി, ഐവർനാടകം, തട്ടിന്മേൽകളി, കണ്ണിൽകുത്തിക്കളി എന്നും പേരുകളുണ്ട്. ഗുരുക്കന്മാരിൽ നിന്നും പകർന്നുകിട്ടിയ ചുവടുകളും കൈമുദ്രകളും തലമുറകളായി കൈമാറിവന്ന താളിയോലഗ്രന്ഥങ്ങളിലെ കീർത്തനങ്ങളും അഭ്യസിച്ചതിനു ശേഷമാണ് കളിക്കാർ തട്ടിലേറുന്നത്. ഇവർക്ക് വ്രതം നിർബന്ധമാണ്. രാമായണത്തിലേയോ ഭാരതത്തിലേയോ കഥകൾ പ്രമേയമാക്കിയാണ് ഈ കളി. ഇതിലെ പാട്ടുകൾ ചമ്പൂഗദ്യം പോലെ നീട്ടിച്ചൊല്ലുന്നവയാണ്. ക്ഷേത്ര മതലിനു വെളിയിൽ മൂന്നോ നാലോ അടി ഉയരത്തിൽ കെട്ടിയുണ്ടാക്കിയ തറയിലാണ് കളി അരങ്ങേറുന്നത്. ഇതാണ് തട്ടിന്മേൽ കളി എന്ന പേരുവരാൻ കാരണം.
കാളീഭക്തനായ കർണ്ണനെ പാണ്ഡവർ വധിച്ചതറിഞ്ഞ് രൗദ്രവേഷം പൂണ്ട് പാണ്ഡവരെ നശിപ്പിക്കാൻ പുറപ്പെട്ട ഭദ്രകാളിയെ തൃപ്തിപ്പെടുത്താൻ ശ്രീകൃഷ്ണൻ പാണ്ഡവർക്ക് ഉപദേശിച്ച് കൊടുത്തതാണ് ഈ അനുഷ്ഠാനം എന്ന് ഐതിഹ്യം. കാളീകോപം തിരിച്ചറിഞ്ഞ ശ്രീകൃഷ്‌ണൻ പാണ്ഡവന്മാരെ വരുത്തി ദേവിയെ സ്‌തുതിച്ച് പാട്ടുപാടി കളിച്ചു ദേവീപ്രീതിനേടണമെന്നു നിർദ്ദേശിച്ചു. ശ്രീകൃഷ്‌ണൻതന്നെ നടുവിൽ വിളക്കായി നിന്നുകൊണ്ട് പാട്ടുപാടിക്കൊടുത്തു പാണ്ഡവന്മാരെ കളിപ്പിച്ചു. ഇതിന്റെ ഫലമായി ദേവി പ്രസാദിച്ച് പാണ്ഡവരെ അനുഗ്രഹിച്ചു എന്നാണ് ഐതിഹ്യം. ഭദ്രകാളിസ്‌തുതിക്കു പുറമേ ശ്രീകൃഷ്‌ണചരിതവും രാമായണവും ഐവർകളിപ്പാട്ടിനു വിഷയമാകാറുണ്ട്. സീതാവിരഹത്താൽ ദുഃഖിതനായ രാമനെ സന്തോഷിപ്പിക്കാൻ സുഗ്രീവാദികൾ നടത്തിയ വിനോദമാണ് എന്നും കഥയുണ്ട്. വേല, താലപ്പൊലി ഇവയോടനുബന്ധിച്ചാണ് ഇത് അവതരിപ്പിക്കുക.
ആശാരി, മൂശാരി, കരുവാൻ, തട്ടാൻ, വേലക്കുറുപ്പ് (കല്ലാശാരി) എന്നീ 5 കൂട്ടർ പാടിക്കളിയ്ക്കുന്നതുകൊണ്ടാണ് ഇപ്രകാരം പേർവന്നത്. ഐങ്കുടിക്കമ്മാളർക്കു പുറമേ വേട്ടുവരും കണിയാന്മാരും ഇത് കളിക്കാറുണ്ട്. മധ്യതിരുവിതാംകൂറിൽ ഈഴവരും ഈ കളി നടത്താറുണ്ട്.
തറയിൽ മുളംപന്തലിട്ട് കുരുത്തോലകൊണ്ട് തോരണം തൂക്കുന്നു. എഴുതിരിയിട്ട വിളക്കിനുമുമ്പിൽ (ചിലപ്പോൾ ഐന്തിരി) നാക്കിലയിൽ അരി, പൂവ്, നാളീകേരം എന്നിവ വച്ച് പ്രാരംഭ ചടങ്ങെന്നോണം വിളക്കിനെ വന്ദിച്ച് തൊഴുകയ്യോടെ ചുവട് വയ്ക്കുന്നു. അഞ്ചോ, ഏഴോ, ഒൻപതോ, പതിനൊന്നോ കളിക്കാരാണ് ഉണ്ടാവുക. കരചരണങ്ങളുടേയും മെയ്യഭ്യാസത്തിന്റേയും വേഗതയനുസരിച്ച് ചലനങ്ങളെ ഒന്നാംചുവടെന്നും രണ്ടാംചുവടെന്നും തുടങ്ങി എട്ട് ചുവടുകൾ വരെ തിരിച്ചിരിയ്ക്കുന്നു. ഈ നൃത്തനാടകം വട്ടക്കളി, പരിചകളി, കോൽക്കളി എന്നിങ്ങനെ സന്ദർഭാനുസരണം തിരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. തരിച്ചിലമ്പു പിടിപ്പിച്ച ചെറുകോലുകൾ കുലുക്കിയുള്ള നൃത്തം പ്രധാനമാണ്.
ഐവർനാടകം തികച്ചും ഗാനപ്രധാനമായൊരു ദൃശ്യകലാരൂപമാണ്. ഈ കളിയ്ക്കുവേണ്ടി താളം പിടിയ്ക്കാൻ കുഴിത്താളവും പൊന്തിയുമാണ് ഉപയോഗിയ്ക്കുന്നത്. 927-ൽ മംഗളോദയം പ്രസ്സിൽനിന്നു പ്രസിദ്ധീകരിച്ച പാട്ടുകൾ എന്ന പേരിലുള്ള ഗ്രന്ഥാവലിയിൽ ഐവർ കളിപ്പാട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്. രാമായണ ഭാരതേതിഹാസകഥകളെ ആസ്‌പദമാക്കി രചിച്ചിട്ടുള്ള "ഒളരിക്കരപ്പാട്ട്" "നമ്പോർക്കാവിലെപ്പാട്ട്" തുടങ്ങിയ ഏറെ ജനപ്രീതിനേടിയ ഐവർകളിപ്പാട്ടുകളാണ്. ശേഖരിച്ച ഐവർകളിപ്പാട്ടുകളിൽ മിക്കവയുംതൃശൂർ ജില്ലയിൽ നിന്നായതിനാൽ ഈ പ്രദേശത്തെ ഐങ്കുടിക്കമ്മാളരുടെ പ്രാദേശിക ഭാഷാസ്വരൂപം ഈ പാട്ടുകളിൽ പ്രകടമാണ്.
കാളീചരിതങ്ങൾക്കു പുറമേ രാമായണം, മഹാഭാരതം, കല്യാണസൗഗന്ധികം, ശ്രീകൃഷ്ണകഥകൾ, നള-ദമയന്തി കഥകളും ഇതിൽ അവതരിപ്പിയ്ക്കപ്പെട്ടുപോരുന്നു.
No comments:
Post a Comment