6 January 2021

സ്വയംപ്രഭ

സ്വയംപ്രഭ

സീതാന്വേഷണത്തിനിടയിൽ ദാഹിച്ചു വലഞ്ഞ വാനരവീരർ, പുല്ലുകൾ, കുറ്റിച്ചെടികൾ, വള്ളികൾ തുടങ്ങിയവയാൽ മൂടപ്പെട്ട ഒരു ഗുഹയുടെ അരികിൽ എത്തിച്ചേർന്നു. അപ്പോൾ ആ ഗുഹയിൽ നിന്നും പറന്നുയർന്ന പക്ഷികളുടെ ചിറകുകളിൽ നിന്നും വെള്ളം ഇറ്റിറ്റു വീണതുകണ്ട വാനരർ അതിനുള്ളിൽ കുടിവെള്ളമുണ്ടെന്നു മനസ്സിലാക്കി.

''നല്ല ജലമിതിലുണ്ടെന്നു നിർണ്ണയ-
മെല്ലാവരും നാമിതിലിറങ്ങീടുക''. എന്നുപറഞ്ഞുകൊണ്ട് ഹനുമാൻ ആദ്യം ഇരുളടഞ്ഞ ആ ഗുഹക്കുള്ളിൽ പ്രവേശിച്ചു. പിന്നാലെ മറ്റുവാനരന്മാരും ഒന്നിനുപിന്നാലെ മറ്റൊന്നായി അന്യോന്യമൊത്തു കയ്യുംപിടിച്ച് ആകുലത്തോടെ ഗുഹയിൽ പ്രവേശിച്ചു. കുറച്ചുദൂരം ചെന്നപ്പോൾ കാഴ്ചയിൽ പരമാനന്ദമുളവാക്കുന്ന അതി ധന്യമായ ഒരു ദേശസ്ഥലം അവർക്ക് കാണാൻ സാധിച്ചു. അവിടെ സ്പടികതുല്യം നല്ല തെളിഞ്ഞ ജലമുള്ള അനേകം തടാകങ്ങളും, മുധുരഫലങ്ങൾ നിറഞ്ഞ കൽപ്പവൃക്ഷങ്ങളും, പുഷ്പലതാദികളും, തേൻ നിറഞ്ഞ മധുകോശങ്ങളും, അലങ്കാരത്തോടുകൂടിയതും ഭക്ഷ്യഭോജസാമഗ്രികൾ നിറഞ്ഞ സർവ്വഗുണ സമ്പന്നമായതും ദേവഗ്രഹങ്ങൾക്കു  തുല്യമായ മനുഷ്യരഹിത ഭവനങ്ങളും കാണപ്പെട്ടു. അപ്പോൾ അവിടെ ആ ദിവ്യഭവനങ്ങളിലൊന്നിൽ രത്നങ്ങളോടുകൂടിയ സ്വർണ്ണസിംഹാസനത്തിൽ വൽക്കലം ധരിച്ച്‌ ധ്യാനമഗ്നയായ ഒരു തപസ്വിനിയെ അവർ കണ്ടു. ആ തപസ്വനി സദാ സ്വയംപ്രകാശിച്ചുകൊണ്ടിരുന്നതിനാൽ ''സ്വയംപ്രഭ'' എന്ന പേര് ലഭിച്ചു. ആ തപസ്വനിയെക്കണ്ട് അവർ ഭക്തിയോടെയും ഭീതിയോടെയും വണങ്ങി. വാനരസത്തന്മാരെക്കണ്ട യോഗിനി സന്തോഷത്തോടുകൂടി അവരുടെ വൃത്താന്തമെല്ലാം കേട്ടറിഞ്ഞു.

''നിങ്ങളാരാകുന്നതെന്നു പറയണ-
മിങ്ങു വന്നീടുവാൻ മൂലവും ചൊല്ലണം
എങ്ങനെ മാർഗ്ഗമറിഞ്ഞവാറെന്നതു-
മെങ്ങിനിപ്പോകുന്നതെന്നും പറയണം.''

ഹനുമാനിൽനിന്നും ശ്രീരാമവൃത്താന്തങ്ങളെല്ലാമറിഞ്ഞ വിഷ്ണുഭക്തയായ സ്വയംപ്രഭ അവരോടു പക്വ ഫലങ്ങളും ഭക്ഷിച്ച് ജലപാനവും ചെയ്ത് തെളിഞ്ഞബുദ്ധിയോടെ വരുവാൻ നിർദ്ദേശിച്ചു. അതനുസരിച്ച്‌ വാനരർ വിശപ്പും ദാഹവുമകറ്റി. എന്നിട്ട് ചിത്തം തെളിഞ്ഞ് ദേവിയുടെ മുന്നിലെത്തി കൈകൂപ്പി വണങ്ങിനിന്നു.

സ്വയംപ്രഭാഗതിയെ ആത്മീയപരമായി എങ്ങനെ നമുക്ക് മനസ്സിലാക്കാം?

രാമായണത്തിലെ സ്വയംപ്രഭയും അവരുടെ താമസസ്ഥലവും സീതാന്വേഷണത്തിനു പോകുന്ന വാനരന്മാരെ, പ്രത്യേകിച്ച് ഹനുമാനെ, കാണുന്നതും ഒക്കെ ഒരുഭാവനയെന്നോണം അനുവാചകർക്ക് അനുഭവപ്പെടാം. ഇവിടെ എടുത്തുപറയേണ്ട ചില വസ്തുതകൾ കാണുന്നുണ്ട്. അതിലൊന്നാമത്തേത് 'ത്രിമൂർത്തിസംഗമം' എന്ന വസ്തുതയാണ്. അതായത്, വിശ്വത്തെ സൃഷ്ടിച്ചയാളാണല്ലോ വിശ്വസ്രഷ്ടാവ് അഥവാ വിശ്വകർമ്മാവ്. സൃഷ്ടിക്കുമുമ്പ് സർവ്വം ശൂന്യമായിരുന്നു.  അതിനാൽ ഈ ബ്രഹ്മം, തന്നിലെ ആദിശക്തി, ഇച്ഛാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി, പരാശക്തി എന്നീ പഞ്ചശക്തികളെ ജ്വലിപ്പിച്ചു. ഈ പഞ്ചശക്തികൾ യഥാക്രമം സദ്യോജാതം, വാമദേവം, അഘോരം, തൽപ്പുരുഷം, ഈശാനം എന്നി പഞ്ചമുഖങ്ങൾ. ആയി പരിണമിച്ചു. അങ്ങനെ കേവലബ്രഹ്മം പഞ്ചമുഖബ്രഹ്മമായി പ്രപഞ്ചത്തെസൃഷ്ടിച്ചു എന്ന് മത്സ്യപുരാണത്തിൽ പറയുന്നു.

“യത് കിഞ്ചിത് ശിൽപം  തത് സർവ്വം വിശ്വകർമ്മജം"

ഋഗ്, യജുർ, സാമ, അഥർവ വേദങ്ങളിൽ പല അദ്ധ്യായങ്ങളിലും വിശ്വകർമ്മാവിനെ ഏകനായും പാലകനായും സ്രഷ്ടാവായും ഒക്കെ സ്തുതിക്കുന്ന ഒട്ടേറെ സൂക്തങ്ങൾ ഉണ്ട്. അങ്ങനെ വിശ്വകർമ്മാവ് സൃഷ്ടികർത്താവ് എന്ന നിലയിൽ അറിയപ്പെടുന്നു. അദ്ദേഹത്തിൻ്റെ മകളാണ്  'ഹേമ'. അനേകായിരം സംവത്സരം ആ ധന്യദേശസ്ഥലത്തു  താമസിച്ചിട്ടാണ് ഹേമ സ്വർഗ്ഗത്തിലെത്തിയത്. അപ്പോൾ തീർച്ചയായിട്ടും അവിടം ഒരു പുണ്യസ്ഥലം തന്നെയാണ്.

ഇനി, രണ്ടാമത്തേത്, വിഷ്ണുഭക്തയായ സ്വയംപ്രഭയ്ക്ക് ആ ദിവ്യസ്ഥലം ലഭിക്കുന്നത് ഹേമയിൽനിന്നുമാണ്. സ്വയംപ്രഭയാകട്ടെ വിഷ്ണുവിൻ്റെ അവതാരമായ ശ്രീരാമനെ ഭജിച്ചു കഴിഞ്ഞിരുന്നു. ശ്രീരാമൻ അവതരിച്ച വാർത്തയും, രാമലക്ഷ്മണാദികളെ കാണുവാനിടവരുന്നതും വാനരന്മാർനിമിത്തമാണ്. അതോടെ ശ്രീരാമാദികളുടെ ദിവ്യദർശനം ലഭിക്കുകയും ബദര്യാശ്രമത്തിൽപോയി ശ്രീരാമനെ സ്മരിച്ചുകൊണ്ട് സ്വയംപ്രഭ മുക്തി നേടുകയുമാണുണ്ടായത്.

ഇനി, മൂന്നാമത്തേത്, പരമശിവൻ, ഹേമ എന്നനർത്തകിയുടെ നൃത്തത്തിൽ സന്തുഷ്ടനായി ആ ദിവ്യപുരം ഹേമയ്ക്ക് സമ്മാനിച്ചതാണ്. അപ്പോൾ അദ്ദേഹത്തിൻ്റെപങ്കും ഇതിൽ നിഷേധിക്കാൻ പറ്റില്ല.

അങ്ങനെ ഈ മൂന്നുപേരും (ബ്രഹ്മാവിഷ്ണുമഹേശ്വരർ) ഇവിടെ ഒരുമിച്ചുസംഗമിച്ച് ഒരു മായാലോകംസൃഷ്ടിച്ച് വാനരവീരന്മാർക്ക് ഭോജനവും അമൃതിനുതുല്യമായ പാനീയങ്ങളും നൽകി അവർക്ക് സീതാന്വേഷണത്തിനു വേണ്ടിയുള്ള ഊർജ്ജവും അനുഗ്രഹാശിസ്സുകളും നൽകിയതായിരിക്കാം എന്ന്, സ്വയംപ്രഭയുടെയും അവരുടെ ദിവ്യപുരത്തിൻ്റെയും വിവരണത്തിൽക്കൂടി നമുക്ക് വിശ്വസിക്കാം.

ദേവകാര്യാർത്ഥം ദേവന്മാർ ഭൂമിയിൽ  പ്ലവക (വാനര) കുലത്തിൽ ജനിച്ചവരാണെങ്കിലും, അവർക്ക് വാനര ചേഷ്ടകൾ സ്വാഭാവികമായിരിക്കും. കാര്യഗൗരവം, ഉത്തരവാദിത്വം മുതലായവയിൽ ലോഭവും ലൗകികസുഖങ്ങളിൽ തൽപ്പരന്മാരുമായിട്ടായിരുന്നു കാണപ്പെട്ടത്. അങ്ങനെയുള്ളവരെ മായാജാലത്തിൽക്കൂടി ഫലമൂലാദികളും ജലവും നൽകി (ജ്ഞാനം വർദ്ധിപ്പിച്ച്), ത്രിമൂർത്തികളുടെ പ്രതിനിധിയായ ഒരുതപസ്വിനിയുടെ നിർദ്ദേശ പ്രകാരം അവരെ ജ്ഞാനോദയത്തിലേയ്ക്ക് ഉയർത്തിയതും. അതുകൊണ്ടാണ് കണ്ണടപ്പിച്ച് വാനരരെ മായയിൽ നിന്നും പുറത്തെത്തിച്ചത് എന്നും അനുമാനിക്കാം. രാമായണത്തിലെ ആത്മീയവഴിത്തിരിവായിട്ടാണ് പണ്ഡിതർ ഇതിനെ സൂചിപ്പിക്കുന്നതും വിലയിരുത്തുന്നതും. മനുഷ്യർ മായയിൽനിന്നും മുക്തിനേടുമ്പോഴാണ് സന്മാർഗ്ഗ സഞ്ചാരിയാകുന്നത്.

ഇനി നമുക്ക് സ്വയംപ്രഭ ആരായിരുന്നു എന്ന് പരിശോധിക്കാം.

സ്വയംപ്രഭ മേരുസാവർണ്ണി എന്ന ഗന്ധർവ്വൻ്റെ പുത്രിയും, ദേവനർത്തകിയായ ഹേമയുടെ  സഖിയുമാണ്. ഹേമ
വിശ്വകർമ്മാവിൻ്റെ പുത്രിയാണ്. ഹേമയ്ക്ക് ഈ ദിവ്യപുരം നൽകിയത് പരമശിവനാണ്. അതിനുകാരണം ഹേമയുടെ നൃത്തം കണ്ടു സന്തുഷ്ടനായതിനാലാണ്. ഹേമ അവിടെ അനേകായിരം സംവത്സരം താമസിച്ചിരുന്നു. അതുകഴിഞ്ഞ് ഹേമ ഈ സ്ഥലം ഉപേക്ഷിച്ച്‌ ബ്രഹ്മലോകം പ്രാപിച്ചു. '‘ത്രേതായുഗത്തിൽ ദശരഥപുത്രനായ ശ്രീരാമൻ്റെ പത്നി സീതയെ രാവണൻ കട്ടുകൊണ്ടുപോയശേഷം സീതാന്വേഷണത്തിനായി നിയോഗിക്കപ്പെട്ട വാനരശ്രേഷ്ഠന്മാർ ഇവിടെയെത്തുമ്പോൾ അവരെ സത്കരിക്കുകയും, ഉപകാരം ചെയ്തുകൊടുക്കുകയും വേണം. പിന്നീട് നീ ശ്രീരാമനെ കണ്ടുവണങ്ങുകയും ചെയ്യുമ്പോൾ നിനക്കു മുക്തിലഭിക്കും’'  എന്നു സ്വയംപ്രഭയോട് പറഞ്ഞിട്ടാണ് ഹേമ ബ്രഹ്മലോകം പ്രാപിച്ചത്.

സ്വയംപ്രഭ ഹനുമാനോട് ഇക്കഥ പറഞ്ഞിട്ട്, അവരോടു കണ്ണടച്ചീടാൻപറയുകയും, പിന്നീട് അവർകണ്ണുതുറന്നപ്പോൾ പൂർവ്വസ്ഥിതി അടവിയിൽ പ്രവേശിക്കുകയും ചെയ്തു.

"ഭക്ത്യാ പരനെ സ്തുതിച്ചാൽവരും തവ
മുക്തിപദം യോഗിഗമ്യം സനാതനം
ആകയാൽ ഞാനിനി ശ്രീരാമദേവനെ
വേഗേന കാണ്മതിന്നായ്ക്കൊണ്ടു പോകുന്നു
നിങ്ങളെ നേരേ പെരുവഴികൂട്ടുവൻ
നിങ്ങളെല്ലാവരും കണ്ണടച്ചീടുവിൻ
ചിത്തം തെളിഞ്ഞവർ കണ്ണടച്ചീടിനാർ
സത്വരം പൂർവ്വസ്ഥിതാടവി പുക്കിതു
ചിത്രം വിചിത്രം വിചിത്രമെന്നോർത്തവർ
പദ്ധതിയൂടെ നടന്നുതുടങ്ങിനാർ."

പിന്നീട് ആ താപസി വേഗേന ശ്രീരാമസന്നിധിയിലെത്തി  ഭക്തിയോടെ ലക്ഷ്മീശനെ പ്രദക്ഷിണം ചെയ്ത് സ്തുതിച്ച് വീണു നമസ്കരിച്ചു.

''ദാസീ തവാഹം രഘുപതേ! രാജേന്ദ്ര!
വാസുദേവ! പ്രഭോ! രാമ! ദയാനിധേ!
കാണ്മതിന്നായ്ക്കൊണ്ടു വന്നേനിവിടെ ഞാൻ
സാമ്യമില്ലാത ജഗൽപതേ! ശ്രീപതേ!"

പ്രസന്നനായ ശ്രീരാമൻ സ്വയംപ്രഭയോട് ചോദിച്ചു, നിൻ്റെ ഭക്തികൊണ്ട് നീ എന്താണ് കാംക്ഷിക്കുന്നത് ? അതിനുത്തരം സ്വയംപ്രഭ പറഞ്ഞു,

രാമരാമേതി ജപിക്കായ്‌വരേണമേ
രാമപാദേ രമിക്കേണമെന്മാനസം '' 

ചാരുമന്ദസ്മിതം പൂണ്ട ശ്രീരാമൻ സ്വയംപ്രഭയോട് ബദര്യാശ്രമത്തിൽപ്പോയി തപസ്സനുഷ്ഠിച്ചു മോക്ഷം നേടാനാൻ ഉപദേശിച്ചു.

No comments:

Post a Comment