രാമായണ വിശകലനം - 02
പരിശുദ്ധ പ്രേമ ഭക്തിയുടെ പ്രതീകമാണ് അഹല്യ. മനസ്സാകുന്ന ഇന്ദ്രൻ ആഗ്രഹങ്ങളാകുന്ന സങ്കല്പങ്ങൾ കൂടി ചേർന്ന് ഈശ്വര പേമം ജനിച്ച് ജീവനെ ഊർദ്ധ ഗതിയിലേക്ക് നയിച്ച് ജ്ഞാനത്തിലേക്ക് ഉയർത്തുന്ന ഒരു കർമ്മമാണ് അഹല്യ മോക്ഷം. സീതയുമായി അയോദ്ധ്യയിലേക്ക് മടങ്ങുന്ന ശ്രീരാമൻ വഴി മദ്ധ്യത്തിൽ ഭാർഗ്ഗവരാമനെ കണ്ടു മുട്ടുന്നുണ്ട്. ഇവിടെ രണ്ടു രാമന്മാർ ഉണ്ടാകാൻ പാടില്ല എന്ന വാദം ഉയർന്നു വരുന്നുണ്ട്. ജീവാത്മാവും, പരമാത്മാവും അതായത് ജീവനും, ഈശ്വരനും രണ്ടല്ലെന്നും ഒന്നാണെന്നും നമ്മെ ബോധ്യപ്പെടുത്തി തരുന്നു. വിദേഹ രാജ്യം എന്നു വെച്ചാൽ ദേഹം ഇല്ലാത്ത രാജ്യം എന്നർത്ഥം. വിദേഹത്തിലാണ് ജ്ഞാനം എന്ന സംഗതി ഉണ്ടാകുന്നത്. പഠനാന്തരം അയോദ്ധ്യയിൽ മടങ്ങിയെത്തിയ രാമന്റെ പട്ടാഭിഷേകത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി എന്ന് പറയപ്പെടുന്നു. പ്രപഞ്ച പ്രവർത്തികളിൽ നിന്ന് മോചിതനായി ജ്ഞാന നിർവൃതിയിൽ മുഴുകുവാൻ പോകുന്നു എന്നർത്ഥം.
പ്രാരാബ്ധമാകുന്ന ഇച്ഛാശക്തി കൈകേയിയിലൂടെ പട്ടാഭിഷേകത്തിനു ഭംഗം വരുത്തി. ജ്ഞാന പ്രാപ്തിക്കുള്ള അവസരം യോജിച്ചു വന്നാലും പ്രാരാബ്ധം അവസാനിക്കാതെ ഒരു ജീവന് മുക്തിയും, മോക്ഷവും ലഭിക്കുകയില്ല. അതുകൊണ്ടാണ്. യോഗാസനങ്ങളും, ധ്യാന മുറകളും കഠിനമായി അഭ്യസിച്ചിട്ടും കാര്യമായ പുരോഗതി ലഭിക്കാതെ പോകുന്നത്. പ്രജ്ഞ, തുരീയ ഭാവങ്ങളാകുന്ന ഭരത, ശത്രുഘനന്മാരിൽ നിന്ന് അകന്ന് ലോക വ്യാപരത്തിലേക്ക് ഇറങ്ങി ചെല്ലുന്നതാണ് രാമന്റെ കാനന വാസം. ഇച്ഛാശക്തിയും, ക്രിയാശക്തിയും, ജ്ഞാന ശക്തിയും ജീവനെ അങ്ങോട്ടും ഇങ്ങോട്ടും ശക്തിയായി വലിച്ചു ഉലച്ചുവെങ്കിലും പ്രാരാബ്ധമാകുന്ന കൈകേയിയെ തടുക്കുവാൻ ആരാലും കഴിഞ്ഞതുമില്ല. ജ്ഞാനമാകുന്ന ഗംഗ കടന്ന് പ്രപഞ്ച ധർമ്മമാകുന്ന കാട്ടിലെത്തി പ്രാരാബ്ധ ഫലം അനുഭവിക്കുമ്പോഴും സദ്ജന സമ്പർക്കത്തിലൂടെ, താഴേക്ക് അധിപതിക്കാതിരിക്കുവാൻ ഭരദ്വാജൻ, വാത്മീകി എന്നിവരുടെ കൂടെ ചിത്രകൂടത്തിൽ സഹവസിച്ചു താമസമാക്കി. സദ്സഗമം ചെയ്തു കൊണ്ട് തന്നെ ബ്രഹ്മ വിദ്യയെ പരിപോഷിപ്പിച്ചു പോന്നു...
No comments:
Post a Comment