ഗർഭ രക്ഷക്കും ഒരു ക്ഷേത്രം
ഓരോ ക്ഷേത്രത്തിനും ഓരോ കഥകളാണ്... ശാസ്ത്രത്തെയും അതുവരെയുണ്ടായിരുന്ന വിശ്വാസങ്ങളെയും സങ്കല്പങ്ങളെയും ഒക്കെ വെല്ലുവിളിക്കുന്ന ക്ഷേത്രങ്ങൾ നമ്മുടെ നാട്ടിൽ ഒരുപാടുണ്ട്. അത്തരത്തിൽ ഒരു ക്ഷേത്രമാണ് മാവേലിക്കര കുറത്തിക്കാട് മാലിമേൽ ഭഗവതി ക്ഷേത്രവും അവിടുത്തെ അമ്മൂമ്മക്കാവും. ഗര്‍ഭ രക്ഷയ്ക്കും സുഖപ്രസവത്തിനും ഒക്കെയായി സ്ത്രീകൾ ഒരു പക്ഷേ, ആശുപത്രികളേക്കാൾ അധികം വിശ്വസിക്കുന്ന ഒരപൂർവ്വ ദേവസ്ഥാനത്തിന്റെ കഥയാണിത്. ഗര്‍ഭിണികൾക്കും അവരുടെ ഉദരത്തിലെ കുഞ്ഞിനും രക്ഷ നല്കുന്ന, വൈദ്യശാസ്ത്രത്തെ പോലും അമ്പരപ്പിക്കുന്ന വിധത്തിൽ ആളുകള്‍ എത്തിച്ചേരുന്ന അമ്മൂമ്മക്കാവിനെക്കുറിച്ചുള്ള വിശേഷങ്ങൾ അറിയാം...
കേൾക്കുമ്പോൾ തന്നെ അതിശയം തോന്നിപ്പിക്കുന്ന മാലിമേൽ ഭഗവതി ക്ഷേത്രവും അമ്മൂമ്മക്കാവും ആലപ്പുഴ ജില്ലയിൽ മാവേലിക്കരയ്ക്കടുത്ത് തെക്കേക്കര പഞ്ചായത്തിൽ കുറത്തിക്കാട് എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.
മാവേലിക്കരയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നായ മാലിമേൽ ഭഗവതി ക്ഷേത്രത്തിന് ഏകദേശം 900 വർഷം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. പശുവിന്‌റെ രൂപത്തിൽ വന്ന ദേവിയെ കുടിയിരുത്തിയ ക്ഷേത്രം എന്ന നിലയിലാണ് ക്ഷേത്രചരിത്രത്തിൽ പറയുന്നത്. ഭദ്രകാളിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ.
900 വർഷത്തോളം പഴക്കമുള്ള ക്ഷേത്രത്തിൽ ദേവി എങ്ങനെയാണ് എത്തിയത് എന്നതിനു പിന്നിൽ ഒരു കഥയുണ്ട്.നൂറ്റാണ്ടുകൾക്കു മുൻപ് കുറത്തികാട് പുല്ലേലിൽനാടാലയിൽ കുടുംബത്തിലെ കാരണവർ സ്ഥിരമായി ശബരിമല ദർശനം നടത്തിയിരുന്നു. തികഞ്ഞ അയ്യപ്പ ഭക്തനും ദേവീ ഭക്തനുമായ ഇദ്ദേഹം ശബരിമലയിലേക്ക് പോകും വഴി കോഴഞ്ചേരിക്കടുത്തുള്ള അയിരൂർ പുതിയകാവ് ക്ഷേത്രത്തിലും ഭജനം പാർക്കുക പതിവായിരുന്നു. അദ്ദേഹത്തിന്റെ അചഞ്ചലമായ ഭക്തിയിൽ സംപ്രീതയായ ദേവി ഒരിക്കൽ മടക്കയാത്രയിൽ അദ്ദേഹത്തോടൊപ്പം ഒരു പശുക്കിടാവിന്റെ രൂപത്തിൽ ഇന്ന് ക്ഷേത്രം ഇരിക്കുന്ന സ്ഥലത്ത് എത്തി എന്നാണ് വിശ്വാസം
പുല്ലേലിൽനാടാലയിൽ കുടുംബത്തിലെ കാരണവരുടെ കുടുംബത്തിന്റെയും നാടിന്റെയും ഐശ്വര്യത്തിനായി ഇനി ഇവിടെ കുടിയിരുന്നുകൊള്ളാം എന്നു പറഞ്ഞ് ദേവി അപ്രത്യക്ഷയായത്രെ. പിന്നീട് ആ കാരണവർ പശുക്കിടാവായി വന്ന ദേവിക്ക് ഒരു ക്ഷേത്രം നിർമ്മിച്ച് ദേവിയെ അവിടെ കുടിയിരുത്തി എന്നാണ് വിശ്വാസം. മാലിമേൽ ഭഗവതീ ക്ഷേത്രത്തിൽ ഈ കാരണവരെ യോഗീശ്വര ഭാവത്തിൽ ഉപദേവതാ സങ്കല്പത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ഗണപതി, മഹാദേവൻ, വല്യച്ചന്മാർ, യക്ഷിയമ്മ, സർപ്പ ദൈവങ്ങൾ എന്നീ ഉപദേവാലയങ്ങൾ കൂടാതെ അമ്മൂമ്മക്കാവ് എന്ന ഉപദേവതയും ഇവിടെ കുടികൊള്ളുന്നു. മീനത്തിലെ രേവതി നാളിലാണ് ഭഗവതിയുടെ തിരുന്നാള്‍ നടത്തുന്നത്.
കേരളത്തിൽ മറ്റൊരു ക്ഷേത്രത്തിലും കാണുവാൻ കഴിയാത്ത ആചാരങ്ങളാണ് മാലിൽ ക്ഷേത്രത്തിലുള്ളത്. ഗർഭകാലത്ത് ഇവിടെ എത്തുന്ന സ്ത്രീകൾ ദേവിയ്ക്കും അമ്മൂമ്മയ്ക്കും വഴിപാടുകൾ സമർപ്പിക്കുകയാണ് ആദ്യം ചെയ്യുക, പിന്നീട് അമ്മൂമ്മക്കാവിൽ നിന്നും ഒരു കല്ലെടുത്ത് സൂക്ഷിക്കും. ഗർഭകാലം മുഴുവനും ഈ കല്ല് ഒരു സുരക്ഷാ കവചമായി കയ്യിൽ കരുതണം എന്നാണ് വിശ്വാസം. ഇത് സൂക്ഷിക്കുന്നത് ഉദരത്തിലുള്ള ശിശുവിനും അമ്മയ്ക്ക് പിന്നീട് സുഖപ്രസവത്തിനും സഹായിക്കും എന്നുമാണ് വിശ്വാസം. ഗർഭകാലം മുഴുവനും ഈ കല്ല് കയ്യിൽ കരുതണം എന്നാണ് വിശ്വാസം. ഗർഭകാലത്ത് ഏഴാം മാസത്തിനു മുന്‍പായി കല്ലെടുത്ത് വയ്ക്കണം എന്നാണ് വിശ്വാസം.
No comments:
Post a Comment