പാക് ആക്രമണത്തില്‍ നിന്ന് ഇന്ത്യയെ സംരക്ഷിക്കുന്ന തനോട്ട് മാതാ ക്ഷേത്രം..!!
പല തരത്തിലുള്ള ദൈവാനുഗ്രഹ അനുഭവങ്ങള് നാം കേട്ടിട്ടുണ്ട്. മൂവായിരത്തോളം ബോംബുകളെ നിര്വീര്യമാക്കിയ, പാകിസ്താന് ടാങ്കറുകളുടെ വഴിമുടക്കിയ, ഗ്രാമവാസികള്ക്കും പട്ടാളക്കാര്ക്കും അഭയമേകിയ ദേവിയുടെ അനുഗ്രഹകഥയാണ് പാകിസ്താന് അതിര്ത്തിക്ക് സമീപം സ്ഥിതി ചെയ്യുന്ന തനോട്ട് മാതാ ക്ഷേത്രത്തിന് പറയാനുള്ളത്. രാജസ്ഥാനിലെ ഈ ക്ഷേത്രത്തില് അന്ന് നിര്വീര്യമാക്കിയ ബോംബുകള് ഇന്നും സൂക്ഷിച്ചിരിക്കുന്നു.
ജെയ്സാല്മര് നഗരത്തില് നിന്ന് 150 കിലോമീറ്റര് മാറിയാണ് തനോട്ട് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബിഎസ്എഫിന്റെ മേല്നോട്ടത്തിലുള്ള ക്ഷേത്രത്തിനകത്ത് ഷെല്ലുകള് സൂക്ഷിച്ചിരിക്കുന്നു. രാജസ്ഥാന് മരുഭൂമിയുടെ ഭംഗിയും അതിര്ത്തി കാക്കുന്ന ക്ഷേത്രവും കാണാന് വിനോദസഞ്ചാരികളും ധാരാളം ഇവിടെ എത്തിച്ചേരുന്നു. പ്രശസ്ത ബോളിവുഡ് ചിത്രം ‘ബോര്ഡറി’ല് തനോട്ട് ക്ഷേത്രവും അതുമായി ബന്ധപ്പെട്ട കഥകളും പരാമര്ശിക്കുന്നുണ്ട്.
1965-ലെ ഇന്ത്യ-പാക് യുദ്ധത്തിലെ സുപ്രധാന പോരാട്ടകേന്ദ്രമായിരുന്ന ലോങ്കേവാലയുടെ സമീപമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. യുദ്ധത്തില് തനോട്ട് ക്ഷേത്രം തകര്ക്കാനായി ഷെല്ലുകളും ഗ്രനേഡുകളും പാകിസ്താന് പട്ടാളം നിക്ഷേപിച്ചെങ്കിലും സ്ഫോടനം നടന്നില്ല. പിന്നീട് അവ കണ്ടെടുത്ത് ഇന്ത്യന് സൈന്യം നിര്വീര്യമാക്കി. ആ ഷെല്ലുകളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്.
ഒരു തവണ പാക് സേനയുടെ ആക്രമണത്തില് നിന്ന് ഗ്രാമവാസികളും പട്ടാളക്കാരും ക്ഷേത്രത്തില് അഭയം പ്രാപിക്കുകയും ആര്ക്കും അപകടം സംഭവിക്കാതെ പുറത്തിറങ്ങാന് സാധിക്കുകയും ചെയ്തതോടെയാണ് തനോട്ട് മാതായ്ക്ക് ഭക്തര് വര്ധിച്ചത്. കടന്നാക്രമണം നടത്തിയ പാകിസ്താന് ടാങ്കുകള് മണ്ണില് പുതഞ്ഞ് മണിക്കൂറുകളോളം നീങ്ങാനാവാതെ കിടന്നുവെന്നും ഇന്ത്യന് സൈന്യത്തിന് അതിലൂടെ അവരെ തുരത്താനായെന്നുമെല്ലാം നാട്ടുകാര് പറയുന്നു. തനോട്ട് മാതായുടെ ദര്ശനം നടത്താതെ ഒരു പട്ടാളക്കാരനും അതിര്ത്തിയിലേക്ക് പോകാറില്ല. മാതാവിന്റെ അനുഗ്രഹം ഞങ്ങള് എല്ലാവര്ക്കും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്- പട്ടാളക്കാർ സാക്ഷ്യപ്പെടുത്തുന്നു.
താനോട്ട് ക്ഷേത്രം വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള അപേക്ഷ സൈന്യം കേന്ദ്രസര്ക്കാരില് സമര്പ്പിച്ചിട്ടുണ്ട്. യുദ്ധസ്മാരകവും ഇന്തോ - പാക് യുദ്ധത്തില് ഉപയോദിച്ച ആയുധങ്ങളുടെ പ്രദര്ശനശാലയുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ക്ഷേത്രം ഉള്പ്പെടുന്ന ലോങ്കേവാല പ്രദേശത്തിന്റെ വികസനത്തിനായി 25 കോടിരൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. വിനോദസഞ്ചാര വകുപ്പും കേന്ദ്രസര്ക്കാരും ചേര്ന്നാണ് പദ്ധതികള് നടപ്പിലാക്കുക.
No comments:
Post a Comment