3 August 2020

നാളികേരം

നാളികേരം

നാളികേരം മനുഷ്യശരീരത്തിനു തുല്യമാണ് എന്നാണുസങ്കല്‍പം. വിഘ്‌നേശ്വര സങ്കല്പത്തിന്റെ സാക്ഷാത്ക്കാരത്തിനായി ഗണപതിക്ക് നാളികേരമുടയ്ക്കുന്ന വഴിപാട് സര്‍വ്വസാധാരണമാണ്. നാളികേരം ഉടയുമെങ്കില്‍ അഭീഷ്ടം സാധിക്കുമെന്നും ഉടഞ്ഞില്ലെങ്കില്‍ അതിനു വിഘ്‌നം സംഭവിക്കുമെന്നും വിശ്വാസം. നാളികേരം ഉടയ്ക്കുന്നതിനു പിന്നില്‍ വേദാന്തതത്ത്വവും ദര്‍ശിക്കാമെന്ന് ആചാര്യന്മാര്‍ പറയുന്നു.

പുറമെ നാരുകളോട് കൂടിയ ആവരണമുള്ള കട്ടിയുള്ള ചിരട്ടയുള്ളതും ഇതിനുള്ളില്‍ മാംസളമായ ഭാഗവും അതിന്റെ ഉള്ളില്‍ അമൃതമായ ജലവും ഉള്ളതിനാലാണു നാളികേരത്തെ മനുഷ്യശരീരത്തോട് ഉപമിക്കുന്നത്. നാളികേരത്തിന്റെ ചിരട് മായയായും അകത്തെ കാമ്പ് സത്യമായുമാണ് വേദാന്തം വിഭാവനം ചെയ്യുന്നത്. നാളികേരം ഉടയുമ്പോള്‍ മായയെ മാറ്റി സത്യം കാണുന്നു എന്നാണ് വിശ്വാസം. ഗണപതിക്കു നാളികേരം ഉടയ്ക്കുന്നതിലൂടെ ഭഗവാനു സ്വയം പൂര്‍ണമായും നമ്മെ സമര്‍പ്പിക്കുകയാണു ചെയ്യുന്നത്. നാളികേരം ഉടയുമ്പോള്‍ ഞാന്‍ എന്ന ഭാവമാണ് അവനില്‍ നിന്ന് അകലുന്നത്.

ശുഭകാര്യങ്ങള്‍ തുടങ്ങുമ്പോള്‍ പൂജിച്ച നാളികേരം രണ്ടായി ഉടച്ച് ശുഭാശുഭഫലങ്ങള്‍ നോക്കുന്നതും സര്‍വസാധാരണമാണ്. ഒരു തേങ്ങാമുറിയിലെ വെള്ളത്തില്‍ ഒരു പൂവിട്ട് അത് ഏതുരാശിയില്‍ അടുക്കുന്നുവെന്ന് നിര്‍ണ്ണയിച്ച് ഫലം ചിന്തിക്കുന്നു. മേടം രാശിയിലെങ്കില്‍ അഭിവൃദ്ധി, ഇടവം എങ്കില്‍ കലഹവും വിഷഭയവും മിഥുനം എങ്കില്‍ അഗ്‌നിബാധ, കര്‍ക്കടകം എങ്കില്‍ ധനധാന്യനാശം, ചിങ്ങം എങ്കില്‍ ധനഭാഗ്യവും പുത്രഭാഗ്യവും,കന്നി എങ്കില്‍ സ്ത്രീപ്രജാലബ്ധി,തുലാമെങ്കില്‍ ധനയോഗം, വൃശ്ചികമെങ്കില്‍ വിഷഭയം, ധനുവെങ്കില്‍ ജനങ്ങളുടെ ശത്രുത, മകരമെങ്കില്‍ അഭീഷ്ടസിദ്ധി, കുംഭമെങ്കില്‍ മരണഭയം, മീനമെങ്കില്‍ ആപത്ത് എന്നുമാണ് ഫലങ്ങള്‍.

തേങ്ങ ഉടയുന്നത് ഒത്ത നടുക്കായി, വശങ്ങളിലേക്ക് കോടാതെ വന്നാല്‍ ഫലം ശുഭം. വക്കുകള്‍ ഒടിഞ്ഞാല്‍ ഉദരരോഗം. തേങ്ങയുടെ കണ്ണുകള്‍ പൊട്ടിയാല്‍ അതിദുഖം, മുകള്‍ഭാഗമുടഞ്ഞാല്‍ കുടുംബനാഥന് ആപത്ത് എന്നും ആചാര്യന്മാര്‍ പറയുന്നു. ഉടയുന്നതിനിടയില്‍ തേങ്ങ മുഴുവനായോ ഉച്ച മുറിയോ താഴെ വീണാല്‍ അധപതനം ഉറപ്പെന്നും ആചാര്യന്മാര്‍ വ്യക്തമാക്കുന്നു.

No comments:

Post a Comment