കൗളം ഗുഹ്യസാധന
കൗളം
ഗുഹ്യസാധനയായിട്ടാണ് ശാസ്ത്രം പറയുന്നത്. എന്തിനാണ് കൗളം ഇത്ര രഹസ്യമാക്കിവെക്കുന്നത്? പരസ്യപ്പെടുത്തിക്കൂടെ എന്ന് നമ്മൾ ചിലപ്പോൾ ചിന്തിക്കാം, എന്നാൽ കൗളം ജനകീയവൽകരിച്ചിട്ട് കാര്യമില്ല, ആരംഭശൂരത്വം കൊണ്ട് മന്ത്രം സ്വീകരിച്ചതുകൊണ്ട് മാത്രമായില്ല അത് വേണ്ട രീതിയിൽ കൊണ്ട് പോകാൻ സാധിക്കണം. പൂർണ ദീക്ഷ സ്വീകരിച്ചിട്ടും സമ്പ്രദായത്തിൽ നിന്ന് വ്യതിചലിച്ചവർ എത്രയോ ഉണ്ട്.
കുലധർമ്മം സ്വീകരിച്ച് അത് യഥാവിധി പാലിക്കാതെ തനിക്ക് തോന്നിയത് പോലെ ചെയ്താൽ അത് സാധകൻ്റെ അധഃപതനത്തിന് കാരണമാകും. കുലധർമം സ്വീകരിച്ച് ദീക്ഷാസമ്പ്രദായത്തിൽ നിന്ന് വ്യതിചലിച്ച് മറ്റ് സമ്പ്രദായങ്ങൾ അനുഷ്ഠിക്കുന്നവർ അവർ അറിയാതെ തന്നെ കുലഭ്രഷ്ടരാകുന്നു.
സമ്പ്രദായത്തിൽ നിന്ന് വ്യതിചലിക്കുന്നതും സമ്പ്രദായത്തിൽ താൽപര്യമില്ലാതാകുന്നതെല്ലാം കുലഭ്രഷ്ടിലേക്കുള്ള ലക്ഷണങ്ങളാണ്. കുലഭ്രഷ്ടനായാൽ എന്തു സംഭവിക്കും എന്നും ശാസ്ത്രം പറയുന്നുണ്ട്.
"സർവ്വാചാരപരിഭ്രഷ്ട : കുലാചാരം സമാശ്രയേത് കുലാചാര പരിഭ്രഷ്ടോ രൗരവം നരകം വ്രജേത് "
അറിയപ്പെടുന്നതായ സകല ധർമ്മാചാരങ്ങളിൽ നിന്നും പുറം തള്ളപ്പെട്ടാൽ പോലും അയാളെ കുലാചാരം സ്വീകരിക്കുന്നു. എന്നാൽ കുലാചാരത്തിൽ നിന്നും ഭ്രഷ്ടനായാൽ അയാളെ സ്വീകരിക്കുന്നത് രൗരവം എന്ന മഹാനരകമായിരിക്കും. സർവരാലും ഉപേക്ഷിക്കപ്പെട്ട് അധിക്ഷേപത്തിനു പാത്രമായി സകല പ്രതാപങ്ങളും അസ്തമിച്ച് നിന്ദിതനായി എല്ലാവരാലും വെറുക്കപ്പെട്ടവനായി ഭയത്തിനടിമയായി സർവ ഐശ്വര്യങ്ങളും നശിച്ച അവസ്ഥയിലേക്കെത്തുന്നു. അതു കൊണ്ട് ഈ വിദ്യ ജനകീയമാക്കാനുള്ളതല്ല.
മദ്യവും മാംസവും ഉപയോഗിക്കുന്ന എല്ലാ പൂജയും കൗള പൂജയല്ല. സംസാര പാശത്തിൽ നിന്ന് മുക്തനാകാൻ പ്രാപ്തമായ ആത്മാക്കൾക്കുള്ളതാണ് കൗള ധർമ്മം. ശക്തമായ പ്രേരണ ഉണ്ടായാൽ പോലും പാപാത്മാക്കൾ കുല ദീക്ഷ സ്വീകരിച്ചാലും ശാസ്ത്രത്തിൻ്റെ പേരിൽ തർക്ക കുതർക്കങ്ങൾ നടത്തി സംസാരപാശത്തിൻ്റെ കെട്ട് ഒന്ന് കൂടെ ദൃഢമാക്കുകയല്ലാതെ കുല ജ്ഞാനം നേടാൻ ശ്രമിക്കില്ല. കുളാർണ്ണവതന്ത്രം പറയുന്നു
"ഗുഹ്യാദ് ഗുഹ്യ തരം ദേവി സാരാത് സാരം പരാത്പരം സാക്ഷാത് ശിവപദം ദേവി കർണ്ണാ കർണ്ണിഗതം കുലം"
ഹേ ദേവി, കുലധർമ്മം അതിരഹസ്യമായിട്ടുള്ളതും അതിശ്രേഷ്ഠവുമാണ്. ഇതിനുപരിയായി വേറൊന്നില്ല തന്നെ. ഉപദേശ രൂപേണ ശ്രവിച്ചിട്ടുള്ളതും ഗുരുപരമ്പരയിൽ കൂടി കൈമാറിവരുന്നതുമാണ് കുലധർമ്മം. സാക്ഷാൽ ശിവം തന്നെയാണ് കുലധർമ്മം.
അതിനാൽ വളരെ യോഗ്യരായവർക്കേ കുല വിദ്യ ഉപദേശിക്കാൻ പാടുള്ളൂ ഇല്ലെങ്കിൽ നിലവാരമില്ലാത്ത ശിഷ്യ പരമ്പരകളാണ് സമ്പ്രദായത്തിൽ പിന്നീട് ഉണ്ടാവുക. അത് സമ്പ്രദായത്തേയും കുലധർമ്മത്തെ തന്നെ അപകീർത്തിപ്പെടുത്തും.
ഏതൊരു ആശയത്തിൻ്റെയും വിദ്യയുടേയും മഹത്വം നിലനിൽക്കുന്നത് അത് കൈകാര്യം ചെയ്യുന്ന വ്യക്തികളിൽ കൂടിയാണ്. എന്നാൽ പരീക്ഷണം കൂടാതെയും ശിഷ്യൻ്റെ യോഗ്യത അളക്കാതെയും വിദ്യ കൊടുക്കുന്നത് ഇത്തരം നിലവാരമില്ലാത്ത പരമ്പരകളുണ്ടാകാൻ കാരണമാകുന്നു. അവർ ഈ ശാസ്ത്രത്തിൻ്റെ മഹത്വമറിയാതെ മറ്റ് ശാസ്ത്രങ്ങളെപ്പോലെ തന്നെ വിൽപന ചരക്കാക്കി മാറ്റുന്നു. വജ്രത്തിൻ്റെ മൂല്യം അത് അറിയുന്നവൻ്റെ കയ്യിൽ കിട്ടിയിട്ടേ കര്യമുള്ളൂ. വജ്രത്തിൻ്റെ മൂല്യമറിയാത്തവനു വജ്രവും പാറക്കല്ലും ഒരുപോലെ തന്നെയായിരിക്കും.
യഥാർത്ഥ സാധകന് തന്നിലെ മന്ത്രചൈതന്യം സ്വന്തം പ്രാണ ചൈതന്യം തന്നെയാണ്, ആ പ്രാണ ചൈതന്യത്തെ ശിഷ്യൻ്റെ യോഗ്യത മനസ്സിലാക്കാതെ എങ്ങനെയാണ് കൊടുക്കാൻ സാധിക്കുക. ശിഷ്യനെ പരീക്ഷിക്കാതെ വിദ്യ വിൽപന ചരക്കാക്കുന്നുവെങ്കിൽ മനസ്സിലാക്കുക അവർ കൊടുക്കുന്നത് വെറും അക്ഷരങ്ങൾ മാത്രമാണ്. മന്ത്രദാതാവിന് ആ മന്ത്രം പ്രാണനിൽ ലയിച്ച് പ്രാണ ചൈതന്യമായി മാറിയിരുന്നെങ്കിൽ പ്രാണനാകുന്ന ദീക്ഷാ മന്ത്രത്തെ അല്ലെങ്കിൽ ദേവതയെ വിൽക്കാൻ സാധിക്കില്ല. രാജ്യം ദേയം ശിരോ ദേയം ന ദേയാ ഷോഡശാക്ഷരി "എന്ന തന്ത്ര പ്രമാണത്തിൽ ഒളിഞ്ഞിരിക്കുന്ന തത്വവും മറ്റൊന്നല്ല. ശിഷ്യനെ പരീക്ഷിച്ച് വിദ്യ കൊടുക്കേണ്ടതിൻ്റെ പ്രധാന്യത്തെകുറിച്ച് കുളാർണ്ണവതന്ത്രം പറയുന്നത് നോക്കാം
" ഗുരുശിഷ്യാവുഭൗ മോഹാദപരീക്ഷ്യ പരസ്പരം ഉപദേശം ദദദ് ഗുഹ്ണൻ പ്രാപ്നുയാ താം പിശാചതാം "
എന്തെല്ലാം പ്രത്യേക പരിഗണനകൾ കൊണ്ടോ മായാബദ്ധമായി ബന്ധുത്വത്തിൻ്റെ ബലം കൊണ്ടോ പരസ്പരം പരീക്ഷകൾ ഒന്നും കൂടാതെ മന്ത്രദീക്ഷ നൽകുകയോ സ്വീകരിക്കുകയോ ചെയ്താൽ ഗുരുവും ശിഷ്യനും പിശാചുക്കളായി തീരുന്നതാണ്.
കുലജ്ഞാനം ഒന്നും സിദ്ധിച്ചില്ലെങ്കിലും ഗുരു വാക്ക്യത്തിലും ശാസ്ത്ര ഗ്രന്ഥങ്ങളിലും വിശ്വാസമുണ്ടെങ്കിൽ കൗളം ഗുഹ്യസാധനയാണെന്ന് ബോധ്യപ്പെടും. ഗുരു സദ്ഗുരു ആയിരിക്കണം എന്നു മാത്രം, സദ്ഗുരുവിനു മാത്രമെ ദീക്ഷയിലൂടെ ശിഷ്യനെ പാശത്തിൽ നിന്ന് മുക്തനാക്കി ശിവനാക്കി മാറ്റാൻ കഴിയൂ.
No comments:
Post a Comment