18 July 2020

അടിവേടൻ

അടിവേടൻ

ഉത്തരമലബാറിലെ ചില പ്രദേശങ്ങളിൽ കർക്കടകമാസം കെട്ടിയാടുന്ന ഒരു തെയ്യങ്ങൾ ആണ് ആടിയും വേടനും. സാധാരണ തെയ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ തെയ്യങ്ങൾ കെട്ടുന്നത് ചെറിയ കുട്ടികൾ ആണ്. അതു പോലെ ഒരു ക്ഷേത്രങ്ങളിലോ കാവുകളിലോ കെട്ടിയാടുന്നതിനു പകരമായി ഈ തെയ്യം ഓരോ വീടുകളിലും കയറി ഇറങ്ങുന്നു. പാർവ്വതീരൂപമായ ആടിത്തെയ്യത്തെ കർക്കിടോത്തി എന്നും വിളിക്കുന്നു. 

ഇതിവൃത്തം

അത്യുത്തരകേരളജനതയുടെ വിശ്വാസദീപ്തിയുടെ മാസ്മരപ്രതീകമാണ് വേടൻ തെയ്യം. കർക്കിടകമാസത്തിൽ കോലത്തുനാട്ടിലെങ്ങും ഗൃഹസന്ദർശനം നടത്തുന്ന ആടിവേടൻ .ചെണ്ടയുടെ ചുവടുപിടിച്ച് വാദ്യക്കാരൻ പാടുന്ന വേടൻപ്പാട്ടിൻറെ താളത്തിൽ ആടിവേടൻ ആടുമ്പോൾ വീടുകളിൽ കൊടികുത്തിവാഴുന്ന, വിനാശകാരിയായ ദോഷങ്ങൾ വാരിവിതറുന്ന, ചേഷ്ടകൾ മാറിമറിഞ്ഞ് ശ്രീയുടെയും സമ്പത്തിൻറെയും അധിദേവതയായ ലക്ഷ്മിദേവി കുടിയിരിക്കുമെന്നു പൊതുവിശ്വാസം. ചെറിയ കുട്ടിയാണ് വേടൻ വേഷമണിയുക. ചുവന്ന പട്ടുടുത്ത് മെയ്യാഭരണങ്ങളണിഞ്ഞു തിരുമുടിയിൽ നാഗബിംബവുമാണ് വേടൻറെ വേഷം. പാണ്ഡവരുടെ വനവാസക്കാലവുമായി ബന്ധപ്പെട്ടിരിക്കുന്നു ആദിവേടൻറെ ഇതിവൃത്തം. ഒരു വ്യാഴവട്ടക്കാലത്തെ വനവാസക്കാലത്തിനിടയിൽ അർജുനനൻ ശിവപ്രീതിനേടി പാശുപതാസ്ത്രം കരസ്ഥമാക്കാനുള്ള പൂജ തുടങ്ങി. എന്നാൽ തൻറെ ഭക്തനെ ഒന്നു പരീക്ഷിക്കാൻ തീരുമാനിച്ച് മഹേശ്വരനും മഹേശ്വരിയും കിരാതവേഷം പൂണ്ട് ആ വനത്തിൽ എത്തി. തപസ്സിനിടയിൽ ഒരു കാട്ടുപന്നി തൻറെ ശ്രദ്ധയിൽപ്പെട്ടപ്പോൾ അർജുനനൻ അതിനുനേരെ അസ്ത്രം പ്രയോഗിച്ചു. ഇതുകണ്ട് കിരാതവേഷധാരിയായ പരമശിവനും പന്നിക്കുനെരെ അമ്പേയ്തു. അമ്പേറ്റു പന്നി നിലത്തുവീണു. പക്ഷെ പന്നിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി കിരാതനും അർജുനനും തമ്മിൽ വഴക്കായി. ആ വഴക്ക് യുദ്ധത്തിന് വഴിവെച്ചു. കിരാതൻറെ അമ്പേറ്റു വില്ലാളിവീരനാം കുന്തീപുത്രൻ ബോധരഹിതനായിവീണു.

പിന്നെ ബോധം തിരിച്ചുവന്നപ്പോൾ വെറുമൊരു കിരാതനോട് ഏറ്റുമുട്ടി അമ്പേറ്റുവീണത്‌ അർജുനനിൽ നാണക്കേടുളവാക്കി. കിരാതനെ തോല്പ്പി ക്കുവാനുള്ള ശക്തിനേടുവാനായി വിജയൻ ശിവലിംഗമുണ്ടാക്കി ഗന്ധപുഷപാദികൾ അർപ്പിച്ചുകൊണ്ട് പൂജ തുടങ്ങി . പക്ഷെ ശിവലിംഗത്തിൽ അർപ്പിച്ച പുഷ്പങ്ങളെല്ലാം ചെന്ന് വീണത്‌ കിരാതൻറെ മെയ്യിൽ. ഒടുവിൽ ശ്രീപരമേശ്വരനാണ് തന്നെ പരീക്ഷിക്കാൻ കിരാതരൂപിയായി വന്നതെന്ന് മനസ്സിലാക്കിയ അർജുനനൻ ഉമാമഹേശ്വരന്മാരുടെ കാൽക്കൽ വീണു നമസ്കരിച്ചു. തൻറെ വത്സനിൽ സംപ്രീതരായ അർദ്ധനാരീശ്വരന്മാർ പാർഥന് പാശുപതാസ്ത്രം സമ്മാനിച്ചുകൊണ്ട് കൈലാസത്തിലേക്ക് മടങ്ങി. മഹാദേവൻറെ ഈ കിരാതരൂപമാണത്രേ ആദിവേടനായി ഗൃഹസന്ദർശനം നടത്തുന്നത് .

ചടങ്ങുകൾ

കർക്കടകം 7 മുതൽ മലയന്റെ വേടനും 16 മുതൽ വണ്ണാന്റെ ആടിവേറ്റനും ഗൃഹ സന്ദർശനം നടത്തുന്നു. ഒരോ ദേശത്തെയും ജന്മാരി കുടുംബത്തിനാണു വേടൻ കെട്ടാൻ അനുവാദം. ഒരാൾ വേടന്റെ പുരാവൃത്തം പാടുമ്പോൾ വേടൻ മുറ്റത്തു നിന്ന് മന്ദം മന്ദം മുന്നോട്ടും പിന്നോട്ടുംനടനം ചെയ്യും.വീട്ടമ്മ പടിഞ്ഞാറ്റയിൽ വിളക്ക് കത്തിച്ച് വച്ചു കഴിഞ്ഞാൽ പാട്ട് തുടങ്ങുകയായി.രണ്ടു വേടന്മാരുടെയും പുരാവൃത്തം പാശുപതാസ്ത്ര കഥയാണ്. തപസ്സ് ചെയ്യുന്ന അർജ്ജുനനെ പരീക്ഷിക്കാൻ ശിവനും പാർവ്വതിയും വേട രൂപത്തിൽ പോകുന്ന പുരാണ കഥ. ചേട്ടയെ അകറ്റുന്നത് ഈ തെയ്യങ്ങളാണ്‌. വീടും പരിസരവും ചാണകം തെളിച്ച് ആടിവേടന്മാർ വരുന്നതിനു മുൻപേ ശുദ്ധീകരിച്ചിരിക്കും. പാട്ട് പാടിപ്പൊലിക്കുമ്പോൾ മലയന്റെ വേടനാണെങ്കിൽ കിണ്ണത്തിൽ കലക്കിയ കറുത്ത ഗുരുസിതെക്കോട്ടും, വണ്ണാന്റെ വേടനാണെങ്കിൽ ചുവന്ന ഗുരുസി വടക്കോട്ടും ഉഴിഞ്ഞ് മറിക്കണം.കരിക്കട്ട കലക്കിയതാണു കറുത്ത ഗുരുസി, മഞ്ഞളും നൂറുംകലക്കിയതാണു ചുവന്ന ഗുരുസി. ഗുരുസി കലക്കി ഉഴിഞ്ഞു മറിക്കുന്നതോടെ വീടും പരിസരവും പരിശുദ്ധമായി എന്നാണ്‌ സങ്കല്പം. ആടിവേടന്മാരെ വരവേൽക്കാൻ നിറപറയും, നിലവിളക്കും വെച്ചിരിക്കും. കൂടാതെ മുറത്തിൽ അരി, പച്ചക്കറി, ധാന്യങ്ങൾ, ഉപ്പിലിട്ടത് തുടങ്ങിയ സാധനങ്ങളും വെച്ചിട്ടുണ്ടാകും. ഈ സാധനങ്ങളൊക്കെ വേടനും കൂട്ടർക്കുമുള്ളതാണ്. വെക്കേണ്ട കാഴ്ച വസ്തുക്കളുടെ പട്ടിക പാട്ടിലുണ്ടാകും. അതെല്ലാം തുണി മാറാപ്പിൽ ഇട്ട് അടുത്ത വീട്ടിലേക്ക് വേടൻ യാത്രയാകും. കൂടാതെ നെല്ലോ, പണമോ കൂടെ വീട്ടുടമസ്ഥർ അവർക്കു നൽകും. പഞ്ഞമാസമായ കർക്കിടകത്തിൽ ഭക്ഷണത്തിനുള്ള വക ഇങ്ങനെ അവർക്ക് ലഭിക്കുന്നു.

ഐതിഹ്യം

മഹാഭാരതം വനപർവ്വത്തിൽ പറയുന്ന ഈ കഥ പാണ്ഡവരുടെ വനവാസകാലത്ത് സംഭവിച്ചതാണ്. തപസ്സു ചെയ്യുന്ന അർജ്ജുനനെ പരീക്ഷിക്കാനായി പരമശിവൻ വേടനായും പാർവ്വതി വേടത്തിയായും ഭൂതഗണങ്ങൾ അനുചരന്മാരുമായി വെഷംമാറി കാട്ടിലൂടെ നടക്കുമ്പോൾ, മൂകൻ എന്ന അസുരൻ ഒരു കാട്ടുപന്നിയുടെ രൂപത്തിൽ അർജ്ജുനനെ ആക്രമിക്കാൻ മുന്നിലെത്തി. അവിടെയെത്തിയ ശിവനും, അർജ്ജുനനും ഒരേസമയം അമ്പെയ്തതോടെ കാട്ടുപന്നിയായ മൂകാസുരൻ മരിച്ച് അസുരരൂപത്തിലായി മാറുന്നു. തുടർന്ന് പന്നിയെ(അസുരനെ) കൊന്നതിന്റെ അവകാശത്തർക്കമായി. അവർ തമ്മിലുള്ള യുദ്ധത്തിൽ വേടന്റെ ദേഹത്ത് അമ്പ് കൊള്ളാത്തതിൽ മനം‌നൊന്ത അർജ്ജുൻ, തന്റെ മുന്നിൽ വന്നത് സാക്ഷാൽ പരമശിവനാണെന്ന് തിരിച്ചറിഞ്ഞ് മാപ്പ്‌ചോദിച്ച് സ്തുതിക്കുന്നു. തുടർന്ന് അർജ്ജുനന് പാശുപതാസ്ത്രം നൽകി പരമശിവൻ അനുഗ്രഹിക്കുന്നു.

No comments:

Post a Comment