27 July 2020

ശനീശ്വരനും ഹനുമാൻ സ്വാമിയും

ശനീശ്വരനും ഹനുമാൻ സ്വാമിയും

ശനീശ്വരന്‍ സൂര്യദേവന്റെ മൂന്നാം ഭാര്യയായ ഛായാദേവിയുടെ പുത്രനാണ്‌. സൂര്യദേവനോട്‌ ശനീശ്വരന്‌ പകയാണ്‌. കാരണം യമധര്‍മ്മന്‍ ഛായാദേവിയോട്‌ ധിക്കാരപരമായി പെരുമാറുന്നതു കണ്ടിട്ടും സൂര്യദേവന്‍ മൗനമവലംബിച്ചിരുന്നു. അതുകൊണ്ടാണ്‌ ജ്യോതിഷത്തില്‍ സൂര്യനും ശനിയും ഭിന്നിച്ചു നില്‍ക്കുവാന്‍ ഇടവന്നത്‌.
ശനിയുടെ അഹങ്കാരം തീര്‍ക്കുന്നതിനുള്ള ശക്‌തി ശിവനും ശിവസന്തതികള്‍ക്കും മാത്രമാണുള്ളത്‌. നവഗ്രഹങ്ങളില്‍ ആയുസ്സിന്റെ കാര്യത്തില്‍ ആധിപത്യം ചെലുത്തുന്നത്‌ ശനിയാണ്‌. നക്ഷത്രങ്ങളില്‍ പൂയം, അനിഴം, ഉത്രട്ടാതിയും പൂക്കളില്‍ കരിങ്കൂവളവും രത്നങ്ങളില്‍ നീല വൈഡൂര്യവും നവധാന്യങ്ങളില്‍ എള്ളും തൈലങ്ങളില്‍ നവഗ്രഹതൈലവും ശനീശ്വരന്‍ ഇഷ്‌ടപ്പെടുന്നു.
ശനിയാഴ്‌ചദിവസങ്ങളില്‍ ശനീശ്വരനെ പ്രത്യേകമായി പൂജിക്കുന്നതും ആരാധിക്കുന്നതും വളരെ നല്ലതാണ്‌. ശനിഗ്രഹദോഷം അനുഭവിക്കുന്നവര്‍ ശനിഗ്രഹദോഷപരിഹാരമന്ത്രം ചൊല്ലുന്നത്‌ വളരെ നല്ലതാണ്‌
.
ശനി ഗായത്രി മന്ത്രം...

''കാകദ്ധ്വജായ വിദ്‌മഹേ
ഖഡ്‌ഗഹസ്‌തായ ധീമഹീ
തന്നോ മന്ദപ്രചോദയാത്‌''   

ശനി മന്ത്രം

''ഓം ഐം ഹ്രീം ശ്രീം ശനൈശ്വരായ നമഃ

ശനി പീഡാഹര സ്തോത്രം

സൂര്യപുത്രോ ദീര്‍ഘദേഹോ വിശാലാക്ഷ: ശിവപ്രിയ:
ദീര്‍ഘചാര പ്രസന്നാത്മ പീഡാം ഹരതു മേ ശനി:

ശനി സ്തോത്രം

നീലാഞ്‌ജന സമാനാഭം രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡ സംഭൂതം തം നമാമി ശനൈശ്‌ചരം.''

ഹനുമാൻ സ്വാമിയുടെ "ഓം ഹം ഹനുമദ് രുദ്രാത്മകായ ഹം ഫട് " എന്ന മന്ത്രവും
ശാസ്താവിന്റെ ശരണ മന്ത്രങ്ങളുരുക്കഴിക്കുന്നതും ഉത്തമമാണ്.

കഠിനമായ ശനിഗ്രഹദോഷങ്ങള്‍ അനുഭവിക്കുന്നവര്‍ എല്ലാ ദിവസവും ശ്രീ ഹനുമാന്‍, ശ്രീ ഗണപതി, ശാസ്താവ്എന്നീ ദേവതകളെ പൂജിക്കുന്നതും ആരാധിക്കുന്നതും വളരെ ഗുണം ചെയ്യും.
ശനിയാഴ്‌ച ദിവസം അതിരാവിലെ നവഗ്രഹതൈലം തലയില്‍ തേച്ചു കുളിച്ചുകഴിഞ്ഞ്‌ നെയ്യ്‌, എള്ള്‌ തൈലം ഇവ രണ്ടും സമമായി കലര്‍ത്തി ഇരുമ്പുകൊണ്ട്‌ നിര്‍മ്മിച്ചിട്ടുള്ള വിളക്കിലൊഴിച്ച്‌ വെളുപ്പ്‌, കറുപ്പ്‌, ചുവപ്പ്‌ എന്നീ നിറങ്ങളിലുള്ള തുണികള്‍ ചീന്തിയെടുത്ത്‌ തിരി പിരിച്ചെടുത്ത്‌ (മൂന്നുനിറങ്ങളും ഒരുമിച്ച്‌ കൂട്ടി പിരിച്ചെടുക്കണം) വിളക്കിലിട്ട്‌ ദീപം കൊളുത്തി വീടിന്റെ പടിഞ്ഞാറുവശത്തുവച്ച്‌ ശനീശ്വരമന്ത്രങ്ങള്‍ ഉരുവിട്ടാല്‍ ശനിഗ്രഹദോഷശാന്തി ലഭ്യമാകുന്നതാണ്‌.
നീലക്കമ്പിളി, കറുത്ത പട്ട്‌ വസ്‌ത്രം, ഇരുമ്പുകൊണ്ടുണ്ടാക്കിയ വിഗ്രഹം എന്നിവയില്‍ ഏതെങ്കിലും ഒരു വസ്‌തു വര്‍ഷത്തിലൊരിക്കല്‍ ദാനം ചെയ്യുകയാണെങ്കില്‍ ശനിഗ്രഹദോഷങ്ങളില്‍നിന്നു നാം മുക്‌തരാകും.
ശനിഗ്രഹദോഷത്താല്‍ ഉണ്ടായേക്കാവുന്ന ദുരിതങ്ങള്‍ അകറ്റുന്നതിന്‌ ചെലവുകുറഞ്ഞ ചില മാര്‍ഗ്ഗങ്ങള്‍ താഴെപ്പറയുന്നു.
നവഗ്രഹപ്രതിഷ്‌ഠയുള്ള ക്ഷേത്രത്തില്‍ച്ചെന്ന്‌ ശനിദേവനെ കരിംകൂവളപ്പൂകൊണ്ടുള്ള മാലചാര്‍ത്തി എള്ള്‌ കിഴികെട്ടിയുണ്ടാക്കിയ ദീപം നവഗ്രഹതൈലം ഒഴിച്ച്‌ തെളിയിച്ച്‌ വഴിപാടുകള്‍ സമര്‍പ്പിച്ച്‌ പ്രാര്‍ത്ഥിച്ചാല്‍ ശനിഗ്രഹ ദോഷങ്ങളകലും.
വൈക്കം മഹാദേവക്ഷേത്രത്തില്‍പ്പോയി ക്ഷേത്രക്കുളത്തില്‍ സ്‌നാനം നടത്തി ശനീശ്വരനെ പൂജിച്ച്‌ എള്ളുദീപം തെളിയിക്കുക. തുടര്‍ന്ന്‌ സാഷ്‌ടാംഗം പ്രണമിക്കുക. ഇപ്രകാരം ചെയ്‌താല്‍ ഫലസിദ്ധി കൈവരുന്നതാണ്‌.
നിത്യവും ഉറങ്ങുവാന്‍ പോകുന്നസമയത്ത്‌ അല്‌പം എള്ളെടുത്ത്‌ വെളുത്ത തുണിയില്‍ കിഴികെട്ടി തലയണയുടെ അടിയില്‍ സ്‌ഥാപിക്കുക. പ്രഭാതത്തില്‍ ഉണര്‍ന്നുകഴിഞ്ഞ്‌ കിഴികെട്ടിവച്ച എള്ള്‌ പച്ചരികൊണ്ട്‌ തയ്യാറാക്കിയ ചോറ്‌, നവഗ്രഹ എള്ളിന്‍ രസം എന്നിവ കൂട്ടിക്കുഴച്ച്‌ മൂന്നുപ്രാവശ്യം തലചുറ്റിയുഴിഞ്ഞ്‌ ശനീശ്വരനെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട്‌ കാക്കകള്‍ക്ക്‌ എറിഞ്ഞുകൊടുക്കുക.
ഒന്‍പതുദിവസം തുടര്‍ച്ചയായി പൂര്‍ത്തീകരിച്ചതിനുശേഷം ശിവ, ഹനുമൽ, ശാസ്താ ക്ഷേത്രദര്‍ശനം നടത്തി പ്രാര്‍ത്ഥിച്ചാല്‍ ശനിഗ്രഹദോഷങ്ങള്‍ ഇല്ലാതാകുന്നതാണ്‌ എന്നാണ് വിശ്വാസം... ഹനുമാൻ സ്വാമിയുടെ ഭക്തരെ ശനിദേവൻ ഉപദ്രവിക്കില്ല എന്നും വിശ്വാസം

No comments:

Post a Comment