22 July 2020

രാമോ വിഗ്രവാൻ ധർമ്മ:

രാമോ വിഗ്രവാൻ ധർമ്മ:

രാമൻ ധർമ്മവിഗ്രഹമാണെന്നുള്ള വാൽമീകി വാക്യത്തെ മനസിലാക്കാൻ സാധിക്കണമെങ്കിൽ ധർമ്മത്തിന്റെ മുഖ്യ - ഗൗണ - വൈയക്തിക- സാമൂഹിക വകഭേദങ്ങളെ വ്യക്തമായി നിരൂപിക്കാൻ കഴിയണം.
അതായത് രാമായണം വേദത്തിലെ 'ധർമ്മം ചര, എന്ന ഉപദേശത്തിന്റെ വിശദീകരണമാണ്. സാധാരണ മനുഷ്യരെ സംബന്ധിച്ചിടത്തോളം 'ധർമ്മം ചര, എന്ന വാക്യം കേട്ടതുകൊണ്ട് മാത്രം ധർമ്മാചാരണം സംഭവിച്ചുകൊള്ളണമെന്നില്ല. പ്രതിസന്ധികളും പരീക്ഷണങ്ങളും നിറഞ്ഞതാണ് ധർമ്മാചരണമെന്നതുകൊണ്ട് തന്നെ വ്യക്തമായ ദൃഷ്ടാന്തങ്ങളോടെ അവതരിപ്പിക്കേണ്ടതും വിശദീകരിക്കേണ്ടതും ആവശ്യമാണ്.
ധർമ്മാചരണത്തിൽ രാമൻ മുഖ്യധർമ്മവും ഗൗണ ധർമ്മവും തിരിച്ചറിഞ്ഞ് ഇവ തമ്മിൽ വൈരുദ്ധ്യം വരുന്നിടത്തെല്ലാം ഗൗണ ധർമ്മമെന്ന മുഖ്യമല്ലാത്തതിനെ തള്ളി മുഖ്യധർമ്മത്തെ അനുഷ്ഠിക്കുന്നത് കാണാം, അതിനെത്ര ദുഃഖം വന്നാലും ശരി. പുത്രനായ രാമൻ പിതൃവാക്യം അനുസരിച്ചു, രാജാവല്ലാതിരുന്ന രാമൻ പ്രജകളുടെ വാക്ക് നിരസിച്ചു. രാജാവായ രാമൻ തന്റേതിനെ പോലും പ്രജകൾക്ക് വേണ്ടി പരിത്യജിച്ചു. ഭാര്യയെ സംരക്ഷിക്കാൻ ഭർത്താവായ രാമൻ ആശ്രാന്ത പരിശ്രമം ചെയ്തു. ദുഷ്ട നിഗ്രഹത്തിന് വേണ്ടി ഗുരുക്കൻമാരുടെ അനുമതി തേടി.തന്നെ സമാശ്രയിച്ചവരെ കൂടെ നിർത്താൻ മറ്റു കൂട്ടുകാരുടെ അനുമതി തേടി രാമൻ, രാവണനിഗ്രഹത്തിലൂടെ രാജാവായ വിഭീഷണന് രാജ്യം നേടികൊടുക്കുകയാണ് രാമൻ ചെയ്തത്. സ്വന്തം ദുഃഖം മറന്ന് കൊണ്ടു കൂടി പരദു:ഖമകറ്റാൻ പരിശ്രമിച്ചതാണ് രാമന്റെ ചരിതം. ആവശ്യമായ മൈത്രിയെ സൂക്ഷിക്കുവാൻ ചെയ്ത പ്രതിജ്ഞ നിറവേറ്റിയ രാമൻ, സ്വന്തം ഭാര്യയെ രാവണൻ അപഹരിച്ചപ്പോൾ ഒരു കുട്ടിയെ പോലെ പൊട്ടിക്കരയുന്ന കാഴ്ച നമ്മളിൽ ഹൃദയമുള്ളവരിൽ ദു:ഖം ജനിപ്പിക്കാതിരിക്കില്ല. കർമഫല നിശ്ചയത്തെ അവഗണിക്കാൻ കഴിയില്ലെന്ന ദൃഢത നമുക്ക് രാമചരിതം തരുന്നു. ഇങ്ങനെ രാമായണമുടനീളം പരിശോധിച്ചാൽ സ്വധർമ്മം എത്ര ക്ലേശമാണെങ്കിലും അനുഷ്ഠിക്കുന്നതിന്റെ ജീവിക്കുന്ന ദൃഷ്ടാന്തമായി രാമനെ മുൻപിൽ വെച്ചു തരികയാണ് വാൽമീകി ചെയ്യുന്നത്. അതിലൂടെ നമ്മുടെ ജീവിതത്തിലും ധർമ്മാചരണത്തിന്റെ പ്രാധാന്യം പ്രതിഫലിപ്പിക്കുന്നു.
ഈ ശ്രീരാമചന്ദ്ര പ്രഭുവിനെക്കുറിച്ച് നേരനുഭവമുള്ള മാരീചൻ രാവണനോട് പറയുന്ന വാക്യമാണ് " രാമോ വിഗ്രഹവാൻ ധർമ്മ: സാധു: സത്യപരാക്രമ: രാജാ സർവ്വസ്യ ലോകസ്യ ദേവാനാം ഇവ ദാനവ: " എന്നത് - രാമൻ ധർമ്മമൂർത്തിയാണ്, ചെയ്യേണ്ടത് ചെയ്യേണ്ടപ്പോൾ ചെയ്യേണ്ട പോലെ ചെയ്യുന്നവനാണ്, (സാധു:) സത്യപരാക്രമിയാണ്, ദേവൻമാർക്ക് ഇന്ദ്രനെന്ന പോലെ സർവമനുഷ്യരുടെയും രാജാവാണ്. ....അത് കൊണ്ട് രാവണ! ഞാൻ പറയാനുള്ളത് പറഞ്ഞു കഴിഞ്ഞു. പ്രിയം പറയാൻ ഞാനില്ല, ഹിതം സീതാദേവിയെ മോഹിക്കാതിരിക്കുന്നതാണ് എന്ന മാരീചവാക്യം ചെവി കൊള്ളാതിരുന്ന രാവണന് സർവാനർത്ഥവും വന്നു ചേർന്നു.
 ഓരോ ഹിന്ദുവിന്റെയുള്ളിലും രാമൻ ധർമ്മ വിഗ്രഹമായി ജ്വലിക്കട്ടെ. രാമമാർഗത്തിൽ ലക്ഷ്യം പൂർത്തിക്കായി മുന്നിട്ടിറങ്ങിയ ധീര - വീര-ഭക്ത-ഹനുമത് ഭാവങ്ങളായിത്തീരാൻ നമുക്ക് കഴിയട്ടെ..
സർവസംഗപരിത്യാഗഗുരു പരമ്പരയുടെ ആശീർവാദം ധർമ്മിഷ്ഠരിൽ സംഭവിക്കട്ടെ എന്ന പ്രാർത്ഥനയോടെ..

സ്വാമി ഹംസാനന്ദപുരി.


No comments:

Post a Comment