രാമായണത്തിലെ രാമ രാജ്യം
രാമായണം ഭാരതത്തിന്റെ പ്രഥമേതിഹാസമാണ് .. ആദികാവ്യമാണ്.. ധർമ്മ ശാസ്ത്രമാണ്..
വ്യത്യസ്ത തലങ്ങളിലേക്കുള്ള മനുഷ്യമനസ്സുകളുടെ കടന്നു കയറ്റവും അതുവഴി ഉണ്ടാകുന്ന ധാർമ്മികാധഃപതനവും എത്ര ഭംഗിയായാണ് ഭഗവൻ വാല്മീകി രാമായണത്തിലൂടെ വരച്ചു കാണിച്ചത് വായിക്കുമ്പോൾ ആദികാവ്യം വെറുതെ വായിച്ചു പോയാൽ പോരാ.. പഠന വിഷയമായി തന്നെ വായിക്കണം ..
രാമായണത്തിന്റെ മുഖ്യ വിഷയം ധർമ്മമാണ്. ധർമ്മം എന്ത് എന്നറിയാൻ ശ്രീരാമനാണ് മാതൃക. അത് കൊണ്ടാണ് അവിടുന്ന് ധർമ്മ വിഗ്രഹമാകുന്നത്.. കൂടാതെ, മനുഷ്യമനസ്സിന്റെ അങ്ങേയറ്റം സൂക്ഷ്മമായ അപഗ്രഥനം കൂടി ആദികാവ്യത്തിൽ അവിടവിടെയായി കാണാം .
രാമായണത്തിൽ മനഃശാസ്ത്രം കൈകാര്യം ചെയ്യുന്നു എന്ന് പറഞ്ഞുലോ .. അത്തരത്തിൽ ഒരു രംഗം പറയാം.. അയോധ്യാ കാണ്ഡത്തിൽ. ശ്രീരാമ പട്ടാഭിഷേകം നിശ്ചയിച്ച സമയം.. രാമാഭിഷേകമറിഞ്ഞ മന്ഥര രോഷത്തോടെ കൈകേയിയുടെ അടുത്തേക്ക് എത്തുന്നു.. എന്നാൽ, പട്ടാഭിഷേക വാർത്ത മന്ഥരയിൽ നിന്നും അറിഞ്ഞ കൈകേയിക്ക് അടക്കാനാവാത്ത ആഹ്ലാദമാണ് ഉണ്ടാകുന്നത്.
എനിക്കെന്റെ ഭരതനേക്കാൾ പ്രിയപ്പെട്ടവനാണ് രാമൻ എന്ന് പറഞ്ഞു സമ്മാനങ്ങൾ നൽകുന്ന ആ കൈകേയിയുടെ മനസ്സിനെ, തന്റെ വിഷം പുരട്ടിയ വാക്കുകളിലൂടെ മന്ഥര പൂർണ്ണമായും മാറ്റിയെടുക്കുന്നു. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ ബ്രൈൻവാഷിങ് തന്നെ.
കൈകേയിയുടെ ദൗർബല്യങ്ങളെ മുതലെടുത്ത്, അങ്ങേയറ്റം പ്രഗല്ഭമായ രീതിയിൽ, ഒരേ കാര്യങ്ങളെ ആവർത്തിച്ചവർത്തിച്ച് പറഞ്ഞു കൊണ്ട് മന്ഥര നടത്തുന്ന ആ ബ്രെയിൻ വാഷിംഗ് വാല്മീകി ഏറെ മനോഹരമായി വരച്ചു കാണിക്കുന്നുണ്ട്. ഒപ്പം ധാർമിക ശാസ്ത്രമെന്ന തലത്തിൽ, ദുസ്സംഗങ്ങൾ ഒരു മനുഷ്യനിൽ വരുത്തുന്ന പരിവർത്തനത്തെക്കുറിച്ചും ഈ രംഗം നമ്മെ ചിന്തിപ്പിക്കും
മന്ഥരയുടെ ബ്രെയിൻ വാഷിംഗ് ഇങ്ങനെയാണ്... മൂഢ എന്നാണ് കൈകേയിയെ വിളിക്കുന്നതെങ്കിലും നിന്റെ ഹിതമാണെന്റെ ലക്‌ഷ്യം എന്നും നീ ഒന്നുമറിയാത്ത ബാല സ്വഭാവം ഉള്ളവളെ പോലെ ആണെന്നും ആവർത്തിച്ചാവർത്തിച്ച് പറയുന്നതിലൂടെ മന്ഥര കൈകേയിയിൽ ആത്മവിശ്വാസക്കുറവുണ്ടാക്കുകയാണ്..
തുടർന്ന് കൗസല്യയെ ലക്‌ഷ്യം വെക്കുന്നതിലൂടെ കൈകേയിയുടെ മനസ്സിൽ സപത്നീ വൈരമുണ്ടാക്കുന്നു അതോടൊപ്പം തന്നെ, കൈകേയിക്ക് രാമനെക്കുറിച്ചുള്ള ബോധം തെറ്റാണെന്നു പറഞ്ഞു ഫലിപ്പിക്കുന്നുമുണ്ട്.. കൗസല്യക്ക് അങ്ങേയറ്റത്തെ സൗഭാഗ്യങ്ങൾ ലഭിക്കുമെന്നും, ലക്ഷ്മണൻ രാമനോട് ചേർന്ന് നിൽക്കുമെന്നും ഭരതൻ നാട് കടത്തപ്പെടുകയും ചെയ്യും എന്നും രാമനീ സ്നേഹമൊന്നും കാണില്ലെന്നും ശ്രദ്ധിച്ചില്ലെങ്കിൽ ഭരതന്റെ വംശം കുറ്റിയറ്റു പോകുമെന്നും പറയുന്നു
രണ്ടു തവണ ഇതേ വിഷയം മാറ്റി മറിച്ച് ആവർത്തിച്ചിട്ടും കൈകേയി വിശ്വസിക്കുന്നില്ല . എന്നാൽ മൂന്നാമതും ശ്രമിക്കുമ്പോൾ വിജയം കാണുന്നു. പൂർണ്ണമായും വിയോജിച്ച് നിന്ന കൈകേയിയുടെ മനസ്സ് മന്ഥര കീഴടക്കുന്ന വിധത്തിൽ നിന്നും മന്ഥരയുടെ സംഭാഷണ മികവ് നമുക്ക് ഊഹിച്ചെടുക്കാം.
രാമനേറെ പ്രിയപ്പെട്ടവനെന്നു പറയുമ്പോഴും സപത്നീ വൈരത്തെ ഉപയോഗിച്ച് കൈകേയിയിൽ 'എന്റെ മകൻ' എന്ന മമതാബോധത്തെ മന്ഥര ഉണർത്തിയെടുത്തു. മൂന്നു തവണ തന്റെ വാക്കുകളെ മാറ്റി മറിച്ച് ആവർത്തിച്ചതോടെ കൈകേയിയിൽ സമൂലമായ മാറ്റമാണുണ്ടാകുന്നത്. രാമനോടുണ്ടായിരുന്ന വാത്സല്യം വിദ്വേഷമായി.. തുടർന്ന് തനിക്ക് നന്മയുപദേശിച്ച മന്ഥരയോട് കൈകേയിക്ക് അടക്കാനാകാത്ത സ്നേഹമായി..
നീ വെറും കൂനിയല്ല സുരസുന്ദരിയാണ് എന്ന തരത്തിലുള്ള അംഗപ്രത്യംഗ വർണ്ണന വരെ കൈകേയി കാഴ്ചവെക്കുന്നുണ്ട്. എന്നാൽ , പാപദർശിനി എന്നല്ലാതെ വാല്മീകി മന്ഥരയെ സംബോധന ചെയ്യുന്നേയില്ല. ദുസ്സംഗത്തിന് മനുഷ്യമനസ്സിൽ വരുത്താവുന്ന പരിവർത്തനത്തിന്റെ ആഴവും മമതാബോധം മൂലമുണ്ടാകുന്ന ധാർമികാന്ധതയും ഇവിടെ വാല്മീകി വളരെ മനോഹരമായി തന്നെ വർണ്ണിച്ചിരിക്കുന്നു.
രാമനെ അരാമനാക്കുവാനും അയോധ്യയിൽ വേരുകളില്ലാത്ത ഭരതന്റെ വേരുകൾ ഉറപ്പിക്കുവാനും ഉറപ്പിക്കുവാനാണ് പിന്നീടുള്ള ഗൂഡാലോചനകളെല്ലാം. അക്കാലത്ത് ഒരാൾക്ക് തന്റെ പൂർവിക സ്വത്ത് തിരിച്ചു ലഭിക്കുവാനുള്ള കാലപരിധി പന്ത്രണ്ടു വർഷമാണ്. അതാകട്ടെ, പരമാവധി പതിമ്മൂന്നര വർഷം വരെ നീട്ടാവുന്നതാണ്. (മഹാഭാരതം കൂടി ചേർത്ത് വായിക്കണം) പതിന്നാലു വർഷത്തെ വനവാസം കഴിഞ്ഞ് തിരിച്ചെത്തുന്ന രാമനെ ജനങ്ങൾ മറക്കും.. അത്രയും കാലം തങ്ങളെ സേവിച്ച ഭരതനെ അവർ സ്നേഹിക്കുകയും ചെയ്യും. ഇങ്ങനെ എല്ലാ സാധ്യതകളെയും വിശകലനം ചെയ്ത് അവർ പദ്ധതിയൊരുക്കുന്നു തുടർന്ന് ദശരഥന് തന്റെ മേലുള്ള ആസക്തിയെ മുതലെടുക്കുവാൻ തന്നെ കൈകേയി തീരുമാനിക്കുന്നു.. നീ അതിൽ മിടുക്കിയാണെന്നു മന്ഥര തീർപ്പും കൽപ്പിക്കുന്നു.
ഇനി, ഇതിന്റെ തുടർച്ചയായി വരുന്നത് രാമായണത്തിലെ പ്രഥമ പരിഗണനയായ ധർമ്മബോധമാണ്
ക്രോധാലയം !! ക്രോധം വന്നാൽ ചെന്നിരിക്കുവാനുള്ള ഇടമായിരുന്നുവത്രെ.. മന്ഥരയുടെ ഉപദേശപ്രകാരം അഴിഞ്ഞുലഞ്ഞ മലിന വസ്ത്രവുമായി കൈകേയി ക്രോധാലയത്തിലാണ് പ്രവേശിക്കുന്നത്. പ്രവേശിച്ചയുടൻ അവർ തന്റെ ആഭരണങ്ങളൂരി വലിച്ചെറിഞ്ഞു... ദശരഥനെ വേദനിപ്പിക്കുവാനുള്ള മാർഗങ്ങളെന്തെല്ലാമാണെന്നു കൈകേയിക്ക് വ്യക്തമായറിയാമായിരുന്നു.. തുടർന്ന്, തന്റെ പ്രിയ പത്നി ക്രോധാലയത്തിലാണെന്നുള്ള വാർത്ത ദശരഥനെ അങ്ങേയറ്റം വികാരഭരിതനാക്കുന്നു. അതോടെ വിചാരം പൂർണ്ണമായും മറഞ്ഞു പോകുന്നു.
വിചാരം മറഞ്ഞതോടെ, ചക്രവർത്തിയായ ദശരഥൻ തന്റെ പത്നിയുടെ മുന്നിൽ മുട്ടുകുത്തിക്കെഴുന്ന കാഴ്ചയാണ് കാണുന്നത്.. നിനക്ക് സന്തോഷമാകുവാൻ ആരെയാണ് ഞാൻ ഉപദ്രവിക്കേണ്ടത് എന്നും ആർക്കാണ് ഞാൻ അപ്രിയം ചെയ്യേണ്ടത് എന്നും ഏത് അവധ്യനെയാണ് വധിക്കേണ്ടത് എന്നും ഏതു വധ്യനെയാണ് മോചിപ്പിക്കേണ്ടതെന്നും ദശരഥൻ ചോദിക്കുന്നു. പത്നിയുടെ ആവശ്യമെന്ത് എന്നറിയാതെ, ഒട്ടും വിവേകമില്ലാതെ, നിനക്ക് എന്ത് വേണമെങ്കിലും ഞാനത് നടത്തി തരാൻ തയ്യാറാണെന്നും വീണ്ടും വീണ്ടും ദശരഥൻ പറയുന്നുണ്ട്.
മമത്വ ചിന്തകൾക്ക് ഒരു ഭരണാധികാരി വഴിപ്പെടുമ്പോൾ ഉള്ള ധാർമിക ഭ്രംശം എത്ര വലുതാണ് !! .. ആവശ്യമറിയാതെയുള്ള വാഗ്ദാനംകൊണ്ട് , വിചാര ശീലമില്ലാത്തത് കൊണ്ട്, ദശരഥൻ വീണു പോയ കുഴി എത്ര ആഴമേറിയതായിരുന്നു .. !! എത്രതന്നെ സ്നേഹബന്ധമുള്ളവരാണെങ്കിലും, ആവശ്യമറിയാതെ വാഗ്ദാനം നൽകരുതെന്ന ഒരു കാര്യം കൂടി ഇവിടെ ആ ഋഷീശ്വരൻ പറയാതെ പറയുന്നു.
കൂടാതെ, ഇവിടെ തെളിയുന്ന ധാർമിക വെളിച്ചത്തിന്റെ പ്രഭ സർവകാല പ്രസക്തമല്ലേ? രാജാവാണെങ്കിൽ പോലും കാമരാഗങ്ങളിലുള്ള സ്വാധീനം, മനുഷ്യനെ എത്രമാത്രം അധഃപതനത്തിലേക്ക് എത്തിക്കും എന്നതിന് ഒരു ഉത്തമ ദൃഷ്ടാന്തമെല്ലെ ഇത് ? കൈകേയിയുടെ സന്തോഷത്തിനു വേണ്ടി അവധ്യനായ ഒരു സാധുവിനെ പോലും ചക്രവർത്തി വധിക്കാൻ തയ്യാറാവുന്നുണ്ട്. ധാർമികനായ ഒരു രാജാവിന്റെ പ്രഥമ കർത്തവ്യം പ്രജാപാലനമാണ്. കൈകേയി ദുഖിതയാണെന്ന കാരണത്തെ മാത്രം മുൻനിർത്തി ദശരഥൻ തന്റെ പ്രജകളുടെ അപ്രിയത്തിന് ഇച്ഛിക്കുന്നു.
താൻ രാജാവാണെന്നുള്ള കാര്യം മറന്നു അദ്ദേഹം തന്റെ ധർമ്മത്തിൽ നിന്നും വ്യതിചലിക്കുന്നു. വ്യക്തിപരമായ സ്വാധീനങ്ങൾ ഒരു ഭരണാധികാരിയെ ധർമ്മ ഭ്രഷ്ടനാക്കുമെന്നും, കാമ രാഗങ്ങൾക്കടിമപ്പെട്ടു പോയ , പ്രജാഹിതമറിയാത്ത, ഒരു ഭരണാധികാരിയുടെ മുൻപിൽ പ്രജകൾക്ക് നീതി ലഭിക്കില്ല എന്നത് നമ്മുടെ വർത്തമാന കാല ദൃഷ്ടാന്തം കൂടിയാണല്ലോ എന്നോർക്കുമ്പോൾ രാമായണത്തിന്റെ പ്രാധാന്യം സഹസ്രാബ്ദങ്ങൾക്കിപ്പുറത്തും പ്രസക്തമാകുന്നു.
കാലങ്ങൾക്കു ശേഷം രാമനെ ധർമ്മ വിഗ്രഹമാക്കി നിലനിർത്തുന്നത്, ഒട്ടും മമത്വബോധമില്ലാതെ നിലപാടുകളെടുക്കുവാനുള്ള ചങ്കൂറ്റമാണ് എന്ന് കൂടി പറഞ്ഞാലേ പൂർണ്ണത വരൂ. മമതാബോധത്തിനു ശ്രീരാമനിൽ സ്വല്പമെങ്കിലും പ്രഭാവമേല്പിക്കാനായിരുന്നുവെങ്കിൽ സീതാ പരിത്യാഗമുണ്ടാകില്ലായിരുന്നു.
ഒരു രാജാവിന്, ഭർതൃ ധർമ്മത്തിലുപരിയായി രാജ ധർമ്മമാണ് മുഖ്യം. ഒരു രാജാവ്, മമതാ ബോധത്തെ അതിജീവിച്ചവനാകണം എന്നതിന് ഉത്തമ ഉദാഹരണമായ ധർമ്മ വിഗ്രഹം തന്നെയാണ് വാല്മീകിയുടെ ശ്രീരാമൻ. അതെ, രാമരാജ്യമെന്നാൽ ഭരണാധികാരികളുടെ മമതാബോധങ്ങൾക്ക് അശേഷം വഴിപ്പെട്ട് പോകാത്ത ഒരു രാജ്യം തന്നെയാണ്.
No comments:
Post a Comment