7 July 2020

ലഘുയോഗവാസിഷ്ഠം - 35

ലഘുയോഗവാസിഷ്ഠം - 35

വേതാളോപാഖ്യാനം

പണ്ടു് വിന്ധ്യപര്‍വ്വതത്തിന്റെ സാനുപ്രദേശത്തുള്ള കൊടുംകാട്ടില്‍ മഹാഭയങ്കരസ്വരൂപിയായ ഒരു വേതാളം താമസിച്ചുവന്നു. വിശപ്പിന്റെ ആധിക്യംകൊണ്ടും ആഹാരത്തിന്റെ കുറവുകൊണ്ടും ആ കാട്ടില്‍ അധികകാലം താമസ്സിക്കാന്‍ കഴിയാതെ മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്ന ഗ്രാമങ്ങളിലേക്കിറങ്ങി. അങ്ങനെ ഏതോ ഒരു ഗ്രാമത്തില്‍ കുറേക്കാലം താമസിച്ചു. വേതാളത്തിന്റെ ബാധയുണ്ടാവാതിരിക്കാന്‍ വേണ്ടി ആ ഗ്രാമവാസികള്‍ കൊടുക്കുന്ന ബലിപൂജാദികളെ ഭുജിച്ചും കുറച്ചുകാലം അവിടെ കഴിഞ്ഞുകൂടിയെങ്കിലും വേതാളത്തിനു തൃപ്തിയായില്ല. വിശപ്പുമാറത്തക്ക ആഹാരം ഒരു ദിവസവും കിട്ടുന്നില്ല. അവിടെ ധാരാളം മനുഷ്യരുണ്ടെങ്കിലും ന്യായമില്ലാതെ ആ വേതാളം ഒരു മനുഷ്യനേയും ഉപദ്രവിക്കുകയോ തിന്നുകയോ ചെയ്തിരുന്നില്ല. അതുകാരണത്താല്‍ അവിടെയും വേതാളത്തിനു ഇഷ്ടജീവിതം സാധിക്കാതെ മുട്ടി കുറേ വിദൂരത്തുള്ള മറ്റൊരു ഗ്രാമത്തിലേക്കുപോയി. ഗ്രാമപരിസരത്തിലുള്ള കാട്ടില്‍ ഒരു വലിയ വൃക്ഷത്തിന്മേല്‍ വേതാളം താമസ്സമുറപ്പിച്ചു.

അങ്ങനെ കുറച്ചു ദിവസം അവിടെ താമസിച്ചുകൊണ്ടിരിക്കേ ഒരു ദിവസം അര്‍ദ്ധരാത്രിയില്‍ അവിടുത്തെ മഹാരാജാവു് വീരചര്യക്കായി ഒറ്റക്കിറങ്ങി സഞ്ചരിക്കുമ്പോള്‍ വേതാളത്തിന്റെ മുന്നിലെത്തിപ്പെട്ടു. മഹാരാജാവിനെ മുന്നില്‍ കണ്ട വേതാളം ഇടിവെട്ടുംവണ്ണം ഉച്ചത്തില്‍ അട്ടഹസിച്ചുകൊണ്ട് ആ കാടുമുഴുവന്‍ ഭയപ്പെടുത്തുമാറു് അലറിക്കൊണ്ടുപറഞ്ഞു, രാജാവേ, ഭയങ്കര വേതാളമാകുന്ന എന്റെ മുന്നിലാണങ്ങെത്തിപ്പെട്ടതു്. ഇനി യാതൊരു പ്രകാരത്തിലും രക്ഷപ്പെടാന്‍ പോവുന്നില്ല. ഞാന്‍ അങ്ങയെ കൊന്നു തിന്നുകതന്നെ ചെയ്യുമെന്നു്. വേതാളത്തിന്റെ ഭീഷണിയെക്കേട്ട മഹാരാജാവു് അല്പംപോലും ഭയപ്പെടാതെ ധൈര്യത്തോടുകൂടിപ്പറഞ്ഞു, കാരണം കൂടാതെയും ന്യായമില്ലാതെയും നീയെന്നെ കൊല്ലുന്നുവെങ്കില്‍ സംശയമില്ല, നിന്റെ തലപൊട്ടി നീയും മരിക്കുമെന്നു്. അതുകേട്ടപ്പോള്‍ വേതാളം ആശ്ചര്യപ്പെടാതിരുന്നില്ല. തന്നോടിത്ര ധൈര്യത്തോടുകൂടി ഒരു മനുഷ്യന്‍ സംസാരിക്കുകയെന്നത് ആദ്യത്തെ അനുഭവമാണു്. തന്റെ ശബ്ദം കേള്‍ക്കുമ്പോഴേക്കുതന്നെ ഭയപ്പെട്ടു മോഹിച്ചു വീണ് മരിക്കലാണു് പതിവു്. ഇത്രയും ധൈര്യമുള്ള മനുഷ്യനെ പണ്ടൊരിക്കലും താന്‍ കണ്ടിട്ടില്ലാതിരുന്നതിനാല്‍ ആശ്ചര്യത്തോടുകൂടുംവണ്ണം മന്ദമായിപ്പറഞ്ഞു. രാജാവേ, ന്യായമില്ലാതെ ഞാനാരേയും കൊല്ലാറില്ല. അങ്ങയെയും കൊല്ലില്ല. എന്നാല്‍ ന്യായമുണ്ടായാല്‍ കൊല്ലാതിരിക്കാനും വയ്യ. അങ്ങു് രാജാവെന്ന സ്ഥിതിക്കു അര്‍ത്ഥികളുടെ അഭീഷ്ടം സാധിപ്പിച്ചുകൊടുക്കാന്‍ ചുമതലപ്പെട്ടിട്ടുണ്ട്. ഞാനൊരര്‍ത്ഥിയായിട്ടാണങ്ങയുടെ മുന്നില്‍ നില്‍ക്കുന്നതു്. ചിലചോദ്യങ്ങള്‍ ചോദിക്ക‍ാം. അതിനു് ശരിയായ ഉത്തരം പറഞ്ഞുതരാന്‍ കഴിഞ്ഞാല്‍ ഞാനങ്ങയെ കൊല്ലില്ല; ഇല്ലെങ്കില്‍ തീര്‍ച്ചയായും കൊല്ലുകയും ചെയ്യും എന്നു പറഞ്ഞു കൊണ്ടു വേതാളം തന്റെ ചോദ്യങ്ങളെ ചോദിക്കാന്‍ തുടങ്ങി.

ആദിത്യരശ്മിയില്‍ അത്യന്ത സൂക്ഷമങ്ങളായ അണുക്കള്‍ പാറിക്കളിക്കുന്നതു് കാണാറുണ്ടല്ലോ. അതുപോലെ ഏതു സൂര്യന്റെ രശ്മികളിലാണു് ബ്രഹ്മാണ്ഡങ്ങള്‍ അതിസൂക്ഷമങ്ങളായ അണുക്കളെന്നപോലെ പാറിക്കളിക്കുന്നതു്? അനന്തമായ ആകാശം തുടങ്ങിയ പൊടികള്‍ ഏതു വായുവിലാണു് വിളങ്ങുന്നതു്? സ്വപ്നത്തില്‍ സ്വപ്നം; ഇങ്ങനെ നൂറായിരം സ്വപ്നമുണ്ടായാലും പൂര്‍വ്വസ്വപ്നങ്ങളെ കൈവെടിഞ്ഞു പുതുസ്വപ്നങ്ങളെ സ്വീകരിച്ചാലും ആരാണു് തന്റെ തേജോമയമായ സ്വരൂപത്തെ കൈവിടാതെ ഓജസ്സോടുകൂടിയിരിക്കുന്നതു്? വാഴ പിന്നെയും പിന്നെയും ഇലമാത്രമായിട്ടിരിക്കുന്നതുപോലെ ഒരിക്കലും മറ്റൊന്നാകാതെ എപ്പോഴും സ്വസ്വരൂപത്തില്‍ അണുവായിട്ടിരിക്കുന്ന വസ്തു ഏതാണു്? ബ്രഹ്മാണ്ഡം, ആകാശം, മഹാത്ഭുതങ്ങള്‍, സൂര്യബിംബം, സുമേരുപര്‍വ്വതം എന്നിവ ഏതൊരണുവിന്റെ പരമാണുക്കളാണു്? അവയവങ്ങളില്ലാത്തതും എന്നാല്‍ പര്‍വ്വതാകാരവുമായ ഏതൊരണുവിന്റെ മജ്ജയാണു് ഈ ലോകം?

ഇവയാണു് വേതാളത്തിന്റെ ചോദ്യങ്ങള്‍. പ്രസ്തുതആറുചോദ്യങ്ങള്‍ക്കും അനുയോജ്യങ്ങളായ മറുപടി പറയാതിരുന്നാല്‍ കൊന്നു ചോരകുടിക്കുമെന്നാണു് വേതാളത്തിന്റെ ഭീഷണി. പക്ഷേ രാജാവിന് അല്പംപോലും പരിഭ്രമമുണ്ടായില്ല. ചോദ്യങ്ങള്‍ കേട്ടപ്പോള്‍ അദ്ദേഹം ചിരിക്കുകയാണു് ചെയ്തതു്. പുഞ്ചിരിയോടു കൂടുംവണ്ണം അതിനു മറുപടി പറയാന്‍ തുടങ്ങുകയും ചെയ്തു. രാജാവു് പറയുകയാണു്: സംശയമില്ല, ചില്‍സൂര്യന്‍ തന്നെയാണു് ഇതിനെയൊക്കെ പ്രകാശിപ്പിക്കുന്നതു്. വിജ്ഞാനസ്വരൂപനും ഭാവിതാശയനുമായ പരമപുരുഷന്‍ അല്ലെങ്കില്‍ പരമബ്രഹ്മംതന്നെ പരമനായ ഭാസ്കരന്‍. ആ ആദിത്യന്റെ രശ്മികളില്‍ ചലിക്കുന്ന പൊടിപടലങ്ങള്‍തന്നെ ഈ ലോകങ്ങളൊക്കെത്തന്നെയും. ചില്‍സൂര്യന്റെ പ്രകാശം കൊണ്ടാണു് ഇതൊക്കെയുണ്ടാവുകയും നിലനില്ക്കുകയും ചെയ്യുന്നതു്. കാലസത്ത, ആകാശസത്ത, സ്പന്ദസത്ത, ശുദ്ധചേതനസത്ത എന്നിവയാണു് ജഗത്തിന്റെ മൂലധാതുക്കള്‍. അവയെല്ല‍ാം പൂവില്‍ മണമെന്നപോലെ പരമാത്മാവാകുന്ന വായുവില്‍ സ്വയം തദ്രൂപമായി സ്ഫുരിച്ചു പ്രകാശിച്ചുകൊണ്ടിരിക്കുന്നു. ജഗല്‍ഭ്രാന്തിയാകുന്ന സ്വപ്നം നൂറായിരമുണ്ടായാലും ബ്രഹ്മത്തിന്റെ നിര്‍വ്വികാരതയില്‍ കല്പിക്കപ്പെട്ട ശാന്തത ആത്മാവൊരിക്കലും കൈവിടില്ലെന്നതിനു യാതൊരു സംശയവുമില്ല. ഇലമാത്രമായി കാണപ്പെടുന്ന വാഴയെന്നപോലെ വിചിത്രങ്ങളും വിഭിന്നങ്ങളുമായി വിളങ്ങുന്ന ഈദൃശ്യങ്ങളും ശരിക്കും വിചാരം ചെയ്തുനോക്കുമ്പോള്‍ ബ്രഹ്മമല്ലാതെ മറ്റൊന്നുമല്ല. ശരിക്കു് അറിയാനും അനുഭവിക്കാനും വിഷമമാണെന്ന കാരണത്താല്‍ പരമാണുവാണു് ബ്രഹ്മമെന്നു പറയ‍ാം. എന്നാല്‍ അതേ സമയത്തു സര്‍വ്വവ്യാപ്തിയാകുന്ന അനന്തത്വം കൊണ്ടു സുമേരു തുടങ്ങിയ പര്‍വ്വതങ്ങള്‍ക്കു പോലും അതേ ബ്രഹ്മം കാരണവുമാണു്. ബ്രഹ്മത്തിന്റെ അനന്തതയെ അപേക്ഷിച്ചു സുമേരു തുടങ്ങിയ പര്‍വ്വതങ്ങളും മറ്റും പരമാണുക്കളാണുതാനും. അലഭ്യത്വംകൊണ്ടു പരമാണുവും, വ്യാപ്തികൊണ്ടു് മഹാപര്‍വ്വവുമാണു് ബ്രഹ്മം. സര്‍വ്വാവയവങ്ങള്‍ക്കും കാരണമാണെങ്കിലും വാസ്തവത്തില്‍ ആത്മാവിന് അവയവങ്ങളൊന്നുമില്ല. വിജ്ഞാനം മാത്രമാണാത്മാവിന്റെ സ്വരൂപം. വിജ്ഞാനമാത്രസ്വരൂപനായ ആത്മാവിനു വാസ്തവത്തില്‍ ഈ ജഗത്തു് മജ്ജാമാത്രമാണെന്നു പറഞ്ഞാല്‍ തെറ്റില്ല. വിജ്ഞാനമാത്രത്തിന്റെ മധ്യത്തിലാണല്ലോ ജഗത്രയം നില്ക്കുന്നതു്.

ഇതാണു് രാജാവിന്റെ മറുപടി. വേതാളത്തിന്നു വളരെ സന്തോഷമായി. ഇത്രയും നല്ല മറുപടി ആ രാജാവില്‍നിന്നു കിട്ടുമെന്നു വേതാളം വിചാരിച്ചിട്ടുണ്ടായിരുന്നില്ല. തന്റെ സംശയങ്ങള്‍ മുഴുവന്‍ തീര്‍ന്നുവെന്നു വേതാളത്തിനു ബോധ്യമായി. അപ്പോള്‍ത്തന്നെ ഏകാന്തസ്ഥലത്തു ചെന്നിരുന്നു രാജാവു പറഞ്ഞതിനെ നല്ലവണ്ണം മനനം ചെയ്തു. സ്വരൂപത്തെ അറിഞ്ഞു് സ്വസ്തനായിത്തീരുകയും ചെയ്തു.

ഹേ, രാമചന്ദ്രാ! മനസ്സിനെ എല്ലാറ്റില്‍നിന്നും വലിച്ചെടുത്തു ശുദ്ധമാക്കണം. ആകാശം പോലയായിത്തീരണം മനസ്സു്. ചിത്തംകൊണ്ടുതന്നെയാണു് ചിത്തത്തെ ആ നിലയിലാക്കി തീര്‍ക്കേണ്ടതു്. വിക്ഷേപങ്ങളും വൃത്തികളുമകന്നു് ശാന്തികൈവന്ന ചിത്തമുള്ളവനെത്തന്നെയാണ് മുനിയെന്നുപറയേണ്ടതു്. അങ്ങനെ മുനിയും സ്വരൂപസ്ഥിതനുമായ ഒരാള്‍ക്കു് അലഭ്യമായിട്ടൊന്നുതന്നെയില്ല. ബുദ്ധിബലം കൊണ്ടും ആത്മവീര്യംകൊണ്ടുമാണു് പണ്ടു ഭഗീരഥരാജാവു് ജ്ഞാതജ്ഞേയനും ചരിതാര്‍ത്ഥനുമാവാനിടവന്നതു്. അതുപോലെ നിനക്കുമായിത്തീരാന്‍ സാധിക്കും.

No comments:

Post a Comment