7 July 2020

ലഘുയോഗവാസിഷ്ഠം - 19

ലഘുയോഗവാസിഷ്ഠം - 19

പുണ്യപാവനോപാഖ്യാനം

വളരെക്കാലംമുമ്പു മഹേന്ദ്രപര്‍വ്വതത്തിന്റെ സാനുപ്രദേശത്തുള്ള കൊടുംകാട്ടിനുള്ളില്‍ ‘ദീര്‍ഘതപസ്സെ’ന്നു പേരായി പരമജ്ഞാനസമ്പന്നനായ ഒരു മഹാത്മാവ് താമസിച്ചു വന്നിരുന്നു. പുണ്യനെന്നും പാവനനെന്നും പേരുള്ള അദ്ദേഹത്തിന്റെ രണ്ടു പുത്രന്മാര്‍ ബൃഹസ്പതിപുത്രനായ കചനെന്നപോലെ ജ്ഞാനസമ്പന്നന്മാരും തപസ്സുകൊണ്ട് ഉദ്ദീപ്തന്മാരുമായിരുന്നു. അവരില്‍ മൂത്തവനായ പുണ്യന്‍ മിക്കവാറും വസ്തുപ്രാപ്തികൊണ്ടു ചിത്തവിശ്രാന്തിവന്ന ഒരു നല്ല ജ്ഞാനിതന്നെയായിരുന്നു. എന്നാല്‍ ഇളയവനായ പാവനന്‍ അത്രമാത്രം ജ്ഞാനസമ്പന്നനായിരുന്നില്ല. വസ്തുബോധം കൊണ്ട് മൂര്‍ഖത്വം നീങ്ങിയിട്ടുണ്ടെങ്കിലും വസ്തുപ്രാപ്തിയോ ചിത്തവിശ്രാന്തിയോ കൈവന്ന ജ്ഞാനി യായിരുന്നില്ല.

സംസാരത്തിന്റെ യാതൊരു ബാധയുമില്ലാതെ അവരങ്ങനെ സന്തോഷത്തോടും സമാധാനത്തോടും കൂടി തപോനിഷ്ഠയില്‍ക്കൂടെത്തന്നെ കാലം നയിച്ചുകൊണ്ടിരിക്കേ ദീര്‍ഘതപസ്സെന്ന ഋഷിസത്തമനെ വാര്‍ദ്ധക്യം ബാധിച്ചു. അംഗങ്ങളെല്ല‍ാം തളര്‍ന്നും ഇന്ദ്രിയശക്തി ക്ഷയിച്ചും ക്രമേണ ശരീരം ദുര്‍ബലവും ആയുസ്സ് അസ്തമനോന്മുഖവുമായി. ഒരു ദിവസം പക്ഷി കൂട്ടില്‍നിന്ന് പറന്നുപോകുന്നതുപോലെ അദ്ദേഹം ആ ദുര്‍ബലശരീരത്തെ വിട്ട് പരമകൈവല്യത്തെ പ്രാപിക്കുകയും ചെയ്തു. അതുകണ്ടപ്പോള്‍ ജ്യേഷ്ഠപുത്രനായ പുണ്യന്‍ പിതാവിന്റെ ഉത്തമകര്‍മ്മങ്ങളെയൊക്കെ വിധിയ‍ാംവണ്ണം ഭംഗിയായി നിര്‍വഹിച്ചു.ഇളയവനായ പാവനന്‍ അച്ഛന്‍ മരിച്ചതുകൊണ്ടുള്ള ദുഃഖം പൊറുക്കാന്‍ കഴിയാതെ നിലവിളിച്ചുകൊണ്ട് കാടുതോറും തെണ്ടിനടക്കാനും തുടങ്ങി. പുണ്യന്‍ ജനകന്റെ ഉത്തരക്രിയകളൊക്കെ ചെയ്തുകഴിഞ്ഞശേഷംപാവനനെ അന്വേഷിച്ചപ്പോഴാണ് ദുഃഖംകൊണ്ട് ആര്‍ത്തനായി തെണ്ടിനടക്കുകയാണെന്നറിയുന്നത്. അനന്തരം അയാളെ വിളിച്ചു ഒരു ഭാഗത്തിരുത്തി പുണ്യന്‍ ഉപദേശിക്കാന്‍ തുടങ്ങി.

ബുദ്ധിമാനായ ഹേ സോദരാ! നമ്മുടെ അച്ഛന്‍ പരമശ്രേഷ്ഠമായ വിദേഹ  കൈവല്യ പദത്തെ പ്രാപിച്ചപ്പോള്‍ നീയെന്തിനായിട്ടാനിങ്ങനെ ദുഖിക്കുന്നത്? അച്ഛന് ഇതില്‍പരം ഒരു വലിയ ശ്രേയസ്സിനിയുണ്ടാവാനില്ല. ആ സ്ഥിതിയ്ക്ക് ന‍ാം അതില്‍ സന്തോഷിക്കയല്ലേ വേണ്ടത്? കൂടാതെ ഞാന്‍, നീ, അച്ഛന്‍, അമ്മ, എന്നൊക്കെയുള്ള തോന്നലുകളെല്ല‍ാം ഭ്രാന്തിവിശേഷങ്ങളല്ലാതെ മറ്റെന്താണ്? പരമാര്‍ത്ഥത്തില്‍ പുണ്യനെന്നും പാവനനെന്നും പേരുള്ള നമ്മള്‍ തന്നെ ഉണ്ടായിട്ടില്ല. ചിത്തവിഭ്രാന്തികൊണ്ട് പലതും തോന്നപ്പെടുന്നുവെന്നല്ലാതെ മറ്റെന്താണ്?

അപരിച്ചിന്നചിദാകാശത്തില്‍ ഭ്രാന്തികൊണ്ട് തോന്നപ്പെടുന്ന ഭാവനാവിശേഷങ്ങളല്ലേ വ്യക്തികളെല്ല‍ാം? ആ സ്ഥിതിക്ക് ആരാണ് ജനിക്കുന്നത്? ആരാണ് മരിക്കുന്നത്? വെറും ഭ്രമം മാത്രമാണെല്ല‍ാം. എങ്കിലും ബന്ധുജനവിയോഗം അസഹ്യം തന്നെയെന്നു കരുതുന്നപക്ഷം ഇതിനുമുമ്പ് അനേകം ജന്മങ്ങള്‍ നിനക്കുണ്ടായില്ലേ? അന്നൊക്കെയും അവിടങ്ങളില്‍ അനേകം ബന്ധുജനങ്ങളും നിനക്കുണ്ടായല്ലോ. അവരുടെയൊന്നും വിയോഗം എന്താണ് ഇന്നുനിന്നെ പേടിപ്പിക്കാത്തത്? സിംഹമായും മാനായും വാനരനായും കാക്കയായും മനുഷ്യനായും രാജാവായും ഒക്കെ നീ ഓരോകാലത്ത് ഓരോദേശത്തു ജനിച്ചു ജീവിക്കാനിടയായി. അന്നൊക്കെ ആ വര്‍ഗ്ഗത്തില്‍ പല ബന്ധുക്കളും നിനക്കുണ്ടായിരുന്നു. ഇന്നവരെക്കുറിച്ചൊന്നും ആധിയോ വ്യസനമോ ഉണ്ടാവുന്നില്ലല്ലോ.

ബന്ധുത്വവും ശത്രുത്വവും എന്നുവേണ്ട എല്ലാവിധ വ്യവഹാരങ്ങളും ചിത്തത്തിന്റെ ചാപല്യവും വിഭ്രാന്തിയും മാത്രമാണ്. ഞാന്‍, നീ, ബന്ധു, ശത്രു, എന്നീ ഭാവങ്ങള്‍ക്കാസ്പദമായ ചൈതന്യം ഒന്നുമാത്രമാണെന്നിരിക്കെ ഭിന്നങ്ങളും വിരുദ്ധങ്ങളുമായ ഭാവങ്ങള്‍ എങ്ങനെയാണതില്‍ നിന്നുണ്ടാവുന്നത്? പ്രസ്തുത ചൈതന്യമാകട്ടെ ഒരിക്കലും ഉണ്ടാവുകയോ നശിക്കുകയോ ക്ഷയിക്കുകയോ വര്‍ദ്ധിക്കുകയോ ഒന്നും ചെയ്യാതെ എപ്പോഴും ഒരേ നിലയില്‍ത്തന്നെ എങ്ങും നിറഞ്ഞിരിക്കുന്നു. ആ സത്യവസ്തുവിനെ ബോധിക്കാത്തതുകൊണ്ടാണ് നിന്റെമൌഡ്യം . പരമാര്‍ത്ഥവസ്തുവിനെ ബോധിച്ചുകഴിഞ്ഞാല്‍ പിന്നെ വിപരീതഭാവങ്ങള്‍ എങ്ങനെയുണ്ടാകും?

എന്നിപ്രകാരം പുണ്യന്‍ ഉദ്ബോധിപ്പിച്ചപ്പോള്‍ പാവനന്റെ ജ്ഞാനദൃഷ്ടി വികസിച്ചു വസ്തുപ്രാപ്തിയുണ്ടായി. സിദ്ധന്മാരായിത്തീര്‍ന്ന ആ രണ്ടു ഋഷിബാലന്മാരും പിന്നെയും വളരെക്കാലം പ്രസ്തുത ആരണ്യത്തില്‍ത്തന്നെ കഴിച്ചുകൂട്ടുകയും ചെയ്തു. ഹേ രാമചന്ദ്ര, ഈ ഇതിഹാസത്തെ വേണ്ടപോലെ വിചാരം ചെയ്‌താല്‍ത്തന്നെ നിന്റെ എല്ലാ ചിത്തവിഭ്രാന്തികളും നശിച്ച് സ്വരൂപപ്രാപ്തിയുണ്ടായിത്തീരും.

No comments:

Post a Comment