6 May 2020

മധുരവീരൻ

മധുരവീരൻ

തമിഴ്നാട്ടിലും കേരളത്തിലെ ചിലപ്രദേശങ്ങളിലും ദേശത്തിൻെറ കാവൽദൈവമായി ആരാധിച്ചുവരുന്ന ഒരു വീരപുരുഷ ദൈവഭാവമാണ് മധുരവീരൻ സ്വാമി. കുതിരപ്പുറത്ത് ഉടവാൾ ഉയർത്തിപ്പിച്ചിട്ട്  ഇരിക്കുന്ന രൂപത്തോടെയും  വള്ളിയമ്മ, ബോമ്മയമ്മ എന്നീ ദേവിമാരോടൊപ്പവും മധുരവീരൻ സ്വാമിയെ ആരാധിക്കുന്നു. 
പലകഥകലും ഈ മൂർത്തിയുടെ ഉത്ഭവവുമായി  പ്രചരിക്കുന്നു.

കാശീരാജാവിൻെറ പുത്രനായാണ് ശ്രീ മധുരവീരൻ സ്വാമി ജനിച്ചതെന്ന് പറയപ്പെടുന്നു. ജനിച്ചസമയത്തെ ഗ്രഹനില നോക്കി ജോതിഷികൾ ആ കുഞ്ഞ് കൊട്ടാരത്തിൽ വളർന്നാൽ രാജാവിനും രാജ്യത്തിനും നാശംചെയ്യുമെന്ന് പ്രവചിച്ചു. അതുകൊണ്ട് രാജാവ് ആകുട്ടിയെ ഒരു പേടകത്തിലടച്ച് നദിയിൽ ഒഴുക്കി.
മധുരക്ക് അടുത്ത് കാട്ടിൽ വിറക് വെട്ടാൻപോയ ഒരു വ്യക്തിക്ക് ആ പേടകം ലഭിക്കുകയും അതിലെ കുട്ടിയെ അയാൾ ഏറ്റെടുത്ത് വളർത്തുകയും ചെയ്തു. ചെറുപ്പകാലം മുതലേ അതീവമായ ദേവിഭക്തിപ്രകടിപ്പിച്ചിരുന്ന ആ കുട്ടി ആയോധനകലയിലും നൃത്തകലയിലും തുടങ്ങി  സകലകലകളിലും അതീവസാമർത്ഥ്യം നേടിയിരുന്നു. യുവാവായികഴിഞ്ഞപ്പോൾ ആ യുവാവിൻെറ വീരകഥകൾ അന്യനാടുകളിൽ പോലും പ്രചരിച്ചിരുന്നു.

ആ കാലഘട്ടത്തിൽ മധുരനഗരം ഭരിച്ചിരുന്നത് ശ്രീ തിരുമലനായക്കാർ രാജവായിരുന്നു. ദിവസംപ്രതി രാജ്യത്ത് കൊള്ളക്കാരുടെ ഉപദ്രവം കൂടിവരികയും അതിൻെറ കാരണക്കാർ അവിടത്തെ കള്ളാർ സമുദായക്കാരായ ചിലയാളുകളാണെന്നും രാജാവ് അറിഞ്ഞു.  തൻെറ സൈന്യം പലകുറി ശ്രമിച്ചിട്ടും ആ കൊള്ളസംഘത്തെ പിടികൂടാൻ സാധിച്ചില്ല.  അവസാനം അതീവ ബലശാലിയും ആയോധനകലകളിൽ അഗ്രകണ്യനുമായ ഒരുയുവാവ് അടുത്തഗ്രാമത്തിൽ ഉണ്ടെന്നറിഞ്ഞ് രാജാവ് ആ യുവാവിനേ മധുരയുടെ പടതലവനായി നിയോഗിച്ചു. 

അതേസമയം നൃത്തകലയിലെ സാമർത്യംകണ്ട് രാജകുമാരിയായ വള്ളിയമ്മാളെ നാട്യശാസ്ത്രവും പഠിപ്പിക്കാൻ ഏൽപ്പിച്ചു. ആ ബന്ധം അവസാനം രണ്ടുപേരെയും പ്രേമബന്ധത്തിലേക്ക് നയിച്ചു.
രാജാവുമായും കൊട്ടാരവുമായും മധുരവീരന് ഉള്ള അടുപ്പം മറ്റുള്ളകൊട്ടാരവാസികളുടെ കണ്ണിലെ കരടായി മാറി.  എങ്ങനെയും മധുരവീരനേ വകവരുത്താൻ അവർ തീരുമാനിച്ചു. അവസാനം മധുരവീരനേ എടുത്തുവളർത്തിയത് കള്ളാർ സമുദായത്തിലെ ഒരാളാണെന്നും ആയതിൽ മധുരവീരൻ കൊള്ളസംഘത്തിലെ പ്രധാനിയാണെന്നും രാജാവിനോട് പറഞ്ഞുവിശ്വസിപ്പിച്ചു. യാഥാർത്ഥ്യം മനസിലാക്കാൻ ശ്രമിക്കാതെ ഉടൻതന്നെ മധുര വീരൻെറ ഒരു കാലും തലയും വെട്ടാൻ രാജാവായ തിരുമലനായക്കാർ ഉത്തരവിട്ടു. ഇതേസമയം പരമദേവീഭക്തനായ മധുരവീരന് പരാശക്തി ദർശനം നൽകി നടന്നകാര്യങ്ങൾ വെളിപ്പെടുത്തി കൊടുത്തിരുന്നു. രാജകല്പന അറിഞ്ഞ വള്ളിയമ്മാളും ഇതേസമയം തന്നേ മധുരവീരനേ മനസിൽ കൊണ്ടു നടന്നിരുന്ന ബോമ്മിയമ്മയും ശിക്ഷനടത്തുന്ന സ്ഥലത്തേക്ക് ഓടിയെത്തിയപ്പോൾ ശിക്ഷകഴിഞ്ഞ് പോകുന്ന ഭടൻമ്മാരെയും നിലത്ത് മുറിഞ്ഞ് കിടക്കുന്ന മധുരവീരൻെറ വിരലുകളും മാത്രമാണ് കാണാനായത്. അതീവദുഃഖത്തോടെ പരശക്തിയെ വിളിച്ചുകരഞ്ഞ അവരിൽ ദേവി കാരുണ്യം ചൊരിയുകയും മഥുരവീരൻ ജീവൻ തിരികെനൽകുകയും ചെയ്തുഎന്നാണ് പറയപ്പെടുന്നത്. ജീവൻ തിരിച്ചുകിട്ടിയ മധുരവീരനും ബോമ്മിയമ്മയും,വള്ളിയമ്മാളും  അവിടെതന്നെയുള്ള ഗുഹയിലേക്ക് കയറിപോയതായും പറയപ്പെടുന്നു. 
പിന്നീട് യാഥാർത്ഥ്യം തിരിച്ചറിഞ്ഞ തിരുമലനായക്കാർ പശ്ചാതാപത്തോടെ മധുരവീരൻ കയറിയ ഗുഹക്കുമുൻവശം മധുരവീരന് ദൈവീകപരിവേഷം നൽകി  ആരാധിച്ചതായും ആസ്ഥലം ഇപ്പോൾ മധുര  മീനാക്ഷിക്ഷേത്രത്തിൻെറ  ഗോപുരത്തോടൊപ്പം ചെറിയ ക്ഷേത്രം നിർമ്മിച്ചു മധുരയുടെ കാവൽദൈവമായി ആരാധിച്ചുവരുന്നു.

No comments:

Post a Comment