13 May 2020

പക്കപ്പിറന്നാളിന്റെ പ്രത്യേകത എന്ത്?

പക്കപ്പിറന്നാളിന്റെ പ്രത്യേകത എന്ത്?

നമ്മുടെ ഗ്രൂപ്പിൽ ഇന്നലെ ഈ മെസ്സേജ് പോസ്റ്റ്‌ ചെയ്തതാണ്. കുറച്ചു കൂടി വ്യക്തമായി അയക്കണമെന്ന് കുറച്ച് അംഗങ്ങൾ  ആവശ്യപ്പെട്ടതനുസരിച് ഒന്നുകൂടി കൂടി വ്യക്തമായി അയക്കുന്നു. ഇതോടൊപ്പം ഓഡിയോയും പോസ്റ്റ്‌ ചെയ്യുന്നു. 

ജനിച്ച ദിവസത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് പക്കപ്പിറന്നാള്‍. മാസംതോറും വരുന്നതാണിത്. ഇടപ്പിറന്നാള്‍, എടേല്‍ പിറന്നാള്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. വര്‍ഷംതോറും ജന്മദിനം വരുന്നത് "ആണ്ടു പിറന്നാള്‍" എന്ന് പറയുന്നു. ഇതിനിടയില്‍ മാസംതോറും വരുന്ന ജന്മദിനമാണ് പക്കപ്പിറന്നാള്‍.

പിറന്നാൾ തിങ്കളാഴ്ച വന്നാൽ
 
പരമശിവനെ ധ്യാനിക്കുന്നത് ഉത്തമമാണ്.

ഓം നമ ശിവായ ...

ഈ മന്ത്രങ്ങള്‍ തിങ്കളാഴ്ച ആവര്‍ത്തിച്ച് ചൊല്ലുക. ഇതിലൂടെ നിങ്ങളുടെ ജീവിതത്തിലെ ദുഖങ്ങള്‍ നീങ്ങും.

പിറന്നാൾ ചൊവ്വാഴ്ച  വന്നാൽ

ചൊവ്വാഴ്ച ശ്രീരാമനെ അനുഷ്ഠിക്കുന്നത് ഉത്തമമാണ്.

ശ്രീറാം ജയ് റാം ജയ് ജയ് റാം

ശ്രീ ഹനുമതേ നമ

ജയ് ജയ് ബജ്രംഗ്ബലി

ഈ മന്ത്രങ്ങള്‍ ചൊവ്വാഴ്ച ആവര്‍ത്തിച്ച് ചൊല്ലുക. നിങ്ങള്‍ക്ക് അനുകൂല ഫലങ്ങള്‍ ഉണ്ടാകും.

പിറന്നാൾ ബുധനാഴ്ച  വന്നാൽ

ബുധനാഴ്ച ഗണപതിയേ ധ്യാനിക്കുന്നത്  ഉത്തമമാണ്.

ഓം ഗം ഗണപതയേ നമ

ഓം ശ്രീ ഗണേഷേ നമ

ഈ മന്ത്രങ്ങള്‍ ആവര്‍ത്തിച്ച് ചൊല്ലിയാൽ ജീവിതത്തിലെ എല്ലാ തടസങ്ങളും നീങ്ങും.

പിറന്നാൾ വ്യാഴാഴ്ച  വന്നാൽ

മഹാവിഷ്ണുവിനെ ധ്യാനിക്കുന്നത്  ഉത്തമമാണ്.

ഓം നമോ നാരായണാ

ഓം നമോ ഭഗവതേ വാസുദേവായ

ഓം ഗുരു ഓം ഗുരു ഓം ഗുരു

ഈ മന്ത്രങ്ങള്‍ ആവര്‍ത്തിച്ച് ചൊല്ലിയിൽ ജീവിതത്തിൽ സന്തോഷം വന്നുചേരും.

പിറന്നാൾ വെള്ളിയാഴ്ച   വന്നാൽ

വെള്ളിയാഴ്ച ദുര്‍ഗാദേവിയെ അനുഷ്ഠിക്കുന്നത് ഉത്തമമാണ്.

ഓം ശ്രീ ദുര്‍ഗേ നമ

ഈ മന്ത്രം ആവര്‍ത്തിച്ച് ചൊല്ലിയാൽ എല്ലാ മേഖലയിലും നിങ്ങള്‍ക്ക് വിജയിക്കാൻ സാധിക്കും.

പിറന്നാൾ ശനിയാഴ്ച   വന്നാൽ

ശനിയാഴ്ച ഹനുമാനെ അനുഷ്ഠിക്കുന്നത് ഉത്തമമാണ്.

ശ്രീറാം ജയ് റാം ജയ് ജയ് റാം

ഈ മന്ത്രങ്ങള്‍ ആവര്‍ത്തിച്ചാൽ ജാതകദോഷങ്ങള്‍, ജീവിതത്തിലെ തടസങ്ങള്‍, ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവ നീങ്ങും.

പിറന്നാൾ ഞായറാഴ്ച   വന്നാൽ

ഞായറാഴ്ച സൂര്യദേവനെ അനുഷ്ഠിക്കുന്നത് ഉത്തമമാണ്.

ഓം ശ്രീ ദുര്‍ഗേ നമ

ഓം ശ്രീ സൂര്യായ നമ

ഈ മന്ത്രങ്ങള്‍ ആവര്‍ത്തിച്ച് ചൊല്ലിയാൽ നിങ്ങള്‍ക്ക് അനുകൂല ഫലങ്ങള്‍ ലഭിക്കും.

മുകളിൽ പറഞ്ഞിരിക്കുന്ന ഈ മന്ത്രങ്ങള്‍ നിങ്ങളുടെ ജീവിതത്തിൽ അനുവർത്തിച്ചാൽ  ജാതകദോഷങ്ങള്‍, ജീവിതത്തിലെ തടസങ്ങള്‍, ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവ നീങ്ങും.

പക്കപ്പിറന്നാൾ ദിവസം ഇക്കാര്യങ്ങൾ ഓരോ നക്ഷത്രക്കാരും  ചെയ്തൊളൂ. നിങ്ങളെ ഒരു ദോഷവും ബാധിക്കില്ല.

ഓരോ നക്ഷത്രജാതർക്കും  വിവിധ ദശാകാലങ്ങളിലൂടെ കടന്നുപോകേണ്ടിവരും. ഈ സമയങ്ങളിൽ നക്ഷത്ര ദേവതയോ രാശ്യാധിപന്മാരെയോ ഭക്തിയോടെ വന്ദിക്കുന്നതും യഥാശക്തി വഴിപാടുകൾ നടത്തുന്നതും ദോഷഫലങ്ങൾ കുറയ്ക്കും. ഓരോ മാസത്തിലെയും പക്കപ്പിറന്നാൾ ദിനത്തിൽ ദോഷപരിഹാരകർമ്മങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്.

അശ്വതി

അശ്വതി നക്ഷത്രക്കാർ ഗണപതിപ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കണം. അശ്വതിനാളിലും അനുജന്മനക്ഷത്രങ്ങളായ   മൂലം, മകം നാളുകളിലും   ക്ഷേത്രദർശനം നടത്തണം. പക്കപ്പിറന്നാൾ തോറും ഗണപതിഹോമം നടത്തുന്നത് ഉത്തമം.അശ്വതിയും ചൊവ്വയും  ഒത്തുവരുന്ന ദിവസം സുബ്രഹ്മണ്യസ്വാമി  ക്ഷേത്രദർശനവും മന്ത്രജപവും നടത്തണം.ചൊവ്വ, വ്യാഴം,  സൂര്യദശാകാലത്ത് ഈശ്വരാധീനം വർധിപ്പിക്കണം . കേതുപ്രീതിവരുത്താൽ  ഗണേശ്വരന്റേയും, ചൊവ്വ പ്രീതിവരുത്താൻ സുബ്രഹ്മണ്യന്റേയും , ദുർഗ്ഗാദേവിയുടെയും മന്ത്രങ്ങൾ നിത്യേന ജപിക്കണം.

ഭരണി

ഭരണി നക്ഷത്രക്കാർ ദേവീപ്രീതി വരുത്തുന്നത് ദോഷപരിഹാരത്തിനുത്തമമാണ് . ഭരണി നക്ഷത്രത്തിലും അനുജന്മനക്ഷത്രങ്ങളായ   പൂരം ,പൂരാടം എന്നീ നാളുകളിൽ ദേവീ ക്ഷേത്രദർശനവും കടുംപായസ വഴിപാടും നടത്തണം.  രാഹു, ശനി , ചന്ദ്രൻ എന്നീ ദശാപഹാരകാലത്ത് ഈശ്വരാധീനം വർധിപ്പിക്കണം. 

കാർത്തിക

കാർത്തികനക്ഷത്രജാതർ  ചൊവ്വ, വ്യാഴം, ശനി ദശാപഹാരകാലത്ത് ഈശ്വരാധീനം വർധിപ്പിച്ച് ദോഷപരിഹാരങ്ങൾ ചെയ്യണം. സൂര്യനെയും സൂര്യന്റെ അധിദേവതയായ മഹാദേവനെയും നിത്യേന ഭജിക്കണം. കാർത്തികയും ഞായറാഴ്ചയും ഒന്നിക്കുന്ന ദിവസം വ്രതമനുഷ്ഠിക്കുക. 

പക്കപ്പിറന്നാൾ തോറും ശിവക്ഷേത്രത്തിൽ ധാര, കൂവളമാല സമർപ്പണം ,  അർച്ചന തുടങ്ങിയവ നടത്തണം. കാർത്തിക നക്ഷത്രത്തിലും അനുജന്മനക്ഷത്രങ്ങളായ  ഉത്രം, ഉത്രാടം നക്ഷത്രദിനത്തിലും ശിവക്ഷേത്രദർശനം നടത്തണം. ഓം നമ:ശിവായ മന്ത്രവും ആദിത്യഹൃദയ മന്ത്രവും നിത്യേന ജപിക്കുന്നത് ഉത്തമം. 

രോഹിണി

രോഹിണി നക്ഷത്രജാതർ പതിവായി ചന്ദ്ര,ദേവീ പ്രീതികരമായ കർമ്മങ്ങൾ അനുഷ്ടിക്കണം. ചന്ദ്രന് പ്രാധാന്യമുള്ള തിങ്കളാഴ്ചകളിൽ വ്രതം അനുഷ്ഠിക്കുന്നത് ഉത്തമം. രോഹിണിയും  തിങ്കളാഴ്ചയും ഒത്തുവരുന്ന ദിനത്തിലും പൗർണ്ണമിദിനത്തിലും  വ്രതമെടുത്ത് ദേവീക്ഷേത്രദര്ശനം നടത്തണം.രോഹിണി നക്ഷത്രത്തിലും അനുജന്മനക്ഷത്രങ്ങളായ അത്തം,തിരുവോണം നക്ഷത്രദിനത്തിലും ദേവീക്ഷേത്രദര്ശനം നടത്തി  അർച്ചന, കടുംപായസം എന്നീ വഴിപാടുകൾനടത്തണം. രാഹു, കേതു, ശനി ദശാപഹാരകാലങ്ങളിൽ ഈ നക്ഷത്രക്കാർ ദോഷപരിഹാരം ചെയ്തു ഈശ്വരാധീനം വർധിപ്പിക്കണം.

മകയിരം

മകയിരം നക്ഷത്രക്കാർ ചൊവ്വാ പ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കണം.ചൊവ്വയുടെ അധിദേവതകളായ ഭദ്രകാളിയെയും സുബ്രഹ്മണ്യസ്വാമിയെയും നിത്യവും ഭജിക്കണം.മകയിരം നക്ഷത്രത്തിലും അനുജന്മനക്ഷത്രങ്ങളായ അവിട്ടം,ചിത്തിര നക്ഷത്രത്തിലും ക്ഷേത്രദർശനം നടത്തി ശക്തിയാൽ കഴിയുന്ന വഴിപാടുകൾ നടത്തുക.സാധ്യമെങ്കിൽ ദേവീപ്രീതികരമായ പൗർണമി വ്രതവും സുബ്രഹ്മണ്യപ്രീതികരമായ ഷഷ്ഠിവ്രതവും അനുഷ്ഠിക്കുന്നത് ഉത്തമം.

തിരുവാതിര

ഈ നക്ഷത്രജാതർ തിങ്കളാഴ്ചതോറും വ്രതം അനുഷ്ഠിച്ച് ശിവപ്രീതിവരുത്തണം. നിത്യവും ശിവപ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നത് ഉത്തമം. കേതു, ശനി, സൂര്യ ദശാകാലയളവിൽ ഭക്തിയോടെ ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കണം. പക്കപ്പിറന്നാൽ തോറും ശിവക്ഷേത്രത്തിൽ ധാര നടത്തുന്നത് ഉത്തമമാണ്. സർപ്പങ്ങൾക്ക് നൂറും പാലും സമർപ്പിച്ച് നാഗപ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നതും നന്ന്.

പുണർതം

പുണർതം നക്ഷത്രജാതർ വിഷ്ണുപ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കണം. ബുധ, ശുക്ര, ചന്ദ്ര ദശകളില്‍ പക്കപ്പിറന്നാൾ തോറും വിഷ്ണു, കൃഷ്ണ ക്ഷേത്രദർശനം നടത്തി  പാൽപ്പായസം, തുളസിമാല, തൃക്കൈവെണ്ണ എന്നീവഴിപാടുകൾ നടത്തണം. പുണർതം നക്ഷത്രത്തിൽ ശ്രീരാമപ്രതിഷ്ഠയോടുകൂടിയ ഹനുമാൻക്ഷേത്ര ദർശനം നടത്തുന്നതും നെയ്‌വിളക്ക്, വെറ്റിലമാല എന്നിവ സമർപ്പിക്കുന്നതും ദോഷപരിഹാരത്തിന് ഉത്തമമാർഗമാണ്.

പൂയം

" കാൽ ദോഷമുള്ള  നക്ഷത്രം " എന്നാണ് പൂയം നക്ഷത്രം പൊതുവെ അറിയപ്പെടുന്നത്. ജനസമയമാനുസരിച്ച് ഈ ദോഷത്തിന് മാറ്റം വരാം.  അനിഴം, ഉത്തൃട്ടാതി, പൂയം നാളുകളിൽ ഈ  നക്ഷത്രജാതർ നവഗ്രഹ ദർശനം നടത്തി വഴിപാട് സമർപ്പിക്കണം. ആയുസ്സിന്റെ  കാരകനായ ശനിയെ പ്രീതിപ്പെടുത്തുന്ന കർമ്മങ്ങൾ അനുഷ്ഠിക്കണം. കേതു, ചൊവ്വ, സൂര്യൻ ദശാകാലങ്ങളിൽ ശാസ്താവിന് നീരാഞ്ജനം ,ശിവക്ഷേത്രത്തിൽ മൃത്യുഞ്ജയഹോമം എന്നിവ നടത്തുന്നത് ദോഷപരിഹാരമാണ്.

ആയില്യം

ഈ നക്ഷത്രജാതർ നാഗപ്രീതി വരുത്തണം. ആയില്യം നക്ഷത്രം തോറും സർപ്പത്തിന് നൂറും പാലും സമർപ്പിക്കണം. ശുക്രന്‍, ചന്ദ്രൻ, രാഹു ദശാകാലങ്ങളിൽ ബുധനാഴ്ചവ്രതവും പക്കപ്പിറന്നാൽ തോറും ശ്രീകൃഷ്ണ ക്ഷേത്രദർശനവും ദോഷപരിഹാരമാണ്. ആയില്യം നക്ഷത്രത്തിലും അനുജന്മ നക്ഷത്രങ്ങളായ കേട്ട, രേവതി നാളുകളിൽ സർപ്പക്ഷേത്രദര്ശനവും ഉത്തമമാണ്.

മകം

മകം നക്ഷത്രജാതർ വിഘ്‌നനിവാരണനായ ഗണപതി ഭഗവാനെ നിത്യവും ഭജിക്കണം. പക്കപ്പിറന്നാൾ തോറും  ഗണപതി ഹോമം നടത്തുന്നത് ഉത്തമം. മകം നക്ഷത്രത്തിലും അനുജന്മനക്ഷത്രങ്ങളായ അശ്വതി, മൂലം എന്നീ നക്ഷത്രങ്ങളിലും ക്ഷേത്രദർശനം നടത്തി യഥാശക്തി വഴിപാടുകൾ സമർപ്പിക്കുക. സൂര്യ, വ്യാഴം, ചൊവ്വാ ദശാകാലങ്ങളിൽ ഗണേശപ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കുക.

പൂരം

പൂരം നക്ഷത്രജാതർ ദേവീ പ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കണം. മാസം തോറും ദേവീ പ്രീതികരമായ പൗർണമി വ്രതം അനുഷ്ഠിക്കുന്നത് ഉത്തമം. പൂരം നക്ഷത്രത്തിലും അനുജന്മനക്ഷത്രങ്ങളായ പൂരാടം, ഭരണി നാളിലും  ലക്ഷ്മിപൂജ നടത്തുന്നത് ഉത്തമം. രാഹു, ശനി, ചന്ദ്രൻ എന്നീ ദശാകാലയളവിൽ ചൊവ്വാ, വെള്ളി ദിനങ്ങളിൽ  ദേവീക്ഷേത്ര ദർശനവും ലളിതാസഹസ്രനാമം ജപിക്കുന്നതും നന്ന്. 

ഉത്രം

ഈ നക്ഷത്രജാതർ ശാസ്താപ്രീതിവരുത്തണം. ചൊവ്വ, ബുധൻ, വ്യാഴം എന്നീ ദശാകാലങ്ങളിൽ ഉത്രം നക്ഷത്രം തോറും അന്നദാനം, ശാസ്താവിന് നീരാഞ്ജനം എന്നിവ നടത്തുന്നത് ദോഷപരിഹാരമാണ്. ഉത്രം നക്ഷത്രത്തിലും അനുജന്മനക്ഷത്രങ്ങളായ ഉത്രാടം, കാർത്തിക, എന്നീ നക്ഷത്രത്തിലും ശാസ്താക്ഷേത്രദര്ശനം നടത്തി യഥാശക്തി വഴിപാടുകൾ സമർപ്പിക്കുക. നിത്യവും ശാസ്താപ്രീതികരമായ മന്ത്രങ്ങൾ ജപിക്കുക.

അത്തം

അത്തം നക്ഷത്രം 'കാൽ ദോഷം" വരുന്ന നക്ഷത്രമാണ്. ജനനസമയമാനുസരിച്ച് ഈ ദോഷത്തിന് മാറ്റം വരാം. ഈ നക്ഷത്രജാതർ ഗണപതി പ്രീതി വരുത്തുവാൻ കറുകമാല സമർപ്പിക്കുക. ശനി, രാഹു, കേതു എന്നീ ദശാ കാലത്ത് ദോഷപരിഹാരം നടത്തണം. നിത്യവും ഗണപതിയേയും സൂര്യഭഗവാനെയും ഭജിക്കുന്നത് ദോഷപരിഹാരമാർഗമാണ്.

ചിത്തിര

ചിത്തിര നക്ഷത്രക്കാർ ചൊവ്വാ പ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കണം. ചൊവ്വയുടെ അധിദേവതകളായ ഭദ്രകാളിയെയും സുബ്രഹ്മണ്യസ്വാമിയെയും നിത്യവും ഭജിക്കണം. ചിത്തിര നക്ഷത്രത്തിലും അനുജന്മനക്ഷത്രങ്ങളായ അവിട്ടം, മകയിരം നക്ഷത്രത്തിലും ക്ഷേത്രദർശനം നടത്തി ശക്തിയാൽ കഴിയുന്ന വഴിപാടുകൾ നടത്തുക. സാധ്യമെങ്കിൽ ദേവീപ്രീതികരമായ പൗർണമി വ്രതവും സുബ്രഹ്മണ്യപ്രീതികരമായ ഷഷ്ഠിവ്രതവും അനുഷ്ഠിക്കുന്നത് ഉത്തമം.

ചോതി

ഈ നക്ഷത്രജാതർ തിങ്കളാഴ്ചതോറും വ്രതം അനുഷ്ഠിച്ച് ശിവപ്രീതിവരുത്തണം. നിത്യവും ശിവപ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നത് ഉത്തമം. കേതു, ശനി, സൂര്യ ദശാകാലയളവിൽ ഭക്തിയോടെ ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കണം. പക്കപ്പിറന്നാൽ തോറും ശിവക്ഷേത്രത്തിൽ ധാര നടത്തുന്നത് ഉത്തമമാണ്. സർപ്പങ്ങൾക്ക് നൂറും പാലും സമർപ്പിച്ച് നാഗപ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നതും നന്ന്. രാശ്യാധിപനായ ശുക്രനെ പ്രീതിപ്പെടുത്തുന്ന കർമ്മങ്ങൾ അനുഷ്ഠിക്കണം. വജ്രം ധരിക്കുന്നത് ശുക്രപ്രീതിക്കുത്തമമാണ്. 

വിശാഖം

വിശാഖം നക്ഷത്രത്തിലും അനുജന്മനക്ഷത്രങ്ങളായ  പൂരുരുട്ടാതി, പുണർതം നക്ഷത്രത്തിലും സുബ്രഹ്മണ്യസ്വാമി ക്ഷേത്രദർശനം നടത്തണം. വിശാഖവും ബുധനാഴ്ചയും ഒത്തുവരുന്ന ദിവസങ്ങളിൽ വ്രതം അനുഷ്ഠിച്ച്  ശക്തിയാൽ കഴിയുന്ന വഴിപാടുകൾ നടത്തണം. തുലാക്കൂറുകാർ ശുക്രപ്രീതിവരുത്താൻ ലക്ഷ്മീദേവിയെയും വൃശ്ചികക്കൂറുകാർ ചൊവ്വാപ്രീതി വരുത്താൻ  ദുർഗ്ഗയെയും സുബ്രഹ്മണ്യനെയും  ഭജിക്കണം. 

അനിഴം

സൂര്യൻ, ചൊവ്വ, കേതു ദശകളിൽ അനിഴം നക്ഷത്രക്കാർ ശിവ, ശാസ്താ പ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കണം. ചൊവ്വാ പ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കുന്നതും ഉത്തമം. പക്കപ്പിറന്നാൽ തോറും ശിവക്ഷേത്രദര്ശനം നടത്തി വഴിപാടുകൾ നടത്തണം.

തൃക്കേട്ട

തൃക്കേട്ട നക്ഷത്രജാതർ ശ്രീകൃഷ്ണക്ഷേത്രദർശനം നടത്തി യഥാശക്തി വഴിപാടുകൾ നടത്തണം. സൂര്യ, ശുക്ര, വ്യാഴം എന്നീ ദശാകാലയളവിൽ ബുധനാഴ്ച വ്രതം അനുഷ്ഠിച്ച് വിഷ്ണുപ്രീതികരമായ മന്ത്രങ്ങൾ ജപിക്കുക. രാശ്യാധിപൻ ചൊവ്വായായതിനാൽ പക്കപ്പിറന്നാൾ തോറും  ദുർഗ്ഗാ ക്ഷേത്രത്തിലോ സുബ്രഹ്മണ്യക്ഷേത്രത്തിലോ ദർശനം നടത്തുന്നത് ഉത്തമമാണ്.

മൂലം

ചൊവ്വ, വ്യാഴം, സൂര്യൻ എന്നീ ദശാകാലങ്ങളിൽ ഗണപതിപ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കണം. രാശ്യാധിപൻ വ്യാഴമായതിനാൽ അശ്വതി, മകം, മൂലം നാളുകളിൽ  വിഷ്ണു ക്ഷേത്രദർശനം നടത്തി യഥാശക്തി വഴിപാടുകൾ നടത്തണം. മൂലവും വ്യാഴാഴ്ചയും ചേരുന്ന ദിവസം വ്രതമനുഷ്ഠിച്ച് വിഷ്ണുക്ഷേത്രത്തിൽ പാൽപ്പായസം, തുളസിമാല എന്നിവ സമർപ്പിക്കുക. വ്യാഴാഴ്ചതോറും ഭാഗ്യസൂക്ത അർച്ചന നടത്തുന്നതും ഉത്തമം.

പൂരാടം

കാൽ ദോഷമുള്ള നക്ഷത്രമാണ് പൂരാടം. ജനനസമയമാനുസരിച്ച് ഈ ദോഷത്തിന് മാറ്റം വരാം. ശുക്രപ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. പൂരാടം നക്ഷത്രത്തിലും അനുജന്മ നക്ഷത്രങ്ങളായ പൂരം, ഭരണി നക്ഷത്രങ്ങളിലും വിഷ്ണു, ലക്ഷ്മി ക്ഷേത്രദർശനവും യഥാശക്തി വഴിപാടുകളും നടത്തണം.

ഉത്രാടം

ഉത്രാടം നക്ഷത്രജാതർ നക്ഷത്രാധിപനായ ആദിത്യനെ പ്രീതിപ്പെടുത്തുന്ന കർമ്മങ്ങൾ അനുഷ്ഠിക്കുക, നിത്യവും ആദിത്യഹൃദയ മന്ത്രം ജപിക്കുന്നത് നന്ന്. ഞായറാഴ്ച ദിവസം സൂര്യനെയും  ദേവതയായ ശിവനെയും ഒരുപോലെ ഭജിക്കുന്നത് ഉത്തമ ഫലം പ്രദാനം ചെയ്യും. പക്കപ്പിറന്നാൾ ദിനത്തിലും അനുജന്മനക്ഷത്രദിനത്തിലും  ശിവക്ഷേത്രദർശനം നടത്തുക. 

തിരുവോണം

തിരുവോണം നക്ഷത്രക്കാർ വ്യാഴാഴ്ചതോറും വിഷ്ണുക്ഷേത്രദർശനം നടത്തി  പാൽപായസവും തുളസിമാലയും  വഴിപാടായി സമർപ്പിക്കുക രാഹു, ശനി, കേതു ദശാകാലങ്ങളിൽ വ്യാഴാഴ്ചവ്രതം അനുഷ്ഠിക്കുന്നതും വിഷ്ണുസഹസ്രനാമം ജപിക്കുന്നതും ദോഷകാഠിന്യം കുറയ്ക്കും.

അവിട്ടം

അവിട്ടം നക്ഷത്രക്കാർ ചൊവ്വാ പ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കണം. ചൊവ്വയുടെ അധിദേവതകളായ ഭദ്രകാളിയെയും സുബ്രമണ്യസ്വാമിയെയും നിത്യവും ഭജിക്കണം. അവിട്ടം നക്ഷത്രത്തിലും അനുജന്മനക്ഷത്രങ്ങളായ ചിത്തിര, മകയിരം നക്ഷത്രത്തിലും ക്ഷേത്രദർശനം നടത്തി ശക്തിയാൽ കഴിയുന്ന വഴിപാടുകൾ നടത്തുക. സാധ്യമെങ്കിൽ ദേവീപ്രീതികരമായ പൗർണമി വ്രതവും സുബ്രഹ്മണ്യപ്രീതികരമായ ഷഷ്ഠിവ്രതവും അനുഷ്ഠിക്കുന്നത് ഉത്തമം.

ചതയം

ചതയം നക്ഷത്രക്കാർ രാഹുപ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കണം. നാഗക്ഷേത്രത്തിൽ മഞ്ഞൾപ്പൊടി, നൂറും പാലും എന്നിവ സമർപ്പിച്ച് പ്രാർഥിക്കണം. സൂര്യൻ, ശനി, കേതു എന്നീ ദശാകാലങ്ങളിൽ ചതയം നക്ഷത്രക്കാര്‍ ദോഷപരിഹാരം അനുഷ്ഠിക്കണം. രാശ്യാധിപനായ ശനിയെ പ്രീതിപ്പെടുത്താൻ ശാസ്താവിന് നീരാഞ്ജനം സമർപ്പിക്കുക.  

പൂരുരുട്ടാതി

പൂരുരുട്ടാതി നക്ഷത്രജാതർ വിഷ്ണുപ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കണം. ബുധ, ശുക്ര, ചന്ദ്ര ദശകളില്‍ പക്കപ്പിറന്നാൾ തോറും വിഷ്ണു, കൃഷ്ണ ക്ഷേത്രദർശനം നടത്തി  പാൽപ്പായസം, തുളസിമാല, തൃക്കൈവെണ്ണ എന്നീവഴിപാടുകൾ നടത്തണം. ചന്ദ്ര ബുധ ശുക്ര ദശാകാലയളവിൽ  ദോഷപരിഹാരമായി വ്യാഴാഴ്ച വ്രതം അനുഷ്ഠിച്ച് വിഷ്ണുക്ഷേത്രദര്ശനം നടത്തുക.

ഉത്തൃട്ടാതി

ഈ നക്ഷത്രജാതരുടെ രാശിനാഥൻ വ്യാഴമാകയാൽ വിഷ്ണുവിനെ നിത്യേന ഭജിക്കുന്നത് ഉത്തമം. സൂര്യൻ, കുജൻ, കേതു ദശാകാലങ്ങളിൽ ഉത്തൃട്ടാതി നക്ഷത്രക്കാർ ദോഷപരിഹാരമായി ജന്മനക്ഷത്രം തോറും ശാസ്താവിന് നീരാഞ്ജനം, വിഷ്ണുവിന് പാൽപായസം എന്നിവ സമർപ്പിക്കുക. പൂയം, ഉത്തൃട്ടാതി, അനിഴം നാളുകളിൽ വിഷ്ണുക്ഷേത്ര ദർശനം നടത്തണം.

രേവതി

രേവതി നക്ഷത്രജാതർ ബുധപ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കണം. ബുധനാഴ്ചയും രേവതിയും ഒത്തുവരുന്ന ദിനത്തിൽ വ്രതം അനുഷ്ഠിച്ചു ശ്രീകൃഷ്ണ ക്ഷേത്ര ദർശനം നടത്തി ശക്തിയാൽ കഴിയുന്ന വഴിപാടുകൾ നടത്തണം. ശുക്രൻ, രാഹു, ചന്ദ്രൻ എന്നീ  ദശാകാലങ്ങളിൽ ദോഷപരിഹാരമായി ജന്മനക്ഷത്രം തോറും ശ്രീകൃഷ്ണ ഭഗവാന് തൃക്കൈവെണ്ണ നേദിക്കണം.


ഗ്രഹപ്പിഴകൾ കൂടുതൽ അനുഭവിക്കുന്നവർ

ഉദ്ദിഷ്ട കാര്യസാധ്യത്തിനും തടസ്സ നിവാരണത്തിനും ഗണപതിക്ക് കറുകമാല ചാര്‍ത്തുന്നത് ഏറ്റവും ഗുണകരമാണ്. ഒരു മണ്ഡലകാലം (41 ദിവസം) തുടര്‍ച്ചയായി കറുകമാല ചാര്‍ത്തിക്കുന്നവരുടെ ആഗ്രഹം ഗണപതി തടസ്സം കൂടാതെ സാധിപ്പിക്കും എന്നതാണ് വിശ്വാസം. നാല്പത്തിയൊന്നാം ദിവസം വിശേഷാല്‍ അഷ്ടോത്തര പുഷ്പാഞ്ജലിയും നടത്തുന്നു. ജന്മ നക്ഷത്ര ദിവസം (പക്കപ്പിറന്നാള്‍) പുഷ്പാഞ്ജലി വരത്തക്ക വിധത്തില്‍ വഴിപാടു നടത്തുന്നത് അതി വിശേഷമായി കരുതപ്പെടുന്നു. പ്രധാന കാര്യങ്ങളുടെ വിജയത്തിനായും സംരംഭങ്ങള്‍ മുതലായവയുടെ ശുഭാരംഭത്തിനായും ആ പ്രത്യേക ദിനത്തില്‍ വഴിപാട് പൂര്‍ത്തിയാകുന്ന വണ്ണം അനുഷ്ഠിക്കുന്നതും വിശേഷമാണ്.

പതിനെട്ടു നാരങ്ങ കോര്‍ത്ത മാല ഗണപതി ഭഗവാന് തുടര്‍ച്ചയായി മൂന്നു ദിവസങ്ങളില്‍ ചാര്‍ത്തുകയും മൂന്നാം ദിവസം   [അന്ന് പക്കപ്പിറന്നാൾ വരുന്നവിധം വേണം] വഴിപാടുകാരന്‍റെ പേരും നാളും ചൊല്ലി വിഘ്നഹര സ്തോത്രം കൊണ്ട് പുഷ്പാഞ്ജലി കഴിക്കുകയും ചെയ്യുന്നതും നല്ലതാണ്. എന്ത് ആഗ്രഹം മനസ്സില്‍ സ്മരിച്ചു കൊണ്ടാണോ ഭക്തിപൂര്‍വ്വം ഈ വഴിപാട് നടത്തുന്നത്, ആ ആഗ്രഹ സാധ്യത്തിനു പ്രതിബന്ധമാകുന്ന തടസ്സങ്ങളെ ഗണപതി ഭഗവാന്‍ ഇല്ലാതാക്കുമെന്നാണ് വിശ്വാസം.

No comments:

Post a Comment