തിരുച്ചെന്തൂർ മുരുക ക്ഷേത്രം
തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ തിരുച്ചെന്തൂരിലെ സമുദ്രതീരത്ത് സ്ഥിതി ചെയ്യുന്ന ഈ മുരുക ക്ഷേത്രമാണ് ആറുപടൈ വീടുകളില്‍ രണ്ടാമത്തെ സ്ഥാനം. വിജയത്തിന്റെ പുണ്യനഗരമെന്നാണ് തിരിച്ചെന്തൂർ എന്ന പദത്തിന്റെ അർത്ഥം. കിഴക്കു ഭാഗം കടലായതിനാൽ പടിഞ്ഞാറു ഭാഗത്താണ് പ്രധാന ഗോപുരം.ഒമ്പതു നിലയുള്ള ഗോപുരത്തിന് 137 അടി ഉയരമുണ്ട്. ക്ഷേത്രത്തിനു മുന്നിലുള്ള ഈ കടലിൽ ഒമ്പതു പുണ്യതീർത്ഥങ്ങൾ സംഗമിക്കുന്നുവെന്ന് വിശ്വാസം.മുരുകന്റെ അറുപടൈവീടുകളില്‍ സമുദ്രതീരത്ത് സ്ഥിതി ചെയ്യുന്ന ഏക ക്ഷേത്രം തിരുച്ചെന്തൂര്‍ മുരുകന്‍ ക്ഷേത്രമാണ്. ബാക്കിയുള്ള അഞ്ച് ക്ഷേത്രങ്ങളും കുന്നിന്റെ മുകളിലാണുള്ളത്. മുരുക ദേവന് ശിവഭഗവാനെ പൂജിക്കാൻ ദേവന്മാരുടെ ശിൽപിയായ മായന്‍ നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രം എന്നാണ് വിശ്വാസം. ജയന്തിപുരം എന്നായിരുന്നു ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നത്.
വദനാരംഭതീർഥമായ കടലില്‍ കുളിച്ചാണ് ഭഗവാനെ ദർശിക്കേണ്ടത്. ക്ഷേത്രം ഉയരത്തിലാണെങ്കിലും ശ്രീകോവില്‍ സമുദ്രനിരപ്പിനും താഴെയാണ്.ഇവിടെ ശ്രീ മുരുക ദേവൻ്റെ ചതുർബാഹുവായ പ്രതിഷ്ഠയാണ്. പ്രതിഷ്ഠയുടെ ഇടതു ഭാഗത്ത് ജഗന്നാഥ ശിവലിഗം.തെക്കു ഭാഗത്ത് വള്ളീദേവയാനീസമേതനായ ഷണ്മുഖ സ്വാമിയുടെ പന്ത്രണ്ടു കൈകളുള്ള വിഗ്രഹ പ്രതിഷ്ഠയും ഭക്തർക്ക് അനുഗ്രഹം നൽകുന്നു. നൂറ്റി ഇരുപത്തിനാല് തൂണുകളാൽ അലങ്കരിക്കുന്ന തെക്കു ഭാഗത്തുള്ള ഷണ്മുഖവിലാസ മണ്ഡപമാണ് മറ്റൊരു പ്രധാന പ്രവേശന കവാടം. അതിനോട് ചേർന്ന് ശീവേലി മണ്ഡപം. ദക്ഷിണാമൂർത്തി, വളളി, കാശി വിശ്വനാഥന്‍, വിശാലാക്ഷി, ചണ്ടികേശ്വരന്‍, ഭൈരവന്‍, ശനീശ്വരന്‍ തുടങ്ങിയ ധാരാളം ഉപദേവതമാരുടെ പ്രതിഷ്ഠകളും ഇവിടെയുണ്ട്. ഐരാവതമണ്ഡപത്തില്‍ ബാലാജിയും മേലെവാസല്‍ വിനായകനും. ചുറ്റിലും നിറയെ മണ്ഡപങ്ങള്‍. അതിൽ 63 നായനാർമാരുടെ പ്രതിമകളും ഇവിടെ കാണാം. രാവിലെ അഞ്ചിനു നട തുറന്നാല്‍ രാത്രി ഒമ്പതു വരെ നട അടച്ചിടാറില്ല.
സ്‌കന്ദപുഷ്‌കരണിയെന്ന് വിഖ്യാതമായ ശുദ്ധജല ഉറവയായ നാഴിക്കിണറിലേക്ക് ക്ഷേത്രത്തില്‍ നിന്നു നീളുന്ന നടപ്പാതയുണ്ട്. വടക്കു ഭാഗത്ത് വള്ളിയുടെ ഗുഹാക്ഷേത്രവും ധ്യാനമണ്ഡപവും സ്ഥിതി ചെയ്യുന്നു.
ശങ്കരാചാര്യരെ ചികിത്സിച്ച ദേവസേനാപതി
തിരുച്ചെന്തൂര്‍ ദേവനെ പ്രകീർത്തിച്ച് ശ്രീ ആദി ശങ്കരാചാര്യര്‍ രചിച്ച സുബ്രഹ്മണ്യ ഭുജംഗത്തിലെ വരികള്‍ ഇവിടെ ചുമരുകളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ശങ്കരാചാര്യർ സുബ്രഹ്മണ്യ ഭുജംഗം രചിക്കാൻ ഉണ്ടായ ഐതിഹ്യത്തിലേക്ക് ഒന്നു കടക്കാം.
ഭാരതമെങ്ങും അദ്വൈത വേദാന്ത പ്രചരാണാർത്ഥം സഞ്ചരിച്ച ശങ്കരാചാര്യസ്വാമികൾക്ക് ധാരാളം ശത്രുക്കൾ ഉണ്ടായിരുന്നു. അവരിൽ പ്രമുഖൻ അഭിനവ ഗുപ്തനായിരുന്നു.അങ്ങനെ അഭിനവ ഗുപ്തൻ ശ്രീ ശങ്കരാചാര്യരെ തകർക്കുന്നതിനായി ആഭിചാരം ചെയ്തു. അതിൻ്റെ ഫലമായി സ്വാമിക്ക് കഠിനമായ ശ്വാസതടസ്സം ഉണ്ടായി. കൂടാതെ ശരീരവേദനയും. അങ്ങനെ ഇരിക്കെ ശ്രീ പരമശിവൻ പ്രത്യക്ഷനായി സ്വാമിയോട് തിരിച്ചെന്തൂർ സുബ്രഹ്മണ്യനെ അഭയം തേടാൻ നിർദ്ദേശിച്ചു. അങ്ങനെ അവിടെയെത്തിയ ശങ്കരാചാര്യസ്വാമികൾ കുമാരനെ പാടിപ്പുകഴ്ത്തി. അതാണ് പ്രസിദ്ധമായ സുബ്രഹ്മണ്യ ഭുജംഗം. മഹാനുഭാവനായ് സ്വാമിയുടെ മുമ്പിൽ ദേവസേനാധിപതി പ്രത്യക്ഷനായി തൻ്റെ വിശിഷ്ടമായ ഇലവിഭൂതി ദേഹത്ത് പൂശിക്കൊടുത്തു. അങ്ങനെ അദ്ദേഹം പൂർണ്ണ സുഖവാനായി സുബ്രഹ്മണ്യ പാദങ്ങളിൽ സാഷ്ടാംഗം നമസ്കരിച്ചു. അതിനാൽ സുബ്രഹ്മണ്യ ഭുജംഗം ജപിക്കുന്നത് രോഗശാന്തിക്ക് ഉത്തമമാണ്.
ഐതിഹ്യം
ശൂരപത്മനെ ഹനിക്കാന്‍, കടലോരത്ത് പടകൂട്ടിയ ദേവസേനാപതിയുടെ കഥയാണ് ഇവിടുത്തെ ഐതിഹ്യം. അസുരനായ ശൂരപത്മനും സഹോദരന്മാരായ സിംഹമുഖനും താരകനും മൂന്നു ലോകങ്ങളും കീഴടക്കാനൊരുങ്ങി. ദേവന്മാർ കൈലാസത്തിലെത്തി ശിവനെ സങ്കടമുണർത്തിച്ചു. തിരുച്ചെന്തൂരിന് തെക്കുഭാഗത്ത് കടലിനടിയിലായിരുന്നു ശൂരപത്‌മന്റെ വാസസ്ഥാനമായ മഹേന്ദ്രഗിരി. ശൂരപത്മനെ നിഗ്രഹിക്കാൻ തിരുച്ചെന്തൂരിലെത്തിയ ഷണ്മുഖൻ ആരാധിക്കാൻ ആദ്യം ഒരു ലിംഗം പ്രതിഷ്ഠിച്ചു. കടലിലും ആകാശത്തിലും രാവും പകലുമായി അഞ്ചുദിവസം നീണ്ടുനിന്ന യുദ്ധത്തിൽ ശൂരപത്മനൊഴികെയുള്ളവരെ നിഗ്രഹിച്ചു. ആറാം ദിവസമാണ് ശൂരപത്മൻ ഷണ്മുഖന്റെ വിശ്വരൂപം കണ്ട് കീഴടങ്ങിയത്. അസുരസേനയെ മുടിച്ച് തന്റെ അവതാരോദ്ദേശം സാധിച്ച പുണ്യസ്ഥലമാണിത്. രണ്ടായി ഛേദിച്ച ശൂരപദ്മന്റെ ശരീരത്തില്‍ ഒരു ഭാഗം മയിലായും മറു ഭാഗം കോഴിയായും മാറി. മയില്‍ ദേവന്റെ വാഹനമായി, കോഴി ദേവേന്ദ്രന്റെ കൊടിയടയാളമായും മാറി. ദേവവിജയം കൊണ്ടാടാനാണ് സ്‌കന്ദഷഷ്ഠിയാഘോഷം തുടങ്ങിയത്. യുദ്ധം ജയിച്ച് തിരിച്ചെത്തിയ ഷണ്മുഖൻ ദേവശിൽപിയായ മയനെ വിളിച്ച് നേരത്തേ പ്രതിഷ്ഠിച്ച ലിംഗത്തിൽ ക്ഷേത്രം പണിയാൻ നിർദ്ദേശിച്ചു. ശിവനെ പൂജിച്ച് ഷണ്മുഖനും തിരുച്ചെന്തൂരിൽ നിലകൊള്ളുന്നുവെന്ന് ഭക്തർ വിശ്വസിക്കുന്നു.
എത്തിച്ചേരാൻ
തൂത്തുക്കുടിയിൽ നിന്ന് 40 കിലോമീറ്റർ സഞ്ചരിച്ചാൽ തിരുച്ചെന്തൂരായി. തിരുനെൽവേലിയിൽ നിന്ന് 60 കിലോമീറ്റർ. റോഡുമാർഗവും ട്രെയിൻ മാർഗവും തിരുച്ചെന്തൂരിലെത്താം. തിരുവനന്തപുരം-നാഗർകോവിൽ, വള്ളിയൂർ-ചാത്തൻകുളം-തിരുച്ചെന്തൂർ റൂട്ടിൽ 175 കി മീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിൽ എത്തിച്ചേരാം.
No comments:
Post a Comment