പരമശിവൻ സൃഷ്ടിച്ച വീണ
ശ്രീപാർവ്വതിദേവി തന്റെ വളയണിഞ്ഞ കൈകൾ മാറിൽ ചേർത്ത് നിദ്രയിലാണ്ടപ്പോൾ ശ്വാസത്തിന്റെ ഉയർച്ച താഴ്ചക്കനുസരിച്ച് തങ്കവളകൾ മൃദുമന്ത്രണം പുറപ്പെടുവിപ്പിച്ചുകൊണ്ടിരുന്നു. സംഗീതാത്മകമായ പാർവ്വതിദേവിയുടെ നിദ്രാരൂപം മഹാദേവന്റെ മനസ്സിൽ നിത്യസംഗീതത്തിന്റെ ആനന്ദം നൽകി മായാതെനിന്നു. ദേവിയുടെ ശയനരൂപത്തിൽനിന്നും സംഗീതധ്വനി ഉണർത്തുന്ന ഒരു വസ്തു സൃഷ്ടിക്കണമെന്ന് പരമശിവൻ ആഗ്രഹിച്ചു. ഭഗവാൻ യോഗദക്ഷിണാമൂർത്തിധ്യാനരൂപം പൂണ്ടു.
ആ ധ്യാനാവസ്ഥയിലും ദേവിയുടെ ശയനരൂപം മഹാദേവന്റെ മനസ്സിൽ മായാതെ തെളിഞ്ഞുനിന്നു. അങ്ങനെ രുദ്രവീണ സൃഷ്ടിച്ചു. പരമശിവൻ ആ രുദ്രവീണ കൈകളിലേന്തി തന്ത്രികൾ ഉണർത്തി. ഭഗവാന്റെ ആ രൂപത്തെ 'വീണാ ദക്ഷിണമൂർത്തി' എന്നറിയപ്പെടുന്നു.
ശ്രുതിലയസമന്വിതമാണ് വീണ. ശ്രുതി പാർവ്വതിദേവിയും ലയം ശ്രീപരമേശ്വനുമാകുന്നു.
പരമേശ്വര ധ്യാനത്തിൽ നിന്നും പിറവികൊണ്ട വീണ മഹാദേവൻ ബ്രഹ്മാവിന് നൽകുകയും ബ്രഹ്മാവ് സരസ്വതിദേവിക്ക് നൽകുകയും ചെയ്തു. സരസ്വതീദേവിയുടെ ആരാധനാചിഹ്നം കൂടിയാണ് വീണ. വീണയെ ശുദ്ധസംഗീതത്തിന്റെ മാതാവായി കണക്കാക്കിയ സരസ്വതീദേവി ത്രിലോകസഞ്ചാരിയായ നാരദരെ മികച്ച വീണാവാദകനാക്കുകയും ചെയ്തു.
ശിവശക്തിയുടെ അംശസമന്വിതരൂപമാണ് വീണ.
No comments:
Post a Comment