28 April 2020

ഒരു അഘോരിയുടെ ജീവിത പാത - 06

ഒരു അഘോരിയുടെ ജീവിത പാത - 06

അഘോരസമ്പ്രദായത്തിൻ്റെ അടിസ്ഥാനം  ശൈവദർശനമാണെന്നു പൊതുവിൽ പറയാവുന്നതാണ്. ശിവനും ശക്തിയും അടിസ്ഥാനപരമായി ഒന്നായതുകൊണ്ട് ശൈവവും ശാക്തേയവുമായ ദർശനങ്ങൾക്ക് അഘോരസമ്പ്രദായത്തിൽ തുല്യ പ്രാധാന്യമുണ്ട്. അഘോരസാധകൻ ശക്തിസിദ്ധനും, ശിവശക്തി സാമരസ്യം അഥവാ പ്രകാശവിമർശങ്ങളുടെ ഐക്യരൂപംദർശിച്ചവനുമായിരിക്കും. അഘോര സമ്പ്രദായകേന്ദ്രങ്ങൾ ഭാരതത്തിലുടനീളമുണ്ട്. അവയെ " സ്ഥലങ്ങൾ " എന്ന ഗോപ്യനാമത്തിലാണറിയപ്പെടുന്നത്. ബറോഡയിൽ കാണപ്പെടുന്ന അഘോരക്ഷേത്രം കഴിഞ്ഞ കുറച്ചുകാലമായി ശൂന്യമായിക്കിടക്കുകയാണ്. അഘോരികളിൽ പുരുഷന്മാർ മാത്രമല്ല അഘോരിണികളായ സ്ത്രീകളുമുണ്ട്. ശിരസ്സിൽ ജഡാഭാരം, കല്ലും സ്ഫടികവും കൊണ്ടുള്ള മാലകൾ ,അരയിൽ നീണ്ടപാവട, കയ്യിൽ ത്രിശൂലം ഇവയാണ് അഘോരിണികളുടെ വേഷഭൂഷാദികൾ.

മഹാതത്വമാംസഭക്ഷണവും, പഞ്ചശ്മശാനങ്ങളിലെ സാധനയും, ശവസാധനയും അഘോരികളുടെ സാധനയിൽപ്പെടുന്നതാണ്. നാല് തരം അഘോര സന്യാസികളാണുള്ളത്. എന്നാൽ പ്രധാനമായും അവരെ രണ്ടു തരത്തിൽ തിരിച്ചിരിക്കുന്നു. "ഹിമാലയീ "അഘോരപരമ്പരയിൽ ഗൃഹസ്ഥാശ്രമം കാണപ്പെടുന്നു. ഗിർണാർപർവ്വതത്തിലെ മൂന്ന് ശിഖിരങ്ങളിൽ മധ്യത്തിലുള്ളത് അഘോരിശിഖരമാകുന്നു. ഇന്നും ഈ ഭാഗത്ത് അഘോര സാമ്പ്രദായികരെ കാണുവാൻ കഴിയും.

അഘോര സന്യാസിമാർ പഞ്ചാബിൽ "സരഭംഗ" എന്നും, തമിഴ്നാട്ടിൽ "ബ്രഹ്മനിഷ്ഠർ ", ബംഗാളിൽ "അഘോരികൾ " ,ബീഹാറിൽ " ഔഘട്ട് " എന്നും അറിയപ്പെടുന്നു. യഥാർത്ഥ അഘോരയോഗികൾ സാധനയുടെ തുടക്കത്തിൽ മാത്രം ഭിക്ഷ ആവിശ്യപ്പെടുന്നു. എന്നാൽ ഒരു ഘട്ടം കഴിഞ്ഞാൽ അവർ ആരെങ്കിലും കൊടുക്കുന്നതു മാത്രം സ്വീകരിക്കുന്നു.

അഘോരരുടെ സർവേശ്വരീ ആശ്രമത്തിൽ ശ്രീചക്രപ്രതിഷ്ഠ കാണുന്നുണ്ട്. അന്നം, മദ്യം, മാംസം, മത്സ്യം തുടങ്ങിയ നൈവേദ്യങ്ങളെല്ലാം ഉപയോഗിക്കുന്നു. അഘോരസാധകൻ ഗൃഹസ്ഥനെങ്കിൽ ചക്രമണ്ഡലത്തിൽ  "ചില പ്രത്യേകതരം നിഗൂഢസാധനകളും " പത്നിയോടു കൂടി അനുഷ്ഠിച്ചു വരുന്നുണ്ട്.

തുടരും...

No comments:

Post a Comment