17 March 2020

നളകൂബരൻ

നളകൂബരൻ
 
അഷ്ടദിക്പാലകരിൽ ഉത്തര ദിക്കിനു നാഥനായ കുബേരന്റെ മൂത്തപുത്രനാണ് നളകൂബരൻ. കുബേരന്റെ രണ്ടാമത്തെ പുത്രനാണ് മണിഗ്രീവൻ. സുന്ദരന്മാരായ യക്ഷന്മാരായിരുന്നു ഇരുവരും. നാരദമുനിയുടെ ശാപത്താൽ വൃക്ഷങ്ങളായിമാറിയ ഇവരെ രണ്ടുപേരെയും ഭഗവാൻ മഹാവിഷ്ണു ദ്വാപരയുഗത്തിൽ ശ്രീകൃഷ്ണനായി പിറന്ന് മോക്ഷം നൽകിയതായി ഭാഗവതത്തിൽ പറയുന്നു.

ഒരിക്കൽ ഇരുവരും മദ്യംകഴിക്കുകയും തങ്ങളുടെ പത്നിമാരുമൊന്നിച്ച് നഗ്നരായി ഹിമാലയത്തിനടുത്ത് ഗംഗാനദിയിൽ മദനക്രീഡകൾ ചെയ്തു കുളിച്ചുരസിക്കുകയായിരുന്നു. കൈലാസനാഥനെ ദർശിക്കാനായി വന്ന നാരദർ ഇതുകാണുകയും അത്യന്തം കോപാകുലനായ അദ്ദേഹം രണ്ടു സഹോദരന്മാരേയും ശപിച്ചു. “നഗ്നരായി പുണ്യഗംഗയിൽ സ്നാനം ചെയ്യുന്നതു പാപകരമാണ്, അതിലും വിശേഷിച്ച് നഗ്നരായി രതിക്രീഢകളാടി വിഹരിക്കുന്നത് അതിലേറെ പാപകരം. മദ്യമദംകൊണ്ടു ധർമ്മവും മനുഷ്യത്വവും മറന്ന് ബോധമില്ലാതെ പെരുമാറിയ നിങ്ങൾ ബുദ്ധിയും ബോധവും ചേതനയുമില്ലാത്ത മരുതമരങ്ങളായിത്തീരട്ടെ എന്നു ശപിച്ചു. മുനിശാപം ഏറ്റതോടുകൂടി കുബേരപുത്രന്മാർ നാരദരുടെ ശാപമോക്ഷത്തിനായി അപേക്ഷിച്ചു. ദ്വാപരയുഗത്തിൽ ഭഗവാൻ വിഷ്ണു വസുദേവാത്മജനായി ജനിച്ച് നിങ്ങൾക്ക് ശാപമോക്ഷം നൽകുമെന്ന് അരുളികടന്നു പോയി.

കൃഷ്ണൻ ശിശുവായിരിക്കുന്ന അവസരത്തിൽ അമ്പാടിയിൽ വെച്ച് ഒരിക്കൽ യശോദര കണ്ണനെ കുരുത്തകേടുകാണിച്ചതുകൊണ്ട് ഉരലിൽ കെട്ടിയിട്ടു. അല്പം കഴിഞ്ഞ് കണ്ണൻ ആ ഉരലും വലിച്ചോണ്ട് അതുവഴിയെല്ലാം നടന്നു. നളകൂബര-മണിഗ്രീവന്മാർ മരുതമരങ്ങളായി നിൽക്കുന്നതുവഴി കൊണ്ടുപോയി ആ മരങ്ങൾ ഉരലുകൊണ്ട് മറിച്ചിടുകയും അങ്ങനെ കുബേരപുത്രന്മാർക്ക് മോക്ഷം കിട്ടുകയും ചെയ്തു. കൃഷ്ണനു നാലുവയസ്സു പ്രായമുള്ളപ്പോഴാണു നളകൂബരമണിഗ്രീവന്മാർക്ക് ശാപമോക്ഷം നൽകുന്നത്.

കണ്ണന്റെ ബാലലീലകളുമായി ബന്ധപ്പെട്ട ഒരു പ്രധാന സംഭവമാണ് ഉരലിൽ കെട്ടിയ കണ്ണൻ

ഒരു ദിവസം കാലത്ത് യശോദ തയിർ കടയുകയായിരുന്നു. അപ്പോൾ കൃഷ്ണൻ പാലിനുവേണ്ടി അടുത്തേക്കുവന്നു.

അമ്മേ, എനിക്കു പാല് തരാതിരുന്നത് എന്താണ്? എന്നെ മറന്നുപോയോ ? ഇങ്ങനെ ചോദിച്ച് കൃഷ്ണൻ അമ്മയുടെ മടിയിൽ കയറിയിരുന്നു. യശോദ സന്തോഷപൂർവം മകനു പാലു കൊടുത്തു. ഇതിനിടയിൽ അടുപ്പത്തുവച്ച പാൽ പതഞ്ഞുതൂവാറായി. അതിനാൽ അമ്മ മകനെ താഴെവച്ചു വേഗം അകത്തേക്കു പോയി.

അതു മകനു തീരെ ഇഷ്ടപ്പെട്ടില്ല. അവൻ കോപിച്ച് അകലെയുണ്ടായിരുന്ന ഒരു അമ്മിക്കല്ലെടുത്ത് കലത്തിൻമേലേക്ക് ഒരേറ്. കലം നുറുങ്ങിപ്പോയി. തയിർ മുഴുവൻ നിലത്തേക്കു പരന്നു. കൃഷ്ണൻ അതിന്റെ മീതെയുള്ള വെണ്ണയുമെടുത്ത് ഒരു കോണിൽ പോയിരുന്നു. തിളയ്ക്കുന്ന പാൽ തണുപ്പിച്ചശേഷം അമ്മ വന്നുനോക്കുമ്പോൾ നല്ല കാഴ്ചയാണു കണ്ടത്. ഈ പണി ചെയ്തുവച്ചിട്ടു കണ്ണനെങ്ങോട്ടു പോയി ? യശോദ മകനെയും തിരഞ്ഞുനടന്നു.

അതാ, കണ്ണൻ ഒരു കോണിലുള്ള ഉരലിൻമേൽ കയറിയിരുന്ന് വെണ്ണ തിന്നുകയാണ്. ഇടയ്ക്കിടെ കുറെശ്ശെ പൂച്ചകൾക്കും കൊടുക്കുന്നുണ്ട്. അപ്പോഴാണു കോപിച്ചു ചൂരലുമായി അടുത്തുവന്ന അമ്മയെ കണ്ടത്. കണ്ണൻ ഉടനെതന്നെ എഴുന്നേറ്റ് ഓടാൻതുടങ്ങി. പിന്നാലെ അമ്മയും. കുറച്ചുദൂരം ഓടിയപ്പോൾ കൃഷ്ണൻ അമ്മയുടെ പിടിയിലായി. കോപം മൂത്ത അമ്മ മകനെ അടിക്കാൻനോക്കി. അപ്പോൾ അവൻ അച്ഛനെ വിളിച്ചു കരയാൻ തുടങ്ങി.

അതുകണ്ടു യശോദ വിചാരിച്ചു: ചെറിയ കുട്ടിയല്ലേ. തല്ലേണ്ട. പേടിപ്പിച്ചാൽ മതി. അതിനു പിടിച്ചുകെട്ടുകയാണു നല്ലത്. അമ്മ മകനെ അടുത്തുള്ള ഉരലോടുചേർത്ത് ഒരു കയറുകൊണ്ടു കെട്ടാൻനോക്കി. എന്നാൽ കയറിന് അൽപമൊരു നീളക്കുറവ്. അതിനാൽ മറ്റൊന്നെടുത്ത് ഏച്ചുകെട്ടി. അപ്പോൾ അതും കെട്ടാൻ തികയുന്നില്ല. വീണ്ടും മറ്റൊന്നുകൂടി കെട്ടി. എന്നിട്ടോ ?

അതിനും നീളം മതിയാകുന്നില്ല. അങ്ങനെ വീണ്ടും വീണ്ടും കെട്ടിനോക്കി. പക്ഷേ, നീളം തികയുന്നേയില്ല. ആ വീട്ടിലെ കയറെല്ലാം തീർന്നു. പിന്നീട് അടുത്ത വീടുകളിൽനിന്നു കൊണ്ടുവന്നു. അതെല്ലാം കെട്ടിനോക്കി. എന്നിട്ടും മതിയാകുന്നില്ല.

ചുറ്റുമുള്ളവരെല്ലാം ആശ്ചര്യത്തോടെ നോക്കിനിൽക്കുകയാണ്. യശോദയ്ക്കാകട്ടെ, കൈകാൽ തളർന്നു; ശരീരം ക്ഷീണിച്ചു. ആകെക്കൂടി അവർ വല്ലാതെ പരവശയായിത്തീർന്നു. അമ്മയുടെ ദീനത കണ്ടപ്പോൾ കൃഷ്ണന് അലിവു തോന്നി. അതിനാൽ വഴങ്ങിക്കൊടുത്ത മകനെ യശോദ ഉരലോടുചേർത്തുകെട്ടി. കൃഷ്ണൻ പിന്നെ അവിടെ നിന്നില്ല. ഉരലും വലിച്ചു നടക്കാൻ തുടങ്ങി. കുറേദൂരം ചെന്നപ്പോൾ ഇരട്ടയായി നിൽക്കുന്ന രണ്ടു നീർമരുതു മരങ്ങൾ കണ്ടു.

ഇവ ശരിക്കുള്ള മരങ്ങളായിരുന്നില്ല. കുബേരന്റെ രണ്ടു പുത്രൻമാർ നാരദമഹർഷിയുടെ ശാപത്താൽ ഇങ്ങനെ മരങ്ങളായിത്തീർന്നതാണ്. കൃഷ്ണൻ ഉരലും വലിച്ചു മരങ്ങളുടെ അടുത്തെത്തി. അതിനുശേഷം അവയുടെ ഇടയിൽക്കൂടിയാണ് ഉരൽ വലിച്ചു നടന്നത്.

അതിനാൽ ഉരൽ വിലങ്ങനെവീണു. മുന്നോട്ടുപോകാൻ ഉരൽ ശക്തിയായി വലിച്ചപ്പോൾ മരങ്ങൾ മറിഞ്ഞുവീണു. അവയുടെ സ്ഥാനത്ത് തേജസ്വികളായ രണ്ടു ദേവൻമാർ പ്രത്യക്ഷരായി. അതോടുകൂടി അവർക്കു ശാപമോക്ഷം ലഭിച്ചു. സന്തുഷ്ടരായ ദേവൻമാർ കൃഷ്ണനെ സ്തുതിച്ചശേഷം ദേവലോകത്തേക്കു മടങ്ങി.

No comments:

Post a Comment