ഈശ്വരന്‍റെ മഹത്വം
സ്ത്രീ - മാതാവ് - പ്രകൃതി
പുരുഷൻ - പിതാവ് - ബ്രഹ്മം..
സ്‌ത്രൈണങ്ങളായ ഏഴു മഹാഗുണങ്ങളെ [കീർത്തി, ശ്രീ, വാക്ക്, സ്മരണ, ബുദ്ധി, ധൈര്യം, ക്ഷമ] പരാമർശിക്കുന്നതിലൂടെ ഗീത സ്ത്രീത്വത്തിന് കല്പിക്കുന്ന മഹത്ത്വം വെളിപ്പെടുന്നു.
മാതൃത്വത്തിന്റെ മഹിമയാണല്ലോ മക്കളുടെ ഉത്കർഷത്തിന് ആസ്പദം. പ്രകൃതി എന്ന അമ്മ എല്ലാ മക്കളെയും ഒരുപോലെ കാണുന്നു, നല്ലവരായാലും അല്ലെങ്കിലും ഒരുപോലെ സ്‌നേഹിക്കുന്നു, പ്രതിഫലേച്ഛയില്ലാതെ. കർമയോഗത്തിന്റെ വഴിയാണിത്. ജീവലോകത്തിലെ അമ്മമാരും ഇതുതന്നെ ചെയ്യുന്നു. ഇതിൽ മനുഷ്യകുലത്തിലെ അമ്മമാർക്ക് അധിക കഴിവുകളുള്ളതിനാൽ ആ സ്വഭാവം കൂടുതലായി പൂത്തുലയുന്നു.
സഹനത്തിന്റെ വഴിയിലൂടെ അമ്മമാർ കീർത്തി നേടുന്നു. ശാലീനതയും ഔദാര്യവും, ജീവിതസൗഭാഗ്യത്തെ ഏവർക്കും പകർന്നു നല്‍കാനുള്ള സന്മനോഭാവവുമാണ് ശ്രീത്വത്തിന്റെ ലക്ഷണങ്ങൾ. ആകാരസൗഷ്ഠവത്തിലധികമായി കാളിദാസന്റെ ശകുന്തളയ്ക്കുണ്ടായിരുന്നത് ശ്രീത്വമാണ്.
മക്കളെ സമാശ്വസിപ്പിക്കാനും ശാന്തരാക്കാനുമുള്ള കഴിവിന്റെ ഭാഗമായ വാത്സല്യപൂർണമായ വാക്ക് സ്ത്രീത്വത്തിന്റെ മറ്റൊരു സ്വാഭാവികഗുണമാണ്. അതുള്ളവർ സരസ്വതീദേവിയുടെ അവതാരങ്ങൾ തന്നെ.
അമ്മയുടെ ഓർമയിൽ എപ്പോഴും സന്താനങ്ങൾ വിലസുന്നു. അഭംഗുരമാണ് ആ സ്മൃതി. സ്വന്തം കാര്യങ്ങൾ മറന്നാണ് അത് പുലരുക. മുൻനടക്കുന്ന ബുദ്ധിയാണ് മേധ. കുഞ്ഞുങ്ങളുടെ സംരക്ഷ എന്ന പരമലക്ഷ്യം നേടാനുള്ളതിനാൽ മേധാശക്തി സ്ത്രീകൾക്കാണ് കൂടുതലെന്ന സത്യം ഇനിയും ലോകം അംഗീകരിച്ചിട്ടില്ല.
ബ്രഹ്മവിദ്യയുടെ ആദിഗുരു ഉമ എന്ന ഹൈമവതിയാണ്. ഗാർഗി ജനകന്റെ സദസ്സിൽ യാജ്ഞവല്‍ക്യമഹർഷിയുമായി വാദത്തിലേർപ്പെടുന്നു.
ധൈര്യത്തിന്റെ കാര്യത്തിലും മുന്നിൽ സ്ത്രീ തന്നെ. എത്ര ദുർബലയായ സ്ത്രീയും ഏതു ചെകുത്താനോടും തന്റെ കുഞ്ഞുങ്ങളുടെ രക്ഷയ്ക്കായി ധീരമായി പൊരുതും. തന്റെ മക്കളെ തിന്നാൻ വരുന്ന ചെന്നായ്ക്കളിൽ നിന്ന്, തന്റെ ദേഹം അറുത്തെറിഞ്ഞു കൊടുത്ത് മക്കളെ രക്ഷിക്കാൻ ഏത് പുരുഷന് കഴിയും?
'ക്ഷമയിങ്കൽ ഭൂമീദേവിയോളം' എന്നാണ് മുത്തശ്ശിപ്പാഠം. സ്ത്രീ ക്ഷമയുടെ അവതാരമാണെന്നു പറയാം.
ഇപ്പറഞ്ഞ ഏഴു ഗുണങ്ങളും പരമാത്മസാരൂപ്യത്തിന് ശ്രമിക്കുന്നവർക്ക് ആവശ്യമാണ്. ഇവയെല്ലാം ആരിലുണ്ടോ ആ ആളിൽ പരമാത്മപ്രഭാവം തെളിഞ്ഞു കാണാം.
ആണിനോ പെണ്ണിനോ ആർക്കാണ് ഈശ്വരനിലേക്കുള്ള വഴി എളുപ്പം എന്ന കാര്യത്തിൽ ഒരു തർക്കവും വേണ്ട, പെണ്ണിനുതന്നെ.
സ്ത്രീക്ക് പുരുഷനോട് സമത്വം കൈവരണമെന്ന് അലറി വിളിക്കുന്നവർ, തങ്ങള്‍ക്ക് യഥാർഥത്തിൽ ഉള്ളതിൽ എത്രയോ കുറഞ്ഞ സ്ഥാനം മതി എന്നാണ് ആവശ്യപ്പെടുന്നത്!...
പ്രകൃതിയിൽ കാണുന്ന സർവ്വവും ബ്രഹ്മമെന്ന പൈതൃകത്തിൽ പെട്ടിരിക്കുന്നു......
സത്താമീമാംസ (Ontology) - (പ്രകൃതിയെയും, അതിലുള്ള വസ്തുക്കളുടെ മൂല തത്വങ്ങളെയും കുറിച്ച് പഠിയ്ക്കുന്ന ഭൌതികശാസ്ത്രത്തിന്‍റെ ഒരു ശാഖ) - പറയുന്നത് പരമമായ ഒന്ന് തീർച്ചയായും ഊണ്ടായിരിയ്ക്കണമെന്നാണ് അങ്ങനെയെങ്കിൽ ഈ പ്രപഞ്ചത്തിനൊരു നാഥനുണ്ടാവണം; അതെന്താണെന്ന് കണ്ടുപിടിയ്ക്കുകയെ വേണ്ടൂ നാം. ആ ഉത്ഭവം ഒരുപക്ഷെ ശൂന്യമാകാം, വ്യക്തിത്വമുള്ളതാകാം ഇല്ലാത്തതാകാം. പരമസത്യത്തിന്‍റെ വിവക്ഷ അനന്ദം എന്നാണ്.
അതുകൊണ്ട് തന്നെ വ്യക്തവും അവ്യക്തവു മായതെല്ലാം അതിലടങ്ങിയിരിയ്ക്കുന്നു. എല്ലാറ്റിന്‍റെയും ഉത്ഭവത്തിന് പിന്നിലും ഒരു പിതാവുണ്ടായിരിയ്ക്കും, എന്നാൽ അവിടെ നിന്നും നാം പിന്നോക്കം സഞ്ചരിയ്ക്കുകയാണെങ്കിൽ നമുക്ക് നമ്മുടെ പരം പിതാവിനെ അല്ലെങ്കിൽ ആദി ബീജത്തെ കണ്ടെത്താനാകും.
നാം പ്രകൃതിയാകുന്ന അമ്മയെക്കുറിച്ച് പറയാറുണ്ട് എന്നാൽ ആരാണ് പിതാവ്? ഈ ഭൌതിക ശരീരങ്ങൾ സ്വീകരിയ്ക്കാനായി കോടാനുകോടി ആത്മാക്കളെവിടെ നിന്നു വരുന്നു? ലോകത്തിലെ എല്ലാ മഹദ് ഗ്രന്ഥങ്ങളും ഈശ്വരന്‍റെ നിലനില്പിനെക്കുറിച്ച് അടിവരയിട്ട് പറയുന്നുണ്ട്.
പരമാത്മാവായ ഭഗവാൻ നമ്മുടെ ഓർമ്മയ്ക്കും, മറവിയ്ക്കും, നമ്മുടെ ജ്ഞാനത്തിനുമെല്ലാം കാരണ ഭൂതൻ.
“പൊതുനിയമങ്ങൾക്ക് പിന്നിലുള്ള നിയമജ്ഞനെ നാം അറിയുന്നത് വിരളമാണ് പക്ഷെ നിയമങ്ങൾ നാം പാലിയ്ക്കപ്പെടുന്നു. ദ്രവ്യത്തിന് ഒരിയ്ക്കലും ഒരു സചേതനമായ വസ്തുവിന്‍റെ സഹായ ഹസ്തമില്ലാതെ സ്വയം പ്രവർത്തിയ്ക്കാൻ സാദ്ധ്യമല്ല, അതുകൊണ്ട് നാം അതിനെ അംഗീകരിയ്ക്കുക തന്നെ വേണം, പ്രകൃതി നിയമങ്ങൾക്ക് പിന്നിലുള്ള ആ പരമമായ ജീവസത്തയെ നാം അംഗീകരിയ്ക്കുക തന്നെ വേണം“
നിങ്ങൾക്ക് ഘടികാരങ്ങളെക്കുറിച്ച് ഒന്നും അറിയുകയില്ല എന്ന് വിചാരിയ്ക്കുക, വഴിയിൽ വീണു കിടക്കുന്ന ഒരു വാച്ച് നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു എന്നും വയ്ക്കുക, ആ വാച്ചിന്‍റെ രൂപവും ജടിലമായ അതിലെ വസ്തുക്കളുടെ വിന്യാസവും, അതിലെ ചലന നിയമങ്ങളും ആകസ്മികമായി രൂപമെടുത്തതാണെന്ന് നിങ്ങൾ ചിന്തിയ്ക്കുമോ?, ഒരിയ്ക്കലും ഇല്ല പകരം ഇതാരോ ഒരു പ്രത്യേക ഉപയോഗം മനസ്സിൽ വച്ചുകൊണ്ട് രൂപകല്പന ചെയ്തതാണെന്നായിരിയ്ക്കും നാം ചിന്തിയ്ക്കുക.
അതുപോലെ, ജഢിലവും സങ്കീർണ്ണവും ഒപ്പം പരിപൂർണ്ണവുമായ സൃഷ്ടികൾ അതി വിദഗ്ദ്ധവും ബൌദ്ധികവുമായ രൂപ കൽപ്പനയെയാണ് സൂചിപ്പിയ്ക്കുന്നത്: ഏറ്റവും ചെറുതായ ആറ്റങ്ങൾ, തന്മാത്രകൾ, കോശങ്ങളുടെ പ്രവർത്തനങ്ങളും അവയുടെ ജീവശാസ്ത്ര പരമായ ചുമതലകൾ, വിവിധാനങ്ങളായ ജീവന്‍റെ തുടിപ്പുകൾ, പ്രകൃതിയുടെ സന്തുലനാവസ്ഥ, പ്രപഞ്ചം, സൌരയൂഥവും അതിലെ ഗ്രഹങ്ങളും, പ്രപഞ്ച നിയമങ്ങൾ തുടങ്ങിയവയെക്കുറിച്ച് നിങ്ങളൊന്ന് ചിന്തിച്ചു നോക്കൂ അപ്പോൾ ഈശ്വരന്‍റെ മഹത്വം നിങ്ങള്‍ക്കൊരുപക്ഷേ മനസ്സിലായെന്നിരിയ്ക്കും.
No comments:
Post a Comment