കശ്യപമഹർഷി
കശ്യപ പ്രജാപതി, ബ്രഹ്മാവിൻറെ മാനസ പുത്രനായ മരീചിയുടെ പുത്രനാണ് എന്ന് മഹാഭാരതം പറയുന്നു. ബ്രഹ്മാവിൻറെ മാനസ പുത്രന്മാർ , മരീചി, അംഗിരസ്സ്, അത്രി, പുലസ്ത്യൻ, പുലഹൻ, ക്രതു എന്നിവരാണ്.
വാല്മീകി രാമായണം പ്രകാരം തേജ്വസിയാം കശ്യപനാണവർക്കൊടുവിലുളളവൻ" എന്ന് പറയുന്നു.
കശ്യപ പത്നിമാർ ഇരുപത്തിയൊന്നു പേർ. അവരിൽ. പതിമൂന്നുപേർ ദക്ഷപുത്രിമാർ. ആദ്യഭാര്യയായ അദിതിയിൽ പന്ത്രണ്ടു പുത്രന്മാർ. അവരാണ് പന്ത്രണ്ടു ആദിത്യന്മാർ.
അവരിൽ നിന്നും മുപ്പത്തിമുക്കോടി ദേവതകളും. ദിതി എന്ന ഭാര്യയിൽ പിറന്നവരാണ് ദൈത്യന്മാർ. ദനു എന്ന ഭാര്യയിൽ പിറന്നവരാണ് ദാനവന്മാർ. സുരഭിയിൽ നിന്നും ഏകാദശ രുദ്രന്മാരും വിനതയിൽ ഗരുഡനും കദ്രുവിൽ നാഗങ്ങളും. ഇങ്ങനെ എല്ലാ കശ്യപപത്നിമാരിൽ നിന്നുമായി നാനാജാതി ജീവജാലങ്ങൾ പിറന്നു. കദ്രുസന്തതികളായ സർപ്പങ്ങളിൽ നിന്നും വിഷമേറ്റാൽ ഭേദപ്പെടുത്തുന്നതിനുവേണ്ടി ബ്രഹ്മാവ് കശ്യപന് വിഷസംഹാരവിദ്യ ഉപദേശിച്ചു.
ഉച്ചൈശ്രവസ്സ് എന്ന കുതിരയുടെ വാലിൻറെ അഗ്രം വെളുപ്പോ കറുപ്പോ എന്നുള്ള തർക്കത്തിൽ ജയിച്ച കദ്രുവിന് വിനത ദാസിയാകേണ്ടി വന്നു.
അമ്മയുടെ ദാസ്യം മാറ്റുവാൻ കദ്രു ആവശ്യപ്പെട്ട അമൃത് കൊണ്ട് വരാൻ ഗരുഡൻ പുറപ്പെട്ടു. പോകുന്ന വഴിക്ക് ഗന്ധമാദന പർവ്വതത്തിൽ തപസ്സിലായിരുന്ന പിതാവിനെ ചെന്നു കണ്ടു. കശ്യപൻ പറഞ്ഞു, പണ്ട് വിഭാവസു എന്ന മുനിയും അനുജൻ സുപ്രീതനും സ്വത്തിനു വേണ്ടി വഴക്കിട്ട് പരസ്പരം ശപിച്ച് ആനയും ആമയൂമായി. ഇപ്പോഴും വീറോടെ വഴക്കിടുന്ന അവരെ ഭക്ഷിച്ചാൽ നിൻറെ വിശപ്പ് മാറുകയും സ്വർഗ്ഗത്തിലെത്തി അമൃത് കൈക്കലാക്കാനുളള കരുത്തു കിട്ടുകയും ചെയ്യും..
അവരെ കൊത്തിയെടുത്ത് പറന്ന ഗരുഡൻ സ്വസ്ഥമായിരുന്നു ഭക്ഷിക്കാനായി നൂറ് യോജന വൃത്തത്തിൽ പടർന്നു പന്തലിച്ച കൂറ്റൻ വടവൃഷത്തിൻറെ ശിഖരത്തിലിരിക്കവേ അതൊടിഞ്ഞു. ഒടിഞ്ഞകൊമ്പിൽ ബാലഖില്യർ എന്ന മുനിവൃന്ദം ആ കൊമ്പിൽ തൂങ്ങി തപസ്സിലായിരുന്നു. അംഗുലീമാത്ര ശരീരികളായ ഒരു കൂട്ടം മുനിമാരാണ് ബാലഖില്യർ.
ബാലഖില്യന്മാരുടെ ശാപം ഭയന്ന് നിലത്തുവീഴാതെ അവരെയും കൊണ്ട് പറന്നു കശ്യപ സവിധത്തിലെത്തി.
കശ്യപൻ നടത്തിയ സന്താന യജ്ഞത്തിൽ വിറകെത്തിക്കുകയായിരുന്ന ബാലഖില്യന്മാരെ കളിയാക്കി.പുതിയ ഇന്ദ്രനെ അവരോധിക്കാൻ തപസ്സു ചെയ്ത ബാലഖില്യന്മാരെ പിന്തിരിപ്പിക്കാനായി ഇന്ദ്രൻ കശ്യപൻറെ സഹായം തേടി. ഇന്ദ്രനെ വെല്ലുന്ന ഒരു പുത്രൻ വിനതയ്ക്ക് ജനിക്കട്ടെയെന്ന് ബാലഖില്യന്മാർ അനുഗ്രഹിച്ചു.
കശ്യപൻ ഗരുഡന് ഹിമാലയത്തിലെ ഒരിടം ചൂണ്ടി കാണിച്ചു കൊടുത്തു. ബാലഖില്യന്മാരെ അവിടെയാക്കി ഭക്ഷണം കഴിച്ചു ഗരുഡൻ ദേവലോകത്തെത്തി.
ഗരുഡൻ അമൃത് കൊണ്ട് പോകാതിരിക്കാൻ നിർമ്മിച്ച സംരക്ഷണയന്ത്രവും തകർത്ത് ദേവന്മാരെയും തോല്പിച്ചു അമൃത് ഗരുഡൻ കൈക്കലാക്കി.
ഇന്ദ്രൻ, ഗരുഡനെ അനുനയിപ്പിച്ച് അമൃതകുംഭം തിരിച്ചെടുക്കാൻ ശ്രമം നടത്തി. നാഗങ്ങളിൽ നിന്നും മാതാവിനെ മോചിപ്പിച്ച ശേഷം അമൃത് എടുത്തു കൊളളാൻ ഗരുഡൻ പറഞ്ഞു. അമൃത് ഭക്ഷിക്കാൻ ദർഭയിൽ അമൃതകുംഭം വച്ച് കുളി കഴിഞ്ഞു സർപ്പങ്ങൾ വന്നപ്പോൾ അമൃത് ഇന്ദ്രൻ കൊണ്ട് പോയി. ദർഭയിൽ നാവ് നുണയവേ നാഗങ്ങളുടെ നാവ് രണ്ടായി പിളർന്നു. ക്ഷത്രിയനാശം വരുത്തി പിടിച്ചെടുത്ത ഭൂമി മുഴുവൻ പരശുരാമൻ ദാനം നൽകിയത് കശ്യപ മഹർഷിക്കായിരുന്നു. എളള് എന്ന ദിവ്യമായ ധാന്യത്തിൻറെ പിറവി കശ്യപൻറെ ശരീരത്തിൽ നിന്നാത്രെ . തിലപൂജയുടെ മാഹാത്മ്യം എക്കാലവും കശ്യപ സ്മരണ നിലനിർത്തും.
കശ്യപമഹര്‍ഷി ബ്രഹ്മാവിന്റെ വാക്കുകളെ അനുസരിച്ച് സൃഷ്ടികര്‍മ്മം ചെയ്യുന്നു. അനേകം ഭാര്യമാരും കശ്യപമഹര്‍ഷിക്കുണ്ട്.
പക്ഷെ കശ്യപപത്‌നിയായി ദിതിക്ക് അസമയത്ത് ഒരു മോഹം. തന്റെ ചേച്ചിയായ അദിതിക്ക് സന്താനങ്ങളുമുണ്ടായി. അവര്‍ക്ക് അഭിവൃദ്ധിയുമുണ്ടായി.
എന്നാല്‍ തനിക്ക് ഒരു സന്താനമുണ്ടാകാനായിട്ട് കശ്യപമഹര്‍ഷി ഇതുവരെ അനുഗ്രഹിച്ചിട്ടില്ല. അതിനുള്ള അവസരം കശ്യപമഹര്‍ഷി ഉണ്ടാക്കിയില്ല. എന്റെ കാര്യത്തില്‍ വന്നപ്പോള്‍ ബ്രഹ്മാവിന്റെ നിര്‍ദ്ദേശമെല്ലാം കശ്യപമഹര്‍ഷി മറന്നുവോ? എനിക്കുമില്ലേ ആഗ്രഹങ്ങള്‍.
കശ്യപമഹര്‍ഷി തന്റെ ആശ്രമത്തില്‍ സന്ധ്യാവന്ദനത്തിനുള്ള ഒരുക്കത്തിലായിരുന്നു. ദിതി പുറേകകൂടി.
തന്റെ ആവശ്യം ഉന്നയിച്ചു. തനിക്ക് സന്താനം വേണം.
അതിപ്പോള്‍ പെട്ടെന്നെങ്ങിനെയാ. അതിനൊക്കെയൊരു സമയോം കാലോമൊക്കെയില്ലേ എന്നായി കശ്യപമഹര്‍ഷി.
എന്നാല്‍ ദിതി ഒട്ടും വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. ആഗ്രഹം കാമചേഷ്ടകളിലേക്കു കടന്നു. സന്ധ്യാവന്ദനത്തിന്റെ സമയമായതിനാല്‍ ഇപ്പോള്‍ വേണ്ടെന്നു മഹര്‍ഷി പലവട്ടം പറഞ്ഞുനോക്കി. ദിതി സമ്മതിക്കുന്നില്ല.
അസമയത്തുള്ള ചേഷ്ടകള്‍ ശ്രീപരമേശ്വരന്റെ അനിഷ്ടത്തിനിടയാക്കുമെന്ന് മഹര്‍ഷി വ്യക്തമാക്കി.
ശ്രീപരമേശ്വരനും ശിവഭൂതങ്ങളും കൂടി ആശ്രമത്തില്‍ വരുന്ന സമയമാണ്. ശിവകോപത്തിനു പാത്രമായേക്കാവുന്ന ഒരു കര്‍മവും ഉണ്ടാകരുതെന്നൊക്കെ മഹര്‍ഷി വ്യക്തമായി പറഞ്ഞുകൊടുത്തു. എന്നിട്ടും ദിതി സമ്മതിക്കുന്നില്ലെന്നു കണ്ടപ്പോള്‍ എല്ലാം ഭഗവാന്റെ ലീല എന്നു ചിന്തിച്ച് ദിതിക്കു വഴങ്ങിക്കൊടുത്തു. അതിനു കാരണമാകുംവിധത്തില്‍ ദിതി കശ്യപമഹര്‍ഷിയുടെ ഉടുവസ്ത്രം പിടിച്ചുവലിച്ചു. ദിതിയുടെ ചേച്ചിയുടെ ഭര്‍ത്താവായ ശ്രീപരമേശ്വരനും ഭൂതഗണങ്ങളും വരുന്ന സമയമെന്നറിഞ്ഞിട്ടും ദിതി ചെയ്ത അപരാധത്തിന് വഴങ്ങിക്കൊടുക്കാനേ ഋഷിക്കു കഴിഞ്ഞുള്ളൂ.
വേദവിധി ലംഘിച്ച് ചെയ്ത അപരാധത്തിന് വേദവിധി പ്രകാരംതന്നെയുള്ള പ്രായശ്ചിത്തവും കശ്യപഋഷി ചെയ്തു. ഉടന്‍ കുളിച്ചുവന്ന് പ്രാണായാമം ചെയ്ത് ബ്രഹ്മജ്യോതിയെ ധ്യാനംചെയ്തു. ജപത്തിനുശേഷം കശ്യപഋഷി ദിതിയോട് വ്യക്തമാക്കി- ത്രിസന്ധ്യക്ക് ചെയ്യരുതാത്ത കര്‍മം മനഃശുദ്ധിയില്ലാതെ, എന്റെ ഉപദേശത്തേയും ധിക്കരിച്ച് ചെയ്യാന്‍ കാരണക്കാരിയായതിനാല്‍ നിനക്കിപ്പോളുണ്ടാകുന്ന ഗര്‍ഭത്തിലെ രണ്ടു സന്താനങ്ങളും ജനദ്രോഹികളായി മാറും. അവര്‍ മഹാത്മാക്കളോടു കോപിക്കും. സ്ത്രീകളെ ബലാല്‍ക്കാരം ചെയ്യും. നിര്‍ദോഷികളെ ഉപദ്രവിക്കും.
''തദാ വിശ്വേശ്വരഃ ക്രുദ്ധോ ഭഗവാംലോകഭാവനഃ
ഹനിഷ്യത്യവതീര്യാസൗ യഥാദ്രീന്‍ ശതപര്‍വധൃക്''-
ഒടുവില്‍ വിശ്വേശ്വരനായ ഭഗവാന്‍ ലോകപരിപാ
ലനത്തിനായി അവതാരമെടുത്തുവന്ന് അവരെ വധിക്കും. വജ്രി അദ്രികളുടെ ചിറകരിഞ്ഞതുപോലെ. എങ്കിലും നീ നിഷിദ്ധകര്‍മത്തിനുശേഷം ശ്രീപരമേശ്വരനെ സ്മരിച്ചതിനാല്‍ ആ ഭവന്റെ അനുഗ്രഹത്താല്‍ നിന്റെ പേരക്കുട്ടികളില്‍ ഒരാള്‍ സല്‍സമ്മതനായി ഭഗവാന്റെ യശസ്സിനെ പാടിനടക്കുന്നവനായി, അന്തക്കരണശുദ്ധി വരുത്തി വംശശുദ്ധിക്ക് കാരണമാകും.
''സ വൈ മഹാഭാഗവതോ മഹാത്മാ
മഹാനുഭാവോ മഹതാം മഹിഷ്ഠഃ
പ്രവൃദ്ധ ഭക്ത്യാഹ്യനുഭാവിതാശയേ
നിവേശ്യ വൈകുണ്ഠമിമം വിഹാസ്യതി''-
അവന്‍ മഹാത്മാവായ മഹാഭാഗവതനായി, മഹാന്മാരോടുള്ള അനുഭാവംകൊണ്ട് മഹത്തുക്കളില്‍ മഹാനായി, അധികഭക്തിയാല്‍ അന്തക്കരണ ശുദ്ധിവന്നവനായി വൈകുണ്ഠത്തില്‍ പോയി വസിക്കും.
ഭഗവാന് ഏറ്റവും ഇഷ്ടനായിത്തീര്‍ന്ന് ലോകം അവനെ ഭഗവന്നാമത്തിനോടു ചേര്‍ന്ന് പ്രകീര്‍ത്തിക്കും. അവന്‍, ആ മഹാത്മാവ്
''അന്തര്‍ബഹിശ്ചാമലമബ്ജനേത്രം'',-
ഉള്ളിലും പുറത്തും ആ പങ്കജാക്ഷനെത്തന്നെ ദര്‍ശിക്കുന്നവനായി സര്‍വഭൂതങ്ങളോടും സ്‌നേഹപൂര്‍വം പെരുമാറുന്നവനായി സജ്ജനങ്ങളുടെ ഇഷ്ടനായി ഭവിക്കും.
ഭഗവാന്‍ മഹാവിഷ്ണുവിന് കശ്യപമഹര്‍ഷിയുടെ വാക്കുകളെല്ലാം സത്യമാക്കേണ്ടതുണ്ട്. ദിതിക്ക് രാക്ഷസീയഭാവങ്ങളുള്ള രണ്ട് പുത്രന്മാരേയും നല്‍കണം. സദ്ഗുണസമ്പന്നനായ ഒരു പേരക്കുട്ടിയേയും നല്‍കണം. ഇതുപോലെ ഇവിടെ പുറകേ വരുന്ന ഭക്തന്മാരുടെ വാക്കുകളും സത്യമാക്കിത്തീര്‍ക്കാന്‍ ഭഗവാന്‍ മാര്‍ഗമുണ്ടാക്കണം.
No comments:
Post a Comment