ശ്രീ കൃഷ്ണൻ്റെ സവിശേഷത
ഭാരതീയരുടെ ഈശ്വരസങ്കൽപത്തിൽ ഏറ്റവും ജനപ്രിയമാർജ്ജിച്ചത് കൃഷ്ണസങ്ക്ൽപ്പമാണ്. ഏറ്റവും അധികം മാനുഷഭാവം പുലർത്തിയ ഈശ്വരൻ കൃഷ്ണൻ തന്നെ. മനുഷ്യർക്കിടയിലെ അതി മാനുഷാഭാവം, സാധാരണക്കാരുടെ ദൈന്യംദിൻ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് പരിഹരിക്കുന്ന ജനകീയ നേതാവിൻ്റെ പരിവേഷവുമുണ്ട് ശ്രീകൃഷ്ണന്, കുട്ടികൾക്ക് കളിക്കൂട്ടുക്കാരൻ, സ്ത്രികളിൽ കാമുകഭാവത്തിൽ നിത്യസാന്നിദ്ധ്യം, മുതിർന്നവരിൽ നിത്യമായ കിശോരഭാവം, പീഡിതരിൽ ആശ്രിതവൽസലഭാവം, സജ്ജനങ്ങൾക്ക് ശത്രുസംഹാരശക്തി, പടയാളികൾക്ക് വീരൻ, ഭരണാധികാരികളിൽ രാജതന്ത്രജ്ഞൻ, ദൗത്യരംഗത്ത് നിപുണൻ, ഇങ്ങനെ എന്തെന്ത് ഭാവവ്യത്യാസങ്ങളാണ് നാം ശ്രീകൃഷ്ണനിൽ ദർശിക്കുന്നത്. ഇതിൽ എല്ലാം അതിമാനുഷികതയാണ് നാം കണ്ടത്. അതിനെ പാടിപുകഴുകയല്ലാതെ മറ്റെന്താണ് വഴി. ഭക്തിനിർഭരമായ കാവ്യങ്ങൾ എഴുതി മഹാകവികളുടെ സരളമായ ഭാവനകളിൽ നിന്ന് ലളിതമനോഹരമായ ഭാവനകളാണ് ഒഴുകിയത്. ഈ ഗാനങ്ങളിലൂടെ കാലങ്ങളായി കൃഷ്ണ ഭക്തിനിർഭരമായ അന്തരീക്ഷം ജനമനസ്സുകളിൽ തുടിച്ച് നിൽക്കുന്നു. ശ്രികൃഷ്ണൻ്റെ അഞ്ജനാവർണ്ണം, പീതാംബരം, വേണുഗാനം , മയിൽ പീലി, കാലിമേയ്ക്കൽ, കാടാമ്പൂക്കൾ, യമുനാനദി, കാളിയമർദ്ദനം, മാറിലെ ശ്രീവൽസം, ഇങ്ങനെ എത്രയെത്ര ഭാവങ്ങളും, വസ്തുക്കളും, ചര്യകളുമാണ് പ്രകീർത്തിക്കപ്പെടുന്നത്.
'മധുവിധു രാവുകളേ മധുരിത യാമങ്ങളേ
മടിയിലൊരാൺപൂവിനെ താ
അതിനമ്പാടിച്ചന്തം അതിനഞ്ജനവർണ്ണം'
മടിയിൽ കൊതിക്കുന്ന ആൺപൂവും ഉണികൃഷ്ണ പരിവേഷമുള്ളതു തന്നെ! അഞ്ജനവർണ്ണവും അമ്പാടിച്ചന്തവും.
'അമ്പാടിതന്നിലൊരുണ്ണീ അഞ്ജനക്കണ്ണനാ, മുണ്ണി'
എന്നിങ്ങനെ ഈ ഉണ്ണിയെ പണ്ടേ മലയാളികൾ വാഴ്ത്തിപോന്നു. ആ ഉണ്ണിയെ കണികണ്ടുണരാനാണ് മലയാളമനസ്സിൻ്റെ മോഹം.
'കണികാണും നേരം കമലനേത്രൻ്റെ
നിറമേലും മഞ്ഞതുകിൽ ചാർത്തി'
എന്നിങ്ങനെയുള്ള പ്രാർത്ഥനാനിർഭരമായ കാത്തിരിപ്പുകൾ.
'ചെത്തിമന്ദാരം തുളസി പിച്ചകമാലകൾ ചാർത്തി
ഗുരുവായൂരപ്പാ നിന്നെ കണികാണേണം'
എന്ന് ഗുരുവായൂരപ്പനെ കണികാണാൻ കൊതിക്കുമ്പോഴും ഉണ്ണീകൃഷ്ണൻ തന്നെ മനസ്സിൽ തെളിയുന്നു.
ഗോപലകനായ കൃഷ്ണൻ്റെ കാലിമേച്ച് നടന്ന കാനന ഭൂമിയിൽ ആ കാലൊച്ച കേൾകാനായി കാത്തിരുന്ന പ്രണയവതികളുടെ ഹൃദയം കാണൂ.
'കാലികൾ മേയ്ക്കുമീ കാനനത്തിൽ നിൻ്റെ
കാലൊച്ച കേൾക്കുവാനായ് കാത്തിരുന്നു.'
എന്നു തുറന്നു പറച്ചിൽ , കാലിമേച്ചു നടക്കുമ്പോൾ ചുണ്ടോട് ചേർക്കുന്ന മുളന്താണ്ടായി മാറനുള്ള മോഹം , ഒരു മയിൽപ്പീലിയായ് ജനിച്ച് ആ തിരുമുടിക്കുടന്നയിൽ തപസ്സു ചെയ്യാനുള്ള ദാഹം... കൃഷ്ണനിലലിയാനുള്ള വാഞ്ഛ എത്തി നിൽക്കുന്നതോ..
'നിന്നനുരാഗമാകും ഈ യമുനാരംഗം എൻ
പുണ്യതീർത്ഥമാകാന്തു മോഹം'
എന്നനിലക്കുള്ള ഉയർന്ന ആത്മസമർപ്പണത്തിലേക്ക് ഈ പ്രാണയം ഒരു വർത്തമാനനുഭവമല്ലേ. പ്രണയത്തിൻ്റെ ആദിമപ്രേരണകൾ എല്ല ഹൃദയങ്ങളിലും ഒഴുകിയൊഴുകി വരികയാണ്.
'ഓടക്കുഴൽ വിളി ഒഴുകിയൊഴുകിവരും ഒരു ദ്വാരകാ യുഗസന്ധ്യയിൽ'
വരെ ഈ പ്രണയസ്മരണ നീണ്ടുപോകും ആ സ്മരണ ഇങ്ങനെ ചോദിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നുണ്ട്.
'രാസലീലയ്ക്കു വൈകിയതെന്തു നീ രാജീവലോചനാ രാധികേ'
കൃഷ്ണൻ്റെ രാസലീല ഇൻ്റ്യൻ മനസ്സിൽ പതിപ്പിച്ച നിത്യമായ കാൽപ്പനിക ഭാവങ്ങൾ , നിത്യ വിരഹിണിയായ രാധ നൂറ്റാണ്ടുകളായി അവശേഷിപ്പിച്ച കാൽപ്പനികശോകത്തിൻ്റെ മൂർത്തതയാകുന്നു. കൃഷ്ണനിലെ കാൽപ്പനികഭാവത്തോടപ്പം തന്നെ രക്ഷകഭാവവും ഉയർന്നു വരുന്നുണ്ട്.
'ഗോവർദ്ധനഗിരി കൈകളിലേന്തിയ ഗോപകുമാരൻ വരുമോ തോഴീ'
എന്ന ഗാനത്തിൽ കൊടും വർഷത്താൽ സർവ്വനാശത്തിൻ്റെ വക്കിലെത്തിയ അമ്പാടിയെ ഗോവർദ്ധനപർവ്വതം കുടയായി പിടിച്ച് കാത്തുപോന്ന മഹാരക്ഷകനായ ഗോപകുമാരൻ ഒരു കാമുകഭാവവും പ്രസരിക്കുന്നില്ലേ. പ്രണയത്തിൻ്റെ സമർപ്പിത ഭാവമാണ് കൃഷ്ണഭക്തിയുടെ മറുപുറം.
ആ പൂജ ഇങ്ങനെയാകും
'ഞാനെൻ മിഴിനാളമണയാതെ വച്ചും
നീറും നെഞ്ചകം അകിലായ് പുകച്ചും
വാടും കരൾത്തടം കണ്ണിരാൽ നനച്ചും'
ഇവിടെ ശരീരം തന്നെ പൂജക്കുള്ള വസ്തുക്കളാകുകയാണ്; ഇത് ഭക്തിയിലൂടെ , ഉദാത്ത പ്രണയത്തിലൂടെ ആത്മസമർപ്പണം നടത്തുന്നതിൻ്റെ ആവിഷ്ക്കരമാണ്.
ആശ്രിതവൽസലനായ ശ്രീകൃഷ്ണനെ നേരിട്ട് സംബോധന ചെയ്യുന്നത് നോക്കൂ...
'ആശ്രിതവൽസലനേ കൃഷ്ണാ .. ആനന്ദം നീയരുള്ളൂ...'.
എന്നിങ്ങനെ അത് നീളും ' സംഭവാമി യുഗേ യുഗേ..' എന്ന കൃഷ്ണ വാക്യവും .
കൃഷ്ണൻ്റെ ജീവിതദൗത്യം വാഴ്തുന്നത് കാണാം
' അഗതിക്കായ് ശ്രികൃഷ്ണൻ ജന്മമെടുത്തു അവരുടെ കൺ മുന്നിലോടിയണഞ്ഞു '
'ജീവിതഭാഷാ കാവ്യത്തിൽ പിഴയുമായ് പൂന്താനം പോലെ ഞാനിരിക്കെ'
എന്ന് സ്വയം ലഘുത്വം ഭാവിക്കുന്ന ഭക്തൻ
' യമുനയിൽ ഖരഹരപ്രിയയായിരുന്നെങ്കിൽ മഴമുകിലെ നിന്നെ തഴുകിയെനേ'
എന്ന് സംഗീതസാന്ദ്രമായ ഭക്ത്യാനുഭവത്തിലേക്കുയരുന്ന ഭക്തൻ്റെ വിനീതഭാവം പരിഭവത്തിൽ കലരുന്നതു കാണാം.
'രാധ തൻ പ്രേമത്തോടാണോ, കൃഷ്ണാ
ഞാൻ പാടും ഗീതത്തോടാണോ കൂടുതൽ പ്രിയം
ഏതിനോട് എന്നാണ് ചോദ്യം . പകൽ പോലെ ഉത്തരം വ്യക്തം എന്നുറപ്പുണ്ട്. കാർമേഘവർണ്ണനും ഗോപികമാരും തമ്മിലുള്ള ബന്ധം ആർക്കാണ് അറിയാത്തത്.
'കാർമേഘവർണ്ണൻ്റെ മാറിൽ മാലകൾ ഗോപികമാർ'
ആർക്കാണിതിൽ പരിഭവം, യമുനയിൽ ഗോപികമരുമായി നിരാടുന്ന കൃഷ്ണൻ്റെ പ്രണയത്തിന് യമുന തന്നെ ആരൂഢമാകുകയാണോ?
'യമുനേ നിന്നുടെ മാറിൽ
നിറയെ കാർനിറമെന്തേ
പറയൂ നിന്നിലലിഞ്ഞോ കാർവണ്ണൻ'
യമുനയുടെ സാന്നിദ്ധ്യമോ സാമീപ്യമോ നമ്മുടെ മനസ്സുകളിൽ , ഈ വിധം പ്രണയമസൃണമായ വികാരങ്ങളാണ് ഉണർത്തുക.
ഏത് അപ്രതീക്ഷിത പ്രതിസന്ധിയിലും വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ദൈവത്തെക്കുറിച്ചുള്ള സങ്കൽപ്പമാണ് കൃഷ്ണൻ നമ്മളിൽ നിക്ഷേപിച്ചത്. രാജസദസ്സിൽ വെച്ച് ദ്രൗപതി അപമാനിതയായതും കൃഷ്ണനെ വിളിച്ചു വിലപിച്ചതും അപമാനത്തിൽ നിന്നും രക്ഷപ്പെട്ടതും കേൾവിക്കാരിൽ രോമാഞ്ചമുളവാക്കിയ കഥകളാണ് . അതിനെ പിൽക്കാലാത്ത് ഒരു മുദ്രയായി സൂക്ഷിക്കുന്ന മനസ്സുകളിൽ നിന്ന് ഇങ്ങനെയൊരു പാട്ടൊഴുകി വന്നുകൂടെന്നില്ല.
' പൂഞ്ചേലയഴിയുന്നു അപമാനിതയായ
പാഞ്ചാലി കേഴുന്നു.
വിളംബമരുതേ അരുതേ കൃഷ്ണാ
വിശ്വരൂപം കാട്ടുക നീ'
അപമാനിതരാകുന്ന നിസ്സഹായയായ ഏതൊരു സ്ത്രീയുടെയും എക്കാലത്തെയും പ്രാർത്ഥനയാണിത് . അപമാനത്തിൽ നിന്ന് രക്ഷപ്പെടുവാനുള്ള ഏതോ അദൃശ്യമായ അമാനുഷമായ ശക്തിയെ അവർ പ്രതീക്ഷിക്കുന്നു. ആ നിത്യ പ്രതീക്ഷയാകുന്നു. ശ്രീകൃഷ്ണൻ ഏത് അപകർഷതാബോധത്തേയും ശ്രീകൃഷ്ണ സമക്ഷം സമർപ്പിക്കമല്ലോ...
'ജീവിതഭാഷാകാവ്യത്തിൽ പിഴയുമായ് പൂന്താനം പോലെ ഞാനിരിക്കെ'
എന്നി വരികളിൽ സുചിതമാകുന്ന ഐതിഹ്യം ദീനബന്ധുവായ കൃഷ്ണനെ വെളിപ്പെടുത്തുന്നു. ജനകീയമായ ഗനങ്ങളിലൂടെ ജന ഹൃദയങ്ങളിലേക്ക് അലയടിക്കുന്നത് കൃഷ്ണ കഥയിലെ സംഭവങ്ങളും കൃഷ്ണനുമായി ബന്ധപ്പെട്ട ഭാവങ്ങളും കൃഷ്ണൻ അവശേഷിപ്പിക്കുന്ന മുദ്രകളുമാണ്. സംഗീതമുൾപ്പെടെയു ഭാരതത്തിൽ പ്രചരിച്ചിട്ടുള്ള ധരാളം കലകളിൽ ശ്രീകൃഷ്ണ സങ്കൽപ്പവും ഇതിവൃതവും അലയടിക്കുന്നുണ്ട്. ഇതിലൂടെ ശ്രീകൃഷ്ണൻ കൂടുതൽ കൂടുതൽ ജനഹൃദയങ്ങളിലേക്ക് പ്രവേശനം തുടരുന്നു. ഇതു തന്നെയല്ലേ ശ്രീകൃഷ്ണൻ്റെ സവിശേഷതയുടെ നിദാനവും....
No comments:
Post a Comment