ശിവരാജ യോഗം
ജന്മസാഫല്യത്തിന് ക്രിയാ യോഗം
ക്രിയാ യോഗ ശാസ്ത്രം അതിനിഗൂഡവും, അത്യന്തം ശക്തി ഭദ്രവുമായ ഒരു പുരാതന ധ്യാന മാർഗമാണ്. പണ്ട് കാലത്തെ ഗുരുകുലങ്ങളിൽ പരാ- അപരാ വിദ്യാ പഠനത്തിൽ, പരാ വിദ്യയുടെ പഠന ഭാഗത്ത് ആത്മാർത്ഥതയുള്ള, ശ്രദ്ധയുള്ള ശിഷ്യന് മാത്രം ഗുരു കാരുണ്യ പൂർവ്വം, ഈശ്വരസാക്ഷാത്ക്കാരത്തിന് വേണ്ടി പകർന്ന് നൽകിയിരുന്നതാണ് ഈ രാജയോഗ മാർഗം.
ആധുനിക കാലത്ത് ക്രിയാ യോഗ ഈ ലോകത്ത് പ്രചരിപ്പിക്കപ്പെട്ടത് മഹാ അവതാര ബാബാജിയുടെ പ്രിയ ശിഷ്യൻ ലാഹിരി മഹാശയയിലൂടെ ആയിരുന്നു.
ക്രിയാ യോഗത്തിലൂടെ ഉണർത്തപ്പെടുന്നത് കുണ്ഡലിനി ശക്തി തന്നെയാണോ...?
ക്രിയാ യോഗം നിരവധി പേരുകളിൽ അറിയപ്പെടുന്നു.
വശി യോഗം, ശിവ ശക്തി യോഗം, ശിവ തന്ത്ര യോഗം, ശിവ രാജയോഗം, ശിവ യോഗം എന്നിങ്ങനെ അനവധി വിശേഷണങ്ങൾ ക്രിയാ യോഗക്കുണ്ട്.
അതിലൊരു പേരാണ് ശിവകുണ്ഡലിനീ യോഗം. ഇതിൽ മിക്ക പേരുകളിലും '' ശിവ " എന്ന നാമം പൊതുവേ കാണാൻ സാധിക്കും. ഈ യോഗ സമ്പ്രദായത്തിന്റെ ആദി ഗുരുവും, പരമ ഗുരുവും ശിവനാണ്. ശിവൻ എന്നാൽ ആദി മധ്യാന്തങ്ങളില്ലാതെ, സനാതനമായി നിലകൊള്ളുന്ന ഒരു ശക്തി വിശേഷമാണ്. മംഗള കാരിയായ ഈശ്വരനെന്നും, ജഗത് വ്യാപിയും, സർവ്വാന്തർ യാമിയായി എല്ലാത്തിലും കുടികൊള്ളുന്ന, ധ്യാന സ്വരൂപനായ - ഏകനായ - ജനന മരണങ്ങൾക്ക് അതീതനായ - ആനന്ദദായിയായ ഒരു ജ്വല ശക്തി വിശേഷമാണ് " ശിവൻ " എന്ന് ഋഷികൾ പറയുന്നു. ജാതി- മത- വർഗ- വർണ- ലിംഗ ഭേദമന്യേ ഏവർക്കും ധ്യാനിക്കാവുന്ന ദിവ്യ ശക്തിയാണ് ശിവൻ.
കേവലമായ മാനുഷിക ബോധത്തെ അതിമാനുഷിക - യോഗി- ഋഷി - ദേവതാ തലത്തിലേക്ക് പരിണമിപ്പിക്കുന്ന ശക്തിയാണ് മഹേശ്വരൻ...! അതു കൊണ്ട് തന്നെ ക്രിയാ യോഗത്തിന്റെ ആത്യന്തിക തലം ശിവനിലാണ്.
ശിവൻ പരമാത്മാവും, മാനവർ ജീവാത്മാക്കളുമാണ്. " ജീവാത്മാ പരമാത്മാ ലയനം യോഗ" [ ജീവാത്മാവായ മനുഷ്യൻ, പരമാത്മാവിൽ അഥവാ ഈശ്വരനിൽ ലയിച്ചു ചേരുന്നതാണ് യോഗം ] എന്ന് വേദമുത്ഘോഷിക്കുന്നു.
'ഓരോ മനുഷ്യന്റെയും സൂഷ്മ ശരീരത്തിൽ ഉറങ്ങി കിടക്കുന്ന ശക്തിയാണ് " കുണ്ഡലിനീ " എന്ന പേരിൽ അറിയപ്പെടുന്നത്.
മൂലാധാര - സ്വാധിഷ്ഠാന - മണിപൂരക - അനാഹത - വിശുദ്ധി - ആജ്ഞ എന്നീ 6 ചക്രങ്ങളോടു കൂടി സ്ഥൂല ശരീരത്തിൽ [സ്ഥാനം] നട്ടെല്ലിലെ സുഷ്മ്നയിലെ ഓരോ ആധാര കേന്ദ്രങ്ങളിലും, അതിനപ്പുറമായി സൂഷ്മ ശരീരത്തിൽ ചൈതന്യ രൂപത്തിൽ കുടി കൊള്ളുന്ന ശക്തിയായും കുണ്ഡലിനിയെ വിശേഷിപ്പിക്കാറുണ്ട്.
മൂലധാരത്തിൽ മൂന്നര ചുറ്റായി , ഉറങ്ങുന്ന ഒരു പാമ്പിന്റെ രൂപത്തിൽ യോഗ ഗ്രന്ഥങ്ങളിൽ ഈ ശക്തിയെ വിശേഷിപ്പിക്കുന്നതായി കാണാം.
ഏറെ പ്രസിദ്ധമായ ' ലളിതാ സഹസ്ര നാമത്തിന്റെ പല വരികളും കുണ്ഡലിനിയെ കുറിക്കുന്നതാണ്.
'മൂലാധാരൈക നിലയാ ബ്രഹ്മ ഗ്രന്ഥി വിഭേദിനീ... മണി പൂരാന്തരുധിരാ വിഷ്ണു ഗ്രന്ഥി വിഭേദിനീ.... ആജ്ഞാ ചക്രാന്തരാളസ്ഥാ രുദ്രഗ്രന്ഥി വിഭേദിനീ.. സഹസ്രാരാംബുജാരൂഡാ സുധാ സാരാഭിവർഷിണി... മഹാ സക്തി കുണ്ഡലിനീ ബിസതന്തു നീയസി' .... തുടങ്ങിയ വരികളെല്ലാം തന്നെ കുണ്ഡലിനിയേയും, അതുമായി ബന്ധപ്പെട്ട ഗ്രന്ഥികളെയും, ചക്ര ദേവതകളെയും കുറിക്കുന്ന നിരവധി വരികളിൽ ചിലതു മാത്രം...!
''നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ നരകവാരിധി നടുവിൽ ഞാൻ, ഈ നരകത്തിൽ നിന്നും കര കേറ്റീടണം തിരുവൈക്കം വാഴും ശിവ ശംഭോ... എന്ന് തുടങ്ങുന്ന സന്ധ്യാനാമ ജപ കീർത്തനത്തിന്റെ അവസാന നാലുവരികളും കുണ്ഡലിനീ യോഗ രഹസ്യത്തെ തന്നെയാണ് കുറിക്കുന്നത്.. ആ വരികൾ:-
" എളുപ്പമായുള്ള പടിയെ കാണുമ്പോൾ....
[അതായത് ഈശ്വര സാക്ഷാത്ക്കാരത്തിന്റെ എളുപ്പ വഴി :- യോഗ]
- ഇടയ്ക്കിടെ ആറു പടിയുണ്ട് .....
[ആറുപടി - മൂലാധാരം മുതൽ ആജ്ഞ വരെയുള്ള 6 ചക്രങ്ങൾ]
- പടിയാറും കടന്നവിടെ ചെല്ലുമ്പോൾ....
[ക്രിയാ യോ ഗാനുഷ്ഠാനത്തിലൂടെ 6 ചക്രങ്ങളെ ഭേദിക്കൽ]
- ശിവനെ കാണാകും ശിവ ശംഭോ...
[ഏഴാമത് സഹസ്രാര പത്മത്തിൽ ശിവനെ അഥവാ ദിവ്യ ബോധത്തെ, ഞാനാരാണെന്ന യഥാർത്ഥ സത്യത്തെ ദർശിക്കാൻ കഴിയും..] ഇതിനെയാണ് Intution / Enlightment / നിർവാണം / മോക്ഷം എന്നൊക്കെ നാം വിളിക്കുന്നത്.
കുണ്ഡലിനിയെ എങ്ങനെ ഉണർത്താം...?
ക്രിയാ യോഗാനുഷ്ഠാനത്തിന്റെ ആദ്യ പടി തന്നെ ചക്രങ്ങളെ / കുണ്ഡലിനിയെ ഉണർത്തലാണ്. പൂർവ്വജന്മ കർമ്മ ദോഷങ്ങളാലും, അജ്ഞാന - പാപ കർമ ദോഷങ്ങളാലും, തെറ്റായ ഇഹപര ജീവിതചര്യയാലും പ്രാണശക്തിയുടെ ശരിയായ ഒഴുക്ക് നിലച്ച നാഡികളെ ക്രിയയിലൂടെ ശുദ്ധീകരിച്ചാൽ മാത്രമേ കുണ്ഡലിനി ഉണരൂ...!!!
അതിന് ഗുരു താൻ ആർജിച്ച ആത്മീയ ശക്തിയുടെ ഒരംശത്തെ " ദീക്ഷ " എന്ന ദിവ്യ കർമത്തിലൂടെ ശിഷ്യനിൽ സംക്രമിപ്പിക്കുന്നു, തുടർന്ന് ക്രിയാ യോഗ പരിശീലനം നൽകുന്നു. ശിഷ്യൻ താൻ പഠിച്ച ക്രിയാ വിദ്യയെ നിരന്തരം അഭ്യസിക്കുക വഴി നാഡികളിലൂടെയുള്ള പ്രാണ പ്രഭാവം ശക്തമാവുകയും, ചക്രങ്ങൾ ജാഗ്രത്താവുകയും, കുണ്ഡലിനി ഉണരുകയും ചെയ്യുന്നു..
ഗുരു ദീക്ഷ: കുണ്ഡലിനീ ഉണർവിന്....
ആദ്യ ഘട്ടത്തിൽ പ്രാണൻ ഉണർന്ന് ജാഗ്രത്താവാൻ ഗുരുവിന്റെ ദീക്ഷാ ശക്തി ശിഷ്യനെ പ്രാപ്തനാക്കുന്നു. ഒപ്പം പ്രാണന്റെ ആധാര ചക്രങ്ങളിലൂടെയുള്ള ശരിയായ ഒഴുക്ക് ഗുരുവിന് കണ്ടറിഞ്ഞ് നിയന്ത്രിക്കാനുമാവും. ഗുരുവിന്റെ മേൽനോട്ടമില്ലാതെ കുണ്ഡലിനി ഉണർന്നാൽ ഗുണത്തിന് പകരം ചിലപ്പോൾ ദോഷമാവും ഫലം. മഹാ ശക്തിയായ കുണ്ഡലിനിയെ അറിഞ്ഞ്, അനുഭവിച്ച്, നിയന്ത്രിക്കുന്ന ഗുരുവിനല്ലാതെ മറ്റാർക്കാണ് ശിഷ്യനെ ശരിയായ വിധത്തിൽ സഹായിക്കാനാവുക. അതിനാലാണ് ആചാര്യന്മാർ കുണ്ഡലിനി യോഗ വിദ്യ ഗുരുവിന്റെ മേൽനോട്ടത്തിലും, ഉപദേശത്തിലും മാത്രമേ അഭ്യസിക്കാവൂ എന്ന് പറയുന്നത്.. അതിന് ആദ്യം വേണ്ടത് ഗുരുവിൽ നിന്ന് ഈ വിദ്യ അഭ്യസിക്കാനുള്ള 'ദീക്ഷ' ലഭിക്കുക എന്ന താണ്.
ഇത്തരത്തിൽ ഗുരു ദീക്ഷയിലൂടെ, അതോടോപ്പം ശിഷ്യന്റെ ആത്മാർത്ഥമായ അഭ്യസനത്തിലൂടെ ഉണർന്ന്, ആധാര ചക്രങ്ങളിലൂടെ ഉയർന്ന് , പരിപക്വമാവുന്ന കുണ്ഡലിനിയാണ് മാനവ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമായ മോക്ഷത്തിലേക്ക് വഴികാട്ടുന്നത്. ഇവിടെയാണ് യഥാർത്ഥ ശിവരാജ യോഗം സംഭവിക്കുന്നത്...
No comments:
Post a Comment