തന്ത്ര ശാസ്ത്രത്തിന്റെ പൊരുൾ
തന്ത്രത്തെ സംബന്ധിച്ച് എഴുതപ്പെട്ട നിരവധി ഗ്രന്ഥങ്ങള്‍, പ്രത്യേകിച്ചും സംസ്‌കൃതഭാഷയില്‍ എഴുതപ്പെട്ടവ, ഇന്നു നമുക്കു ലഭ്യമാണ്. തന്ത്രം, ആഗമം, നിഗമം, യാമളം, ഡാമരം എന്നിങ്ങനെ പലപേരുകളില്‍ ഇവ അറിയപ്പെടുന്നു. സംഹിത, കല്‍പസൂത്രം, സൂത്രം, ഉപനിഷത്ത് എന്നീ വൈദികസാഹിത്യത്തിന്റേതായ ചട്ടക്കൂടുകളില്‍ എഴുതപ്പെട്ട തന്ത്രസാഹിത്യങ്ങളും കാണാം. ഇവ കൂടാതെ താന്ത്രികവിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്‌തോത്രരൂപത്തിലുള്ള കൃതികളും നിരവധിയാണ്. തന്ത്രത്തിന്റെ പ്രമാണഗ്രന്ഥങ്ങള്‍ ആയി കരുതപ്പെടുന്ന ഇവയില്‍ മിക്കതും താരതമ്യേന ആധുനികസൃഷ്ടികളാണ്.
തന്ത്രം നാഥസമ്പ്രദായം പോലെ അവൈദികമാണ്. നാഥസമ്പ്രദായത്തിന്റെ വിവരണത്തില്‍ പറഞ്ഞതുപോലെ സാധാരണക്കാരിലെ അസാധാരണക്കാരായിരുന്നു ഇതിന്റെയും ദാര്‍ശനികര്‍. ഇവയ്ക്കു രണ്ടിനും പൊതുവായ ഗുരുപരമ്പര ഉണ്ടെന്നും അതില്‍ സ്ത്രീകളും പെടും എന്നും നാം കണ്ടു. അതിനാല്‍ പാലി, പ്രാകൃതം മുതലായ നാടന്‍ ഭാഷകളിലാണ് തന്ത്രസാഹിത്യം ആദ്യം ഉണ്ടായത്. കാശ്മീരദേശത്തെ അഭിനവഗുപ്തന്‍ പാലിയില്‍ എഴുതപ്പെട്ട ഇത്തരം തന്ത്രഗ്രന്ഥങ്ങളെ തന്റെ കൃതികളില്‍ പ്രമാണങ്ങളായി ഉദ്ധരിക്കുന്നുമുണ്ട്.
ഒരു കാലത്ത് വൈദികര്‍ തന്ത്രം അവൈദികവും വേദവിരുദ്ധവും ആണെന്നു പറഞ്ഞ് അതിനെ ഒഴിവാക്കിയിരുന്നു. എന്നാല്‍ പില്‍ക്കാലങ്ങളില്‍ വൈദികസമൂഹങ്ങളിലെ ത്രൈവര്‍ണ്ണികര്‍ (ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യര്‍) തന്ത്രമാര്‍ഗത്തിന്റെ വിവിധവശങ്ങളെ സ്വാംശീകരിച്ചു. ഈ തിരസ്‌കാര-സ്വീകാരങ്ങളെ പുരാണങ്ങളിലും മറ്റും വിവരിക്കുന്നുണ്ട്. പരശുരാമകല്‍പസൂത്രത്തിനു താനെഴുതിയ വ്യാഖ്യാനത്തില്‍ രാമേശ്വരസൂരി ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്.
വൈദികപശ്ചാത്തലത്തില്‍ അവര്‍ തന്ത്രത്തെ പുനരാവിഷ്‌കരിച്ചു. തങ്ങളുടെ നിത്യ, നൈമിത്തിക, കാമ്യ കര്‍മ്മങ്ങളുടെ ഭാഗമാക്കി. ആ വൈദിക-താന്ത്രികമാണ്, വൈദികപ്രധാനമായ തന്ത്രം ആണ്, മേല്‍പ്പറഞ്ഞ സംസ്‌കൃതത്തിലെഴുതപ്പെട്ട പ്രമാണഗ്രന്ഥങ്ങളില്‍ ഉള്ളത്. സൂതസംഹിതയില്‍ - ശ്രുതിസ്തു ദ്വിവിധാ. വൈദികീ താന്ത്രികീ ച (ശ്രുതി രണ്ടുതരം. വൈദികവും താന്ത്രികവും) എന്നു പറയുന്നു. തന്ത്രത്തെ ധര്‍മ്മശാസ്ത്രത്തില്‍ പെടുത്തിയിരിക്കുന്നു (തന്ത്രാണാം ധര്‍മ്മശാസ്‌ത്രേ അന്തര്‍ഭാവ:) എന്നു ഭാസ്‌കരരായന്‍ തന്റെ വരിവസ്യാരഹസ്യപ്രകാശം എന്ന ഗ്രന്ഥത്തില്‍ പറയുന്നു. മനുസ്മൃതി മുതലായ സ്മൃതികള്‍ വൈദികകര്‍മ്മകാണ്ഡത്തിന്റെ ഭാഗവും തന്ത്രം ജ്ഞാനകാണ്ഡത്തിന്റെ ഭാഗവും ആണെന്നും ഭാസ്‌കരരായന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട് (സൗഭാഗ്യഭാസ്‌കരം). തന്ത്രത്തിന്റെ ഒരു പ്രമാണഗ്രന്ഥമായി കരുതിവരുന്ന പരശുരാമകല്‍പസൂത്രം എന്ന ശ്രീവിദ്യോപാസനാപദ്ധതി തന്നെ ത്രൈവര്‍ണികര്‍ക്കു വേണ്ടി പരശുരാമന്‍ എഴുതിയതാണെന്ന് അതിന്റെ പരിശിഷ്ടത്തില്‍ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടാണ് ആ പരശുരാമപദ്ധതിയില്‍ പ്രവേശിക്കുന്നവര്‍ക്ക് വൈദികമായ യജ്ഞോപവീതധാരണം, സൂര്യഗായത്രീജപം (രശ്മിമാലാജപത്തില്‍ ആദ്യം), കുളിക്കുന്ന സമയത്ത് മാര്‍ത്തണ്ഡഭൈരവതര്‍പ്പണം, പൂജാംഗമായി വൈദികഋക്കുകളുടെ ഉപയോഗം, വൈദികമായ ഹോമവിധാനം, പരിശിഷ്ടത്തില്‍ കൊടുത്തിരിക്കുന്ന ശ്രാദ്ധകര്‍മ്മം തുടങ്ങിയവ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.
പൂജ അഥവാ ദേവതാരാധന, ശാക്തേയം എന്നും മധ്യമപൂജ എന്നും പറയുന്ന ചടങ്ങിലെ മൃഗബലി എന്നിവയും തന്ത്രത്തിന്റെ ഭാഗമായി കരുതിവരുന്നു. വേദത്തിലെ ആരണ്യകം എന്ന ഉപാസനാകാണ്ഡത്തിലെ പ്രതീകകല്‍പ്പനയെക്കുറിച്ചു നാം വായിച്ചിരുന്നു. അതുപോലെയാണ് തന്ത്രത്തിലേയും വിവിധദേവതാസങ്കല്‍പ്പങ്ങള്‍. പൂജ എന്ന ചടങ്ങ് അതിഥിസല്‍ക്കാരം, ഭക്തി എന്നിവയുടെ അടിസ്ഥാനത്തിലുള്ളതാണ് എന്നു കാണാം. ഇവയുടെ പശ്ചാത്തലം സ്മൃതി-പുരാണങ്ങള്‍ ആണ്.
ലോകത്തെമ്പാടും അതിപ്രാചീനകാലത്തെ സമൂഹങ്ങളില്‍ നിലവിലിരുന്ന ദൈവവാദമാണ് ഇതിനെല്ലാം അടിസ്ഥാനം. അതനുസരിച്ച് പ്രപഞ്ചബാഹ്യനായ ദൈവത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കി ജീവിച്ചാലേ ജീവിതം സുഖമാകൂ. ആ ജഗദീശ്വരനെ ആവും വിധത്തില്‍ തൃപ്തിപ്പെടുത്തുക എന്നതാണ് എല്ലാതരം ആരാധനകളുടെയും പിന്നിലുള്ള ദൈവവാദത്തിന്റെ യുക്തി. നികൃഷ്ടമായ മൃഗബലിക്കു പിന്നിലും ഇതുതന്നെ യുക്തി. വൈദികമായ യാഗച്ചടങ്ങുകളിലും ശ്രാദ്ധാദികളിലും മറ്റും ഇത്തരം പ്രാചീനവിശ്വാസങ്ങളും ആചരണങ്ങളും തുടരുന്നതുപോലെ തന്നെയാണ് തന്ത്രമാര്‍ഗത്തിലും ഇവയുടെ തുടര്‍ച്ച. വിവിധവൈദികയാഗങ്ങളില്‍ തന്ത്രത്തില്‍ പറയപ്പെടുന്ന പഞ്ചമകാരങ്ങളെ (പ്രത്യേകിച്ചും ആദ്യവും അവസാനവുമുള്ളവയെ) തികച്ചും വ്യത്യസ്തമായ രീതിയില്‍ ഉപയോഗപ്പെടുത്തുന്നതും കാണാം.
ഇത്തരം ഗര്‍ഹണീയങ്ങളായ ചടങ്ങുകള്‍ അനിവാര്യങ്ങള്‍ അല്ലെന്നും നിശ്ശേഷം ഒഴിവാക്കാവുന്നതാണെന്നും ഇവ ശരിയായ തന്ത്രസാധനാമാര്‍ഗമല്ലെന്നും തന്ത്രത്തിന്റെ ആധ്യാത്മികതലത്തെ വേണ്ടതുപോലെ ഉള്‍ക്കൊണ്ടാല്‍ ആര്‍ക്കും ബോധ്യമാകും. പ്രസിദ്ധപണ്ഡിതനും താന്ത്രികസിദ്ധനും ശ്രീവിദ്യോപാസകനും ആയ ഭാസ്‌കരരായന്‍ തന്റെ വരിവസ്യാരഹസ്യം, അതിന്റെ വ്യാഖ്യാനമായ പ്രകാശം എന്നിവയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്- ഋഷി ഛന്ദസ്സ് ദേവതാ ബീജാദികള്‍, ന്യാസം, പൂജാ മുതലായവ ബഹിരംഗങ്ങള്‍. ലോകത്തില്‍ ബഹിരംഗങ്ങള്‍ ധാരാളമുണ്ട്. എന്നാല്‍ അന്തരംഗങ്ങള്‍ വളരെ ദുര്‍ലഭങ്ങളാണ്. അവ അന്തര്‍മുഖജനങ്ങളാല്‍ മാത്രം ആദരിക്കത്തക്കവ ആകുന്നു. അവര്‍ക്കുവേണ്ടിത്തന്നെയാണ് ഈ രഹസ്യവരിവസ്യയും സ്ഥാപിതമായതു ഈ ക്രമം വിട്ട് മൂഢന്മാര്‍ ചെയ്യുന്ന ബാഹ്യാഡംബരോപാസ്തി പ്രാണന്‍ പോയ സുന്ദരിയെപ്പോലെയും ചരട് അറ്റുപോയ പാവയെപ്പോലെയും നിഷ്പ്രയോജനമായിരിക്കുന്നു.
No comments:
Post a Comment