26 February 2020

നരനാരായണന്മാർ

നരനാരായണന്മാർ

ഹൈന്ദവപുരാണങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള രണ്ട് ഋഷിമാരാണ് നരനാരായണന്മാർ 
പണ്ട് ബ്രഹ്മാവിന്റെ വലത്തെ മുല ഭേദിച്ചുകൊണ്ട് സനാതനമായ ധർമ്മം മൂർത്തിയായി അവതരിച്ചു . ഈ ധർമ്മം സ്വയം വിഷ്ണുവായിരുന്നു . 

ഈ ധർമ്മദേവന്റെ പുത്രന്മാരായി മഹാവിഷ്ണു നാല് രൂപങ്ങളിൽ അവതരിക്കുകയുണ്ടായി . 

ഹരി , കൃഷ്ണൻ , നരൻ , നാരായണൻ എന്നിങ്ങനെ നാല് രൂപങ്ങളിൽ വിഷ്ണു ജനിച്ചു . 

ഇവരിൽ ഹരിയും കൃഷ്ണനും പരമയോഗികളും , നരനും നാരായണനും മഹാതപസ്വികളുമായി ശോഭിച്ചു . 

ജനനത്തിനു മുൻപ് ഇവർ വിഷ്ണുസ്വരൂപരായിരുന്നു .

നരനാരായണന്മാർ ഒരായിരം വർഷം ബദര്യാശ്രമത്തിലിരുന്ന് ബ്രഹ്മത്തെ തപസ്സു ചെയ്തു .[ദേവീ ഭാഗവതം 4 -ആം സ്കന്ധം].

നരനും നാരായണനും ദേവകാര്യാർത്ഥം ദ്വാപരയുഗത്തിന്റെ അന്തിമഘട്ടത്തിൽ അർജ്ജുനനായും കൃഷ്ണനായും ജനിക്കുകയുണ്ടായി .

നരനാരായണന്മാർ വിഷ്ണുവിന്റെ അംശമാണെന്നും കൃഷ്ണാർജുനന്മാർ ഇവരുടെ പുനർജന്മമാണെന്നുമാണ് മറ്റൊരു വിശ്വാസം. 

നാരായണമഹർഷിയുടെ കൃഷ്ണമായ (കറുപ്പുനിറമുള്ള) ഒരു കേശം ശ്രീകൃഷ്ണനായി ജന്മമെടുത്തു എന്നു മഹാഭാരതം ആദിപർവത്തിൽ പറയുന്നു. 

നരനാരായണന്മാരിൽ നരൻ ശ്വേതവർണനും നാരായണൻ കൃഷ്ണവർണനും ആയിരിക്കുന്നുവെന്ന് പദ്മപുരാണത്തിൽ പ്രസ്താവിച്ചിട്ടുണ്ട്.

നരന്റെ ഉൽപ്പത്തി

ഒരിക്കൽ ബ്രഹ്മാവും ശിവനും തമ്മിലുള്ള യുദ്ധത്തിൽ ശിവൻ ബ്രഹ്മാവിന്റെ ഒരു തല നുള്ളിക്കളയുന്നു. കോപിഷ്ഠനായ ബ്രഹ്മദേവൻ, തന്റെ വിയര്പ്പ് തുള്ളികളിൽ നിന്നും സ്വേദജൻ എന്നൊരു മഹാപുരുഷന് ജന്മം നല്കുകയും അവനോടു ശിവനെ വധിക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു. സ്വേദജന് ആയിരം കവച്ചങ്ങളുന്ടായിരുന്നു. ആയിരം കവചങ്ങൾ ഉള്ളതിനാൽ സ്വേദജന് സഹസ്രകവചൻ എന്നും പേരുണ്ട്. സ്വേദജൻ ശിവനെ പിന്തുടര്ന്നു . ശിവൻ ഓടി വൈകുണ്ടത്തിലെത്തുകയും വിഷ്ണുവിനെ അഭയം പ്രാപിപ്ക്കുകയും ചെയ്തു. തുടർന്ന് വിഷ്ണു ഒരു ഹുംകാരത്താൽ സ്വേദജനെ മോഹാലസ്യപ്പെടുത്തി ശിവനെ ആശ്വസിപ്പിച്ചു.

തുടർന്ന് ശിവൻ വിഷ്ണുവിനോട് ഭിക്ഷ യാചിച്ചു. കൈവശം ഒന്നുമില്ലാതിരുന്ന വിഷ്ണു, ശിവന്റെ കപാലത്തിൽ തന്റെ വലതുകരം ഇട്ടുകൊടുത്തു . ശിവൻ തന്റെ ശൂലം കൊണ്ട് വിഷ്ണുവിന്റെ കരത്തിൽ കുത്തുകയും വിഷ്ണുകരത്തിൽ നിന്നും ഭഗവാന്റെ രക്തം ശിവന്റെ കപാലത്തിൽ വീണു തുടങ്ങുകയും ചെയ്തു. വിഷ്ണുവിന്റെ രക്തം വീണു ശിവകപാലം നിറഞ്ഞു. അപ്പോൾ വിഷ്ണു രക്തധാരയെ ഉപസംഹരിച്ചു. ഈ രക്തത്തെ ശിവൻ ആയിരം ദിവ്യവര്ഷം മൂന്നാം തൃക്കണ്ണ് കൊണ്ട് നോക്കി കൈകൊണ്ടു കശക്കി. ആ രക്തത്തിൽ നിന്നും ശിവന്റെയും വിഷ്ണുവിന്റെയും തേജസ്സോടെ ഒരു മഹാപുരുഷൻ ഉണ്ടായി വന്നു. അദ്ദേഹമാണ് രക്തജൻ . 

രക്തജന് ആയിരം കരങ്ങളുണ്ടായിരുന്നു. ഈ രക്തജനും സ്വേദജനും തമ്മിൽ യുദ്ധമാരംഭിച്ചു . ഒടുവിൽ സ്വേദജന് ഒരു കവചവും, രക്തജന് കൈ രണ്ടും മാത്രം അവശേഷിച്ചു. യുദ്ധം തുല്യനിലയിൽ അവസാനിച്ചപ്പോൾ, ബ്രഹ്മാവ്‌ സ്ഥലത്തെത്തുകയും, അടുത്ത ജന്മത്തിൽ രക്തജനും സ്വേദജനും തമ്മിൽ ഏറ്റുമുട്ടട്ടെ എന്നും, അന്ന് ഇവരുടെ വിജയ പരാജയങ്ങൾ നിശ്ചയിക്കാമെന്നും അറിയിച്ചു . 

രക്തജൻ ശിവനാൽ അനുഗ്രഹിക്കപ്പെടുകയും , പിന്നീട് വിഷ്ണുവിന്റെ അംശമായ നാരായണ ഋഷിയോടു ചേർന്ന് ധർമ്മദേവന്റെ മക്കളായി പുനർജനിക്കുകയും ചെയ്തു. ഈ രക്തജൻ നരനായി ജനിച്ചിട്ട് അർജ്ജുനനായി പുനർജനിച്ചു. സ്വേദജനാണ് കര്ണ്ണൻ ആയി പുനർജനിച്ചതു .

സ്വേദജനും രക്തജനും തുല്യ നില പാലിച്ച സമയത്ത് വിഷ്ണു സൂര്യദേവനെ അടുത്തുവിളിച്ചു ഇങ്ങനെ പറഞ്ഞു . " ദേവകാര്യം സാധിപ്പാനായി കലി - ദ്വാപര സന്ധിയിൽ ഈ സ്വേദജനെ സ്വന്തം അംശത്തിൽ നിന്നും അങ്ങ് ജനിപ്പിക്കണം. വസുഷേണൻ എന്ന പേരിൽ കുന്തിക്ക് ജനിക്കുന്ന ഇവൻ കർണ്ണനെന്നു പ്രസിദ്ധനാകും. എന്റെ പ്രസാദത്താൽ ഇവൻ സര്വ്വ സമ്പത്തും ഉത്തമ ബ്രാഹ്മണർക്ക് ദാനം ചെയ്യും " അതിനു ശേഷം ഇന്ദ്രനെ അടുക്കൽ വിളിച്ചു രക്തജനെ സ്വന്തം അംശത്തിൽ ജനിപ്പിക്കാൻ വിഷ്ണു ആവശ്യപ്പെട്ടപ്പോൾ ഇന്ദ്രൻ ഒരു തടസ്സം ഉന്നയിച്ചു. അതായത് ശ്രീരാമാവതാരത്തിൽ വിഷ്ണു സൂര്യപുത്രനെ അനുകൂലിച്ചു തന്റെ പുത്രനായ ബാലിയെ സംഹരിച്ചുവെന്നും, അതിനാൽ രക്തജനെ തന്റെ പുത്രനാക്കുകയില്ലെന്നും പറഞ്ഞു . ഇത് കേട്ടപ്പോൾ വിഷ്ണു; ഇത്തവണ ഇന്ദ്രപുത്രന്റെ തോഴനായി ഇരുന്നുകൊള്ളാമെന്നും, സൂര്യപുത്രനെ സംഹരിപ്പാൻ സഹായിക്കാമെന്നും അറിയിച്ചു . ഒടുവിൽ ഇന്ദ്രൻ സമ്മതിച്ചു. അങ്ങനെ സൂര്യപുത്രനായി സ്വേദജൻ കർണ്ണനായും , ഇന്ദ്രപുത്രനായി രക്തജൻ അര്ജുനനായും ജനിച്ചു .[പത്മപുരാണം, സൃഷ്ട്ടിഖണ്ടം, 14 ആം അദ്ധ്യായം].

ശിവനാരായണ യുദ്ധം

ദക്ഷയാഗത്തിൽ സതി ആത്മാഹൂതി ചെയ്ത ശേഷം ശിവൻ കോപിഷ്ഠനായി തന്റെ ശൂലത്തെ ദക്ഷന്റെ യാഗശാലയിലേക്കെറിഞ്ഞു. ശൂലം യാഗശാല ഭസ്മമാക്കിയ ശേഷം ബദര്യാശ്രമത്തിൽ തപസ്സു ചെയ്തുകൊണ്ടിരുന്ന നാരായണമുനിയുടെ നെഞ്ചിൽ പോയടിച്ചു. ശൂലം ശക്തിയായി ജ്വലിച്ചുകൊണ്ടു നാരായണന്റെ മുടിയെ തപിപ്പിച്ചു . നാരായണന്റെ മുടി പച്ചനിറമായി തീർന്നു. അന്നുമുതൽ നാരായണന് മുഞ്ജകേശൻ എന്ന പേരുണ്ടായി. തുടർന്ന് നാരായണൻ ശക്തിയായ ഒരു ഹുങ്കാരം വിട്ടു. അത് ശിവശൂലത്തെ മടക്കി. നാരായണന്റെ ഹുങ്കാരമേറ്റ ശൂലം തിരികെ ശിവന്റെ കൈകളിലെത്തി. ശിവൻ നരനാരായണന്മാരുമായി യുദ്ധമുണ്ടായി. നരൻ ശക്തിയേറിയ മന്ത്രം ജപിച്ചുകൊണ്ടു ഒരു ഇഷീക എടുത്ത് ശിവനു നേരെ പ്രയോഗിച്ചു. ഈ ഇഷീക ഒരു പരശു ആയിത്തീർന്നു. (രണ്ടു വശത്തും മഴുവോടു കൂടിയ ആയുധമാണ് പരശു). ശിവനാകട്ടെ പരശുവിനെ ഖണ്ഡിച്ചു കളഞ്ഞു. അന്നുമുതൽ ശിവന് ഖണ്ഡപരശു എന്ന പേരുണ്ടായി. രുദ്രനാരായണയുദ്ധം ഭയങ്കരമായി നടന്നു. തീയ് ഹവിസ്സിനെ വാങ്ങാതായി. കടൽ വറ്റിപ്പോയി. ബ്രാഹ്മണർക്കു വേദം തോന്നാതായി . ഇത്തരത്തിൽ ലോകം നശിക്കാൻ തുടങ്ങിയപ്പോൾ, ബ്രഹ്‌മാവ്‌; ശിവനും നാരായണനും മുൻപിൽ പ്രത്യക്ഷനായി ശിവനെ ശാന്തനാക്കി. ശിവൻ നാരായണനെ വന്ദിച്ചു. അതോടെ നാരായണനും ശിവനും പരസ്പരം സ്തുതിച്ചു. നാരായണ മുനി ശിവനോട് ഇങ്ങനെ പറഞ്ഞു.

യസ്ത്വാം വേത്തി സ മാം വേത്തി 
യസ്ത്വാ മനു സ മാമനു

നാവയോരന്തരം കിഞ്ചിന്മാ തേ (അ )
ഭൂതഃ ബുദ്ധിരന്യഥാ (133)

അദ്യ പ്രഭൃതി ശ്രീവത്സ ശൂലാങ്കോ മേ ഭവത്യമം
മമ പാണ്യംഗിതശ്ചാപി ശ്രീകണ്ഠസ്ത്വം ഭവിഷ്യസി (134)

[മഹാഭാരതം , ശാന്തിപർവ്വം , അദ്ധ്യായം 343 , ശ്ളോകങ്ങൾ 133 ,134 ]

(ഭാഷ അർത്ഥം) അങ്ങയെ അറിയുന്നവൻ എന്നെയും അറിയുന്നു. അങ്ങയുടെ ഭക്തനാരോ അവൻ എന്റെയും ഭക്തനാണ് . ഞാനും അങ്ങും ഒന്നാകുന്നു. യാതൊരന്തരവുമില്ല. അങ്ങയുടെ ബുദ്ധി ഇക്കാര്യത്തിൽ ചലിക്കരുതേ. ഇനിമുതൽ എന്റെ നെഞ്ചിലെ അടയാളം അങ്ങയുടെ ത്രിശൂലത്തിന്റേതായിരിക്കും. എന്റെ കരം കൊണ്ടു ഉണ്ടായ അടയാളത്താൽ അങ്ങ് ശ്രീകണ്ഠനായും ഭവിക്കും.

ഇപ്രകാരം നാരായണനും ശിവനും പരസ്പരം പൂജിച്ചു

No comments:

Post a Comment