4 December 2019

ഉപനിഷത്തുകൾ

ഉപനിഷത്തുകൾ

ഭാരതീയവിജ്ഞാനശാഖകളുടെ  മൂലം വേദമാണെന്നു പ്രകീർത്തിക്കപ്പെട്ടിരിക്കുന്നു. വേദങ്ങളിൽ സംഹിത, ബ്രാഹ്മണം, ആരണ്യകം, ഉപനിഷത്ത് എന്നിങ്ങനെ നാല് ഭാഗങ്ങളുണ്ട്.  വേദത്തിന്‍റെ അവസാനഭാഗത്ത് അനുശാസിക്കപ്പെടുന്ന ജ്ഞാനകാണ്ഡമാണ്  ഉപനിഷത്തുകള്‍. അതിനാല്‍ അവയെ വേദാന്തം എന്ന് പറയുന്നു . ശ്രുതിയെന്നും  ഉപനിഷത്തുകൾ അറിയപ്പെടുന്നു.

വേദം എന്നതിന് അറിവെന്നും അര്‍ത്ഥമുണ്ട്. അങ്ങനെ വരുമ്പോള്‍ അറിവിന്‍റെ അന്തം എന്നും വേദാന്തത്തിനു അര്‍ത്ഥം പറയാം. അതായത് യാതൊന്നിനെ അറിഞ്ഞാല്‍ പിന്നെ അറിയേണ്ടതായൊന്നുമില്ലയോ അതാണ്‌ വേദാന്തം. അറിവിന്‍റെ അന്തം  അദ്വൈതബ്രഹ്മസാക്ഷാത്കാരമാകുന്നു.  അന്തം എന്ന ശബ്ദത്തിന് നിർണ്ണയം എന്നും അർത്ഥമുണ്ട്. യാതൊരു തത്ത്വത്തെയാണോ പരമസത്യമായി  വേദങ്ങൾ നിർണ്ണയിച്ചിരിക്കുന്നത് അതിനെ വെളിവാക്കിത്തരുന്നതാണ് ഉപനിഷത്തുകൾ. ഗുരുശിഷ്യസംവാദരൂപത്തിലും ദൃഷ്ടാന്തങ്ങൾ  വഴിയും ഉപനിഷത്തുകൾ ഗഹനമായ പരമാത്മതത്ത്വത്തെ സത്യാന്വേഷികൾക്ക്  വെളിപ്പെടുത്തുന്നു. ശ്രുതിവാക്യങ്ങള്‍ വഴി ശ്രവണം ചെയ്ത് അവയെ യുക്തിപൂര്‍വ്വം മനനം ചെയ്ത് അങ്ങനെ ഉറയ്ക്കുന്ന അര്‍ത്ഥത്തില്‍ മനസ്സുറപ്പിച്ച് ധ്യാനിച്ച് സ്വരൂപനിര്‍ണ്ണയം വരുത്തുമ്പോള്‍ അറിവിന്‍റെ അന്തത്തിലെത്തും.

ദൃശ്യാദൃശ്യാത്മകമായിത്തോന്നുന്ന ഈ പ്രപഞ്ചം സത്യമല്ല; നിത്യവും പൂർണ്ണവും ഏകരസവുമായി പ്രകാശിക്കുന്ന ബ്രഹ്മചൈതന്യം തന്നെ അജ്ഞാനത്താൽ ജീവന് പ്രപഞ്ചമായി പ്രതിഭാസിക്കുക മാത്രമാണ്. ആത്മജ്ഞാനം സിദ്ധിക്കുമ്പോൾ എല്ലാ ബന്ധങ്ങളും നശിച്ച് ജീവൻ മുക്തനാകുന്നു. ഇതാണ് ഉപനിഷത്തുകളുടെ എല്ലാം സാരം.

അനേകം വേദശാഖകൾക്ക് അനുസൃതമായി അത്രയുംതന്നെ  ഉപനിഷത്തുകൾ ഉണ്ടെങ്കിലും 108 ഉപനിഷത്തുകൾക്കാണ് ആചാര്യന്മാർ  പ്രാധാന്യം കൊടുത്തിരിക്കുന്നത്. ഉപനിഷത്തുകളുടെ വ്യാഖ്യാനത്തിൽ ഉണ്ടായ മതഭേദങ്ങളെ പരിഹരിക്കാനാണ് വ്യാസഭഗവാൻ ബ്രഹ്മസൂത്രം രചിച്ചത് . എന്നാൽ അവയ്ക്കും പിന്നീട് മതാന്തരങ്ങളുണ്ടായി. ഈ പരിതഃസ്ഥിതിയിലാണ് ശ്രീമദ് ശങ്കരാചാര്യസ്വാമികൾ ഉപനിഷത്തുകൾക്കും   ബ്രഹ്മസൂത്രത്തിനും ഭഗവദ്ഗീതയ്ക്കും ഭാഷ്യങ്ങളെഴുതി അദ്വൈതബ്രഹ്മവിചാര സമ്പ്രദായത്തെ ഭാരതമൊട്ടുക്കും പ്രചരിപ്പിച്ചത്.  ശ്രുതിക്കും യുക്തിക്കും അനുഭവത്തിനും അദ്വൈതദർശനത്തിൽ പ്രാധാന്യമുണ്ട്. ശ്രീ ശങ്കരാചാര്യ സ്വാമികളുടെ ശിഷ്യപ്രശിഷ്യരും ഈ സമ്പ്രദായത്തെ പോഷിപ്പിച്ചു. ഉപനിഷത്തുകളിൽ  ശ്രീ ശങ്കരാചാര്യസ്വാമികൾ ഭാഷ്യം രചിച്ച പത്ത് ഉപനിഷത്തുകൾ ആണ് മുഖ്യം. താഴെപ്പറയുന്നവയാണ് ദശോപനിഷത്തുകൾ

1.ഈശാവാസ്യോപനിഷത്ത് (ശുക്ല യജുർവേദം)
2.കേനോപനിഷത്ത് (സാമവേദം)
3.കഠോപനിഷത്ത് (കൃഷ്ണ യജുർവേദം)
4.പ്രശ്നോപനിഷത്ത് (അഥർവവേദം)
5.മുണ്ഡകോപനിഷത്ത് (അഥർവ വേദം)
6.മാണ്ഡൂക്യോപനിഷത്ത്(അഥർവ വേദം)
7.തൈത്തിരീയോപനിഷത്ത്  (കൃഷ്ണ യജുർവേദം)
8.ഐതരേയോപനിഷത്ത് (ഋഗ്വേദം)
9.ഛാന്ദോഗ്യോപനിഷത്ത് (സാമവേദം)
10.ബൃഹദാരണ്യകോപനിഷത്ത് (ശുക്ല യജുർവേദം)

ഈശാവാസ്യോപനിഷത്ത്

ദശോപനിഷത്തുകളിൽ ആദ്യത്തേതാണ്  ഈശാവാസ്യോപനിഷത്ത്. ശുക്ലയജുർവേദത്തിന്റെ ഉപനിഷത്തായ ഇതിൽ 18 മന്ത്രങ്ങളാണുള്ളത്. ‘ഈശാവാസ്യമിദം സർവ്വം’ എന്നാരംഭിക്കുന്നതിനാലാണ് ഈ ഉപനിഷത്തിനു ആ പേര് ലഭിച്ചിരിക്കുന്നത്. നിവൃത്തിമാർഗ്ഗം, പ്രവൃത്തിമാർഗ്ഗം, ഈശ്വരസ്വരൂപം,തുടങ്ങിയ പ്രധാന വേദാന്തവിഷയങ്ങൾ 18 മന്ത്രങ്ങൾ കൊണ്ട് അവതരിപ്പിച്ചിരിക്കുന്നു.  ശ്രീനാരായണ ഗുരുദേവൻ ഈശാവാസ്യോപനിഷത്ത് ഭാഷാന്തരം ചെയ്തിട്ടുണ്ട്.

കേനോപനിഷത്ത്

‘കേനേഷിതം പതതി പ്രേഷിതം മനഃ’ എന്നാരംഭിക്കുന്ന ഈ ഉപനിഷത്തിൽ ബ്രഹ്മതത്ത്വം  നാല് ഖണ്ഡങ്ങളിലായി അനുശാസിക്കപ്പെട്ടിരിക്കുന്നു. സാമവേദാന്തർഗതമാണ്  ഇ ഉപനിഷത്ത്.  സകല ഇന്ദ്രിയങ്ങളും യാതൊരു ചൈതന്യത്തിന്റെ സാന്നിധ്യത്തിലാണോ ചേഷ്ടിക്കുന്നത് അത് ബ്രഹ്മമാകുന്നു. ആ പരമാത്മതത്ത്വത്തെ ഒരിന്ദ്രിയം കൊണ്ടും അറിയാൻ കഴിയില്ല എന്നും ഉപനിഷത്ത് ഉദ്ബോധിപ്പിക്കുന്നു. ആ തത്ത്വം തന്നിൽനിന്നന്യമല്ല എന്നും അങ്ങനെ അന്യമായിക്കാണുന്നവർ ബ്രഹ്മത്തെ അറിയുന്നില്ല എന്നുകൂടി ഉപനിഷത് അനുശാസിക്കുന്നുണ്ട്. യക്ഷരൂപത്തിലുള്ള ബ്രഹ്മം ഇന്ദ്രനെയും  ദേവന്മാരെയും പരീക്ഷിക്കുന്ന കഥയും ഉമാഹൈമവതിയുടെ ഉപാസനയാൽ ഇന്ദ്രൻ ആത്മതത്ത്വത്തെ ബോധിക്കാൻ പ്രാപ്തനാകുന്നതും ഇതിൽ വിവരിക്കുന്നുണ്ട്.

കഠോപനിഷത്ത്

നചികേതസ്സ് എന്ന ബാലനും മൃത്യുദേവനായ യമനും തമ്മിലുള്ള  സംഭാഷണരൂപത്തിലാണ് ഈ ഉപനിഷത്ത് രചിക്കപ്പെട്ടിട്ടുള്ളത്.മൂന്നു വല്ലികൾ വീതമുള്ള രണ്ടദ്ധ്യായങ്ങളാണ് ഇതിലുള്ളത്. ജനിമൃതികളുടെ  രഹസ്യത്തെ അന്വേഷിച്ച നചികേതസ്സിനെ പരീക്ഷിക്കുവാനായി യമദേവൻ അനേകം ലൗകികവാഗ്ദാനങ്ങൾ മുന്നോട്ടു വച്ചു. എന്നാൽ തീവ്രതരവിരക്തനായ നചികേതസ്സ് അവയെ എല്ലാം ത്യജിച്ച്  തനിക്ക് ശ്രേയസ്സിനെ  നൽകുന്നതായ പരമമായ ജ്ഞാനത്തെ ഉപദേശിച്ചു തരാൻ ആവശ്യപ്പെട്ടു.  നചികേതസ്സിന്റെ ജിജ്ഞാസയിൽ സംതൃപ്തനായ യമദേവൻ നൽകുന്ന അനുശാസനങ്ങൾ ആണ് ഈ ഉപനിഷത്തിന്റെ അന്തഃസാരം. അനവധി മനോഹരങ്ങളായ ശ്ലോകങ്ങൾ കൊൻ  ആവർത്തിച്ച്  ഉദ്‌ബോധിപ്പിച്ചിരുന്ന ‘ഉത്തിഷ്ഠത ജാഗ്രത പ്രാപ്യ വരാൻ നിബോധത’ എന്ന മന്ത്രം ഈ ഉപനിഷത്തിലാണുള്ളത് . ഭഗവദ്ഗീതയിലെ പല മന്ത്രങ്ങളും ഇതിലെ മന്ത്രങ്ങളുമായി സാമ്യമുള്ളവയാണ്. വൈശമ്പായനമഹർഷിയുടെ ശിഷ്യനായിരുന്ന കഠൻ എന്ന മഹർഷി ഗുരുവായ തൈത്തിരീയ ബ്രാഹ്മണത്തിന്റെ ഭാഗമായതുകൊണ്ടാണ് കഠോപനിഷത്ത് എന്ന പേര് ലഭിച്ചത്. കൃഷ്ണയജുർവേദത്തിന്റെ ഭാഗമാണിത്.

പ്രശ്നോപനിഷത്ത്

ഈ ഉപനിഷദ് അഥർവ്വ വേദത്തിൽപെട്ടതാണ്. പിപ്പലാദൻ എന്ന ഋഷിയോട് കബന്ധി, ഭാർഗവൻ, കൗസല്യൻ, ഗാർഗ്യൻ, സത്യകാമൻ, സുകേശൻ എന്നിവർ ചോദിക്കുന്ന ആറു പ്രശ്നങ്ങളും(ചോദ്യങ്ങളും) അവയ്ക്കുള്ള ഉത്തരങ്ങളും ഉൾക്കൊണ്ടിരിക്കുന്നതിനാൽ  ഈ ഉപനിഷത്ത് “പ്രശ്നങ്ങൾ” എന്നറിയപ്പെടുന്ന ആറു ഖണ്ഡങ്ങളായി തരംതിരിച്ചിരിക്കുന്നു. അതിനാൽ ഇത്  പ്രശ്നോപനിഷത്ത് എന്നറിയപ്പെടുന്നു.

മുണ്ഡകോപനിഷത്ത്

ഇത് അഥർവവേദത്തിന്റെ ശൗനകശാഖയിൽ ഉൾപ്പെട്ടതാണ്.  “മുണ്ഡകങ്ങൾ”  എന്നാണു ഈ ഉപനിഷത്തിലെ  അദ്ധ്യായങ്ങൾ അറിയപ്പെടുന്നത്. ഇതിൽ ഈരണ്ട് ഖണ്ഡങ്ങളിലായി വിഭജിക്കപ്പെട്ട മൂന്നു മുണ്ഡകങ്ങളുണ്ട്. പരാവിദ്യയെന്നും അപരാവിദ്യയെന്നും വിദ്യയെ ഇതിൽ രണ്ടായി തരംതിരിച്ചിരിക്കുന്നു. വേദാദിസകല ശാസ്ത്രങ്ങളെയും അപരാവിദ്യയായും ആത്മവിദ്യ അഥവാ ബ്രഹ്മവിദ്യയെ പരാവിദ്യയായും അനുശാസിക്കുന്നു. മനോഹരങ്ങളായ ദൃഷ്ടാന്തങ്ങളും പ്രതീകങ്ങളും കൊണ്ട് ആത്മതത്ത്വത്തെ പ്രകാശിപ്പിക്കുന്ന ഒരു ഉപനിഷത്താണിത്. ഒരേ വൃക്ഷത്തിൽ ഇരിക്കുന്ന ഫലം തിന്നുന്നതും നോക്കിയിരിക്കുന്നതുമായ  രണ്ടു പക്ഷികളുടെ ദൃഷ്ടാന്തം അതിനു തെളിവാണ്. ശരീരമാകുന്ന വൃക്ഷത്തിൽ സുഖദുഃഖഭോഗങ്ങൾ അനുഭവിക്കുന്ന ജീവനെ ഫലം ഭക്ഷിക്കുന്ന പക്ഷിയോട് ഉപമിച്ചിരിക്കുന്നു. നോക്കിയിരിക്കുന്ന പക്ഷിയാകട്ടെ നിശ്ചലനും നിർമ്മലനും സാക്ഷിയുമായ പരമാത്മ ചൈതന്യമാകുന്നു. കർത്തൃത്വഭോക്തൃത്വാഭിമാനം വെടിഞ്ഞ് തന്റെ യഥാർത്ഥസ്വരൂപം അറിയുമ്പോൾ ജീവന്റെ ദുഃഖങ്ങൾ ഇല്ലാതെയാകും. ഇത്തരം ബ്രഹ്മാത്മൈക്യപ്രതിപാദിദങ്ങളായ  ഭാഗങ്ങൾ ഈ ഉപനിഷത്തിൽ കാണാം. ‘സത്യമേവ ജയതേ’ എന്ന പ്രസിദ്ധമായ വാക്യംവും മുണ്ഡകോപനിഷത്തിൽപ്പെട്ടതാണ്.

മാണ്ഡൂക്യോപനിഷത്ത്

പന്ത്രണ്ടു ശ്ലോകങ്ങൾ മാത്രമേ ഉള്ളുവെങ്കിലും അതിഗഹനമായൊരു ഉപനിഷത്താണ് അഥർവ വേദത്തിൽപ്പെട്ട മാണ്ഡൂക്യം. ഓമിത്യേദക്ഷരമിദം സർവം’ എന്നു തുടങ്ങുന്ന ഈ ഉപനിഷദ് ദൃശ്യാദൃശ്യാത്മകമായ പ്രപഞ്ചം ബ്രഹ്മസ്വരൂപം തന്നെയെന്നു പ്രഖ്യാപിക്കുന്നു. ഓംകാരത്തിന്റെ നാലുപാദങ്ങളായി  ഇതിൽ ജാഗ്രത്ത് , സ്വപ്നം,സുഷുപ്തി, തുരീയം എന്നിവ അനുശാസിക്കപ്പെടുന്നു . ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്നീ അവസ്ഥകളെയും അതിൽ ജീവന്റെ അഭിമാനനാമങ്ങളായ വിശ്വൻ,തൈജസൻ, പ്രാജ്ഞൻ, എന്നിവയെയും പ്രതിപാദിക്കുന്നതിനൊപ്പം നാലാമത്തേതായി അവസ്ഥാത്രയങ്ങൾക്കും സാക്ഷിയായ തുരീയത്തെ ശാന്തവും ശിവവും അദ്വൈതവുമായ കേവലസത്തയായി അനുശാസിക്കുന്നു. ‘അയം  ആത്മാ ബ്രഹ്മ’ എന്ന മഹാവാക്യം മാണ്ഡൂക്യത്തിലാണുള്ളത്.   ബൃഹത്തായ ഒരു കാരിക ഈ ഉപനിഷത്തിനു ഗൗഡപാദാചാര്യർ രചിച്ചിട്ടുണ്ട്. അതിൽ അജാതിവാദം (പ്രപഞ്ചമേ ഇല്ലെന്നുള്ള നിലയാണ് സത്യം)  സിദ്ധാന്തപക്ഷമായി അദ്ദേഹം സ്ഥാപിച്ചിരിക്കുന്നു . ശ്രീ ശങ്കരാചാര്യസ്വാമികളുടെ  വിപുലമായ ഭാഷ്യവും മാണ്ഡൂക്യത്തിനു മാറ്റുകൂട്ടുന്നു.

തൈത്തിരീയോപനിഷത്ത്

കൃഷ്ണയജുർവേദത്തിൽ ഉൾപ്പെട്ടതാണ് തൈത്തിരീയോപനിഷത്ത്. ഗുരുവായ  വൈശമ്പായനൻ കോപിഷ്ഠനായി അഭ്യസിച്ചതെല്ലാം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടപ്പോൾ ശിഷ്യനായ  യാജ്ഞവൽക്യൻ  വിദ്യ ഛർദ്ദിച്ചു കളഞ്ഞെന്നും അതിൽ  ഒരു ഭാഗം മറ്റു ശിഷ്യന്മാർ തിത്തിരിപ്പക്ഷികളുടെ രൂപത്തിൽ വന്ന് കൊത്തിയെടുത്തെന്നും കഥയുണ്ട്. അങ്ങനെ തിത്തിരിപക്ഷികളുടെ രൂപത്തിൽ കൊത്തിയെടുത്തു   സംരക്ഷിക്കപ്പെട്ടതാണ് യജുർവേദത്തിന്റെ തൈത്തിരീയശാഖ എന്ന് പറയപ്പെടുന്നു. ആ ശാഖയിൽ ഉള്ളതാണ് തൈത്തിരീയോപനിഷത്ത്. ഇതിൽ ശിക്ഷാവല്ലി, ബ്രഹ്മാനന്ദവല്ലി, ഭൃഗുവല്ലി  എന്നിങ്ങനെ മൂന്നു ഭാഗങ്ങളുണ്ട്.  ശിക്ഷാവല്ലിയിൽ പന്ത്രണ്ടും ബ്രഹ്മാനന്ദവല്ലിയിൽ ഒൻപതും ഭൃഗുവല്ലിയിൽ പത്തും അദ്ധ്യായങ്ങൾ വീതമുണ്ട്.  ഉപാസനാപരമായ മന്ത്രങ്ങളും, ‘സത്യം വദ ധർമ്മം ചര, സ്വാധ്യായപ്രവചനാഭ്യാം ന പ്രമദിതവ്യം’ തുടങ്ങിയ ബ്രഹ്മചാരിയുടെ സമാവർത്തനത്തിൽ ചൊല്ലുന്ന മന്ത്രങ്ങളുമെല്ലാം ആദ്യ വല്ലിയിലുണ്ട്. രണ്ടാം വല്ലി തത്ത്വബോധപ്രധാനമാണ്. പഞ്ചകോശങ്ങളുടെ നിരൂപണവും, സത്യംജ്ഞാനമനന്തം  ബ്രഹ്മ എന്ന  ബ്രഹ്മത്തിന്റെ സ്വരൂപലക്ഷണവും,  ബ്രഹ്മാനന്ദവും മറ്റു ആനന്ദങ്ങളും തമ്മിലുള്ള താരതമ്യങ്ങളുമെല്ലാം ഇതിൽ കാണാം. മൂന്നാമത്തെ വല്ലിയിൽ വരുണപുത്രനായ ഭൃഗുവിനു തന്റെ പിതാവുപദേശിച്ച വാരുണീവിദ്യ അനുശാസിച്ചിരിക്കുന്നു.

ഐതരേയോപനിഷത്ത്

ഋഗ്വേദത്തിലെ ഐതരേയ ആരണ്യകത്തിൽപ്പെട്ട ഐതരേയോപനിഷത്തിൽ മൂന്നദ്ധ്യായങ്ങളാണുള്ളത്. ഇതര എന്ന ശൂദ്രസ്ത്രീയുടെ മകനായ ഐതരേയൻ  രചിച്ചതാണ് ഈ ഉപനിഷദ് എന്നും പറയപ്പെടുന്നു. പ്രപഞ്ചസൃഷ്ടിയുടെ ക്രമികമായ വികാസവും ജീവരൂപേണയുള്ള ബ്രഹ്മത്തിന്റെ അനുപ്രവേശനവും ഇതിൽ അനുശാസിക്കുന്നു. ഗർഭത്തിലിരിക്കെ സകല വിജ്ഞാനങ്ങളും നേടുന്ന വാമദേവന്റെ കഥ ഈ ഉപനിഷത്തിലാണുള്ളത്. ഇതിലെ ഏറ്റവും പ്രധാനമായ ഭാഗം ‘പ്രജ്ഞാനം ബ്രഹ്‍മ എന്ന മഹാവാക്യമാണ്. ‘സർവം തത്പ്രജ്ഞാനേത്രം പ്രജ്ഞാനേ പ്രതിഷ്ഠിതം പ്രജ്ഞാനേത്രോ ലോകഃ പ്രജ്ഞാ പ്രതിഷ്ഠാ പ്രജ്ഞാനം ബ്രഹ്മ’ എന്ന്  ഏകവും പൂർണ്ണവുമായ അറിവിൽ  സർവ്വവും പ്രതിഷ്‌ഠിതമാണെന്നു  പ്രഖ്യാപിച്ചുകൊണ്ടാണ് ഉപനിഷത്ത് സമാപിക്കുന്നത്.

ഛാന്ദോഗ്യോപനിഷത്ത്

സാമവേദാന്തർഗതമാണ് ഛാന്ദോഗ്യോപനിഷദ്. എട്ട് അദ്ധ്യായങ്ങളാണ് ഇതിലുള്ളത്. ആദ്യത്തെ അഞ്ചെണ്ണം ഉപാസനാപ്രധാനങ്ങളാണ്. പ്രണവോപാസന, ശാണ്ഡില്യവിദ്യ,രൈക്വോപദേശം , ഗായത്രി ഉപാസന, പഞ്ചാഗ്നിവിദ്യ   തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.  തത്ത്വമസി എന്ന മഹാവാക്യം ഇതിലെ ആറാം അദ്ധ്യായത്തിൽ ഉപദേശിച്ചിരിക്കുന്നു. ശ്വേതകേതു എന്ന ബ്രഹ്മചാരിബാലൻ പന്ത്രണ്ടു വർഷത്തെ ഗുരുകുലവാസംകഴിഞ്ഞു വിദ്യാഗർവ്വോടെ  തന്റെ പിതാവായ ഉദ്ദാലകന്റെ അടുത്തു വരുന്നു. എന്നാൽ ആത്മവിദ്യയെ ധരിക്കാതിരുന്ന ശ്വേതകേതുവിന്‌ തന്റെ അജ്ഞാനം ബോധ്യമാവുകയും പിതാവിൽ നിന്നുമുപദേശം സ്വീകരിക്കുകയും ചെയ്യുന്നു. സൃഷ്ടിക്കു മുൻപ് സജാതീയവിജാതീയസ്വഗതഭേദങ്ങൾ ഒന്നുമില്ലാത്ത സത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നു ആരംഭിച്ച് നിരവധി  ദൃഷ്ടാന്തങ്ങളിലൂടെ ആ സത്ത്  തന്നെയാണ് നിന്റെ യഥാർത്ഥ സ്വരൂപം എന്ന് ഗുരു ശിഷ്യനെ കരതലാമലകം പോലെ കാണിച്ചുകൊടുക്കുന്നു . അവസാന രണ്ടദ്ധ്യായങ്ങളിൽ യഥാക്രമം മധ്യമാധികാരിക്കുള്ള ഭൂമാവിദ്യയും മന്ദാധികാരിക്കുള്ള ദഹരവിദ്യയും പ്രതിപാദിച്ചിരിക്കുന്നു.

ബൃഹദാരണ്യകോപനിഷത്ത്

പേരുപോലെ തന്നെ  ബൃഹത്താണ് ശുക്ലയജുർവ്വേദത്തിൽപ്പെട്ട ബൃഹദാരണ്യകം. ബ്രാഹ്മണങ്ങൾ എന്നറിയപ്പെടുന്ന ഉപവിഭാഗങ്ങളുള്ള ആറ്  അദ്ധ്യായങ്ങളാണ് ഇതിലുള്ളത്. ആദ്യത്തെ രണ്ടദ്ധ്യായങ്ങളെ മധുകാണ്ഡമെന്നും മൂന്നും നാലും അദ്ധ്യായങ്ങളെ മുനികാണ്ഡമെന്നും, അവസാന രണ്ടു അദ്ധ്യായങ്ങളെ ഖിലകാണ്ഡമെന്നും പറയുന്നു. പ്രപഞ്ചത്തെ ഒരു യാഗാശ്വമായി സങ്കല്പിച്ചുകൊണ്ടാണ് ഉപനിഷത്ത് ആരംഭിക്കുന്നത്. സൃഷ്ടിപ്രക്രിയയുടെ വ്യത്യസ്തമായ  ആഖ്യാനമാണ് ഇതിലുള്ളത്. മധുകാണ്ഡത്തിൽ   അശ്വമേധയജ്ഞത്തിന്റെ തത്ത്വത്തെ  വിശദീകരിക്കുന്നുണ്ട്. അഹം ബ്രഹ്മാസ്മി  എന്ന മഹാവാക്യം ഈ ഉപനിഷത്തിലാണുള്ളത്. ഇതിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്നതു യാജ്ഞവല്ക്യൻ ജനകന്റെ സഭയിൽ നടത്തുന്ന സംവാദങ്ങളും തുടർന്ന് ജനകന് ഉപദേശിക്കുന്ന തത്ത്വങ്ങളുമാണ്. അത്യന്തം നാടകീയമായാണ് ഈ ഭാഗത്തെ ഋഷി അവതരിപ്പിച്ചിരിക്കുന്നത്. ഗാർഗ്ഗി, മൈത്രേയി  തുടങ്ങി ഉപനിഷത്‌കാലത്തെ ജ്ഞാനികളായ സ്ത്രീകളെയും ഇതിൽ കാണാം. വേദാന്തത്തിലെ അതിപ്രധാനവിഷയങ്ങളെ ഇതിൽ ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു. അത്യന്തം ഗഹനങ്ങളായ വിഷയങ്ങൾ ഉൾക്കൊള്ളുന്ന ഈ ഉപനിഷത്തിന്റെ ശങ്കരഭാഷ്യവും അതിവിപുലമാണ്.

No comments:

Post a Comment