എന്താണ് യഥാർത്ഥഭക്തി?
ശരീരസംബന്ധമായ മോഹത്തിൽനിന്നും സ്ത്രീപുരുഷന്മാർക്ക് വിഷയാസക്തി ജനിക്കുന്നു. ഭക്തികൊണ്ടുമാത്രമേ നരകപ്രദമായ വിഷയാസക്തിയെ പരിത്യജിക്കുവാൻ സാധിക്കുകയുള്ളൂ.
"നല്ലതെന്തെനിക്കിനി- ശോകത്യാഗാർത്ഥം ബന്ധമോക്ഷത്തെ വരുത്തുവാൻ?
ഞാനെന്തുചെയ്യേണ്ടുന്നതെങ്ങനെ വേണ്ടു പര-
മാനന്ദസാദ്ധ്യം പറഞ്ഞീടുനീമടിയാതെ." എന്ന് മാതാവായ ദേവഹൂതി ചോദിച്ചതിന് മകൻ കപിലമഹർഷി അമ്മയോടുപദേശിച്ചതിങ്ങനെ,
യഥാർത്ഥമായ ഭക്തിയാണ് മുക്തിക്ക് കാരണം. ഭക്തിക്കുവേണ്ടി ഇന്നവിധത്തിൽ ദൈവത്തെ ഭജിക്കണമെന്നില്ല. ഈ പ്രപഞ്ചംമുഴുവനും ഈശ്വരനായി കണ്ടുകൊണ്ട് സർവ്വവും ഈശ്വരനിൽ സമർപ്പിച്ചുകൊണ്ട്, ഈശ്വരചിന്തയോടെ ഏതുകാര്യവും പ്രവർത്തിക്കുന്നത് ഭക്തിയോഗമാണ്. ഒന്നിലും പ്രത്യേകമായ അഭിനിവേശമോ, ആശയോ, പ്രതിഫലേച്ഛയോ കൂടാതെയുള്ള നിഷ്കാമഭക്തിയാണ് ഉത്തമമായഭക്തി. ഭൂമി, ജലം, വായു, അഗ്നി (തേജസ്സ്), ആകാശം എന്ന പഞ്ചഭൂതങ്ങളും; ഗന്ധം, രസം, സ്പർശം, രൂപം, ശബ്ദം എന്ന പഞ്ചസൂക്ഷ്മഭൂതങ്ങളും; മൂക്ക്, നാക്ക്, ത്വക്ക്, കണ്ണ്, കർണ്ണം എന്ന അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും; ഉപസ്ഥം, ജനനേന്ദ്രിയം, പാദം, പാണി, കൈകൾ എന്ന പഞ്ച കർമ്മേന്ദ്രിയങ്ങളും - എല്ലാം മായികമായ വെറും തോന്നലാണെന്നും, അവ നശ്വരമായ ശരീരത്തെ സംബന്ധിക്കുന്നവ മാത്രമാണെന്നുമുള്ള ബോധമുണ്ടായാൽ ഉടൻതന്നെ യഥാർത്ഥമായ ഭക്തിയുണ്ടാകുന്നു.
മൂന്നുതരത്തിനുള്ള ഭക്തിമാർഗ്ഗമാണ് നാം കണ്ടുവരുന്നത്. ഒന്നാമതായിട്ടു, 'താമസഭക്തി.' താമസഭക്തിയെന്നാൽ മറ്റുള്ളവരെ വേദനിപ്പിക്കാനും ഉപദ്രവിക്കാനും ദൈവത്തെ കൂട്ടുപിടിക്കുക എന്നതാണ്.
രണ്ടാമത്തേത്, "രാജസഭക്തിയാണ്.' അവനവൻറെ കാര്യസാധ്യത്തിനുള്ള സ്വാർത്ഥഭക്തിയാണ് രാജസഭക്തി. ഉദാഹരണം വെടിവഴുപാടുകൾ, സൂക്തങ്ങൾ മുതലായവ. പിന്നീടുള്ളത് 'സാത്വികഭക്തി.' ഇതാണ് ഋഷിമാർ ഉപദേശിച്ചുതന്ന നിഷ്കാമമായഭക്തി. ഇതിൻറെ ഉദ്ദേശം തൻറെ മനസ്സിനെ ഉണർത്തി ഉയർത്താനുള്ള മാർഗ്ഗമാണ്. ഇതാണ് ഉത്തമമായഭക്തി.
മനസ്സാകട്ടെ ഈ ഇന്ദ്രിയങ്ങളിൽനിന്നും വ്യത്യസ്ഥമാണ്. 'മനസ്സ്' അന്തഃകരണമാണ്. അത് ഉള്ളിൽ ഉണരുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. മനസ്സിനു കാര്യങ്ങൾ ഉണർത്തിച്ചുകൊടുക്കുന്നത് 'ബുദ്ധി' യാണ്. ഉദാഹരണം, ഉണർന്നുകഴിഞ്ഞാൽ സമയോചിതം പോലെ കാര്യങ്ങൾ നിർവ്വഹിക്കാനുള്ള ബോധം. 'ചിത്തം' എന്നുപറയുന്നത് ഓർമ്മകളുടെ ശേഖരമാണ്. ഉദാഹരണം ഒരു വ്യക്തിക്ക് എന്തൊക്കെ സാധനങ്ങൾ എവിടെയൊക്കെ സൂക്ഷിച്ചു വച്ചിട്ടുണ്ട് എന്ന ബോധം. ഇതിനെയെല്ലാം പ്രവർത്തിപ്പിക്കുന്നതിന് 'ചൈതന്യം' വേണം. അതിനെയാണ് 'അഹങ്കാരം' എന്നുപറയുന്നത്. ആ ചൈതന്യത്തിനു രൂപമില്ലാത്ത ഇതിനെയെല്ലാം രൂപമെടുക്കാനും, അതുപോലെ കൈവിടാനും സാധിക്കും.
പരമാത്മചൈതന്യം ഉള്ളിൽ പുരുഷരൂപത്തിലും, പുറത്ത് കാലരൂപത്തിലുമാണുള്ളത്. പുരുഷരൂപത്തിനു മാറ്റമില്ല (ചലനമില്ല). എന്നാൽ കാലാരൂപത്തിനാകട്ടെ മാറ്റമുണ്ട്. അതുകൊണ്ട്, മനസ്സിനെ, മാറ്റമുള്ള കാലരൂപത്തിൽനിന്നും മാറ്റമില്ലാത്ത (ചലനമില്ലാത്ത) പുരുഷരൂപത്തിലെത്തിക്കണം. അത് സത്വഗുണങ്ങളിൽക്കൂടി മാത്രമെ കൈവരിക്കാനാവൂ. മനസ്സിൽ സത്വഗുണം ഉണ്ടാകണമെങ്കിൽ സമചിത്തബോധമുണ്ടാകണം. അതായത് സുഖദുഃഖങ്ങളെ ഒരേപോലെ കാണാനുള്ള കഴിവ്. ഇങ്ങനെയുള്ള മനസ്സിനെയാണ് "വാസുദേവൻ" എന്നറിയപ്പെടുന്നത്. ഭക്തിയിൽക്കൂടി ഭക്തൻറെ മരണകാലത്ത് 'നാരായണസ്മൃതി' ഉദയംകൊള്ളും. അല്ലാതെ നാരായണനാമമല്ല വേണ്ടത്. അങ്ങനെയുള്ള മനസ്സിനുമാത്രമേ (നാരായണസ്മൃതിയുള്ള) സച്ചിതാനന്ദസ്വരൂപത്തെ അറിയാനും അനുഭവിക്കാനും സാധിക്കുകയുള്ളൂ. ഇതിനെയാണ് മുക്തി അഥവാ മോക്ഷം അഥവാ പരമധാമം എന്നൊക്കെ വിശേഷിപ്പിക്കുന്നത്.
No comments:
Post a Comment