12 November 2019

ദേവി തത്ത്വം - 6

ദേവി തത്ത്വം - 6

PART - 01

ബ്രഹ്മ വിദ്യാ സ്വരൂപിണിയാണ് ദേവി. എന്താണ് ബ്രഹ്മ വിദ്യ? അതിന് താരാ എന്നാണ് പേര്. രാമകൃഷ്ണ ദേവന് വളരെ ഇഷ്ടപ്പെട്ട ഒരു ബംഗാളി പാട്ടാണ് "മാ തും ഹി താരാ ". അമ്മ തരണം ചെയ്യിപ്പിക്കുന്നവളാണ്, രക്ഷിക്കുന്നവളാണ്. സംസാര സമുദ്രത്തിനെ തരണം ചെയ്യിപ്പിക്കുന്ന വിദ്യാ സ്വരൂപിണിയാണവൾ. ആ വിദ്യയുടെ സ്വരൂപം എന്താണ്? അതിലേയ്ക്കാണ് നാം പ്രവേശിക്കുന്നത്.

പരിപൂർണ്ണമായ സൗഖ്യം, ശാന്തി അഥവാ അദ്ധ്യാത്മ ജ്ഞാനം, അതിന് വേണ്ടി പരിശ്രമിക്കുമ്പോൾ നമ്മൾ കണ്ടു ശരീരം, മനസ്സ് , ബുദ്ധി, അഹങ്കാരം ഇതൊക്കെ കൂടിയിട്ടുള്ളതിനെയാണ് 'ഞാനെന്ന് ' പറയുന്നത്. ഇതിനെ ഗീതയിൽ അപരാ പ്രകൃതിയെന്ന് പറഞ്ഞു. ഈ അപരാ പ്രകൃതിയാണ് നമ്മുടെ ഫീൽഡ്. ഇതിനെ ക്ഷേത്രമെന്ന് ഭഗവാൻ ഗീതയിൽ പറഞ്ഞിരിക്കുന്നു. ഈ ക്ഷേത്രത്തിലാണ് നമ്മളിരിക്കുന്നത്. ഇതിനെയാണ് മായ എന്നും പറഞ്ഞത്. നമ്മുടെ ജീവിതം മുഴുവൻ ഈ മായാ വലയത്തിനുള്ളിലാണ്. നമ്മളെന്തൊക്കെ തന്നെ വേദാന്തം പറഞ്ഞാലും ജ്ഞാനം പറഞ്ഞാലും, ശാസ്ത്രം പറഞ്ഞാലും ഈ മായയുടെ ഉള്ളിലാണ് നമ്മൾ. സൃഷ്ടി, സ്ഥിതി, സംഹാരം ഒക്കെ മായയുടെ ഉള്ളിലാണ്.

സൃഷ്ടികർത്രീ ബ്രഹ്മരൂപാ
ഗോപ്ത്രീ ഗോവിന്ദരൂപിണീ
സംഹാരിണി രുദ്രരൂപാ
തിരോധനകാരീശ്വരി
സദാശിവ അനുഗ്രഹദാ
പഞ്ചകൃത്യപരായണ

അഞ്ച് മണ്ഡലങ്ങളാണ് ലളിതാസഹസ്രനാമത്തിൽ പറയുന്നത്. ഇതിന് പഞ്ചകൃത്യം എന്ന് പേര്. സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം ഈ നാലും ലൗകികമാണ്. ഇതിൽ നിന്നും നമ്മെ രക്ഷിക്കുന്ന ഒരു പ്രക്രിയയുടെ പേരാണ് അനുഗ്രഹം. ആ അനുഗ്രഹത്തിന് വേണ്ടിയാണ് അദ്ധ്യാത്മ മാർഗ്ഗത്തിൽ നാം അംബികയെ ആശ്രയിക്കുന്നത്.

No comments:

Post a Comment