ശാസ്താവിന്റെ ആറ് പ്രസിദ്ധ ക്ഷേത്രങ്ങളും ദർശനഫലവും
ഹൈന്ദവ ദൈവശാസ്ത്രപ്രകാരം കലിയുഗവരദനാണ് ധർമശാസ്താവ്. കലിയുഗത്തിലെ കൺകണ്ട ദൈവം. ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ആറ് ശാസ്താക്ഷേത്രങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. യോഗവിദ്യപ്രകാരം പ്രാധാന്യം ഉള്ളവ കൂടിയാണ് ഈ ക്ഷേത്രങ്ങൾ.
ശാസ്താവ് പല കുടുംബങ്ങളുടെയും ധർമദൈവം കൂടി ആണ്. അതായത് കുലദേവതയാണ്. തെക്കേ ഇന്ത്യയിൽ ആണ് ഭൂരിപക്ഷം ശാസ്താക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത്. ഉത്തരേന്ത്യയിലും വിദേശത്തുമായി ആയിരത്തിൽപരം ശാസ്താ ക്ഷേത്രങ്ങള്‍ ഉണ്ട്. ഇതിൽ ശബരിമല അയ്യപ്പക്ഷേത്രത്തില്‍ മാത്രം ബാധകമായ ആചാരങ്ങളുമുണ്ട്. അത് കാലാകാലമായി തുടരുന്നതാണ്.
ശബരിമലയിലെ പ്രതിഷ്ഠയുടെ താന്ത്രികവിധി നൈഷ്ഠിക ബ്രഹ്മചാരിയുടേതാണ്. യോഗവിദ്യപ്രകാരം ആജ്ഞാശക്തി കേന്ദ്രമായാണ് ശബരിമല അറിയപ്പെടുന്നത്.
1. പാപനാശം സൂരിമുത്തിയൻ
യോഗവിദ്യയിലെ മൂലാധാരചക്ര പ്രകാരം ഉള്ള ധർമശാസ്താക്ഷേത്രം തമിഴ്നാട്ടിലെ പാപനാശം എന്ന സ്ഥലത്താണ്, സൂരീമുത്തിയന്‍ എന്ന ശാസ്താക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കരയാർ അണക്കെട്ടിനു സമീപം. കൊടും കാട്ടിലൂടെ സഞ്ചരിച്ച് ക്ഷേത്രത്തിൽ എത്താം. ശാസ്താവിന്റെ വിശ്വരൂപം അഗസ്ത്യമുനിക്ക് കാണാൻ സാധിച്ചത് ഈ സ്ഥലത്തുവച്ചാണ് എന്ന് ഐതിഹ്യം. ഈ സമയത്ത് ദേവതകൾ ശാസ്താവിനെ സ്വർണപുഷ്പങ്ങളാൽ അഭിഷേകം ചെയ്തതിനാൽ ‘പൊൻസൊരിയും മുത്തിയൻ’ എന്നറിയപ്പെട്ടു. ഭൂതനാഥന്റെ ആദിസ്വരൂപത്തിലാണ് ഇവിടെ പ്രതിഷ്ഠ. മാടൻ, മറുത, പേയ്, പേച്ചി എന്നീ ദൈവങ്ങൾ എല്ലാം ഇവിടെ കുടികൊള്ളുന്നു. മഹാലിംഗസ്വാമിയും (ശിവൻ) ശാസ്താവിന്റെ പൂർണ, പുഷ്കല എന്നീ പത്നിമാരും മഹാശാസ്താവും ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു.
ഭക്തന്റെ മനസ്സിലെ നീചചിന്തകളെ ഒഴിവാക്കാൻ ഈ ക്ഷേത്രദർശനം സഹായിക്കുന്നു. സുരക്ഷ, ആന്തരികമായ ശുദ്ധി, മാധുര്യമുള്ള സ്വരം, ശാന്തത, സ്വബോധം എന്നിവ ലഭിക്കും. മനസ്സിന് വൈകാരികതയിൽ നിന്നും പൂർണവിജയവും ലക്ഷ്യപ്രാപ്തിയും ലഭിക്കും.
2. അച്ചൻകോവിൽ
മൂലാധാരം കഴിഞ്ഞാൽ അടുത്ത വിശിഷ്ടചക്രം ആണ് സ്വാധിഷ്ഠാനം. കേരളത്തിലെ അച്ചൻകോവിൽ ക്ഷേത്രത്തിൽ ഈ ചക്രം സ്ഥിതിചെയ്യുന്നു. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ട നൂറ്റാണ്ടുകളുടെ പഴക്കം ഉള്ള ശാസ്താക്ഷേത്രം. മണികണ്ഠ മുത്തിയൻ എന്നു തമിഴ് ഭാഷ്യം. സർപ്പദോഷം, സർപ്പവിഷം, വിഷബാധകൾ എന്നിവ അകറ്റുന്ന ക്ഷേത്രം. സർപ്പസൂക്തം എന്ന മന്ത്രത്താൽ സിദ്ധന്മാർ സർപ്പവിഷം ചികിത്സിച്ചിരുന്ന ക്ഷേത്രം. പൂർണ, പുഷ്കല എന്നീ ദേവിമാരും സത്യകൻ എന്ന മകനും ഒപ്പം അച്ചൻകോവിൽ ആണ്ടവരോടൊപ്പം ഇവിടെ കുടികൊള്ളുന്നു. 108 ശാസ്താക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട ഈ ക്ഷേത്രം കൊല്ലം ജില്ലയിലെ പത്തനാപുരത്ത് ആണു സ്ഥിതി ചെയ്യുന്നത്. ക്ഷേത്രഭരണം തിരുവിതാംകൂർ ദേവസ്വം ബോർഡിന്.
സ്വാധിഷ്ഠാന ചക്രസ്ഥിതനായ അച്ചൻകോവിൽ ശാസ്താവിനെ ദർശിച്ചാൽ ഏകാഗ്രതയും വിജയവും സൗന്ദര്യബോധവും സമഭാവനയും അതിന്റെ ഏറ്റവും സംശുദ്ധമായ രൂപത്തില്‍ അനുഭവിക്കാൻ സാധിക്കും എന്ന് വിശ്വാസം. ഈ ക്ഷേത്രപരിസരത്ത് സർപ്പദംശനം ഏറ്റ് ആരും മരിച്ചിട്ടില്ല എന്നാണ് ഐതിഹ്യം.
3. ആര്യൻകാവ്
യോഗവിദ്യയിലെ മൂന്നാമത്തെ സ്ഥാനമാണ് മണിപൂരം. ആര്യൻകാവ് ശാസ്താക്ഷേത്രത്തിൽ ആണ് ഈ സ്ഥാനം. കേരള–തമിഴ്നാട് അതിർത്തിയിൽ ആര്യൻകാവിലെ അയ്യനെ ദർശിച്ചാൽ മണിപൂരചക്രത്തിലെ മാലിന്യങ്ങൾ നീക്കാം. അനന്തമായ ആഹ്ലാദത്തിന്റെ ഉറവിടമാണ് ഈ ക്ഷേത്രം.
കൈയിൽ പൂക്കളുമായി നിൽക്കുന്ന അഗ്നികേശനായ പഞ്ചലോഹ വിഗ്രഹമാണ് പ്രതിഷ്ഠ. സമീപത്ത് ഭഗവതിയും. ഉത്തര മഥുരാപുരിയിലെ ഒരു യുവതി ഭഗവാനിൽ ആകൃഷ്ടയായി എന്നും, അവളെ ഭഗവാൻ വിവാഹം കഴിച്ചു എന്നും വിശ്വസിച്ചുപോരുന്നു. 11 ദിവസത്തെ തിരുകല്യാണ ഉത്സവം പ്രധാനം. ഈ ഉത്സവത്തിന് സൗരാഷ്ട്രയിൽനിന്നും വിശ്വാസികൾ വരുന്നുണ്ട്. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ട 108 ക്ഷേത്രങ്ങളിൽ പ്രാണശക്തിക്ക് പ്രാധാന്യം.
വിവാഹതടസ്സം മാറാനും ജാതകത്തിലെ 7–ലെ ശനിദോഷം, 8–ലെ ശനിദോഷം, സന്യാസയോഗത്താലുള്ള വിവാഹതടസ്സം ജാതകത്തിലെ 5, 9 എന്നീ രാശികളിലെ ശനിസ്ഥിതി, ചതുർഗ്രഹയോഗം 6–8–12 ൽ വരുന്നത് മൂലമുള്ള പ്രവ്രജ്യാ ദോഷം എന്നിവ മാറാൻ ഈ ക്ഷേത്രദർശനം സഹായിക്കും. പ്രപഞ്ച ശക്തിയും ഭൂമിതത്വവും മനുഷ്യതലവും ഇവിടെ പ്രാണശക്തിയായി പരിണമിക്കുന്നതാണ് മണിപൂര ചക്രവിശേഷം. ആത്മാനന്ദ ക്ഷേത്രം. അകാലമൃത്യുഭയം അകലും.
4. കുളത്തൂപ്പുഴ
കുളത്തൂപ്പുഴയിലെ ബാലകനായാണ് അനാഹത ചക്രത്തിന്റെ സ്ഥിതി. ക്ഷേത്രത്തിനു മുന്നിലെ പുഴ ജീവിതത്തിന്റെ അവിരാമമായ തുടർച്ചയെ കാണിക്കുന്നു. ഇതിലെ വിശിഷ്ടമത്സ്യങ്ങൾ ദേവന്റെ പരിവാരങ്ങളായി അറിയപ്പെടുന്നു. പിതൃദോഷത്തിന് മീനൂട്ട് വഴിപാട് പ്രാധാന്യം. ബാലകനായിട്ടാണു ശാസ്താവിന്റെ പ്രതിഷ്ഠ. തിരുവനന്തപുരം ചെങ്കോട്ട റൂട്ടിൽ വനത്തിനുള്ളിലാണു കുളത്തൂപ്പുഴ ശാസ്താക്ഷേത്രം. ഒരു കൊട്ടാരക്കര രാജാവിന്റെ കാലത്ത് പ്രതിഷ്ഠിക്കപ്പെട്ട ക്ഷേത്രം. വീരമണികണ്ഠസങ്കൽപം.
രാമേശ്വരത്തു നിന്നു വന്ന ഒരു ബ്രാഹ്മണന്റെ അനുഭവസാക്ഷ്യം ക്ഷേത്രപ്രതിഷ്ഠയ്ക്കു കളം ഒരുക്കി എന്നു നാട്ടുമൊഴി. കുളത്തൂപ്പുഴയിലെ ബാലകനെ ദർശനം ചെയ്താൽ അനാഹതചക്രത്തിന്റെ ശക്തി വര്‍ധിക്കുന്നു. ശരിയായ ബോധം ലഭിക്കുന്നു. ഈ പ്രപഞ്ചത്തിന്റെ മൂലസ്വരൂപം ഒന്നാണ് എന്ന ബോധ്യം വരുന്നു. സർവജീവികളുടെയും നിലനിൽപും ലക്ഷ്യവും എന്താണ് എന്ന് അയാൾക്ക് ബോധ്യമാകുന്നു. കുടിലവാസനകൾ വെടിഞ്ഞ് ശാന്തനാകുന്നു. തന്റെ കർമത്തിൽ വ്യാപരിക്കാൻ തുടങ്ങുന്നു. ശനിദോഷത്താൽ ഉള്ള ബാലാരിഷ്ടതകൾ നീക്കുന്നു. പൂർവകർമദോഷം, പിതൃദോഷം എന്നിവ അകലുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡിനാണു ക്ഷേത്രഭരണം. ഈ ക്ഷേത്രവും കൊല്ലം ജില്ലയിലെ പത്തനാപുരത്താണു സ്ഥിതി ചെയ്യുന്നത്.
5. എരുമേലി
യോഗവിദ്യയിലെ വിശുദ്ധി എന്ന ചക്രമാണ് എരുമേലിയിൽ. ധർമശാസ്താവിന്റെ അവതാരോദ്ദേശ്യം മഹിഷീവധമാണ്. മഹിഷീവധം നടന്ന സ്ഥലം. ഇവിടെ ശാസ്താവിന് നായാട്ടുകാരന്റെ രൂപമാണ്.
മഹിഷീവധത്തിനു ശേഷം വനവാസികൾ നൃത്തംവച്ച സ്ഥലം. അതിന്റെ ഓർമ പുതുക്കാൻ പേട്ട തുള്ളൽ നടത്തിവരുന്നു. മനുഷ്യമനസ്സിലെ മൃഗീയചിന്തകളെ നശിപ്പിക്കുന്നു. നായാട്ടുകാരൻ ആണെങ്കിലും ക്ഷേത്രത്തിൽ ശാന്തസ്വരൂപനാണ്. കുറ്റവാസന, അസൂയ, അനുസരണയില്ലായ്മ ആത്മഹത്യാപ്രവണത, കൊലപാതകവാസന എന്നിവ ഒഴിവാകാൻ ഈ ക്ഷേത്രദർശനം സഹായിക്കും.
അഹങ്കാരം ഇല്ലാതാക്കി ഏകത്വബോധം നൽകുന്നു. ബോധമനസ്സിനെ ഉത്തേജിപ്പിക്കുന്നു. സംഘടിതമായ രക്ഷാശ്രമങ്ങൾക്ക് ഊർജം നൽകുന്നു.
ജാതകത്തിൽ ക്രമിനൽ സ്വഭാവം കാണിക്കുന്ന ഗ്രഹനിലകൾ ഉള്ളവർ ഇവിടെ ദര്‍ശനം നടത്തിയാൽ അത്തരം വിഷയങ്ങളില്‍നിന്ന് രക്ഷ നേടാം. ജയിൽവാസയോഗം ഒഴിവാക്കാൻ ഈ ക്ഷേത്രം സഹായിക്കും. വിശുദ്ധി ചക്രസ്ഥാന ദർശനത്താൽ ശരിയായ ബോധവും വിവേകവും ഉണ്ടാകും. കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്നു.
6. ശബരിമല
ആജ്ഞാചക്രമാണ് ശബരിമലയിൽ സ്ഥിതി ചെയ്യുന്നത്. ശബരിമല ശാസ്താവിന്റെ വിഗ്രഹത്തിൽ പന്തളം രാജകൊട്ടാരത്തിലെ മണികണ്ഠകുമാരൻ എന്ന ശാസ്താവിന്റെ അവതാരപുരുഷൻ ലയിച്ച് ചേർന്നിരിക്കുന്നു എന്നു വിശ്വാസം. തന്റെ അനുയായികൾ ആയ കറപ്പസ്വാമി, വലിയ കടുത്ത, ചെറിയ കടുത്ത, വാപുരൻ (വാവർ), കടൂരവൻ, കന്നിമൂലയിൽ ഗണപതി, മാളികപ്പുറത്ത് അമ്മ എന്നിവരോടൊപ്പം അയ്യപ്പൻ വാഴുന്ന കാനനക്ഷേത്രം.
18 ദേവതകൾ, 18 പടികൾ. യോഗിയായി സമാധിരൂപത്തിൽ ചിന്മുദ്ര ധരിച്ച് ഇരിക്കുന്ന ഈ ശാസ്താവിന്റെ ദർശനം മോക്ഷത്തെ പ്രദാനം ചെയ്യുന്നു. ഇവിടെ ഭഗവാനും ഭക്തരും തമ്മിൽ വേർതിരിവില്ല. നൈഷ്ഠിക ബ്രഹ്മചാരിയായി പ്രതിഷ്ഠ.
ജീവിതത്തിന്റെ 18 പടികൾ കയറി ദര്‍ശനം നടത്തിയാൽ മോക്ഷപ്രാപ്തി, പാപമുക്തി. ഇരുമുടിക്കെട്ടിൽ പുണ്യപാപങ്ങള്‍ നിറച്ചുവന്ന് അതു സമർപ്പണം ചെയ്ത് പാപമുക്തി നേടി സ്വബോധത്തോടെ സ്വകർമത്തിൽ നിരതനായി ജീവിക്കാൻ ഉള്ള വരം ലഭിക്കാൻ ആയി ഭക്തർ കാൽനടയായി വരുന്നു.
കഠിനമായ വ്രതനിഷ്ഠകൾ. ഓർക്കുക- ശബരിമല ഒരു വിനോദസഞ്ചാര സ്ഥലമല്ല. സ്രഷ്ടാവുമായി, പഞ്ചഭൂതങ്ങളുടെ നാഥനായ ഭൂതനാഥനുമായി സംവേദിക്കാനുള്ള സ്ഥലമാണ്. പഞ്ചഭൂതത്തിൽ നിർമിക്കപ്പെട്ട ശരീരത്തെ ഭൂതനാഥനു മുന്നിൽ സമർപ്പിച്ച് ശരീരവും മനസ്സും ആത്മാവും ശുദ്ധീകരിക്കാനുള്ള ഇടം. ഇവിടെ ജാതി–മത–വർണ–വർഗഭേദം ഇല്ല. വിശ്വാസിക്കു ദർശനം നടത്താം. തത്വമസി ഞാനും നീയും ഒന്നാണ് രണ്ടല്ല എന്ന് ഓർമിപ്പിക്കുന്ന ലോകത്തിലെ ഒരേയൊരു ദേവാലയം. സ്വാമിയെ കണ്ടാൽ മോക്ഷം കിട്ടും- ആജ്ഞാചക്രത്തിലെ ഊർജപ്രവാഹശക്തിയിലൂടെ.
ദൈവികശക്തിയെ സ്വന്തം ആജ്ഞാചക്രത്തിലേക്ക് സ്വാംശീകരിക്കാൻ ശബരിമല അയ്യപ്പസ്വാമിദർശനം സഹായിക്കും. അയ്യന്റെ ആദ്യദർശനം ലഭിക്കുന്ന വ്യക്തിയുടെ മുഖത്ത് തെളിയുന്ന അനിർവചനീയമായ ഭാവം നോക്കുക. നിർവൃതി നിറഞ്ഞ മുഖം, താൻ സംരക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന മുഖഭാവം. ആ നിർവൃതിയാണ് കാലങ്ങളായി ശബരിമലയിലേക്ക് ഈ ദുർഘടം പിടിച്ച വഴികളിലൂടെ ഭക്തരെ എത്തിക്കുന്നത്. സ്രഷ്ടാവും സൃഷ്ടിയും ഒന്നാകുന്ന മുഹൂർത്തമാണ് ശബരിമല അയ്യപ്പദർശനം. സൃഷ്ടിയും സ്രഷ്ടാവും തമ്മിൽ പരസ്പരം മനസ്സാലും ആത്മാവിനാലും സംസാരിക്കുന്ന മുഹൂർത്തത്തിന് സാക്ഷിയാകുന്ന ക്ഷേത്രം ആണ് ശബരിമല ശ്രീഅയ്യപ്പക്ഷേത്രം.
കാന്തമലയിലാണു സഹസ്രാരപത്മം സ്ഥിതി ചെയ്യുന്നത്. ഇത് മനുഷ്യന് അപ്രാപ്യമാണ്. കാന്തമലയുടെ പ്രവേശനസ്ഥാനം ആണ് പൊന്നമ്പലമേട് എന്ന് വിശ്വസിച്ചുപോരുന്നു. മഹാകാലം അഥവാ ‘തേജോവതി’ എന്നതാണു ശാസ്താവിന്റെ ലോകം. അവിടെ പൂർണ, പുഷ്കല എന്നീ പത്നിമാരോടൊപ്പം ശാസ്താവ് വാഴുന്നു. എല്ലാ കർമബന്ധങ്ങളും ഒടുങ്ങുമ്പോൾ നാം അവിടെ എത്തും. പടിയാറും കടന്ന് അവിടെ എത്തും. കുണ്ഡലിനി ശക്തിയുടെ ഏറ്റവും പൂർണത ഏറിയ ഇടം. സഹസ്രാരപത്മം. ഇവിടെ എത്തുന്ന മനുഷ്യജന്മം അമരനായി വാഴും. പൂർണതയുടെ പരമോന്നതി ആണു കാന്തമല.
യോഗവിദ്യപ്രകാരം ഷഡാധാര ചക്രത്തിന്റെ ഉത്തേജനത്തിനായി സുരീമുത്തിയൻ, അച്ചൻകോവിൽ, ആര്യൻകാവ്, കുളത്തൂപ്പുഴ, എരുമേലി, ശബരിമല എന്നീ 6 ക്ഷേത്രങ്ങൾ ക്രമപ്രകാരം നിഷ്ഠയുള്ള ഗുരുസ്വാമിമാരോടൊപ്പം മണ്ഡലകാലത്ത് പൂർണമായി ആചാരം, വ്രതം എന്നിവ പാലിച്ച് ദർശനം നടത്തി, നെയ്യഭിഷേകം, അർച്ചന, കാണിക്ക എന്നിവ സമർപ്പിച്ച് നമസ്കരിച്ച് പ്രാർഥിച്ചാൽ ദേഹശക്തി, മനശ്ശക്തി, ധനശക്തി, ആത്മശക്തി എന്നിവ വര്‍ധിക്കും.
ജാതകപ്രകാരം ഉള്ള ശനിദോഷനിവാരണത്തിനും ഉത്തമം. ജാതകത്തിലെ വിവാഹതടസ്സം ശനിയുടെ ദോഷത്താലാണ് എന്ന് ജ്യോതിഷവിധിയിൽ കണ്ടാൽ കുളത്തൂപ്പുഴ, ആര്യൻകാവ്, അച്ചൻകോവിൽ ശാസ്താക്ഷേത്രങ്ങളിൽ ഒരേ ദിവസം ദർശനം നടത്തി തൃപ്പടിയിൽ നെയ്യ് സമർപ്പിച്ച് പ്രാർഥിക്കുക. വിവാഹതടസ്സം മാറും എന്ന് അനുഭവം. മംഗല്യസ്ഥാനത്തെ ശനി മൂലം ഉള്ള തടസ്സം മാറാൻ ഉത്തമം. ഗുരുസ്വാമിയുടെ ഉപദേശം, സാമീപ്യം എന്നിവ ഇല്ലാതെ കന്നിമല ചവിട്ടരുത്. വ്രതാനുഷ്ഠാനങ്ങളും ആചാരങ്ങളും പാലിച്ചു വേണം ദർശനം നടത്താൻ.
No comments:
Post a Comment