5 October 2019

ആശ്രമങ്ങൾ

ആശ്രമങ്ങൾ

ആശ്രമങ്ങൾ നാലുവിധമുണ്ട് അവയ്ക്ക് ഓരോന്നിനും നാലുവിധം വിഭാഗങ്ങളുമുണ്ട്. അങ്ങനെ പതിനാറു വിഭാഗങ്ങളുണ്ട്.

ബ്രഹ്മചാരികൾ:
ഗായത്രൻ, ബ്രാഹ്മണൻ, പ്രജാപത്യൻ, ബൃഹൻ .

ഗായത്രൻ

യജ്ഞോപവീതം ധരിച്ചതിനുശേഷം മൂന്ന് രാത്രി ഉപ്പില്ലാതെ ആഹരം കഴിച്ച് ഗായത്രി ഉപാസിക്കുന്നവനെ ഗായത്രൻ എന്നു പറയുന്നു.

ബ്രാഹ്മണൻ

നാൽപ്പത്തെട്ടു വർഷം വേദദ്ധ്യായനാർത്ഥം ബ്രഹ്മചാര്യം അനുഷ്ഠിക്കുകയോ, ഓരോ വേദവും പന്ത്രണ്ടു വർഷം വീതം ചെലവഴിച്ച് പഠിക്കുകയോ , നല്ലതുപോലെ വേദദ്ധ്യായനം സിദ്ധിക്കുന്നതുവരെ യമനിയമാദികൾ പരിപാലിക്കുകയോ ചെയ്യുന്നവർ ബ്രാഹ്മണൻ എന്നു പറയുന്നു.

പ്രജാപത്യൻ

സ്വപത്നീനിരതനായി ഋതുകാലങ്ങളിൽ മാത്രം സംഭോഗം ചെയ്യുന്നവനും, സദാ പരസ്ത്രീപരങ്മുഖനായിരിക്കുന്നവനും, അല്ലെങ്കിൽ ഇരുപത്തിനാലു വർഷം ഗുരുകുലവാസം അനുഷ്ഠിക്കുന്ന ബ്രാഹ്മണനും , നാൽപ്പത്തിയെട്ടു വർഷം ഇപ്രകാരം അനുഷ്ഠിക്കുന്നവനും പ്രജാപത്യൻ എന്നു പറയുന്നു.

ബൃഹൻ

മരണം വരെ ഗുരുവിനെ ഉപേക്ഷിക്കതെ ഇരിക്കുന്ന നൈഷ്ഠിക ബ്രഹ്മചാരി ബൃഹൻ എന്നു പറയപ്പെടുന്നു.

ഗൃഹസ്ഥൻ

വാർത്താകവൃത്തി, ശാലീനവൃത്തി, യായാവരൻ, ഘോരസന്യാസികൾ.

വാർത്താകവൃത്തി

കൃഷിപശുപാലനാദികൾചെയ്തും, അനിന്ദിതമായ വാണിജ്യാദികൾ ചെയ്തും, അനേക ശതം വർഷങ്ങൾ യജ്ഞം ചെയ്തും ആത്മാവിനെ ഉപാസിക്കുന്നു.

ശാലീനവൃത്തി

ഇവർ സ്വയം യജ്ഞം ചെയ്യുന്നു, എന്നാൽ യജ്ഞം ചെയ്യിക്കുന്നില്ല. പഠിക്കുന്നു, എന്നാൽ പഠിപ്പിക്കുന്നില്ല. ദാനം കൊടുക്കുന്നു, എന്നാൽ ദാനം സ്വീകരിക്കുന്നില്ല. ഇപ്രകാരം ചെയ്തുകൊണ്ട് ആത്മാവിനെ ഉപാസിക്കുന്നു.

യായാവരൻ

ഇവർ യജ്ഞം ചെയ്യുകയും ചെയ്യിക്കുകയും ചെയ്യുന്നു, പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. ദാനം കൊടുക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു. ഇപ്രകാരം അയാൾ യജ്ഞം അനുഷ്ഠിച്ചുകൊണ്ട് ആത്മാവിനെ ഉപാസിക്കുന്നു.

ഘോരസന്യാസികൻ

തപോനിരതാനായിരുന്നു കൊണ്ട് യജ്ഞാദികൾ ചെയ്തുകൊണ്ടും ആത്മാവിനെ ഉപാസിക്കുകയും, പ്രാർത്ഥിക്കുകയും ചെയ്യുന്നു.

വാനപ്രസ്ഥന്മാർ

വൈഖാനസൻ, ബാലഖില്യൻ, ഉദുംബരൻ, ഫേനപൻ,

വൈഖാനസൻ

സ്വയം മുളച്ചതും പചിക്കാത്തതും , ഗ്രാമിണരാൽ ഉപേക്ഷിക്കപ്പെട്ടതുമായ ചെടികളിൽ നിന്നും വൃക്ഷങ്ങളിൽ നിന്നും കിട്ടുന്നവയെ അഗ്നിപരിചരണം ചെയ്ത് പഞ്ചമഹായജ്ഞം ചെയ്തുകൊണ്ട് ആത്മാവിനെ ഉപാസിക്കുന്നു.

ബാലഖില്യൻ

ജടാ, ജീർണവസ്ത്രം വൽക്കലം എന്നിവ ധരിച്ച് കാർത്തികമാസം പൗണമിനാളിൽ പുഷ്പഫലങ്ങൾ വെടിഞ്ഞ് ചതുർമ്മാസ്യം ഒഴിച്ച് ശേഷമുള്ള എട്ടുമാസവും വൃത്തിയെ ഉപാജ്ജിച്ച് അഗ്നിപരിചരണം ചെയ്തും പഞ്ചമഹായജ്ഞം ചെയ്തും ആത്മാവിനെ ഉപാസിക്കുന്നു.

ഉദുംബരൻ

പ്രഭാതത്തിൽ തന്നെ എഴുന്നേറ്റ് എവിടെ നിന്നെങ്കിലും ബദരനീവാരാദികൾ ശേഖരിച്ച് അഗ്നിഹോത്രം ചെയ്ത് പഞ്ചമഹായജ്ഞം ചെയ്ത് ആത്മാവിനെ ഉപാസിക്കുന്നു.

ഫേനപൻ

ഉന്മാത്തനെപ്പോലെ ശീർണ്ണപർണ്ണഫലാഹാരിയായി എവിടെ സ്ഥലം കിട്ടുന്നുവോ അവിടെ താമസിച്ച് അഗ്നിയെ പരിചരിച്ചും പഞ്ചമഹായജ്ഞം ചെയ്തും, ആത്മതത്ത്വവിചന്തനം ചെയ്യുന്നു.

സന്ന്യാസിമാർ

കുടീചരൻ, ബഹൂദകൻ, ഹംസൻ, പരമഹംസൻ,

കുടീചരൻ

തന്റെ പുത്രാദികളുടെ ഗൃഹങ്ങളിൽ നിന്നും ഭിക്ഷസ്വീകരിച്ച് ആത്മവിചിന്തനം ചെയ്യുന്നു.

ബഹൂദകൻ

ത്രിദണ്ഡം, കമണ്ഡലു, ശികുപക്ഷം, ജലം, പവിത്രം, പാത്രം, പാദുകം, ആസനം, ശിഖ, യജ്ഞോപവീതം , കൗപീനം , കാഷായവസ്ത്രം, എന്നിവ ധരിച്ചും, സഞ്ചരിച്ചും, ആത്മധ്യാനനിരതന്മാരായി വസിക്കുന്നു.

ഹംസൻ

ഏകദണ്ഡം ധരിച്ചും , ശിഖാവിഹീനനായും, യജ്ഞോപവീതം ധരിച്ചും, ശിക്യം കമണ്ഡലു എന്നിവ ധരിച്ചും, ഗ്രാമത്തിൽ ഒരു രാത്രി മാത്രം വസിച്ചും, നഗരങ്ങളിലും തീർത്ഥങ്ങളിലും അഞ്ചുരാത്രി മാത്രം വസിച്ചും, ഒന്നോ, രണ്ടോ, മൂന്നോരാത്രി കൃച്ച്രചാന്ദ്രായണാദികൾ സ്വീകരിച്ചും,

പരമഹംസൻ

ദണ്ഡവിഹീനനായും , മുണ്ഡിതശിരസ്കനായും, കന്ഥകൗപീനധാരിയായും, അവ്യക്തലിംഗ(ചിഹ്ന)ത്തോടു കൂടിയവനായും, നിഗൂഢങ്ങളായ ആചരനങ്ങളോടുകൂടിയവനായും, ധീരനായും, ശന്തനായും, ഉന്മത്തനല്ലെങ്കിലും ഉന്മത്തനെപ്പോലെ തോന്നിപ്പിക്കുന്നവനായും, ത്രിദണ്ഡം, കമണ്ഡലു, ശിക്യപക്ഷം, ജലം, പവിത്രം, പാദം, പാദുകം, ആസനം, ശിഖ, യജ്ഞോപനീതം, എന്നിവയെല്ലാം ഉപേക്ഷിച്ചവനായും, ജീർണിച്ച ഗൃഹങ്ങളിലോ ക്ഷേത്രങ്ങളിലോ വസിക്കുന്നവനായും ഭവിക്കുന്നു. അവർക്ക് ധർമ്മാധർമ്മവിചിന്തനമോ സത്യാസത്യവിവേചനമോ ഇല്ല. അവർ എന്തും സഹിക്കാൻ കഴിവുള്ളവരും, സമദർശിക്കളും, ചാതുർവർണ്ണ്യങ്ങളിൽ നിന്നും യഥാബ്ധമായ ഭിക്ഷ സ്വീകരിക്കുന്നവരും , ആത്മാവിനെ ബന്ധനവിമുക്തരാക്കുന്നവരും അതായത് മോക്ഷ സാധകരും ആകുന്നു

വാനപ്രസ്ഥം

സ്വധർമ്മാനുസൃതം ബ്രഹ്മചാര്യം ഗാർഹപത്യം എന്നി ആശ്രമങ്ങളിൽ കർത്തവ്യങ്ങൾ നിർവഹിച്ചിട്ട് വാനപ്രസ്ഥാശ്രമത്തിൽ പ്രവേശിക്കേണ്ടതാകുന്നു. വാനപ്രസ്ഥമെന്നാൽ വനത്തിൽ പോയി ജീവിച്ചുകൊള്ളണമെന്നല്ല. വാനപ്രസ്ഥാശ്രമവൃതം സ്വീകരിച്ച് ഗൃഹത്തിനു പുറത്ത് സാമൂഹികധാർമ്മികരംഗങ്ങളിൽ യഥാശക്തി സേവനമനുഷ്ഠിച്ചുകൊണ്ട് ത്യാഗപൂർവ്വം ജീവിക്കണമെന്ന് തല്പര്യം. സന്താനങ്ങൾ സ്വന്തം കാലിൽ നിൽക്കാൻ കഴിവുള്ളവരായാൽ അവരെ ഗൃഹകാര്യങ്ങൾ ഏൽപ്പിക്കണം.

ഓരോ ആശ്രമവും അടുത്ത പടിയിലേക്ക് ഏറാനുള്ള തയ്യാറെടുപ്പാണ്. ബ്രഹ്മചര്യാശ്രമജീവിതം ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിക്കാനായിരുന്നു. അതുപോലെ ഗൃഹസ്ഥാശ്രമവും സ്വീകരിച്ചതും അതിനായിരുന്നു. കർത്തവ്യങ്ങളുടെ ഒഴിവുകഴിവുകൾ പറഞ്ഞ് അവിടെ തന്നെ പറ്റികൂടാനല്ല. ഓരോരുത്തരുടെയും കർമ്മബന്ധങ്ങളും കഴിവുമനുസരിച്ച് ജീവിതസൗകര്യങ്ങളുടെ ഏറ്റത്താഴ്ചകൾ ഉണ്ടായിരിക്കും. വ്യക്തിക്കൾക്കെന്നപോലെ കുടുംബത്തിലും സമുദായത്തിലും അതു അനുഭവപ്പെടും. എന്നാൽ അടിസ്ഥാനപരമായ ജീവിതമൂല്യം എല്ലാവർക്കും ഒരുപോലെയാണ്. അതു വേണ്ടവണ്ണം ബോദ്ധ്യപ്പെട്ടാൽ കർത്തവ്യങ്ങളുടെ പരിധി നിർണ്ണയിക്കാൻ കഴിയും . സാധാരനഗതിയിൽ ധാർമ്മിക-സമൂഹിക കാര്യത്തിൽ പങ്കെടുക്കാൻ പോലും പലരും അസൗകര്യങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറാറുണ്ട്. “എല്ലാ സൗകര്യങ്ങളുമുണ്ടായിട്ട് ഒരു നല്ല ചെയ്യാൻ കാര്യം തരപ്പെടുകയില്ല. “ സമയവും സൗകര്യവും ഉപയോഗപ്പെടുത്തണമോ ദുരുപയോഗപ്പെടുത്തണമോ എന്ന് തിരുമാനിക്കേണ്ടത് അവരവർ തന്നെയാണ്. ഇതുപോലെ തന്നെ ഗൃഹത്തിൽ എല്ലാ കർത്തവ്യങ്ങളും നിർവഹിച്ചിട്ട് വാനപ്രസ്ഥത്തിൽ പ്രവേശിക്കാമെന്നു കരുതുന്നതും ഒഴിവുകിഴിവാണ്. ജീവിതം ആർക്കുവേണ്ടിയും കാത്തിരിക്കുകയില്ല. എത്ര തന്നെ ഡോക്ടർമാർ ഉണ്ടായിരുന്നാലും പോഷകാശഭക്ഷണങ്ങൾ നിറച്ചാലും. കായകല്പങ്ങൾ സേവിച്ചലും യമൻ നിയമമനുസരിച്ച് തട്ടിക്കൊണ്ടുപോകും.. അതിനാൽ ഗൃഹസ്ഥാശ്രമത്തിലെ കർത്തവ്യങ്ങൾ അതിന്റെ പരിധിക്കുള്ളിൽ ആകാവുന്നിടത്തോളം നിർവഹിച്ചിട്ട് അടുത്ത തലമുറക്ക് അവിടം ഒഴിഞ്ഞുക്കൊടുത്തുകൊണ്ട് വാനപ്രസ്ഥാശ്രമം സ്വീകരിക്കേണ്ടതാണ് തനിക്കും സമുദായത്തിനും നല്ലത്.

എല്ലാവിധ ആശാപാശങ്ങളിൽ നിന്നും വിമുക്തനും വിരക്തനുമായി സർവ്വജനഹിതകാരിയായ വർത്തിക്കണം . വാനപ്രസ്ഥൻ സ്വാർത്ഥമായ വിചാരങ്ങളും വാക്കുകളും കർമ്മങ്ങളും അദ്ദേഹം ധർമ്മത്തിന്റെ ഹോമകുണ്ഡത്തിൽ ആഹൂതി ചെയ്യുന്നു. അങ്ങനെ തന്റെതല്ലാം പരോപകാരർത്ഥമായി പരിണമിപ്പിക്കുകയും ജീവിതാനുഭവവും ബലവും അറിവും ധർമ്മാർത്ഥമായി സമൂഹക്ഷേമത്തിനായി വിനിയോഗിക്കുകയും ചെയ്യണം.

ദശവിധസ്നാനം, പഞ്ചാമൃതപാനം, അഭിഷേകം, ദണ്ഡനാരണം, കൗപീനധാരണം , ഹവനം, സങ്കൽപം , പീതവസ്ത്രധാരണം, സമാപനപൂജ, യജ്ഞം , എന്നിവ വാനപ്രസ്ഥ സംസ്ക്കാരത്തിലെ ഭാഗങ്ങളാകുന്നു.

ദശവിധസ്നാനം

വാനപ്രസ്ഥത്തിൽ പ്രവേശിക്കുന്ന യജമാനനെ ആചാര്യൻ കൊണ്ടുപോയി ഒരു പലകയിലിരുത്തി മന്ത്രോച്ചാരണപൂർവ്വം പത്തുവിധ സ്നാനം ചെയ്യിക്കുന്നു. ഭസ്മം, മണ്ണ്, പശുവിൻ ചാണകം, ഗോമൂത്രം, പഴുവിൻ നെയ്യ്, പശുവിൻ പാൽ, പശുവിൻ തൈർ, മഞ്ഞൾ, കുശ, തേൻ. എന്നി സാധനങ്ങളാണ് , ഓരോന്നും നിർദ്ദിഷ്ട മന്ത്രോച്ചാരണപൂർവ്വം സ്നാനം ചെയ്യണം,

1 - ഭസ്മം:- ഈ ശരീരം അവസാനം ഭസ്മമായി തീരേണ്ടതാണ്, ഏത് സമയത്തും സംഭവിക്കുന്ന മരണത്തിന് ശേഷവും ജീവന്റെ സദ്ഗതിക്ക് വേണ്ടി തയ്യാറാവുന്നതിന്റെ തുടക്കമാണിത്.

2 - മണ്ണ്:- മാതൃഭൂമിയോട് ജീവനുള്ള കടപ്പാടിനെ സൂചിപ്പിച്ചുകൊണ്ട് മണ്ണ് ശരീരത്തിൽ പൂശി കുളിക്കുകയും ശിഷ്ടജീവിതം ദേശഭക്തിയിലും മാതൃഭൂസേവനത്തിലും നയിക്കണമെന്ന വൃതം ഉൾക്കൊള്ളുകയും ചെയ്യുന്നു.

3 - ചാണകം :- ചാണകത്തെപ്പോലെ ശരീരവും ചെടികൊടി സസ്യാദികൾക്ക് വളമായി സംസാരം ഫലഭൂയിഷ്ഠമാവട്ടെ എന്ന് സങ്കൽപ്പം .

4 - ഗോമൂത്രം :- ക്ഷാരഗുണപ്രധാനമായ ഗോമൂത്രം രോഗനാശന ശക്തിയുള്ളതാണ്. ബാഹ്യാഭ്യന്തര ദുർഗുണങ്ങളെ അകറ്റി സ്വച്ഛതയുൾക്കൊള്ളുക എന്നതാണ് ഗോമൂത്ര സ്നാന സങ്കൽപ്പം.

5 - പാൽ:- പശുവിന്റെ പാലിനെ പോലെ ശുദ്ധവും സ്വച്ഛവും ഉജ്ജീവനശക്തിദായകവുമായിരിക്കണം സ്വജീവിതം.

7 - തൈർ:- ഇതുവരെ ജീവിതം ഓളമടിച്ചുകൊണ്ടിരുന്നു, പാത്രത്തിലെ പാലിനെ പോലെ ഇളകികൊണ്ടിരുന്നു. ഇനി ഉറയിച്ച പാലിനെപ്പോലെ - തൈരിനെപ്പോലെ ത്യാഹത്തിൽ സ്ഥിരനിഷ്ഠനായിരിക്കും, പ്രലോഭനങ്ങക്ക് വഴിപ്പെട്ട് അങ്ങോട്ടുമിങ്ങോട്ടും ആടുകയില്ല.

7 - നെയ്യ്:- ഗുരുത്വവും സ്നേഹവുമാണ് നെയ്യ്, ജീവിതത്തെ സരളവും സ്നേഹവുമായി തീർക്കുക എന്നതാണ്.

8 - മഞ്ഞൾ:- രോഗാണുക്കളെ നശിപ്പിക്കുന്നതും മംഗളസൂചകവുമായിരിക്കണം മഞ്ഞൾ, വിചാരം, വാക്ക്, പ്രവർത്തികളിൽ നാം ആഗ്രഹിച്ചിലെങ്കിലും കടന്നുകൂടുന്ന ദോഷങ്ങളെയും സമുദായത്തിലെ വികൃതഭാവങ്ങളെയും നേരിട്ട് അകറ്റുന്നതിന്നും തന്റേടത്തോടെ യത്നിക്കുമെന്ന് നിശ്ചയം.

9 - കുശ:- ഏതിലും കുശാഗ്രബുദ്ധിയോടെ ഇരിക്കുക. അധർമ്മത്തിനും അനീതിക്കുമെതിരെ തീക്ഷണതാപൂർവ്വം വർത്തിക്കുക.

10 - തേൻ :- മധുസ്നാനത്തിന്റെ താൽപര്യം സമഗ്രമായ സൗമ്യതയും മാധുര്യവുമാണ് . എല്ലാവർക്കും ഹിതകരമാം വിധം മധുരഭഷണം സേവന-ശുശ്രൂഷകൾ സാത്വികഭാവം സത്സംഗം മുതലായ ഗുണങ്ങളുടെ പോഷണം.

ഇതുവരെ ചെയ്തിട്ടുള്ള പാപകർമ്മങ്ങളുടെ പ്രായശ്ചിത്തമായും നവജീവിതത്തിന്റെ തുടക്കം കുറിക്കുന്നതിനായും, ഈ വിശേഷസ്നാനം വിധിച്ചിരിക്കുന്നു.

പഞ്ചാമൃതസേവനം

അതിനു ശേഷം പഞ്ചാമൃതം നൽകുന്നു , പശുവിൻപാൽ, പശുവിൻ നെയ്യ്, തേൻ, തുളസിയില, ശർക്കര എന്നിസാധങ്ങൾ മന്ത്രോച്ചരണപൂർവ്വം തയ്യാറാക്കുന്നതാണ് പഞ്ചാമൃതം, ശരീരികവും മാനസികവുമായ സാത്വിക ശുദ്ധീകരണമാണ്. പഞ്ചാമൃത സേവനത്തിന്റെ ഉദ്ദേശ്യം.

അഭിഷേകം
പഞ്ചാമൃത സേവനത്തിനുശേഷം വാനപ്രസ്ഥനെ സമുദായത്തിലെ സംസ്ക്കാര സമ്പന്നരും ധർമ്മസേവതൽപ്പരരുമായ 24 വ്യക്തികൾ ചേർന്നു അഭിഷേകം ചെയ്യുന്നു. അഭിഷേകം ചെയ്യുമ്പോൾ താൻ വരിച്ച വാനപ്രസ്ഥാശ്രമവ്രതത്തിന് സമുദായത്തിന്റെ മുഴുവൻ പിന്തുണയും ഉണ്ടെന്നും , വാനപ്രസ്ഥാശ്രമത്തിൽ അദ്ധ്യാത്മിക സാധനയോടപ്പം ശുദ്ധമനസ്സോടെ നിസ്വാർത്ഥമായി സമുദായസേവനമനുഷ്ഠിക്കമെന്നും മനസാ സങ്കൽപ്പിക്കണം, വിശാലമായ സമുദായവും ആദ്ധ്യാത്മികത്വവും അടങ്ങിയതാണ്.

പീതവസ്ത്രധാരണം
അതിനുശേഷം വാനപ്രസ്ഥൻ ഋഷിപൂജചെയ്ത് പീതവസ്ത്രം ധരിക്കുന്നു. സേവന നിഷ്ഠയുടെയും സാത്വിക ജീവിതത്തിന്റെയും ചിഹ്നമാണ്.

ചരടും കൗപീനവും
തുടർന്ന് വാനപ്രസ്ഥന്റെ കയ്യിൽ ചരടും കൗപീനവും ഏൽപ്പിക്കുന്നു. ഇന്ദ്രീയ സംയമത്തിന്റെയും ചുമുതലബോധത്തിന്റെയും പ്രതീകമാണ് ചരടും കൗപീനവും സ്വീകരിക്കുന്നത് . കൂടാതെ വാനപ്രസ്ഥാശ്രമം ശരിയായി പാലിക്കമെന്ന് ദൃഢവൃതം കൈക്കൊള്ളുന്നു,

ധർമ്മദണ്ഡ്
രാജാഭിഷേക സന്ദർഭത്തിൽ രാജാവിന് നിതിന്യായത്തിന്റെ ദണ്ഡ് ഗ്രഹിക്കുന്ന കർമ്മത്തെപ്പോലെയാണ് വാനപ്രസ്ഥൻ ധർമ്മദണ്ഡ് സ്വീകരിക്കുന്നത്. ജീവിതത്തിൽ സ്വധർമ്മ പാലനത്തിന് എപ്പോഴും തയ്യാറായിരിക്കുന്നു എന്നതിന്റെ പ്രതീകമാണ് ധർമ്മദണ്ഡ്. സ്വാദ്ധ്യായം, സാധന, സംയമം, ജനസേവ എന്നി ചതുർവിധ ധർമ്മകർത്തവ്യങ്ങളിൽ എപ്പോഴും ജാഗരൂകരായിരിക്കുമെന്ന ദൃഢസങ്കൽപ്പത്തോടെ ധർമ്മദണ്ഡ് സ്വീകരിക്കണം.

അനന്തരം വാനപ്രസ്ഥൻ അഗ്നി, വായു, സൂര്യൻ, ചന്ദ്രൻ, ഇന്ദ്രൻ എന്നീ ദേവന്മാരെ സാക്ഷിപ്പെടുത്തി താൻ സദാ വൃതശീലനയിരിക്കുമെന്ന് പ്രതിജ്ഞ ചെയ്യണം

No comments:

Post a Comment