23 October 2019

വൈഷ്ണവ ശിലാ മഹാത്മ്യം

വൈഷ്ണവ ശിലാ മഹാത്മ്യം

പലരും പലപ്പോഴും പറഞ്ഞുകേട്ടിട്ടുള്ള ഒരു വാക്കാണ്‌ സാളഗ്രാമം, എന്താണ് യഥാര്‍ത്തത്തില്‍  സാളഗ്രാമം...?

വിഗ്രഹാരാധനയില്‍ തല്പരായ ഹൈന്ദവ ജനത അവരുടെ വിശ്വാസമൂര്ത്തികളെ ശിലകളിലാവാഹിച്ചു ചൈതന്യം നല്‍കിയാണ്‌ പൂജാധികര്മങ്ങള്‍ നടത്തപെടുന്നത്. അങ്ങനെ നിര്‍മിചെടുക്കുന്ന വിഗ്രഹങ്ങളുടെ ശിലകള്‍ക്ക്‌ ചിലപ്രത്യേകതകളും വിശ്വാസങ്ങളും  ശില്‍പ്പികളും വേദവും പിന്തുടരുന്നുണ്ട്, ആ വിഭാഗത്തില്‍ വരുന്ന ഏറ്റവും ശ്രേഷ്ട്ടമായ ശിലയാണ് സാളഗ്രാമം
നേപ്പാളിലൂടെ ഒഴുകുന്ന ഗന്ടകി എന്ന നദി ഉത്ഭവിക്കുന്നത് ശാലഗ്രാം എന്ന സ്ഥലത്ത് നിന്നാണ്, ഇവിടെ കാണപ്പെടുന്ന ഒരു പ്രത്യേകതരം ഉരുളങ്കല്ലുകളും ശിലയും വൈഷ്ണവ പ്രീതികരമാണ് എന്നാണു വിശ്വസിക്കുന്നത്. അതുകൊണ്ടു തന്നെ വിഗ്രഹാരധന്യ്ക്ക് ഉള്ള പ്രതിഷ്ഠകള്‍ നിര്‍മ്മിക്കുന്നത് സാളഗ്രാമം കൊണ്ടാണെങ്കില്‍ അതിശ്രേഷ്ടം എന്നു കരുതിപ്പോകുന്നു.

പാലാഴിമഥനത്തിൽ അസുരന്മാർ തട്ടിക്കൊണ്ടു പോയ അമൃത്‌ തിരിച്ചെടുക്കാൻ മോഹിനി വേഷം പൂണ്ട മഹാവിഷ്ണുവിൽ പരമ ശിവൻ പുത്രോൽപാദനം നടത്തിയതിനെത്തുടർന്നു മോഹിനി ഛർദ്ദിച്ചപ്പോൾ ‍കണ്ടക(ഗണ്ഡക) എന്ന നദി ഉണ്ടായി. അതിൽ വജ്രദന്തം എന്ന പ്രാണികളും. അവ കളിമണ്ണുകൊണ്ടു കൂടുണ്ടാക്കി നദീതീരത്തു താമസ്സിച്ചു. വെള്ളപ്പൊക്കത്തിൽ പ്രാണികൾ നശിച്ചാലും ഉറപ്പേറിയ കൂടുകൾ നശിക്കില്ല. അവയുടെ നടുവിൽ ശ്രേഷ്ഠ ചിഹ്നങ്ങൾ രൂപപ്പെടും. വിഷ്ണുവിന്റെഛർദ്ദിയിൽ നിന്നുണ്ടായ ഈ കൂടുകളാണ്‌ സാളഗ്രാമങ്ങൾ. ശിവനും സൃഷ്ടിയിൽ പങ്കുള്ളതിനാൽ ശിവപൂജക്കും സാളഗ്രാമങ്ങൾ ഉപയോഗിക്കും സാളഗ്രമിൽ ഒരു ദ്വാരം കാണും. അതിലൂടെ നോക്കിയാൽ ഉള്ളിൽ സർപ്പിള രേഖകള്‍ കാണാം. ഈ രേഖകളുടെ എണ്ണവും അതിന്റെ  സ്വഭാവവും അനുസരിച്ച്‌ ദശാവതാരങ്ങളിൽ ഏതിനെയാണു സൂചിപ്പിക്കുന്നതെന്നു മനസ്സിലാക്കാം..

പല വിഭാഗത്തിലുള്ള സാലഗ്രമങ്ങള്‍ നിര്‍വചിചിട്ടുണ്ട്.

1. ലക്ഷ്മീജനാർദനം - കറുപ്പുനിറം

2. ലക്ഷ്മീനാരായണം - ഒരു സുഷിരം, നാലുചക്രം, വനമാലപോലുള്ള വര

3. വാമനം - കറുപ്പുനിറം, വളരേ ചെറിയ ചക്രം

4. രഘുനാഥം - രണ്ടു സുഷിരം, നാലുചക്രം, കന്നുകാലികളുടെ കുളമ്പടി അടയാളം

5. ശ്രീധരം - വളരേ ചെറിയ രണ്ടു ചക്രം, കറുപ്പുനിറം, വനമാലപോലുള്ള വരയില്ല

6. രണരാമം - രണ്ടു അമ്പുകളുടേയും ആവനാഴിയുടേയും ചിഹ്നം, ഇടത്തരം വലിപ്പം

7. ദാമോദരം - ഇരുണ്ട വലിയ ശില, രണ്ടു ചക്രം, വനമാലപോലുള്ള വരയില്ല

8. അനന്തശില - ശ്യാമമേഘവർണ്ണനീയത, പതിനാലു ചക്രം

9. രാജരാജേശ്വരം - ഏഴു ചക്രം

10. മധുസൂദനം - അത്യുജ്വല തേജസ്സാർന്ന രണ്ടു ചക്രം

11. സുദർശനം - ഒരു ചക്രം

12. ഗദാധരം - തേജസ്സാർന്ന ഒരു ചക്രം

13. ഹയഗ്രീവം - രണ്ടു ചക്രം, കുതിര മുഖം

14. നാരസിംഹം - സിംഹരൂപം, രണ്ടു ചക്രം

15. ലക്ഷ്മീനരസിംഹം - രണ്ടു ചക്രം, വനമാലപോലുള്ള വര

16. പ്രദ്യുമ്നം - ചാരനിറം, സൂക്ഷ്മമായ ഒരു ചക്രം, അനവധിചിത്രങ്ങളുള്ള ഏക സുഷിരം

17. വാസുദേവം - സ്ഫടിക സദ്രിശം

18. സങ്കർഷണം - ദ്വിമുഖസഹിതം

19. അനിരുദ്ധം - ആകൃതി ഒത്ത് ഉരുണ്ടത്

സാളഗ്രാമം ഉള്ളയിടങ്ങളിൽ ഭഗവാൻ ഹരിയുടെ സാന്നിദ്ധ്യമുണ്ട്. ശ്രീലക്ഷ്മിയും അവിടെയാണ് വസിക്കുന്നത്. സാളഗ്രാമത്തെ പൂജിക്കുന്നത് കൊണ്ട് സകലപാപങ്ങളുടേയും വേരറുക്കാം. ബ്രഹ്മഹത്യാദി പാപങ്ങൾ പോലും സാളഗ്രാമശിലയെ പൂജിച്ച് ഇല്ലാതാക്കാം.

കുടയുടെ ആകാരത്തിലുളള സാളഗ്രാമം കൊണ്ടു് രാജ്യലബ്ധിയും, വർത്തുളമായതിന് ഐശ്വര്യലബ്ധിയും, വാഹനാകൃതിയുള്ളത് ദു:ഖഫലവും, ശൂലാഗ്രം പോലുളളത് മരണഫലവും കൊണ്ടുവരുന്നു. വികൃതരൂപിയായ സാളഗ്രാമം ദാരിദ്ര്യം കൊണ്ടുവരും. പിംഗള നിറമുള്ളത് ഹാനികരമാണ്. മുറിച്ചക്രചിഹ്നമുള്ളത് വ്യാധിയും,  പൊട്ടിയ സാളഗ്രാമം മരണവും വരുത്തുന്നു.
സാളഗ്രാമം വച്ച് പ്രതിഷ്ഠാദിനം, വ്രതം, ശ്രാദ്ധം, പൂജകള്‍ എന്നിവയെല്ലാം ചെയ്യുന്നത് കൂടുതൽ ഫലവത്താണ്. അതിന്‍റെ സാന്നിദ്ധ്യം സർവ്വതീർത്ഥങ്ങളിലും സ്നാനം ചെയ്ത ഫലം നല്കും. അനേകം യജ്ഞങ്ങളിൽ പങ്കെടുത്തതിന്‍റെ ഫലം നൽകും. ആ സൗഭാഗ്യങ്ങൾ ഉള്ളവനേ സാളഗ്രാമത്തിനൊപ്പം കഴിയാനാവൂ. വേദപഠനം, തപസ്സ് എന്നിവ കൊണ്ടുള്ള ഫലം സാളഗ്രാമാർച്ചന ഒന്നുകൊണ്ടു നേടാം. സാളഗ്രാമശിലാതീർത്ഥത്തിൽ നിത്യവും കുളിക്കുന്നവന് ഭൂപ്രദക്ഷിണം, ദാനം എന്നിവകളിൽ നിന്നും കിട്ടുന്ന പുണ്യം മുഴുവനുമാർജിക്കാം.

സാളഗ്രാമശിലാതീർത്ഥം നിത്യവും സേവിക്കുന്നവൻ ദേവൻമാർ പോലും കൊതിക്കുന്ന സുഖത്തെ പ്രാപിക്കും. എല്ലാ പുണ്യതീർത്ഥങ്ങളും അങ്ങിനെയുള്ളവന്‍റെ സാമീപ്യം കൊതിക്കുന്നു.  മരണശേഷം വിഷ്ണുപദം പ്രാപിച്ച് പ്രാകൃത പ്രളയകാലത്തോളം വിരാജിക്കാം.
അങ്ങിനെയുള്ളവനിലുളള ബ്രഹ്മഹത്യാദികളായ പാപങ്ങൾ പോലും ഗരുഡനെ കണ്ട പാമ്പുകളെപ്പോലെ ഓടിപ്പോവും. അവന്‍റെ പാദധൂളികൾ പതിച്ചയിടം പരിപാവനമാണ്. അവന്‍റെ ജനനം മാതാപിതാക്കൾക്ക് മുക്തിയേകുന്നു. സാളഗ്രാമശിലാതീർത്ഥം അന്ത്യകാലത്ത് സേവിക്കാൻ സാധിച്ചാൽ വിഷ്ണുപദപ്രാപ്തി നിശ്ചയമാണ്. അവന്‍റെ കർമ്മഫലങ്ങളുടെ ബന്ധം അതോടെ ഇല്ലാതായി.

സാളഗ്രാമം കൈയിൽപ്പിടിച്ച് കള്ളം പറയുന്നവൻ കുംഭീപാകമെന്ന നരകത്തിൽ പോവും. അവിടെയവന്‍ ഒരു ബ്രഹ്മായുസ്സ് കാലം കഷ്ടപ്പെടും. സാളഗ്രാമം കയ്യിൽ വച്ച് കള്ളസത്യം ചെയ്യുന്നവൻ ലക്ഷം മന്വന്തരം അസിപത്രമെന്ന നരകത്തിൽക്കഴിയും. സാളഗ്രാമപൂജയ്ക്ക് തുളസീദളം ഉപയോഗിക്കാത്തവന് വരുന്ന ഏഴു ജന്മങ്ങളിൽ ഭാര്യാ സുഖമില്ലാതെ ജീവിക്കേണ്ടി വരും. ശംഖിലെ തീർത്ഥത്തിൽ നിന്നും തുളസീദളം എടുത്ത് കളയുന്നവൻ ഏഴു ജന്മങ്ങളിൽ ഭാര്യാഹീനനും രോഗിയുമാകും.
.
സാളഗ്രാമവും തുളസിയും ശംഖും മൂന്നും ചേർത്ത് സംരക്ഷിക്കുന്നവൻ ശ്രീഹരിക്ക് പ്രിയപ്പെട്ടവനാണ്. ഒരിക്കലെങ്കിലും ഭാര്യാസുഖമറിഞ്ഞവൻ ആ സുഖമില്ലാതായാൽ ദുഖിക്കുന്നു. ദേവിയുമായി ഒരു മന്വന്തരക്കാലം കഴിഞ്ഞതിനാലാണ് ഭഗവാന്‍ ശംഖചൂഡനെക്കൂടി കൂട്ടുന്നത്.

തീ൪ത്ഥാടന സമയത്താണ് അധികവും ഇവ പൂജിക്കാറുള്ളത്. വീടുകളില്‍ വച്ച് പൂജിക്കുന്നവരും ഉണ്ട്. പ്രത്യേകം പാത്രങ്ങളില്‍ വെള്ളത്തിലാണ് സൂക്ഷിക്കുക. പൂജയ്ക്ക് പൂക്കളും തുളസിയും ഉപയോഗിക്കാറുണ്ട്. ജലാംശം നിശ്ശേഷം വറ്റിപോകരുതെന്ന് വിശ്വാസം.
സാളഗ്രാമത്തെ പൂജിച്ചാല്‍ ഭഗവാന്‍ വിഷ്‌ണു പ്രസാദിക്കുകയും ഭക്തര്‍ക്ക്‌ ആരോഗ്യം, സമ്പത്ത്‌ , ബുദ്ധി, സന്തോഷം എന്നിവ നല്‍കുകയും ചെയ്യും. സാളഗ്രാമത്തെ അഭിഷേകം ചെയ്യുന്ന ജലം ശേഖരിച്ച്‌ തീര്‍ത്ഥമായി കുടിക്കാറുണ്ട്‌. സാളഗ്രാമത്തിലൂടെ ഒഴിക്കുന്ന ജലം നിരവധി ഗുണങ്ങളുള്ള തീര്‍ത്ഥമായി മാറുമെന്നാണ്‌ വിശ്വാസം.

നേപ്പാളിലെ ഗന്ധകി നദിയിലും ഹിമാലയന്‍ മലനിരകളിലെ ചില പ്രദേശങ്ങളിലുമാണ്‌ ഇവ കാണപ്പെടുക. ഗോളാകൃതിയാണിവയ്‌ക്കുള്ളത്‌. വിഗ്രഹങ്ങള്‍ ഉണ്ടാക്കാൻ കല്ലുകൾ ഉപയോഗിക്കാറുണ്ട്‌. ശരിക്കുള്ള സാള ഗ്രാമങ്ങള്‍ ഫോസില്‍ കല്ലുകളാണ്‌. ശാസ്ത്രദൃഷ്ടിയിൽ അമോണൈറ്റ്‌ കല്ലുകളാണിവ…

      

No comments:

Post a Comment