18 September 2019

ഹിന്ദു ജീവിതശൈലി [Hindu Way of life]

ഹിന്ദു ജീവിതശൈലി [Hindu Way of life]

1. രാത്രിയിലെ ഒടുവിലത്തെ യാമത്തിന്റെ മൂന്നാമത്തെ മുഹൂര്‍ത്തത്തിനു ബ്രാഹ്മ മുഹൂര്‍ത്തമെന്നു പേരാകുന്നു ( ഉദയത്തിനു രണ്ടു മണിക്കൂര്‍ മുന്‍പേ) ഈ സമയത്ത് എഴുന്നേല്‍ക്കണം. ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ വലതുവശം തിരിഞ്ഞെഴുന്നേല്‍ക്കണം. എഴുന്നേറ്റല്പ്പനേരം കിടക്കയില് ഇരിക്കണം. ശരീരത്തിലെ ഊര്ജ്ജത്തെ സമമായ് നിലനിർത്തുവാൻ  ഇത് നന്ന്.

രാത്രേ: പശ്ചിമയാമസ്യമുഹൂര്‍ത്തോ യസ്തൃതീയക:
സ ബ്രാഹ്മ ഇതി വിജ്ഞേയോ വിഹിത: സ ച ബോധനേ

2. ഏഴുന്നേറ്റ ഉടനെ കൈകള്‍ രണ്ടും അഭിമുഖമായി പിടിച്ച് കൈകളിലേയ്ക്കു നോക്കി താഴെ പറയുന്ന മന്ത്രം ജപിയ്ക്കണം

കരാഗ്രേ വസതേ ലക്ഷ്മി
കരമദ്ധ്യേ സരസ്വതി
കരമൂലേ സ്ഥിതേ ഗൗരി
പ്രഭാതേ കരദര്‍ശനം

കയ്യുടെ അഗ്രഭാഗത്ത് ലക്ഷ്മിദേവിയും കൈവെള്ളയുടെ മദ്ധ്യഭാഗത്ത് സരസ്വതിയും കരമൂലത്തില്‍ ഗൗരിയും സ്ഥിതി ചെയ്യുന്നു. ആയതിനാല്‍ ഈ ദേവിമാരെ കണികാണുന്നതിനു പ്രഭാതത്തില്‍ കരദര്‍ശനം നടത്തണം.

3. എഴുന്നേറ്റു പാദങ്ങള്‍ ഭൂമിയില്‍ സ്പര്‍ശിയ്ക്കുമ്പോള്‍ താഴെ കൊടുത്തിരിയ്ക്കുന്ന മന്ത്രം ജപിയ്ക്കണം

സമുദ്രവസനേ ദേവി
പര്‍‌വ്വത സ്തനമണ്ഡലേ
വിഷ്ണുപത്നീ നമസ്തുഭ്യം
പാദ്സ്പര്‍ശം ക്ഷമസ്വമേ

സമുദ്രത്തെ വസ്ത്രമാക്കി അണിയുകയും പര്‍‌വ്വതങ്ങളെ സ്തനങ്ങളാക്കി വസിയ്ക്കുന്നതും ശ്രീമഹാവിഷ്ണുവിന്റെ പ്രിയപത്നിയായിരിയ്ക്കുന്നതു മായ അമ്മേ എന്റെ പാദസ്പര്‍ശം ക്ഷമിച്ചാലും.

4. മലമൂത്രവിസര്‍ജ്ജനം സ്വന്തം വാസസ്ഥാനത്തോടടുത്താവരുത്‌ എന്നാണു ശാസ്ത്രവിധി., പഴുത്തമാവിലയും ഉപ്പും ,കുരുമുളകും കൂട്ടിപ്പൊടിച്ചതൊക്കെയാണു ദന്തശോധനക്ക്‌ ആരോഗ്യകരം. എണ്ണ തേച്ചുള്ള മുങ്ങിക്കുളിയാണു അരോഗ്യത്തിനു ഉത്തമം., അതും സൂര്യോദയത്തിനു മുമ്പ്‌ ആവുകയും വേണം.

5. പിന്നെ ചെന്ന് പ്രത്യക്ഷ ദൈവമായ അമ്മയെയും അച്ഛനെയും വണങ്ങണം .

6. ജഗത്പിതാവാം സർവ്വേശ്വരന്റെ പാദത്തില് പ്രണമിക്കണം.

7. വിശ്വത്തിനു ഊര്ജ്ജം നല്കും സൂര്യദേവനെ  വണങ്ങണം.

8. കുളിച്ചാല് കുറിയിടാന് ഒരിക്കലും മടിക്കരുത്. സ്ത്രീകള്‍ ഭസ്മം നനച്ച്‌ തൊടരുത്‌. പുരുഷന്മാര്‍ രാവിലെ നനച്ചും, വൈകിട്ട്‌ നനയ്ക്കാതെയുമാണു ഭസ്മം തൊടേണ്ടത്‌..

9. കുളി കഴിഞ്ഞ് ശുഭ വസ്ത്രങ്ങള് അണിയാന് ശ്രദ്ധ വേണം. ദേഹ വസ്ത്രാദികള് എപ്പോഴും വൃത്തിയായി വെക്കണം.

10. അരയ്ക്ക്‌ താഴെ വെള്ളിയാഭരണങ്ങളെ ഉപയോഗിക്കാവൂ. വീട്ടുവതില്‍ക്കല്‍ നിന്നും അടുക്കളയില്‍ നിന്നും പല്ല് തേക്കരുത്‌. സ്ത്രീകള്‍ ശരീര നഗ്നത കാട്ടരുത്‌. ആഭരണം ധരിക്കാതിരിക്കരുത്‌. മുടി അഴിച്ചിട്ട്‌ നടക്കരുത്‌, തലമുണ്ഡനം ചെയ്യരുത്‌, പൂജിക്കാത്ത പുഷ്പങ്ങള്‍ ചൂടരുത്.

11. വിവാഹിതകള്‍ സിന്ദൂരം ധരിക്കാതിരിക്കരുത്‌. തലമുടി ചീപ്പില്‍ കെട്ടികിടക്കരുത്‌., തലമുടി ചീകുമ്പോള്‍ മുടിതാഴെ വീണുകിടക്കാന്‍ പാടില്ല. ഇടത്തോട്ട്‌ മുണ്ട്‌ ഉടുക്കരുത്‌, വെളിയില്‍ ലുങ്കിധരിച്ച്‌ പോകരുത്‌..

12. ചിന്തയും വാക്കും ശുദ്ധമാക്കാൻ ഇപ്പോഴും ശ്രമിക്കേണം

13. അടുത്തുള്ള അമ്പലത്തിൽ ദർശനം പതിവാക്കണം.

14. ക്ഷേത്ര നടയില്‍ നിന്ന് തൊഴുമ്പോള്‍ ഇടത്തോ വലത്തോ ചെരിഞ്ഞു നിന്ന് തൊഴണം ധാരാളം പണം ചെലവിട്ട്‌ ദൂരസ്ഥലത്തേക്കുള്ള ക്ഷേത്രദര്‍ശനതതിനായി  പുറപ്പെടുമ്പോള്‍ ദേശാധിപത്യക്ഷേത്രത്തില്‍ ദര്‍ശനവും യഥാശക്തി കാണിക്കയും അര്‍പ്പിക്കാതെയുള്ള യാത്ര ശുഭകരമായിരിക്കുകയില്ല.

15. ക്ഷേത്രത്തില്‍ നിന്നു ലഭിക്കുന്ന തീര്‍ത്ഥം വാങ്ങി ഒന്നോ രണ്ടോ തുള്ളി സേവിച്ചതിനു ശേഷം ശിരസ്സില്‍ തളിക്കുക. തീര്‍ത്ഥം സേവിക്കുമ്പോള്‍ ചുണ്ടില്‍ തട്ടാന്‍ ഇടവരരുത്‌. സേവിച്ചതിനു ശേഷമുള്ള തീര്‍ത്ഥത്തില്‍ നിന്ന് ഒരു തുള്ളി പോലും താഴെ വീഴരുത്‌..

16. ചന്ദനം ക്ഷേത്രത്തിനു വെളിയില്‍ ഇറങ്ങിയേ അണിയാവൂ.അര്‍ച്ചനാ പുഷ്പം വാങ്ങി ശിരശ്ശില്‍ വെക്കുക.

17. ക്ഷേത്ര പ്രദിക്ഷണം കഴിഞ്ഞു അൽപസമയം ക്ഷേത്രത്തിൽ ഇരിക്കണം

18. പ്രഭാതത്തില്‍ പശുവിനെ കണികാണുന്നത്‌ ഐശ്വര്യപ്രദമാണു. ,ദീപത്തോട്‌ കൂടിയ നിലവിളക്ക്‌, സ്വര്‍ണ്ണം, കൊന്നപ്പൂക്കള്‍, വലം പിരി ശംഖ്‌, ഗ്രന്ഥം, തുടങ്ങിയവയും മംഗളപ്രദമായ കണികളായി കരുതിവരുന്നു.

19. പഠിക്കുന്ന കുട്ടികൾ ഗൃഹപാഠങ്ങൾ  നന്നായി ശ്രദ്ധയോടെ പഠിക്കേണം. അന്നന്ന് ചെയ്തു തീർക്കേണ്ടത് അന്നന്ന് തന്നെ തീർക്കണം. പിന്നേക്കു നീട്ടി വക്കുന്നതെല്ലാം കുന്നുപോലെ കൂടീടും.

20. പാഠശാലയിലെത്താൻ  വൈകിക്കൂടൊരിക്കലും. കൃത്യനിഷ്ഠ കുഞ്ഞിലേ പഠിക്കണം. യാത്ര പോകുന്നതിന് മുമ്പ് വന്ദിക്കേണം മാതാ പിതാക്കളെ . ഗുരുപാദവും  വണങ്ങേണം.

21. സ്നേഹിക്കേണം മുതിർന്നവരെ , കാര്യത്തില് മുമ്പനാവണം. നല്ല കൂട്ടുകെട്ടുകള് ഉണ്ടാക്കണം. കൂട്ടുകാരോട് മര്യാദയോടെ പെരുമാറണം.

22. ചെയ്യാനുള്ള കാര്യങ്ങള് മടികൂടാതെ ചെയ്യണം. ഈശ്വരാര്പ്പണമായിട്ട് വേണം കാര്യങ്ങള് ചെയ്യാന്. അല്ലെങ്കിൽ  ജീവിതം ദുഃഖ പൂര്ണ്ണമായിടും.

23. നിത്യവും സാത്വികാഹാരം കഴിക്കണം. ചിത്തം ശുദ്ധമായീടാന് ആഹാരം ശുദ്ധമാകണം.

24. ത്യാഗ ബുദ്ധി വളർത്തണം . ത്യാഗം ആനന്ദമേകീടും.

25. പറന്നു പോയ കിളികളെ പിടിക്കാം, സമയത്തെ പിടിക്കാനാവില്ല. കാലത്തെ മുന്നില് കണ്ട് ജോലി ചെയ്യണം.

26. ആരോടും ദേഷ്യത്തോടെ സംസാരിക്കരുത്. ദുഷ്ടൻ  ഒരിക്കലും ശിഷ്ടനാകില്ല. വാക്കാണു ദൈവം എന്ന സത്യമുള്ളില് നിനക്കണം.

27. ആർഷ  ധർമ്മമറിഞ്ഞിട്ട് ജീവിതം ശുദ്ധമാക്കണം.
ഞാനെന്ന ഭാവമില്ലാതെ ഞാനാരെന്ന്  തിരക്കണം.

28. മാതാപിതാക്കള് ചൊല്ലുന്ന വാക്കുകള  ശ്രദ്ധിച്ച് കേൾക്കണം .
അതുപോലെ  ജീവിതം രൂപപ്പെടുത്താൻ  ശ്രമിക്കണം.

29. നേരിന്റെ കൂടെ നില്ക്കണം. ഇച്ഛാശക്തി, ജ്ഞാന ശക്തി, ക്രിയാശക്തി വളര്ത്തണം. നല്ല കർമ്മങ്ങളാൽ  ജീവിതം ധന്യമാക്കണം.

30. ഭക്ഷണവും ചിന്തയും ശുദ്ധമാവണം. ബുദ്ധി തന്നെ പരം നേത്രം, വിദ്യ തന്നെ പരം ധനം, ദയ തന്നെ പരം പുണ്യം, ശമം തന്നെ പരം സുഖം.

31. വീട്ടിൽ  സന്ധ്യാദീപം കൊളുത്തേണം. ശുദ്ധമായ് ചേർന്നിരുന്നു   ഹരിനാമം ജപിക്കണം. കൂട്ട പ്രാര്ത്ഥനയാല് വീടിനെ ക്ഷേത്രമാക്കേണം.
ഒരു‌ തിരിയായി വിളക്കുകൊളുത്തരുതു. കൈതൊഴുതു പിടിക്കുമ്പോലെ രണ്ട്‌ തിരികള്‍ ചേര്‍ത്ത്‌ ഒരു ദീപമായി കത്തിക്കുക. രാവിലെ ഒരു ദീപം കിഴക്കോട്ടും, വൈകിട്ട്‌ രണ്ട്‌ ദീപങ്ങള്‍ കിഴക്കോട്ടും പടിഞ്ഞാറോട്ടും . തീപ്പെട്ടി ഉരച്ച്‌ വിളക്കില്‍ നേരിട്ട്‌ കത്തിക്കരുത്‌ കൊടി വിളക്കിലൊ വേറെ തിരിയിലൊ ആദ്യം കത്തിക്കണം. എന്നിട്ട്‌ ആ വിളക്ക്‌ കൊണ്ട്‌ വേണം നിലവിളക്ക്‌ കൊളുത്തുവാന്‍.., ദീപം കത്തിക്കുമ്പോള്‍ കിഴക്കു നിന്നാരംഭിച്ച്‌ വലത്തു ചുറ്റിക്കൊണ്ടു വേണം. ദീപം കത്തിക്കുമ്പോള്‍ കെടരുത്‌. എണ്ണ തീര്‍ന്ന് നിലവിളക്ക്‌ പടുതിരിയായി കെടരുത്‌. വിളക്ക്‌ വെറും നിലത്ത്‌ വയ്ക്കാതെ പീഠത്തിലൊ താമ്പാളത്തിലൊ വെയ്ക്കുക. സന്ധ്യാദീപദര്‍ശനം തെക്ക്‌, കിഴക്ക്‌ ഭാഗങ്ങളില്‍ നിന്ന് ഉത്തമവും, പടിഞ്ഞാറു, വടക്ക്‌ ഭാഗങ്ങള്‍ അശുഭവുമാകുന്നു. നിശ്ചിതസമയത്തിനു ശേഷം നിലവിളക്ക്‌ കെടുത്തി വെക്കാം. വസ്ത്രം കൊണ്ട്‌ വീശി കെടുത്തുന്നത്‌ ഉത്തമം, കൈ കൊണ്ട്‌ വീശികെടുത്തുന്നത്‌ മദ്ധ്യമം, എണ്ണയില്‍ തിരി താഴ്ത്തി കെടുത്തുന്നത്‌ അധമം ,ഊതി കെടുത്തുന്നത്‌ വര്‍ജ്ജ്യം(പാപഫലം)

32. പഠനങ്ങളും മറ്റു ജോലികളും സന്ധ്യാ സമയത്തു ഉചിതമല്ല. അവ സന്ധ്യാശേഷം ചെയ്യാവുന്നതാണ്.

33. ലഘുവായ അത്താഴം കഴിക്കണം. സാത്വികാഹാരം കഴിക്കണം.

34. പിതൃക്കളെ നമിച്ചിട്ട് ഉറങ്ങാൻ  കിടക്കണം. ഉറക്കം വരുവോളം ഈ മന്ത്രം സ്മരിക്കാം -

"തന്മേ മന: ശിവസങ്കല്പമസ്തു"

[ അർത്ഥം  - എന്റെ മനസ്സു വിശ്രാന്തമായി മംഗള കരങ്ങളായ സങ്കല്പങ്ങളോട് കൂടി ആയിരിക്കട്ടെ]

35. നീണ്ട്‌ നിവര്‍ന്ന് കിടക്കണം, സ്ത്രീകള്‍ മലര്‍ന്ന് കിടന്ന് ഉറങ്ങരുത്‌,ഇടതു വശം ചരിഞ്ഞ്‌ കിടന്നുറങ്ങുക. എഴുന്നേല്‍ക്കുമ്പോള്‍ വലതുവശം ചരിഞ്ഞ്‌ എഴുന്നേല്‍ക്കന്‍ ശ്രദ്ധിക്കുക. ശിരോരോഗങ്ങള്‍ , മാനസികാസ്വാസ്ഥ്യം, ശാരീരിക വിഷമതകള്‍ ഇവ ഏറെക്കുറെ പരിഹരിക്കുവാന്‍ കിടപ്പിലെ നിയമങ്ങള്‍ സഹായിക്കും.

ആണ്‍കുട്ടികള്‍ക്ക്‌ ചോറൂണു (കുട്ടികള്‍ക്കു ആദ്യമായി അരിയാഹാരം കൊടുക്കുന്ന ചടങ്ങ്‌) നടത്തുന്നത്‌ 6,8,10 മാസങ്ങളിലും, പെണ്‍കുട്ടികള്‍ക്കു 5,7,9 മാസങ്ങളിലുമാണു ശുഭകരം.

ഒരു അതിഥി ആരുടെ ഗൃഹത്തില്‍ നിന്ന് നിരശനായി മടങ്ങുന്നവൊ ആ ഗൃഹസ്ഥനു അതിഥിയുടെ പാപങ്ങള്‍ ലഭിക്കുന്നു. ഗൃഹസ്ഥന്റെ പുണ്യങ്ങള്‍ അതിഥി കൊണ്ടു പോകുകയും ചെയ്യുന്നു. ഗൃഹ നിര്‍മ്മാണത്തിനു ഉത്തമമായ ഭൂമി തിരഞ്ഞെടുക്കുന്നത്‌ മുതല്‍ ഗൃഹപ്രവേശങ്ങള്‍ വരെയുള്ള കര്‍മ്മങ്ങള്‍ വാസ്തുശാസ്ത്ര വിധി പ്രകാരം തന്നെ നടത്തുക എന്നത്‌ ആ ഗൃഹത്തില്‍ ഐശ്വര്യത്തോടെയും ആയൂരാരോഗ്യ സൗഖ്യത്തോടെയും ജീവിക്കുന്നതിനു അത്യന്താപേക്ഷിതമാണു. സൂര്യോദയം വരെയും സൂര്യാസ്തമയം വരെയും മന്ത്രജപം ,നാമജപം, സ്തോത്രജപം ധ്യാനം തുടങ്ങിയവ അനുഷ്ഠിക്കണം. ഇതുമൂലം ഐശ്വര്യം ,ഏകാഗ്രത, മനഃശുദ്ധി, കര്‍മ്മശുദ്ധി ,ആരോഗ്യം തുടങ്ങിയവ കൈവരുന്നു. ഒരു‌ ഗൃഹസ്ഥനു ഈ പ്രപഞ്ചത്തിലെ ബാധ്യതകളില്‍ വെച്ച്‌ ഏറ്റവും മുഖ്യമായത്‌ പിത്രകര്‍മ്മമാണു (ശ്രാദ്ധം). പുലയുള്ളപ്പോഴും ,സ്ത്രീകള്‍ക്കു ആര്‍ത്തവസമയത്തും ശ്രാദ്ധമൂട്ടാന്‍ വിധിയുല്ല. പിത്രവിന്റെ മക്കള്‍ക്കും, ഇളയ സഹോദരങ്ങള്‍ക്കും സാഹചര്യവശാല്‍ ഭാര്യക്കും ,മക്കളുടെ മക്കള്‍ക്കും, സഹോദരിമാരുടെ മക്കള്‍ക്കും ശ്രാദ്ധമൂട്ടാവുന്നതാണു.

പെണ്‍മക്കള്‍ ശ്രാദ്ധമൂട്ടുമ്പോള്‍ വിധിപ്രകാരം ചെയ്യിക്കുവാന്‍ ഒരു ആചാര്യന്‍ ഉണ്ടായിരിക്കണം.

അതികാലത്തുണരുക, പ്രഭാതസ്നാനം, സാത്വികജീവിതരീതി, അഹിംസ, വ്രതശുദ്ധി, തുടങ്ങിയവ ശീലിക്കെണ്ടതാണു.
എണ്ണതേച്ചുകുളി, ക്ഷൗരം, മൈഥുനം, ക്രോധം, ചികിത്സ, യാത്രാരംഭം, വിവാഹം, ശസ്ത്രക്രിയ, ഉപനയനം, സീമന്തം,വാഹനാരോഹണം, പ്രേതക്രിയകള്‍, സാഹസകര്‍മ്മങ്ങള്‍, യുദ്ധം, മദ്യമാംസാദിസേവ, ഔഷധസേവ, തുടങ്ങിയവയൊന്നും ജന്മനക്ഷത്രദിവസം പാടില്ല.
ഒരു‌ മാസത്തില്‍ രണ്ടു തവണ ജന്മനക്ഷത്രം വന്നാല്‍ രണ്ടാമത്തേതാണു പിറന്നാള്‍ ദിവസമായി എടുക്കേണ്ടത്‌, ദാനങ്ങളില്‍ ഏറ്റവും മഹത്തായ ദാനമാണു അന്നദാനം.

ഹൈന്ദവർ അറിയുവാൻ

1. സന്ധ്യാ നാമം :

നമഃ ശിവായ, നാരായണായ നമഃ, അച്യുതായ നമഃ, അനന്തായ നമഃ, ഗോവിന്ദായ നമഃ, ഗോപാലായ നമഃ, ശ്രീരാമായ നമഃ, ശ്രീകൃഷ്ണായ നമഃ, വിഷ്ണുവേ ഹരി.

2. നക്ഷത്രങ്ങൾ : 27

അശ്വതി , ഭരണി, കാർത്തിക , രോഹിണി, മകയിരം , തിരുവാതിര, പുണർതം , പൂയം , ആയില്ല്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര , ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി

3. തിഥികൾ :

പ്രഥമ, ദ്വിതീയ, തൃതിയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർദശി, വാവ് - പക്കം 15.

4.മലയാള മാസങ്ങൾ :

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം.

5. പഞ്ചഭൂതങ്ങൾ :

ഭൂമി, ജലം, വായു, അഗ്നി, ആകാശം

6. പഞ്ച മാതാക്കൾ :

അഹല്യ, ദ്രൗപദി, സീത, താര, മണ്ഡോദരി

7. സപ്തര്ഷികൾ :

മരീചി, അംഗിരസ്സ്, അത്രി, പുലസ്ത്യൻ , പുലഹൻ , വസിഷ്ഠൻ , ക്രതു

8. ചിരഞ്ജീവികൾ :

അശ്വത്ഥാമാവ്, മഹാബലി, വേദവ്യാസൻ, വിഭീഷണൻ, ഹനുമാൻ, കൃപർ, പരശുരാമൻ

9. നവഗ്രഹങ്ങൾ :

ആദിത്യൻ, ചന്ദ്രൻ, കുജൻ (ചൊവ്വ) , ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു

10. നവരസങ്ങൾ :

ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം

11. ദശാവതാരം :

മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി

12. ദശപുഷ്പങ്ങൾ :

കറുക, നിലപ്പന, പൂവാംകുറുന്തല, കഞ്ഞുണ്ണി മുയല്ച്ചെവി, വിഷ്ണുക്രാന്തി, ഉഴിഞ്ഞ, ചെറൂള, മുക്കൂറ്റി, തിരുതാളി.

13. ദശോപനിഷത്തുകൾ :

ഈശം, കേനം, കഠം, പ്രശ്നം, മുണ്ഡം, മണ്ഡുക്യം, ഛാന്ദോക്യം, തൈത്തരീയം, ഐതരേയം, ബൃഹദാരണ്യകം.

ഹിന്ദുവിന്റെ അടിസ്ഥാന പ്രമാണ ഗ്രന്ഥം - വേദം
-------------------------------------------
14. വേദങ്ങൾ 4 : ഋക്, യജൂസ്, സാമം, അഥര്വ്വം

15. ഉപവേദങ്ങൾ : ആയുർവേദം, ധനുർവേദം, ഗാന്ധര്വ വേദം, അര്ത്ഥവേദം

16. വേദാംഗങ്ങൾ : ശിക്ഷ, വ്യാകരണം, ഛന്ദസ്സ്,കല്പം, നിരുക്തം, ജ്യോതിഷം

17. വേദോപാംഗങ്ങൾ : യോഗം, സാംഖ്യം, വൈശേഷികം, ന്യായം, മീമാംസ വേദാന്തം

18. മഹാപുരാണങ്ങൾ : പത്മം, വിഷ്ണു, നാരദീയം, ഭാഗവതം, ഗാരുഢം, വരാഹം, മത്സ്യം, കൂര്മ്മം, ലിംഗം, വായവ്യം, സ്കന്ദം, ആഗ്നേയം, ബ്രഹ്മാണ്ഡം, ബ്രഹ്മവൈവര്ത്തം, മാര്ക്കണ്ടേയം, ബ്രഹ്മ, ഭവിഷ്യത്ത്, വാമനം.

19. യമം : അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം

20. നിയമം : ശൌചം, സന്തോഷം, തപസ്, സ്വാദ്ധ്യായം, ഈശ്വരപ്രണിദാനം.

No comments:

Post a Comment