അർച്ചന
ഹിന്ദുമതാചാരം. അർച്ചനയിൽ സാധാരണയായി ഇഷ്ടദേവന്റെ / ദേവതയുടെ നാമങ്ങൾ പ്രണവസാന്നിദ്ധ്യത്തിൽ ഉച്ചരിച്ചുകൊണ്ട് പുഷ്പങ്ങൾ സമർപ്പിക്കുന്നു (നാമാർച്ചന). ധ്യാനം, ആവാഹനം, ആസനം തുടങ്ങിയ ഈശ്വരാനുഷ്ടാനങ്ങളിൽ പുഷ്പസമർപ്പണം ചെയ്തു കൊണ്ട് നാമോച്ചാരണം നടത്തുന്നു. ഇതു അനിഷ്ട ശാന്തിക്കും ഇഷ്ടലാഭത്തിനും കൂടുതൽ സഹായകമാകും എന്നു ഭക്തന്മാർ വിശ്വസിക്കുന്നു. തുളസി കൊണ്ടു വിഷ്ണുവിനെയും തെച്ചി, തെറ്റി മുതലായ ചുവന്ന പുഷ്പങ്ങൾ കൊണ്ട് ഭഗവതിയെയും അർച്ചിക്കുന്നു. ഗീതയിൽസ്വകർമ്മാനുഷ്ടാനം എന്ന അർത്ഥത്തിലും നാമാർച്ചനയെ പ്രസ്താവിക്കുന്നു.
അർച്ചന എന്നാൽ പ്രകാശിക്കുന്നത് എന്നാണർത്ഥം. അർച്ചന എന്നത് ദൈവത്തെ പ്രകാശിപ്പിക്കാൻ വേണ്ടി ചെയ്യുന്നത് എന്തോ അത് ആണ്.
വിവിധ തരം അർച്ചനകൾ
ബാഹ്യമായ അർച്ചന
ഇത് ക്ഷേത്രങ്ങളിലും ഗൃഹങ്ങളിലെ പ്രത്യേകം ഏർപ്പാട് ചെയ്ത പൂജാമുറികളിലും നടത്താറുണ്ടു. പൂവ്, കുങ്കുമം, തുളസി എന്നിവ കൊണ്ടാണ് സാധാരണയായി ബാഹ്യമായ അർച്ചന ചെയ്യുന്നത്. അർച്ചന ചെയ്ത പൂക്കളും പഴങ്ങളും അശുദ്ധമാണ് എന്ന സങ്കല്പവും ബ്രാഹ്മണർക്കിടയിൽ നിലവിലുണ്ട്. അത് തൊട്ടാൽ പിന്നെ കുളിച്ച ശേഷമേ ഭക്ഷണം കഴിക്കാവൂ. നിവേദ്യശുദ്ധം എന്നാണതിനെ പറയുക.
അഷ്ടോത്തരാർച്ചന
നൂറ്റിയെട്ട് നാമം ചൊല്ലിയുള്ള അർച്ചനയാണ് അഷ്ടോത്തരാർച്ചന എന്നു പറയുന്നത്. ഗണേശ അഷ്ടോത്തരം, രാമ അഷ്ടോത്തരം, നരസിംഹ അഷ്ടോത്തരം, പാർവ്വതി അഷ്ടോത്തരം, ദുർഗ്ഗ അഷ്ടോത്തരം, വെങ്കടേശ അഷ്ടോത്തരം, സുദർശന അഷ്ടോത്തരം എന്നിവ അഷ്ടോത്തരങ്ങളിൽ ചിലതാണു.
സഹസ്രനാമാർച്ചന
ഭഗവാന്റെ ആയിരം നാമങ്ങൾ ചൊല്ലിയുള്ള അർച്ചനയാണ് സഹസ്രനാമാർചന. വിഷ്ണുവിന്റെ ആയിരം നാമങ്ങൾ ഉരുവിടുന്നത് വിഷ്ണു സഹസ്രനാമം. ശ്രീ ദുർഗ്ഗാ ദേവിയുടെആയിരം നാമാർച്ചനയെ ദുർഗ്ഗാ സഹസ്രനാമംഅല്ലെങ്കിൽ ലളിത സഹസ്രനാമം എന്ന് പറയുന്നു. ബ്രഹ്മാണ്ഡപുരാണത്തിന്റെ അനുബന്ധമായ ലളിതോപഖ്യായനത്തിന്റെ ഭാഗമാണ് ലളിത സഹസ്രനാമം. ഇതുപോലെ ശിവസഹസ്രനാമവും ഗണേശസഹസ്രനാമവും ഉണ്ട്.
ആന്തരികമായ അർച്ചന
മനസ്സ് കൊണ്ട് ധ്യാനരൂപമായ പുഷ്പസമർപ്പണ സമാനമായ അർച്ചന. ഭീമസേനൻ വലിയ ശിവഭക്തനായിരുന്നു. എന്നാൽ പ്രത്യക്ഷത്തിൽ ശിവാർച്ചന നടത്തിയിരുന്നില്ല. ആന്തരികമായിട്ടാണ് നിർവഹിച്ചിരുന്നത്. ഭീമസേനൻ വനവാസകാലത്തും മറ്റും പ്രഭാതത്തിൽ എഴുന്നേറ്റ് പുറത്തേയ്ക്ക് നോക്കുന്ന സമയം ആ വനത്തിൽ കണ്ട പൂക്കളെല്ലാം മനസ്സ് കൊണ്ട് ശിവാർപ്പണമായി വിചാരിക്കുന്ന പതിവുണ്ടായിരുന്നു. തന്മൂലം അമിതമായ വീരശൂര പരാക്രമങ്ങൾ കാണിക്കേണ്ടിവന്നപ്പോഴൊക്കെ ഭീമന് ശിവാനുഗ്രഹം ലഭിച്ചിരുന്നു എന്നും ഐതിഹ്യമുണ്ട്.
പുഷ്പത്തിനു പകരം
പൂജിക്കുവാൻ പുഷ്പങ്ങൾ ലഭിക്കാതെ വന്നാൽ തളിരുകൾകൊണ്ടും മൊട്ടുകൾകൊണ്ടും കായ്, കനികൾ, ഇലകൾ, പുല്ലുകൾ എന്നിവകൾ കൊണ്ടും പൂജിക്കാമെന്ന് വിശിഷ്ടഗ്രന്ഥമായ മേരുതന്ത്രത്തില്‍ വിധിക്കുന്നു.
No comments:
Post a Comment