കുഞ്ഞുങ്ങൾക്ക് ചോറൂണ് നടത്തുന്നതെപ്പോൾ?
“ഷഷ്ഠേ മാസ്യശനം ന സപ്തമ ഇഹ ത്യാജ്യോ ഹരേർവാസരോ
ജ്യേഷ്ഠാർദ്രാ യമകൃത്തികോരഗമഘാഃ പൂർവാവിശാഖാസുരാഃ
രന്ധ്രേസൃഗ്വപുഷീന്ദുരംബുനി ഗുരുർജ്ഞേന്ദൂ ശുഭേ ഖേഖിലാഃ
ഭൗമക്ഷേത്രത്ധഷാർധരാത്രഗരളദ്രേക്കാണ ജന്മോഡു ച.”
എന്ന ശ്ലോകത്തിലാണു കുട്ടികളുടെ ചോറൂണിനുള്ള മുഹൂർത്തം നോക്കേണ്ട കാര്യങ്ങൾ മുഹൂർത്തപദവി എന്ന ജ്യോതിഷഗ്രന്ഥത്തിൽ പറയുന്നത്.
കുട്ടി ജനിച്ച് ആറാം മാസത്തിലാണു ചോറൂണ് നടത്തേണ്ടത്. ഏഴാം മാസത്തിൽ പാടില്ല. അതായത് കുട്ടി ജനിച്ച് 150 ദിവസത്തിനും 180 ദിവസത്തിനുമിടയിലാണു ചോറൂണു നടത്തേണ്ടത്. ആറാം മാസമായി വരുന്നത് കന്നിയോ കർക്കടകമോ കുംഭമോ ഏതുമാകട്ടെ അതിനു ദോഷമില്ല. ആറാം മാസത്തിൽ ചോറൂണു നടത്തുക എന്നതാണു പ്രധാനം. എന്തെങ്കിലും കാരണവശാൽ ആറാം മാസത്തിൽ ചോറൂണു നടത്താൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത മാസമായ ഏഴാം മാസത്തിൽ പാടില്ല. എട്ടാം മാസത്തിൽ ആകാം.
ഹരിവാസരസമയത്തു ചോറൂണു പാടില്ല. തൃക്കേട്ട, തിരുവാതിര, ഭരണി, കാർത്തിക, ആയില്യം, മകം, പൂരം, പൂരാടം, പൂരുരുട്ടാതി, വിശാഖം, മൂലം എന്നീ നാളുകൾ ചോറൂണിനു നല്ലതല്ല. ചോറൂണിനു നല്ല നാളുകൾ എതെല്ലാമെന്നു ലളിതമായി മനസ്സിലാക്കിത്തരുന്ന ഭാഷാശ്ലോകം ചുവടെ:
“ഊണിന്നു നല്ലു പുണർപൂയമവിട്ടമത്തം
സ്വാതീ ച രോഹിണി ഓണവുമിന്ദു മൈത്രം.
നാൾ നല്ലു ചിത്രചതയത്തൊടശ്വതീ നാൾ
ഉത്രത്രയങ്ങളൊടുകൂടെ വിധിക്ക പൗഷ്ണേ.”
ചോറൂണിന്റെ സമയം നിശ്ചയിക്കുന്ന കാര്യമാണിനി പറയുന്നത്. മുഹൂർത്തരാശിയുടെ അഷ്ടമത്തിൽ ചൊവ്വയും ലഗ്നത്തിൽ ചന്ദ്രനും നാലാംഭാവത്തിൽ വ്യാഴവും ഒൻപതാം ഭാവത്തിൽ ബുധനും ചന്ദ്രനും ഉണ്ടാകരുത്. പത്താംഭാവത്തിൽ ഗ്രഹങ്ങളൊന്നും ഉണ്ടാകരുത്. മേടം, വൃശ്ചികം, മീനം എന്നീ രാശിസമയം മുഹൂർത്തസമയമായി ഉപയോഗിക്കരുത്. അർധരാത്രിസമയം പാടില്ല. വിഷദ്രേക്കാണം ഒഴിവാക്കണം. ജന്മനക്ഷത്രത്തിൽ ചോറൂണു പാടില്ല.
No comments:
Post a Comment