നവരാത്രി പൂജ എന്നാൽ എന്താണ്..?
നവരാത്രി വെറും ഒമ്പത് രാത്രി മാത്രമല്ല അത് സ്ത്രീത്വത്തെ, മാതൃത്വത്തെ, യുവതിയെ , ബാലികയെ , ശിശുവിനെ ആരാധിക്കുന്ന മഹനീയ ദിനരാത്രങ്ങൾ കൂടിയാണ്.
പ്രപഞ്ച കാരണിയായ മൂല പ്രകുതിയെ അടുത്തറിയലാണ്. എല്ലാ പ്രകൃതി പ്രതിഭാസങ്ങളും ആ പ്രജ്ഞയുടെ സത്താണെന്നറിയലാണ്.
ഭൂമിയും' പ്രകൃതിയും, കാടും, കടലും, നദിയും, ഒക്കെ അമ്മയായി കണ്ട ആ ആദി പരാശക്തിയുടെ മക്കളുടെ സ്വയം സമർപ്പിത ദിനങ്ങളാണവ.അമ്മയെ ഭഗവതിയായി കാണാൻ പറഞ്ഞ ഗുരുപരമ്പരകളിലൂടെ ആർജിച്ച അറിവിന്റെ വികാസ പ്രക്രീയ നവീകരിക്കേണ്ട ദിനങ്ങളാണ്.
ഏതെല്ലാം വിദ്യകൾ നാം സ്വായത്തമാക്കിയോ അതെല്ലാം ആ വിദ്യാസരസ്വതിയുടെ ഭാനങ്ങളാണ്. ഏതെല്ലാം കർമ്മങ്ങൾ നാം ചെയ്യുന്നുവോ അവ ആ ശക്തിസ്വരൂപിണിയുടെ അനുഗ്രഹം കൊണ്ടാണ്.
പ്രപഞ്ചത്തിലെ പഞ്ചഭൂതാത്മകമായ ഏത് വസ്തുവിലും ,ശക്തിയിലും ,പ്രാണനിലും എപ്രകാരം ആ അമ്മയുടെ ആദിപരാശക്തിയുടെ ചേതന മറഞ്ഞിരിക്കുന്നുവോ, അതേ ചൈതന്യം അമ്മ സ്ഥാനത്ത് തന്നിലും കുടിയിരിക്കുന്നുവെന്ന മഹനീയ സത്യം സ്വായത്തമാക്കലാണ്. നവരാത്രി കാലത്ത് മനസ്സം ബുദ്ധിയും ചിന്തയുമെല്ലാം സ്വയം ശുചീകരിക്കാൻ നവീകരിക്കാൻ യജ്ഞിക്കേണ്ട ദിനങ്ങളായി മാറ്റാൻ കഴിയണം..
ഈ കാണുന്നതിലെല്ലാം അമ്മയുണ്ട്. അമ്മയില്ലാതൊന്നുമില്ല നവരാത്രിയെ കുറിച്ചു ചില പുണ്യ കാര്യങ്ങൾ കൂടി ഇവിടെ കുറിക്കട്ടെ .
വിദ്യയില്ലെങ്കിൽ മനുഷ്യർ മൃഗതുല്യരാകും. സകല കലകളുടെയും മൂർത്തി ഭാവമാണ് വിദ്യാകരണിയായ മഹാസരസ്വതി. വിദ്യയുടെ ആരാധനയാണ് നവരാത്രി കാലത്ത് നടക്കുന്നത്. മഹാനവമിക്ക് ഉപവാസത്തോടു കൂടി വിദ്യാ വ്യസനികൾ ദേവിയെ പൂജിക്കുന്നു. പൂജവെയ്പ് (ദുർഗ്ഗാഷ്ടമി ), മഹാനവമി, വിജയദശമി ,ഈ മൂന്ന് ദിവസങ്ങൾക്കാണ് വിദ്യാധിദേവതയുടെ ആരാധനയിൽ ഏറ്റവും അധികം പ്രാധാന്യം കൽപ്പിക്കപ്പെട്ടുന്നത് - എല്ലാ തൊഴിൽ കാരും നവരാത്രി കാലത്ത് താന്താങ്ങളുടെ കർമ്മോപകരണങ്ങൾ ഭക്തിയോടെ പൂജിക്കുന്നു.
കേരളത്തിൽ മാത്രമല്ല 'ഭാരതഖണ്ഡത്തിലാകെ നവരാത്രി കാലം ദേവി പൂജക്ക് പ്രാധാന്യം കൽപ്പിക്കുന്നു. പല രൂപത്തിലും ഭാവത്തിലുമാണ് വിവിധ ഭാഗങ്ങളിൽ നവരാത്രി കൊണ്ടാടുന്നത്.
വംഗ ദേശത്ത് കാളിയാണ് ആരാധനാമൂർത്തി, മൈസൂരിൽ ചാമുണ്ഡേശ്വരി പൂജയാണ് മുഖ്യം. മറ്റു പല ഭാഗത്തും ആയുധപൂജക്കാണ് പ്രാധാന്യം. മൈസൂർ "ദസറ " പേര് കേട്ടതാണ്. വർണശബളമാണ് മൈസൂർ ദസറ .മഹിഷപുരം എന്നായിരുന്നു മൈസൂറിന്റെ പുരാതന നാമം .അതിൽ നിന്നു തന്നെ ദസറയുടെ മാഹാത്മ്യം ഊഹിക്കാം. കേരളത്തിൽ സരസ്വതി പൂജക്കാണ് പ്രാധാന്യം.
ദുർഗ്ഗ എന്ന അഭിധാനത്തോടു കൂടി പരാശക്തി ദേവന്മാരുടെ മുമ്പിൽ പ്രത്യക്ഷമായത് അഷ്ടമി'ക്കാണത്രെ. നവരാത്രിയിലെ എട്ടാം ദിവസമാണിത്. അത് കൊണ്ടു തന്നെ ഈ ദിവസത്തിന് ദുർഗ്ഗാഷ്ടമി എന്നു പേര് വന്നു. ഈ ദിവസമാണ് ഗ്രന്ഥങ്ങൾ, പുസ്തകങ്ങൾ' മുതലായവ പുജക്ക് വക്കുന്നത്- പൂജവെച്ചാൽ എഴുത്തും വായനവും ഉപകരണങ്ങളുപയോഗിച്ചുള്ള മറ്റു കർമ്മങ്ങളും ദേവി ഉപാസനക്കായി ഒഴിവാക്കുന്നു. വിജയദശമി ദിവസമാണ് വിദ്യാരംഭം.
നവരാത്രി വ്രതം ആദ്യം അനുഷ്ടിച്ചത് അവതാര പുരുഷനായ സാക്ഷാൽ ശ്രീരാമനാണ്. സീതാപഹരണത്തിനു ശേഷം കിഷ്കിന്ധയിൽ വച്ചാണ് ദാശരഥി വ്രതം ആദ്യം തുടങ്ങിയതെന്ന് ദേവി ഭാഗവതത്തിൽ പരാമർശിക്കുന്നുണ്ട്. ആ വ്രതം എല്ലാവരും വരും നാളുകളിൽ അനുഷ്ടിക്കണമെന്ന് നിർബന്ധമാക്കിയത് 'സുദർശൻ '' എന്ന രാജാവായിരുന്നുവത്രെ! പലനാമങ്ങളിലായി സരസ്വതി ദേവിയെ ഭക്തർ ഈ ദിവസങ്ങളിൽ ആരാധിക്കാറുണ്ട്.
വീണാ സരസ്വതി, താണ്ഡവ സരസ്വതി, ഭാരതി, ബ്രാഹ്മി, വാഗീശ്വരി, ഗായത്രി ഇവ ഇതിൽ ചില ഭാവങ്ങളാണ് മയിൽ വാഹനയായും, ഹംസ വാഹനയായും ദേവിയെ പൂജിക്കാറുണ്ട്. നവരാത്രിക്കാലം സംഗീതാർച്ചനക്കാലവുമാണ്. ഓരോ ദിവസവും ആലപിക്കേണ്ട കീർത്തനങ്ങൾ ശ്രീ സ്വാതി തിരുനാൾ ചിട്ടപ്പെടുത്തിയതാണ് പിൽക്കാലത്ത് ആചാരമായത്.
കേട്ടാലും, കേട്ടാലും മതിവരാത്ത " "പാഹി പർവ്വത നന്ദിനി " എന്ന കീർത്തനം മഹാനവമിക്ക് ചൊല്ലുന്നു. നവരാത്രി മാഹാത്മ്യം എത്ര പറഞ്ഞാലും തീരില്ല. ത്രിമൂർത്തികളും, അവതാര ദേവതകളും ആരാധിച്ച ആ മഹാശക്തിയുടെ മുമ്പിൽ ഈ നവരാത്രി കാലം സ്വയമർപ്പിക്കാം.
നാം നേടിയ എല്ലാ വിദ്യകളും ആ പരാശക്തിയുടെ ദാനമാണ് എന്ന വലിയ സത്യം മറക്കാതിരിക്കുക. നവരാത്രി സ്ത്രീത്വത്തെ പൂജിക്കുന്ന, ആരാധിക്കുന്ന സ്ത്രീത്വത്തെ ആഘോഷിക്കുന്ന ഒമ്പത് ദിനങ്ങൾ ആണ്.
പ്രപഞ്ചത്തിലെ ഓരോ അണുവും ഏതു ശക്തിയ്ക്ക് അടിമപ്പെട്ട് ധർമ്മം പാലിക്കുന്നുവോ, ആ പരാശക്തി സ്ത്രീത്വമെന്ന് അറിഞ്ഞ് ആരാധിക്കുന്ന വലിയ സംസ്കാര മഹിമ. ദൈവത്തെ ആണായി മാത്രമല്ല ഇവിടെ കാണുന്നത് '
ലോകത്ത് മതങ്ങൾ പിറക്കുന്നതിന് മുമ്പേ പ്രപഞ്ചശക്തിയെ അമ്മയെന്ന് വിളിച്ച് പൂജിച്ച പ്രാചീന സംസ്കൃതിയുടെ തുടർച്ചയായി സനാതന സംസ്കൃതിയിലൂടെ ഇന്നും തുടരുന്ന ഗുരുപരമ്പരയ്ക്ക് മുഴുവൻ ആത്മ പ്രണാമം.
No comments:
Post a Comment