4 September 2019

ഓണവിഭവങ്ങള്‍

ഓണവിഭവങ്ങള്‍

കായ ഉപ്പേരി

ഏത്തക്കായ തൊലി കളഞ്ഞു വട്ടത്തില്‍ അരിഞ്ഞു ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അതിലേയ്ക്ക് ഇട്ടു വറുത്തു കോരുക ശേഷം ഉപ്പുവെള്ളം തളിച്ച് എടുക്കുക …കായ ഉപ്പേരി റെഡി

ശര്‍ക്കര വരട്ടി

ഏത്തക്കായ തൊലി കളഞ്ഞു കഷണങ്ങള്‍ ആക്കി വറുത്തു എടുത്തു ശര്‍ക്കര പാനിയില്‍ ഇട്ടു ഇളക്കിയെടുത്തു എലയ്ക്ക പൊടി വിതറി എടുക്കാം …ശര്‍ക്കര വരട്ടി റെഡി

പപ്പടം

പപ്പടം വാങ്ങുക വെളിച്ചെണ്ണയില്‍ കാച്ചി എടുക്കുക

പയര്‍ തോരന്‍

പാകം ചെയ്യുന്ന വിധം : പച്ചപ്പയര്‍ ചെറുതായി അരിയുക. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് മൂക്കുമ്പോള്‍ കടുകും കറിവേപ്പിലയും ഇട്ടു പൊട്ടി. തുടര്‍ന്ന് പയര്‍ ഇത് ഇളക്കി അടച്ചു വേവിക്കുക. വെള്ളം തോര്‍ന്നു കഴിയുമ്പോള്‍ തേങ്ങയും,പച്ചമുളകും,ഒരുനുള്ളു ജീരകവും ഒരു വെളുത്തുള്ളി അല്ലിയും ചേര്‍ത്ത് ചതച്ചെടുത്ത മിശ്രിതം ചേര്‍ത്തിളക്കി എടുക്കുക.

മാങ്ങാ അച്ചാര്‍

ആദ്യം മാങ്ങ അരിഞ്ഞ് ഉപ്പ് പുരട്ടി വയ്ക്കുക.നല്ലെണ്ണയില്‍ മുളകും കടുകും കറിവേപ്പിലയും ഇട്ടു പൊട്ടുമ്പോള്‍ മുളകുപൊടിയും കായവും അതിലേക്കിട്ടു വാട്ടി ഉലുവാപ്പൊടിയും ചേര്‍ക്കുക.പിന്നീട് മാങ്ങാ ചേര്‍ത്തിളക്കി ആവശ്യമെങ്കില്‍ അല്പം ഉപ്പും ചേര്‍ക്കാവുന്നതാണ്.

നാരങ്ങക്കറി

നല്ലെണ്ണയില്‍ നാരങ്ങ വാട്ടി എടുക്കുക. വറ്റല്‍മുളക്,കടുക്,കറിവേപ്പില പൊട്ടിച്ചു അതില്‍ മുളകുപൊടി കായം,ഉലുവാപ്പൊടി ചേര്‍ത്തിളക്കി ഉപ്പും വെള്ളവും ചേര്‍ത്ത് തിളപ്പിച്ച് വാങ്ങി വച്ച ശേഷം വാട്ടി വച്ച നാരങ്ങ ചേര്‍ക്കുക.നാരങ്ങ കറി ആയി.

വെണ്ടയ്ക്ക പച്ചടി

വെണ്ടക്കയും പച്ചമുളകും കനം കുറച്ചു വട്ടത്തില്‍ അറിഞ്ഞ് വെളിച്ചെണ്ണയില്‍ നന്നായി വറുത്തു കോരുക.വറ്റല്‍മുളക്,കടുക്,കറിവേപ്പില ഇവ ബാക്കി വെളിച്ചെണ്ണയില്‍ കടുക് വറക്കുക.,തേങ്ങയും ജീരകവും നന്നായരച്ചതിനോടൊപ്പം കടുക് അരച്ചു ചേര്‍ത്ത അരപ്പും ചേര്‍ത്ത് ചെറുതായി തിളവരുമ്പോള്‍ വറുത്തു വച്ച വെണ്ടയ്ക്കയും ഉപ്പും ചേര്‍ക്കുക.തൈര് ചേര്‍ത്തിളക്കി നന്നായി ചൂടാക്കി വാങ്ങുക.. തൈര് ചേര്‍ത്ത ശേഷം തിളക്കരുത് കടുക് വറക്കുക.

കിച്ചടി

മധുരം ഉള്ള കറിയാണിത്. മുന്തിരിങ്ങ ഇവയില്‍ ഏതെങ്കിലും ഇതിനായി ഉപയോഗിക്കുന്നു. മുന്തിരി പച്ചമുളകും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വേവിക്കുക.പകുതി വേവാകുമ്പോള്‍ ഇതിലേക്ക് അലപം ശര്‍ക്കര ചേര്‍ക്കുക. തേങ്ങയും ജീരകവും നല്ലപോലെ അരച്ച് ചേര്‍ക്കുക. ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക. വെളിച്ചെണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും വറ്റല്‍ മുളകും ചേര്‍ത്ത് കടുക് പൊട്ടിച്ചു കറിയില്‍ ചേര്‍ക്കുക.

അവിയല്‍

എല്ലാ പച്ചക്കറികളും ഇടാറുണ്ട്. നേന്ത്ര കായ ,ചേന, മത്തങ്ങാ മുരിങ്ങക്കായ, കാരറ്റ്, പച്ചമുളക് ഇവയാണ് സാധാരണ യായി അവിയലിന് ഉപയോഗിക്കുന്ന പച്ചക്കറികള്‍. പുളിക്കുവേണ്ടി തൈര് ഉപയോഗിക്കാം പാകം ചെയ്യുന്ന വിധം : തേങ്ങ,ജീരകം,ചുമന്നുള്ളി എന്നിവ അരച്ചെടുക്കുക.എല്ലാ പച്ചക്കറികളും മഞ്ഞള്‍പ്പൊടിയും അല്പം ഉപ്പും ചേര്ത്തു വേവിക്കുക. മുക്കാല്‍ ഭാഗം വെന്ത കഷ്ണങളില്‍ തൈര്ഒഴിക്കുക. ഉപ്പും പാകത്തിന് ആയോന്ന് നോക്കി അരപ്പ് ചേര്‍ക്കുക. അവിയല്‍ വാങ്ങി വെച്ചു അലപം വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്ക്കുക.

ഓലന്‍

കുമ്പളങ്ങ ആണ് ഓലനിലെ പ്രധാന കഷ്ണം. കുമ്പളങ്ങ ചെറിയ കഷ്ണങ്ങള്‍ ആക്കി എടുക്കുക. ഒരു പിടി വന്‍പയര്‍ തലേദിവസം വെള്ളത്തിലിട്ടു കുതിര്‍ത്തതും കുമ്പളങ്ങ കഷണങ്ങളും പച്ചമുളകും കൂടെ വേവിച്ചെടുക്കുക. ഇതിലേക്ക് തേങ്ങാപ്പാല്‍ ഒഴിച്ച് വെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ടാല്‍ ഓലന്‍ ആയി.

കൂട്ടുകറി

ചേന – 1 കപ്പ്
നേന്ത്രക്കായ – 1 കപ്പ്
കടല – 1/2 കപ്പ് (തലേദിവസം നന്നായി വെള്ളമൊഴിച്ച് കുതിര്‍ത്ത് വെക്കുക)
ജീരകം – 1 – 1/2 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍
മുളകുപൊടി – 1 ടീസ്പൂണ്‍ (കുറയ്ക്കുകയോ കൂട്ടുകയോ ആവാം)
ചിരവിയ തേങ്ങ – 1 1/2 കപ്പ്,
ഉപ്പ്,കടുക്, കറിവേപ്പില, വറ്റ്ല് മുളക്

ചേനയും കായയും കടലയേക്കാളും കുറച്ചുംകൂടെ വലുപ്പത്തില്‍ നല്ല ചതുരക്കഷണങ്ങളായി മുറിക്കുക. കടലയും ചേനയും നേന്ത്രക്കായയും മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ഇട്ട് വേവിക്കുക. വെന്ത് കഴിഞ്ഞാല്‍ അധിക വെള്ളം ഉണ്ടാകരുത്. വേവിക്കുമ്പോള്‍ ആവശ്യത്തുനു മാത്രം ചേര്‍ക്കുക. വെന്തതിനുശേഷം ഉപ്പ് ചേര്‍ക്കുക.1 കപ്പ് തേങ്ങ, ജീരകവും ചേര്‍ത്ത് അരച്ച് ഇതില്‍ ചേര്‍ത്ത് തിളപ്പിക്കുക.വാങ്ങിയിട്ട്, കടുകും, വറ്റല്‍ മുളകും, കറിവേപ്പിലയും മൊരിച്ചെടുക്കുക.ബാക്കിയുള്ള തേങ്ങ അല്‍പം വെളിച്ചെണ്ണയൊഴിച്ച് നന്നായി ചുവക്കെ വറുത്ത് കറിയില്‍ ചേര്‍ക്കുക.തേങ്ങ വറുക്കുമ്പോള്‍ കരിഞ്ഞ് പോകരുത്. 

മുരിങ്ങക്കായ ഉള്ളി തീയല്‍

മുരിങ്ങക്കായ -രണ്ട്,ചുവന്നുള്ളി-ഒരു കപ്പ്,പച്ചമുളക്- നാല് എന്നിവ എണ്ണയില്‍ വഴറ്റി അതിലേക്കു

തേങ്ങ വറത്ത് രണ്ട് ചെറിയ സ്പൂണ്‍ മുളകുപൊടി,ഒരു വലിയ സ്പൂണ്‍ മല്ലിപൊടി എന്നിവ ചേര്‍ത്ത് നന്നായി അരചെടുത്തത് ചേര്‍ത്ത് തിളപ്പിക്കുക . കുറച്ചു പുലി പിഴിഞ്ഞതും, കറിവേപ്പിലയും ചേര്‍ത്ത് ഉപയോഗിക്കാം...സ്വദിഷ്ട്ടമായ മുരിങ്ങക്കായ ഉള്ളി തീയല്‍ തയ്യാര്‍...

ഇഞ്ചിക്കറി

ഇഞ്ചി കനം കുറച്ചു വട്ടത്തിലരിഞ്ഞു വെളിച്ചെണ്ണയില്‍ വറുത്തു പൊടിച്ചു വയ്ക്കുക.ഒരു സ്പൂണ്‍ വെളിച്ചെണ്ണയില്‍ വറ്റല്‍മുളക്,കടുക്,കറിവേപ്പില എന്നിവ പൊട്ടിച്ച് പച്ചമുളക്, മുളകുപൊടി ചേര്‍ത്ത് വഴറ്റുക.വെള്ളത്തില്‍ പുളി പിഴിഞ്ഞ് ചേര്‍ക്കുക. ഉപ്പ് ചേര്‍ത്ത് നന്നായി തിളപ്പിക്കുക.പൊടിച്ചു വച്ച ഇഞ്ചി ചേര്‍ക്കുക.50 ഗ്രാം ശര്‍ക്കര ചേര്‍ത്ത് വാങ്ങുക.

സാമ്പാര്‍

പരിപ്പും പച്ചക്കറികളും വെണ്ടയ്ക്ക , മുരിങ്ങക്ക, സവാള, ഉരുളക്കിഴങ്ങ് , തക്കാളി, ബീന്‍സ് ,ക്യാരറ്റ് തുടങ്ങിയവ വേവിച്ചെടുക്കുക. സാമ്പാര്‍ മസാല (മുളകുപൊടി, മല്ലിപ്പൊടി, കായപ്പൊടി, ഉലുവപ്പൊടി എന്നിവ ചെറുതായി മൂപ്പിച്ച് എടുക്കുന്നത്.) പുളി വെള്ളവും ചേര്‍ത്ത് ഒന്നു നന്നായി വേവിച്ചെടുക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചു കടുകും വറ്റല്‍ മുളകും കറിവേപ്പിലയും കൂടെ ഇട്ടു കടുക് പൊട്ടിച്ചു എടുത്തു കറിയില്‍ ചേര്‍ക്കുക.

കാളന്‍

നേന്ത്രക്കായും ചേനയും ചേര്‍ത്ത് ഉണ്ടാക്കാം , പച്ചമുളക് കഴുകി നെടുകെ പിളര്‍ത്ത് കല്‍ച്ചട്ടിയിലിട്ട് കഷണങ്ങള്‍ മഞ്ഞള്‍പ്പൊടിയും ഒരു കപ്പ് വെള്ളവും ചേര്‍ത്ത് വേവിക്കുക. വെള്ളം വറ്റാറാകുമ്പോള്‍ കലക്കിയ തൈര് ഇതിലേക്കൊഴിച്ച് ചൂടാക്കുക. തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. അപ്പോള്‍ സാവധാനം തൈരിന് മുകളിലേക്ക് കുറേശെ പതപോലെ പൊങ്ങിവരും. നന്നായി ഇളക്കി ഇത് വറ്റിച്ച് കുറുക്കുക. കാളന്‍ വേണ്ടത്ര കുറുകിക്കഴിഞ്ഞാല്‍ തേങ്ങയും ജീരകവുംകൂടി മിനുസമായി അരച്ചതു ചേര്‍ക്കുക. നന്നായി ഇളക്കി വക്കുക. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്, മുളക് മുറിച്ചത്, ഉലുവ ഇവയിട്ട് മൂപ്പിച്ച് കടുക് പൊട്ടിയാലുടന്‍ കറിയിലേക്കൊഴിക്കുക. കറിവേപ്പിലയുമിട്ട് ഉലുവപ്പൊടി തൂകി ഇളക്കിവക്കുക. അല്‍പംകൂടി കഴിഞ്ഞ് ഉപ്പിട്ട് നന്നായി ഇളക്കുക .

എരിശ്ശേരി

മത്തങ്ങ – 500 ഗ്രാം, വന്‍പയര്‍ 100 ഗ്രാം, മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍, മുളകുപൊടി – ഒരു ടീസ്പൂണ്‍, ഉപ്പ് – ആവശ്യത്തിന്, തേങ്ങ ചിരകിയത് – ഒരു തേങ്ങയുടെത്, ജീരകം – അര ടീസ്പൂണ്‍, വെളുത്തുള്ളി – 4 അല്ലി, വെളിച്ചെണ്ണ,വറ്റല്‍മുളക്,കടുക്,2 ചുവന്നുള്ളി,കറിവേപ്പില. പാകം ചെയ്യുന്ന വിധം: ആദ്യം വന്‍പയര്‍ വേവാന്‍ വയ്ക്കുക.കുക്കറില്‍ വേവിക്കുന്നതാണ് എളുപ്പം.മുക്കാല്‍ വേവാകുമ്പോള്‍ മത്തങ്ങയും മുളക്‌പൊടി,മഞ്ഞള്‍പ്പൊടി,ഉപ്പ് ,ഇവയും ചേര്‍ക്കുക .മത്തങ്ങ വെന്തുകഴിഞ്ഞാല്‍ അളവില്‍ പറഞ്ഞിരിക്കുന്ന തേങ്ങയില്‍നിന്നും കാല്‍ ഭാഗം എടുത്തു അതോടൊപ്പം ജീരകവും വെളുത്തുള്ളിയും നന്നായരച്ച് ചേര്‍ക്കുക. നന്നായൊന്നു തിളച്ചാല്‍ വാങ്ങി വയ്ക്കുക.ഇനി വെളിച്ചെണ്ണയില്‍ വറ്റല്‍മുളക്,കടുക്,ഉള്ളി,കറിവേപ്പില ഇവ കടുക് വറുത്ത ശേഷം ബാക്കിവച്ചിരിക്കുന്ന തേങ്ങയും ഇതോടൊപ്പം ചേര്‍ത്ത് വറുക്കുക.ഇളം ചുവപ്പ് നിറമായാല്‍ വാങ്ങി വന്‍പയര്‍ മത്തങ്ങാ കൂട്ടില്‍ ചേര്‍ത്ത് ഇളക്കുക.

കട്ടി പരിപ്പ്

ആദ്യം ചെറുപയര്‍ പരിപ്പ്,ഒരു ചീനച്ചട്ടിയിലിട്ടു നന്നായിളക്കി ചൂടാക്കുക.പിന്നീട് വേവാനുള്ള വെള്ളം ഒഴിച്ച് മഞ്ഞള്‍പ്പൊടിയും ഉപ്പും ഒരുസ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്തു നന്നായി വേവിക്കുക.വെന്ത പരിപ്പ് ഒരു തവി കൊണ്ടു നന്നായി ഉടക്കുക.തേങ്ങ ജീരകവും വെളുത്തുള്ളിയും ചേര്‍ത്തു നന്നായി അരച്ചതിനോടൊപ്പം പച്ചമുളക് ചതച്ച് ചേര്‍ത്ത അരപ്പ് പരിപ്പിലേക്ക് യോജിപ്പിക്കുക.ചെറുതായി തിള വരുമ്പോള്‍ വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്തു ഇളക്കി വാങ്ങുക.

രസം

വെളുത്തുള്ളി -മൂന്നോ നാലോ അല്ലി, ചുവന്നുള്ളി-മൂന്നോ നാലോ അല്ലിയും കൂടി ചതച്ചെടുക്കുക
തക്കാളി -വലിയ ഒന്ന് മുറിച്ചത്
പച്ചമുളക്-രണ്ട്
മല്ലിയില ,ഉപ്പു
കടുക്, വറ്റല്‍ മുളക്
മുളകുപൊടി-അര സ്പൂണ്‍
മല്ലിപൊടി-ഒരു സ്പൂണ്‍
മഞ്ഞള്‍പൊടി-അര സ്പൂണ്‍
കുരുമുളകുപൊടി-മുക്കാല്‍ സ്പൂണ്‍
ഉലുവാപൊടി-അര സ്പൂണ്‍
കായം-കാല്‍ സ്പൂണ്‍ (ഒരു ചെറിയ കഷ്ണം )

പുളി- നെല്ലിക്കാവലുപ്പത്തില്‍ വെള്ളത്തിലിട്ടു കുതിര്‍ത്തു അരിചെടുത്തത്( ചെറിയ ചൂടുവെള്ളത്തില്‍ ഇട്ടാല്‍ മുഴുവന്‍ ഗുണവും കിട്ടും)

ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച ശേഷം വറ്റല്‍ മുളകിടുക. അതിലേക്കു വെളുത്തുള്ളി ചുവന്നുള്ളി ചതച്ചതിട്ടു നന്നയി വഴറ്റുക . അതിലേക്കു പൊടികള്‍ എല്ലാം ഇട്ട് ചെറുതായി ഇളക്കുക. പച്ചമണം പോകുമ്പോള്‍ അതിലേക്കു പുളി പിഴിഞ്ഞ വെള്ളവും തക്കാളിയും ചേര്‍ത്ത് തിളപ്പിക്കുക. അതിനി ശേഷം കായം, മല്ലിയില എന്നിവ ചേര്‍ക്കുക, രസം തയ്യാര്‍ !

പരിപ്പ് പ്രഥമന്‍

ചെറുപയര്‍ പരിപ്പ് – 250 ഗ്രാം, ശര്‍ക്കര – 500 ഗ്രാം, നെയ്യ് – 100 ഗ്രാം, തേങ്ങ – 2, ഉണങ്ങിയ തേങ്ങ – ഒരു മുറി, ഏലക്കാപ്പൊടി – 5 ഗ്രാം, ചുക്കുപൊടി – 5 ഗ്രാം, അണ്ടിപ്പരിപ്പ് – 50 ഗ്രാം, കിസ്മിസ് – 25 ഗ്രാം. പാകം ചെയ്യുന്നവിധം: പരിപ്പ് കഴുകി വറുത്ത ശേഷം നന്നായി വേവിക്കുക. കുക്കറില്‍ വേവിക്കാവുന്നതാണ്. ഇതിലേക്ക് ശര്‍ക്കര ഉരുക്കിയരിച്ചത് ചേര്‍ത്തു വെള്ളം നന്നായി വറ്റുമ്പോള്‍ പകുതി നെയ്യൊഴിച്ച് വരട്ടുക.തേങ്ങാ ചിരകി ഒന്നാംപാല്‍ മാറ്റി വയ്ക്കുക.6 കപ്പ് വെള്ളത്തില്‍ രണ്ടാം പാല്‍ പിഴിഞ്ഞ് വരട്ടിയെടുത്ത പരിപ്പിലേക്ക് ചേര്‍ത്തു നന്നായിളക്കി യോജിപ്പിക്കുക.വെള്ളം വറ്റി വരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്തു ഏലക്കാപ്പൊടി ചുക്കുപൊടി എന്നിവ ചേര്‍ത്തു നന്നായി ചൂടാക്കി വാങ്ങുക. ചെറുതായരിഞ്ഞ കൊട്ടത്തേങ്ങ,അണ്ടിപ്പരിപ്പ്, കിസ്മിസ് ഇവ ബാക്കിയുള്ള നെയ്യില്‍ വറുത്തു ചേര്‍ക്കുക.

പാലട

പാലട 100ഗ്രാം . പാല്‍ മൂന്നു ലിറ്റര്‍ ..പാലട ഒന്ന് വെള്ളത്തിലിട്ടു നന്നായി വേവിച്ചു എടുക്കുക..അതിനുശേഷം ഇത് നല്ലപോലെ കഴുകി വെള്ളം വാലാന്‍ വയ്ക്കണം ..അതിനു ശേഷം പാല്‍ നന്നായി തിളപ്പിച്ച്‌ എടുക്കുക …ഒരു ചുവടു കട്ടിയുള്ള പാത്രത്തില്‍ ഒരു ടിസ്പൂണ്‍ നെയ്യൊഴിച്ച് പാലട ഇട്ടു ഒന്ന് വറുക്കാം അതുനുശേഷം പാല്‍ ഇതിലേയ്ക്ക് ഒഴിക്കാം ഇനി നല്ലപോലെ വറ്റിച്ചു കുറുക്കി എടുക്കാം പാലട റെഡി



No comments:

Post a Comment