16 September 2019

ഭക്ത ഹനുമാൻ - ഭാഗം - 14

ഭക്ത ഹനുമാൻ

ഭാഗം - 14

ആഞ്ജനേയനെ ബന്ധനസ്ഥനാക്കി രാവണസന്നിധിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരുമ്പോൾ ഭയങ്കരന്മാരായ രാക്ഷസന്മാർ വളരെയേറെ ഉപദ്രവിച്ചിരുന്നു. എന്നാൽ മാരുതി അവയെല്ലാം ക്ഷമയോടെ സഹിച്ചു. കാരണം, തനിക്ക് രാവണനെ നേർക്കുനേർ കാണേണ്ടതുണ്ട്.

രാവണസഭയിലെത്തിയ ഹനുമാൻ അത്യാശ്ചര്യത്തോടെ രാവണനെ വീണ്ടും വീണ്ടും നോക്കി. സൂക്ഷിച്ചു നോക്കുന്തോറും രാവണന്റെ തേജസ്സ് വർദ്ധിച്ചു വരുന്നതായി അനുഭവപ്പെട്ടു. അതിബുദ്ധിമാനും, അമിതപ്രതാപശാലിയുമായ രാവണന്റെ മാഹാത്മ്യം മാരുതിയെ ഒട്ടൊന്ന് അമ്പരപ്പിച്ചു.

വായുപുത്രൻ മനസ്സാന്നിദ്ധ്യത്തോടെ ഇപ്രകാരം ചിന്തിച്ചു: "അത്യാശ്ചര്യകരമായിരിക്കുന്നു. എന്തൊരു ധൈര്യം; എന്തൊരു പ്രഭാവം; സർവ്വ ലക്ഷണങ്ങളും ഒന്നിച്ചുചേർന്ന ഈ രാക്ഷസരൂപത്തിൽ ഇത്രയും അധർമ്മാസക്തി എങ്ങിനെയുണ്ടായി?"

ഇതേ സമയം രാവണനും വായുപുത്രനെപ്പറ്റി ചിന്തിക്കുകയായിരുന്നു. "അഭൗമതേജസ്സിന് ഉടമയായ ഈ വാനരൻ ആരാണ്? പരമേശ്വരന്റെ ഭൂതഗണങ്ങളുടെ നാഥനായ നന്ദികേശ്വരൻ പ്രത്യക്ഷമായി വന്നതായിരിക്കുമോ? പണ്ടൊരിക്കൽ ഞാൻ നന്ദികേശ്വരനെ പരിഹസിച്ചപ്പോൾ അദ്ദേഹം വാനരമുഖമുള്ളവരാൽ നിനക്ക് നാശം സംഭവിക്കുമെന്ന് ശപിക്കുകയുണ്ടായി. ഇനി ആ നന്ദി തന്നെയാണോ ഇത്? എന്തായാലും ഇവൻ ആരാണെന്നും എന്തിന് വന്നുവെന്നും അറിയണം." തന്നെക്കാൾ താഴ്ന്നവരോട് ഒരു രാജാവ് സഭയിൽ നേരിട്ട് സംസാരിക്കുന്നത് രാജധർമ്മത്തിന് യോജിച്ചതല്ല. അതിനാൽ രാവണൻ തന്റെ മന്ത്രിയായ പ്രഹസ്തൻ മുഖാന്തരം ചോദ്യങ്ങൾ ചോദിക്കാനൊരുങ്ങി.

"മന്ത്രി, ഈ മഹാ ദുഷ്ടനോട് ചോദിക്കൂ, എവിടെ നിന്നാണ് ഇവൻ വരുന്നത്? എന്താവശ്യത്തിന് ഇവിടെ വന്നു? ഉദ്യാനം തകർക്കുവാൻ എന്താണ് കാരണം? ആരാണ് ഇവനെ അയച്ചത്? രാക്ഷസൻമാരോട് എന്തിന് യുദ്ധം ചെയ്തു? എന്റെ രാജധാനിയിൽ പ്രവേശിച്ചതിന്റെ ആവശ്യമെന്ത്? ഈ ദുഷ്ടബുദ്ധിയോട് എല്ലാം ചോദിച്ചറിയുക."

രാവണന്റെ നിർദ്ദേശപ്രകാരം പ്രഹസ്തൻ വായുപുത്രനെ വിശദമായി ചോദ്യം ചെയ്തു. രാവണൻ തന്നോട് സംസാരിക്കാതെ പ്രഹസ്തൻ മുഖാന്തരം ചോദ്യങ്ങൾ ചോദിച്ചത് ആഞ്ജനേയന് ഇഷ്ടപ്പെട്ടില്ല. പ്രഹസ്തന്റെ ചോദ്യങ്ങൾക്ക് രാവണനെ  നോക്കി നേരിട്ട് മാരുതി സംസാരിച്ചു.

ഹനുമാൻ പറഞ്ഞു: "ഞാൻ ഇന്ദ്രന്റെയോ യമന്റെയോ വരുണന്റെയോ ദൂതനല്ല. ഒരു വാനരനായ ഞാൻ ശ്രീരാമസ്വാമിയുടെ ഒരു കൃത്യനിർവ്വഹണത്തിനാണ് ഇവിടെ വന്നിട്ടുള്ളത്‌. അതുല്യപരാക്രമിയായ ശ്രീരാമസ്വാമിയുടെ ദൂതനാണ് ഞാൻ. രാക്ഷസചക്രവർത്തിയായ അങ്ങയെ കാണാൻ മറ്റൊരുപായം ഇല്ലാത്തതു കൊണ്ട് അശോകവനിക തകർക്കേണ്ടി വന്നു."

സീതയെ അപഹരിച്ചു കൊണ്ടുവന്ന കാര്യം സ്പർശിച്ചുകൊണ്ട് മാരുതി ലങ്കാധിപതിയെ തുറന്ന സഭയിൽ ഗുണദോഷിക്കുന്നു.

"മഹാരാജാവേ, താങ്കൾ ധർമ്മാർത്ഥ തത്ത്വങ്ങൾ അറിയുന്നവനാണ്. തീവ്രമായ തപസ്സും അനുഷ്ഠിച്ചവനാണ്. അന്യന്റെ ഭാര്യയെ തട്ടിക്കൊണ്ടുവന്ന് താമസിപ്പിക്കുന്നത് താങ്കൾക്ക് ചേർന്ന പ്രവൃത്തിയാണോ? ധർമ്മവിരുദ്ധമായ പ്രവൃത്തി അനർത്ഥം വിളിച്ചുവരുത്തും. അങ്ങയുടെ രാജധാനിയിൽ ദേവിയെ ഞാൻ കണ്ടുകഴിഞ്ഞു. ദേവിയെ കൊണ്ടു പോകേണ്ടത് എന്റെ അധികാരത്തിൽ പെട്ടതല്ല. അതിന് ശ്രീരാമസ്വാമി തന്നെയാണ് അധികാരി. അന്വേഷിച്ചറിയാൻ മാത്രമേ എനിക്ക് കൽപ്പനയുള്ളൂ. അതു കൊണ്ട് ധർമ്മാർത്ഥങ്ങൾക്ക് ത്രികാലങ്ങളിലും ഹിതകരവും അനുകൂലവുമായ എന്റെ വാക്കുകൾ ചെവിക്കൊണ്ട് സീതയെ രാമന് തിരിച്ചേൽപ്പിച്ചാലും.''

രാവണൻ വലിയ അഭിമാനിയായിരുന്നല്ലോ. ഹനുമാന്റെ വാക്കുകൾ അയാൾക്ക് തീർത്തും അസഹ്യമായിത്തോന്നി. ക്രോധത്തിന്റെ കൊടുമുടിയിലെത്തിയിരുന്ന ലങ്കേശ്വരൻ അലറിക്കൊണ്ടു കൽപ്പന കൊടുത്തു. "ഈ കുരങ്ങനെ ഇപ്പോൾ തന്നെ കൊന്നു കളഞ്ഞേക്കുക."

സഭയുടെ ഒരു ഭാഗത്ത് ഇതെല്ലാം ശ്രദ്ധിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു രാവണസോദരനും പരമസാത്വികനുമായിരുന്ന വിഭീഷണൻ. ശാസ്ത്രനിഷിദ്ധമായ ദൂതവധത്തിന് ആജ്ഞ നൽകിയ അഗ്രജന്റെ ദുഷ്ടതയും വിവേകമില്ലായ്മയും അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരുന്നു.
ശ്രീരാമസ്വാമിയുടെ സന്ദേശത്തെ ശരിക്കും അറിഞ്ഞ് ദൂതധർമ്മത്തെ ഭംഗിയായി നിർവ്വഹിച്ചവനാണ് മാരുതി എന്ന് മനസ്സിലാക്കിയ വിഭീഷണൻ പെട്ടെന്നെഴുന്നേറ്റ് രാവണനോട് പറഞ്ഞു:

"പ്രഭോ, രാക്ഷസേന്ദ്ര, കോപമൊതുക്കി ക്ഷമിക്കണേ... കാര്യവും അകാര്യവും തിരിച്ചറിയുന്നവരും സത്തുക്കളുമായ രാജാക്കൻമാർ ഒരിക്കലും ദൂതവധം ചെയ്യാറില്ല. മഹാരാജാവേ, ഈ വാനരനെ കൊല്ലുക ധർമ്മവിരുദ്ധമാണ്. അത് വീരവീരനായ അവിടുത്തേക്ക് അൽപ്പംപോലും യോജിക്കാത്തതാണ്.  കോപാധീനരായാൽ ശാസ്ത്രവിജ്ഞാനം നേടാൻ കഴിയില്ലെന്ന് അവിടുത്തേക്ക് അറിയാത്തതല്ലല്ലോ. മാത്രമല്ല, ഇവനെ നിഗ്രഹിച്ചാൽ ശത്രുവിന്റെ അടുത്ത് ചെന്ന് നമ്മുടെ മറുപടി അറിയിക്കുവാൻ തക്ക ഒരു ആകാശസഞ്ചാരിയെ ഞാൻ കാണുന്നുമില്ല. അതു കൊണ്ട് അല്ലയോ രാക്ഷസേശ്വരാ, യുക്തവും അയുക്തവും ബുദ്ധിപൂർവ്വം വിവേചിച്ചറിഞ്ഞ് ദൂതന് സമുചിതമായ ശിക്ഷ വിധിച്ചാലും."

ഒരു നിമിഷം ആലോചിച്ച രാവണന് വിഭീഷണൻ പറയുന്നതിൽ കാര്യമുണ്ടെന്ന് തോന്നി. ദുതവധം ഏതൊരു രാജാവിനും ഉചിതമായ തല്ല. തനിക്ക് ഒരിക്കലും തെറ്റ് പറ്റരുതെന്ന് അയാൾ ആഗ്രഹിച്ചു. എന്തോ നിശ്ചയിച്ചുറപ്പിച്ചത് പോലെ രാവണൻ വിഭീഷണനോട് പറഞ്ഞു:

"അനുജാ വിഭീഷണാ, നീ പറഞ്ഞത് ശരിയാണ്. ദൂതനെ വധിക്കുന്നത് സജ്ജനങ്ങൾ നിന്ദിക്കുന്ന കാര്യം തന്നെ. എന്നാൽ ഒരു കാര്യം ചെയ്യാം. വാനരന്മാർക്ക് ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവമാണ് അവരുടെ വാൽ. അതുകൊണ്ട് ഇവന്റെ വാലിന് തീ കൊളുത്താം."

രാജാവിന്റെ വാക്കുകൾ കേട്ടയുടനെ രാക്ഷസന്മാർ എവിടെയൊക്കെയോ ചെന്ന് കുറെ വസ്ത്രങ്ങളും തുണികളുമൊക്കെ വാരിക്കൊണ്ടുവന്ന് ഹനുമാന്റെ വാലിൽ ചുറ്റി. എണ്ണയും നെയ്യും ഒഴിച്ച് നനച്ചശേഷം വാലിന് തീ കൊളുത്തി.

ഹനുമാന്റെ വാലിൽ അഗ്നി ആളിക്കത്തുന്നത് കണ്ട രാക്ഷസികൾ ഓടിച്ചെന്ന് സീതയോട് ആ വാർത്ത സന്തോഷത്തോടെ അറിയിച്ചു. "നോക്കൂ സീതേ, നിന്നോടുകൂടി സംഭാഷണം ചെയ്തില്ലേ, ചുകന്ന മുഖമുള്ള ഒരു കുരങ്ങൻ. അവന്റെ വാലിൽ തുണി ചുറ്റി തീക്കൊളുത്തി ഇതാ പട്ടണത്തിൽ കൂടി കൊണ്ടു പോകുന്നു."

തന്നെ രാക്ഷസരാജാവ് അപഹരിച്ചപ്പോൾ പോലും ഇത്രയും ദുഃഖം സീതാദേവിക്ക് ഉണ്ടായിക്കാണില്ല. ദേവി ഉടനെ അഗ്നിദേവനെ ധ്യാനിച്ച് ഇപ്രകാരം ഉപാസിച്ചു. "ഭഗവാനേ അഗ്നിദേവാ, ഭർത്തൃ ശുശ്രൂഷ മനഃസന്തോഷത്തോടെ ഞാൻ ചെയ്തിട്ടുണ്ടെങ്കിൽ, എന്റെ പതിവ്രതാധർമ്മത്തെ യാതൊരു ന്യൂനതയും കൂടാതെ ഞാൻ നടത്തിയിട്ടുണ്ടെങ്കിൽ, ഞാൻ ഏകപത്നീവ്രതത്തിൽ ഇരുന്നിട്ടുണ്ടെങ്കിൽ അങ്ങ് ഹനുമാന് ശീതളനായിത്തീരട്ടെ."

കപീന്ദ്രന്റെ വാലിന്മേൽ അഗ്നി ആളിക്കത്തുന്നുണ്ടെങ്കിലും ഹനുമാന് ഒട്ടും തന്നെ ഉഷ്ണമോ, അസ്വസ്ഥതയോ തോന്നിയില്ല. മാരുതി ചിന്തിച്ചു: "ശക്തമായി ജ്വലിക്കുന്ന അഗ്നി എന്റെ സർവ്വ അവയവങ്ങളെയും ദഹിപ്പിക്കാതിരിക്കാൻ കാരണമെന്ത്? അത്യധികം ശീതളമായ മഞ്ഞുകട്ടപോലെ അഗ്നി എനിക്ക് ആശ്വാസം തരുന്നു. ഇതെന്തൊരാശ്ചര്യം."

ചിന്തിച്ചപ്പോൾ ഹനുമാന് ഇങ്ങനെ തോന്നി. "ശ്രീരാമസ്വാമിയുടെ പ്രഭാവമാണിത്, സംശയമില്ല. വാരിധി തരണം ചെയ്യുമ്പോൾ മൈനാകം ഉയർന്നു വന്ന് എന്നെ സൽക്കരിക്കുവാൻ കാരണമെന്ത്? സമുദ്രം പർവ്വതത്തെ പ്രേരിപ്പിച്ചു. ശ്രീരാമദാസനായ ഒരു കുരങ്ങനെ ഉപചരിക്കുവാൻ. സാഗരത്തിനും തൽപ്രേരണ അനുസരിച്ച് മൈനാക പർവ്വതത്തിനും സ്വാമികാര്യം സാധിപ്പിക്കുന്നതിൽ അത്രത്തോളം ശ്രദ്ധയുണ്ടാകാമെങ്കിൽ സ്വാമി നിത്യവും ഉപാസിക്കുന്ന അഗ്നിദേവന് സ്വാമിയുടെ കാര്യത്തിൽ എത്ര ശ്രദ്ധയുണ്ടാകണം?"

"ശ്രീരാമദാസനായ എന്നെപ്പോലെയുള്ള ഒരുവൻ ഈ രാക്ഷസാധമന്മാരുടെ ബന്ധനത്തിൽ കിടക്കുന്നത് ഒട്ടും യോഗ്യമല്ല. രഘുവരദാസനെ ബന്ധിച്ചതിനും വാൽ ദഹിപ്പിക്കാൻ തുടങ്ങിയതിനും തക്കതായ പ്രതിക്രിയ ചെയ്യേണ്ടത് അത്യാവശ്യമാണ്."

ലങ്കാനഗരത്തെ അവലോകനം ചെയ്ത കപീന്ദ്രൻ മനസ്സിൽ ചിലതൊക്കെ നിശ്ചയിച്ചുറപ്പിച്ചു. *"ഈ ലങ്കാരാജ്യത്ത് ഇനിയെന്താണ് ഞാൻ ചെയ്യേണ്ടത്? സുന്ദരമായ അശോകവനിക ഇന്നില്ല. ഞാൻ ചെയ്യുന്ന പ്രവൃത്തികൾ ദുഷ്ടരായ ഈ രാക്ഷസർക്ക് സന്തോഷപ്രദമാകരുത്. അതിനാൽ ഇവിടെ കാണുന്ന ഉത്തമമന്ദിരങ്ങൾ, ആയുധപ്പുരകൾ എന്നിവ സംഹരിക്കണം. ഇതു കൂടി കഴിഞ്ഞാൽ സീതാന്വേഷണം പൂർത്തിയായതായി കണക്കാക്കാം."

തുടരും....

No comments:

Post a Comment